സഹിഷ്ണുതയിൽ മാതൃകയായി യുഎഇ; ഇതരആരാധനാലയങ്ങൾക്കും ലൈസൻസ്

prayer
SHARE

സഹിഷ്ണുതയിൽ ലോകത്തിനു മാതൃകയാണ് യുഎഇ. വിവിധ മതസാംസ്കാരിക വിശ്വാസങ്ങളെ പിൻതുടരുന്ന ഇരുന്നൂറോളം രാജ്യങ്ങളിലെ പൌരൻമാർക്കു ആതിഥേയത്വമരുളുന്ന ഇടം. മതവിശ്വാസികൾക്കു അംഗീകാരമായി പതിനേഴു ഇസ്ളാം ഇതരആരാധനാലയങ്ങൾക്കാണ് പോയവാരം അബുദാബി അംഗീകാരം നൽകിയത്.

സഹിഷ്ണുതയുടെ പേരിൽ മന്ത്രാലയമുള്ള ലോകത്തെ അപൂർവം രാജ്യങ്ങളിലൊന്നാണ് യുഎഇ. മെച്ചപ്പെട്ട ജീവിതസാഹചര്യം തേടി ഈ നാട്ടിലെത്തിയ ആരേയും ഒരു വിഭാഗീയതയുടെ പേരിലും യുഎഇ മാറ്റിനിർത്തിയിട്ടില്ല. എല്ലാവരേയും ഒരേമനസോടെ സ്വീകരിക്കുന്ന മനോഭാവം. അതിൻറെ ഒടുവിലത്തെ ഉദാഹരണത്തിനാണ് അബുദാബി പോയവാരം സാക്ഷിയായത്. യുഎഇയിലെ 18 അമു‌സ്‌ലിം ആരാധനാലയങ്ങൾക്ക് സാമൂഹിക വികസന വിഭാഗം ലൈസൻസ് വിതരണം ചെയ്തു. പതിനേഴു ക്രൈസ്തവ ദേവാലയങ്ങൾക്കും ഒരു ഹൈന്ദവ ക്ഷേത്രത്തിനുമാണ് അനുമതി. 

കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനത്തിനു പിന്നാലെയാണ് അബുദാബി ഭരണകൂടത്തിൻറെ തീരുമാനം. വിവിധമതവിശ്വാസികൾക്കു അവരുടെ വിശ്വാസം അനുസ്യൂതം പിൻതുടരാനും അനുഷ്ടിക്കാനുമാണ് അവസരമൊരുക്കിയിരിക്കുന്നത്. ഫ്രാൻസിസ് മാർപാപ്പ സന്ദർശിച്ച അബുദാബി സെൻറ് ജോസഫ് കത്തീഡ്രലിനു ഡി.സി.ഡി ലൈസൻസ് കൈമാറി.

അബുദാബിയിലെ മലയാളികളുടെ ആദ്യ ആരാധനാലയങ്ങളിലൊന്നായ അബുദാബി സെൻറ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിനും ലൈസൻസ് ലഭിച്ചു. യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ അനുമതി നൽകിയ ദേവാലയമാണിത്. രാഷ്ട്രപിതാവിനോടുള്ള ബഹുമതിയായി ഷെയ്ഖ് സായിദിൻറെ നാമം പള്ളിയിൽ ആലേഖനം ചെയ്തിട്ടുണ്ട്. 

അബുദാബി മാർത്തോമ്മാ ചർച്ച്, സെൻറ് ആൻഡ്രൂസ് ആഗ്ലിക്കൻ ചർച്ച്, കോപ്റ്റിക് ഓർത്തഡോക്സ് ചർച്ച്, ഇവാഞ്ചലിക്കൽ കമ്മ്യൂണിറ്റി ചർച്ച്, സെന്റ് ആൻഡ്രൂസ് ചർച്ച് മുസഫ ശാഖ, സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ചർച്ച് റുവൈസ്, ചർച്ച് ഓഫ് ദ് വിർജിൻ മേരി, സെന്റ് പോൾ ദ് അപ്പോസ്തൽ എന്നിവയ്ക്കും ഡി.സി.ഡി അനുമതി നൽകിയിട്ടുണ്ട്. 

നിർമാണം പുരോഗമിക്കുന്ന അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിനും ലൈസൻസ് കൈമാറി. ഇന്ത്യ യുഎഇ സൌഹൃദബന്ധത്തിനുള്ള അംഗീകാരമാണ് ഹിന്ദു ക്ഷേത്രനിർമാണത്തിനുള്ള ഭരണകൂടത്തിൻറെ അനുമതി. 

എമിറേറ്റിൽ പ്രവർത്തിക്കുന്ന എല്ലാ ആരാധനാലയങ്ങളെയും ഒരു കുടക്കീഴിൽ കൊണ്ടുവന്നു സേവനം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നു ഡിസിഡിയിലെ സാമൂഹിക, വിനോദ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ സുൽത്താൻ അൽ ദാഹിരി പറഞ്ഞു. സഹിഷ്ണുതാവർഷത്തിൻറെ ഭാഗമായാണ്, മതജാതിവിഭാഗീയതകളുടെ പേരിൽ പോരിനിറങ്ങുന്നവർക്കു നല്ലമാതൃകയായി അബുദാബി ഭരണകൂടത്തിൻറെ നടപടി.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...