ആകാശത്തിൽ നിറഞ്ഞ് പോർവിമാനങ്ങൾ; വിസ്മയ കാഴ്ചയായി ദുബായ് എയർ ഷോ

dubai-airshow
SHARE

വ്യോമയാന രംഗത്തെ വിസ്മയിപ്പിക്കുന്ന കാഴ്ചകളൊരുക്കി ദുബായ് എയർ ഷോ. ലോകത്തെ ഏറ്റവും വലിയ വ്യോമപ്രദർശനങ്ങളിലൊന്നാണ് ദുബായ് എയർഷോ. ആകാശത്ത് വിസ്മയക്കാഴ്ചകളൊരുക്കിയാണ് എയർഷോ കാഴ്ചക്കാരെ ത്രസിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച പോർവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ തുടങ്ങിയവ ആകാശങ്ങളിൽ നിറഞ്ഞു. ഇരമ്പിയാർത്ത വ്യോമയാന വ്യൂഹങ്ങൾ കുതിച്ചുയർന്നും മലക്കംമറിഞ്ഞും വെട്ടിത്തിരിഞ്ഞും വിസ്മയം തീർത്ത കാഴ്ചകൾ.

പോർവിമാനങ്ങൾ തന്നെയായിരുന്നു ഷോയുടെ പ്രധാന ആകർഷണം. ഫ്രഞ്ച് വ്യോമസേനയും റഷ്യയുടെ എം.ഐ-38 സിവിലിയൻ ഹെലികോപ്റ്ററുമായിരുന്നു ഇത്തവണത്തെ പ്രത്യേകത. ഫ്രാൻസിന്‍റെ റഫാൽ, മിറാഷ്, അമേരിക്കയുടെ എഫ് 16 എന്നിവയെല്ലാം അൽ മക്തൂം വിമാനത്താവളത്തിൽ കരുത്തു പ്രദർശിപ്പിച്ചു.  യുദ്ധ മേഖലയിൽ പടക്കോപ്പുകളും മറ്റും എത്തിക്കാനുള്ള ചരക്കു വിമാനങ്ങളും പ്രദർശനത്തിലുണ്ട്. യാത്രാവിമാനങ്ങളിൽ ഏറ്റവും മികച്ച, ഏറ്റവും ആഡംബരപൂർണമായ വിമാനങ്ങൾ അടുത്തറിയാനും അവസരൊരുക്കിയിരുന്നു. 

വിസ്മയക്കാഴ്ചകൾക്കൊപ്പം തദ്ദേശീയമായി നിർമിച്ച യുദ്ധോപകരണങ്ങളുടെ പ്രദർശനവുമായി ഇന്ത്യയും മേളയിൽ സജീവമായി. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന വകുപ്പ്, ഹിന്ദുസ്ഥാൻ എയറനോട്ടിക്കൽ ലിമിറ്റഡ്, ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് എന്നിവ നിർമിച്ച പ്രതിരോധ ഉപകരണങ്ങളാണ് പ്രദർശനത്തിനും വിൽപ്പനയ്ക്കുമായി ദുബായ് എയർ ഷോയിൽ ഒരുക്കിയിരിക്കുന്നത്. ശബ്ദാതിവേഗ ലക്ഷ്യങ്ങളെ തകർക്കാൻ ശേഷിയുള്ള അസ്ത്ര മിസൈൽ വാങ്ങാൻ യുഎഇ താൽപര്യമറിയിച്ചതായി മിസൈൽ വികസിപ്പിച്ച ഡിആർഡിഒ അധികൃതർ അറിയിച്ചു.

അസ്ത്ര അടക്കം പ്രധാനപ്പെട്ട ഒമ്പത് അത്യാധുനിക യുദ്ധോപകരണങ്ങളാണ് പവലിനിലുള്ളത്. ബാലാക്കോട്ടിൽ ഭീകരകേന്ദ്രങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളിൽ ഇന്ത്യയുടെ തുറുപ്പു ചീട്ടായിരുന്ന ശക്തമായ നിരീക്ഷണ സംവിധാനം എയർ ബോൺ ഏർലി വാണിങ് ആൻഡ് കൺട്രോൾ സിസ്റ്റം, കൊച്ചിയിൽ നിർമിക്കുന്ന ഡങ്കിങ് സോണാർ തുടങ്ങിയവയെല്ലാം ഇന്ത്യൻ പവലിയനിലെ മുഖ്യ ആകർഷണങ്ങളായി. 

ബ്രഹ്മോസ് മിസൈലിന് മാത്രമായി പ്രത്യേക വിഭാഗവും ഒരുക്കിയിരുന്നു. ഇന്ത്യൻ വ്യോമസേന ഉപമേധാവി എയർ മാർഷൽ എസ്.എസ്.അറോറയാണ് ഇന്ത്യൻ പവലിയൻ ഉദ്ഘാടനം ചെയ്തത്. ഡി.ആർ.ഡി.ഒ ശാസ്ത്രജ്ഞരായ സുരേഷ് റെഡ്ഡി, എസ്.എം ജയിൻ,യാസിം അൻസാരി തുടങ്ങിയവരും സംഘത്തിന്റെ ഭാഗമായി. 

യുഎഇയുടെ ആദ്യ ബഹിരാകാശ യാത്രികൻ ഹസ അൽ മൻസൂരിയും പ്രദശനം കാണാനെത്തി. വർഷങ്ങൾക്കു മുൻപ് പൈലറ്റായി എയർഷോയുടെ ഭാഗമായ മൻസൂരി യുഎഇയുടെ അഭിമാനമായി വീണ്ടുമെത്തിയത് ആവേശമായി.

യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും, യുഎഇ ഉപസർവ്വ സൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൌൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും തുടങ്ങിയവർ പ്രദർശനവും ആകാശക്കാഴ്ചകളും കാണാനെത്തി. 

വിവിധ രാജ്യങ്ങളും സ്ഥാപനങ്ങളും വ്യോമയാന, പ്രതിരോധ രംഗത്തെ കരാറുകളിൽ ഒപ്പുവച്ചു. ദുബായ് എയർഷോയുടെ 2017 പതിപ്പ് 113 ബില്യൺ ഡോളർ വിലമതിക്കുന്ന കരാറുകളോടെയാണ് അവസാനിച്ചത്. രണ്ടു വർഷം കൂടുമ്പോൾ സംഘടിപ്പിക്കുന്ന മേളയിൽ ഇത്തവണ 160 രാജ്യങ്ങളിൽനിന്നുള്ള 1300 കമ്പനികളാണ് പങ്കെടുത്തത്. 165 സിവിൽ സൈനിക വിമാനങ്ങൾ പ്രദർശനത്തിൻറെ ഭാഗമായി. ആളില്ലാ വിമാനങ്ങൾ, യാത്രാ ചരക്കുവിമാനങ്ങൾ, വിമാനത്താവളത്തിലെ സംവിധാനങ്ങൾ, വ്യോമനിരീക്ഷണ സാങ്കേതിക വിദ്യകൾ, പ്രതിരോധ സംവിധാനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള സമഗ്രവിവരങ്ങൾ ലഭ്യമാക്കുന്ന പഠനഗവേഷണമേള കൂടിയായിരുന്നു എയർഷോ. 

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...