അകറ്റിനിർത്തേണ്ടവരല്ല ചേർത്തുനിർത്തേണ്ടവരാണ് ഈ കുട്ടികൾ; ഓർമിപ്പിച്ച് ഒരു സ്കൂൾ

special-children-school-sharjah
SHARE

ഭിന്നശേഷിക്കാരായ വിദ്യാർഥികൾ അരികുവൽക്കരിക്കപ്പെടരുതെന്ന ഓർമപ്പെടുത്തലോടെ ഒരു സ്കൂൾ. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കു നൽകിയ പുഞ്ചിരിയുടെ സമ്മാനത്തിൻറെ വിശേഷങ്ങളാണ് ഇനി പരിചയപ്പെടുന്നത്.

പതിമൂന്നു വയസുകാരൻ സെബാസ്റ്റ്യൻറെ അമ്മയുടെ മാത്രം സങ്കടമല്ലിത്. ആയിരക്കണക്കിനു അമ്മമാരുടെ, അവരുടെ മക്കളെക്കുറിച്ചുള്ള വേവലാതിയാണിത്. പ്രവാസലോകത്തെ ഈ വേവലാതിക്കു അറുതി വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ്, ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ പുഞ്ചിരി നഷ്ടമാകാതിരിക്കാൻ കരുതലുമായി അൽ ഇബ്തിസാമ സെന്റർ ഫൊർ പീപ്പിൾ വിത് ഡിസബിലിറ്റീസ് തുറന്നത്.

രാജ്യത്തിനു പുറത്തെ ഇന്ത്യക്കാരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഷാർജ ഇന്ത്യൻ അസോസിയേഷനാണ് നന്മനിറഞ്ഞ ഈ സംരഭത്തിനു തുടക്കമിട്ടത്. സാധാരണ വിദ്യാർഥികൾക്ക്, അവരുടെ വിദ്യാഭ്യാസ ജീവിതത്തിൽ ലഭിക്കുന്ന എല്ലാ അനുഭവങ്ങളും പാഠങ്ങളും ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കു ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുഞ്ചിരി എന്നർഥം വരുന്ന  ഇബ്തിസാമ എന്ന പേരിൽ സ്കൂൾ തുടങ്ങിയത്.

ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിനടുത്തെ വില്ലയിലാണ് അൽ ഇബ്തിസാമ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. 6 മുതൽ‌ 15 വയസു വരെയുള്ള കുട്ടികൾക്കാണു പ്രവേശനം. പ്രിൻസിപ്പലടക്കം ഇരുപതോളം അധ്യാപകരുണ്ട്. അമേരിക്കയിലും കേരളത്തിലും ഭിന്നശേഷിക്കാരുടെ സ്കൂളുകൾക്ക് നേതൃത്വം നൽകിയിട്ടുള്ള കണ്ണൂർ സ്വദേശി ജയനാരായണനാണ് പ്രിൻസിപ്പൽ. 

മലയാളികളായ പ്രഫഷണൽ യോഗ്യതയുള്ള അധ്യാപകരാണ് കുട്ടികളെ മുന്നോട്ടുനയിക്കാൻ സ്കൂളിനൊപ്പമുള്ളത്. 

 ആദ്യഘട്ടമായി അറുപതു കുട്ടികൾക്കു പ്രവേശനം നൽകി.  ഉത്തരേന്ത്യക്കാരും  പാക്കിസ്ഥാൻ, ബംഗ്ലദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ വിദ്യാർഥികളും സ്കൂളിൽ പഠിക്കാനെത്തുന്നു. രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണു ക്ലാസ്.

ഫിസിയോ തെറപ്പി വിഭാഗം വൈകിട്ട് 4.30 വരെ പ്രവർത്തിക്കും. കുട്ടികളുടെ യാത്രയ്ക്ക് ഷാർജ ഇന്ത്യൻ സ്കൂളിൽ നിന്നു രണ്ട് ബസുകൾ അനുവദിച്ചിട്ടുണ്ട്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ഡ്രൈവർമാരടക്കം ബസ് ജീവനക്കാർക്കു പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്.

ഭിന്നശേഷിക്കാർക്കായുള്ള മറ്റു സ്കൂളുകളിൽ നിന്നും വ്യത്യസ്തമായി ഫീസ് നിരക്കിൽ അൻപതു ശതമാനത്തോളം ഇളവാണ്  അൽ ഇബ്തിസാമ സ്കൂളിൽ ഈടാക്കുന്നത്. സാധാരണക്കാരായ മാതാപിതാക്കൾക്കു സഹായകരമാവുന്നതാണ് ഈ തീരുമാനം.

യുഎഇ ഭരണകൂടത്തിൻറെ പൂർണപിന്തുണയോടെയാണ് സ്കൂൾ യാഥാർഥ്യമായത്. ഷാർജയിലെ പ്രവാസിഇന്ത്യക്കാരുടെ പിന്തുണയോടെയാണ് സ്കൂളിൻറെ പ്രവർത്തനം. വരും കാലങ്ങളിൽ സൌകര്യങ്ങൾ മെച്ചപ്പെടുത്തി മുന്നോട്ടുനീങ്ങാനാണ് അധികൃതരുടെ ലക്ഷ്യം.

ഉത്സവാന്തരീക്ഷത്തിൽ നടത്തപ്പെട്ട ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ അസോസിയേഷൻ ഷാർജ രക്ഷാധികാരി അഹമദ് മുഹമ്മദ് ഹമദ് അൽ മിദ് ഫ, ലേബർ സ്റ്റാൻഡേർഡ്സ് ഡെവലപ്മെൻ്റ് അതോറിറ്റി ചെയർമാൻ സാലെം യൂസഫ് അൽ ഖസീർ തുടങ്ങിയവർ പങ്കെടുത്തു. യുഎഇയിലെ വ്യവസായ പ്രമുഖർ, സാസ്കാരികസാമൂഹിക രംഗത്തെ പ്രശസ്തരായവരും ചടങ്ങിൻറെ ഭാഗമായി. 

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...