മോദിയുടെ രണ്ടാമൂഴത്തിലെ ആദ്യ ഗൾഫ് സന്ദർശനം; പ്രതീക്ഷകൾ

PTI8_24_2019_000232A
SHARE

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ, ബഹ്റൈൻ സന്ദർശനമായിരുന്നു പോയവാരത്തിലെ ഗൾഫ് നാടുകളിൽ നിന്നുള്ള പ്രധാനവാർത്ത. ഇന്ത്യയും ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധം ഏറ്റവും ശക്തമായ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ തുടർച്ചയായുളള സന്ദർശനം. അഞ്ചുവർഷത്തിനിടെ മൂന്നാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ സന്ദർശിക്കുന്നത്. ഇന്ത്യ യുഎഇ ബന്ധത്തിനുള്ള അംഗീകാരമായിരുന്നു പ്രധാനമന്ത്രിക്കു സമ്മാനിച്ച പരമോന്നത സിവിലിയൻ പുരസ്കാരം.

രണ്ടാം തവണയും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ ഗൾഫ് സന്ദർശനം. നരേന്ദ്രമോദിയുടെ മൂന്നാം യുഎഇ സന്ദർശനം. കശ്മീർ വിഷയത്തിൽ ഇന്ത്യക്കു ആദ്യം പിന്തുണയറിയച്ച യുഎഇയിലേക്കുള്ള സന്ദർശനം. ഏറെ പ്രത്യേകതകൾ നിറഞ്ഞ സന്ദർശനത്തിനാണ് ഈ മാസം 23 ന് പ്രധാനമന്ത്രി തുടക്കം കുറിച്ചത്. ഫ്രാൻസ് സന്ദർശനത്തിനു ശേഷം അബുദാബി പ്രസിഡൻഷ്യൽ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ രാജകുടുംബാംഗങ്ങളും അബുദാബിയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയത്തിലെ ഉദ്യോഗസ്ഥരും ചേർന്നു സ്വീകരിച്ചു. ശനിയാഴ്ച രാവിലെയായിരുന്നു ഔദ്യോഗിക കാര്യപരിപാടികൾ.  രാവിലെ യുഎഇയിലെ പ്രവാസിവ്യവസായികളുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. കാശ്മീരിലും ഇന്ത്യയിലെ മറ്റിടങ്ങളിലും നിക്ഷേപം നടത്താൻ പ്രവാസി വ്യവസായികളെ സ്വാഗതം ചെയ്ത മോദി, വിനോദസഞ്ചാരമടക്കമുള്ള മേഖലകളിൽ നിക്ഷേപസാധ്യതകളുണ്ടെന്നും വ്യക്തമാക്കി.

ഇന്ത്യയിലെ നിക്ഷേപസാധ്യതകളെക്കുറിച്ചു പ്രവാസിവ്യവസായികളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും യോഗത്തിൽ ഉയർന്നു കേട്ടു. ജമ്മുകശ്മീരിൻറെ വികസനത്തെ സഹായിക്കാനുള്ള ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ നിലപാടിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ജമ്മുകശ്മീരിൽ നിന്നും പച്ചക്കറിയും പഴങ്ങളും വ്യാവസായികാടിസ്ഥാനത്തിൽ ശേഖരിക്കാൻ ലുലു ഗ്രൂപ്പ് തയ്യാറാണെന്നു യൂസഫലി വ്യക്തമാക്കി. തുടക്കമെന്ന നിലയിൽ നൂറു കശ്മീരികൾക്കു ജോലി നൽകാൻ തയ്യാറാണെന്നും യൂസഫലി മോദിയെ അറിയിച്ചു.

ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ സ്ഥാപക ചെയർമാൻ ഡോ.ആസാദ് മൂപ്പൻ, വിപിഎസ് ഹെൽത്ത് കെയർ ചെയർമാൻ ഷംഷീർ വയലിൽ, എൻഎംസി ഹെൽത്ത്കെയർ ചെയർമാൻ ബി.ആർ.ഷെട്ടി തുടങ്ങിയർ മോദിയുമായുള്ള ചർച്ചയുടെ ഭാഗമായി.

യുഎഇയിൽ ഇന്ത്യൻ പ്രവാസികളുടെ ധനവിനിമയത്തിനായുള്ള റുപേ കാർഡ് മോദി ചടങ്ങിൽ അവതരിപ്പിച്ചു. ഇന്ത്യക്കു പുറത്ത് സിംഗപ്പൂരിനും ഭൂട്ടാനും പിന്നാലെയാണ് ആദ്യമായി ഗൾഫ് നാടുകളിൽ റുപേ കാർഡ് അവതരിപ്പിക്കുന്നത്. മനാമയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കുള്ള വഴിപാട് അബുദാബിയിൽ നിന്നും മോദി റുപേ കാർഡ് ഉപയോഗിച്ചു വാങ്ങി.

തുടർന്നു അബുദാബിയിലെ പ്രസിഡൻറിൻറെ കൊട്ടാരത്തിൽ പ്രധാനമന്ത്രിക്കു ഔദ്യോഗിക സ്വീകരണം. അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രധാനമന്ത്രിയെ സ്വീകരിച്ചു. വിവിധ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത നയതന്ത്ര ചർച്ചകൾക്കു പിന്നാലെയായിരുന്നു പ്രധാനമന്ത്രിയെ ആദരിക്കുന്ന ചടങ്ങ്. യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിൻറെ പേരിലുള്ള രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സായിദ് പുരസ്കാരം മോദിക്കു സമ്മാനിച്ചു. 

ആദ്യമായാണ് ഒരിന്ത്യക്കാരൻ ഈ ബഹുമതിക്ക് അർഹനാകുന്നത്. ഇന്ത്യയുമായുള്ള ചരിത്രപരവും സമഗ്രവും തന്ത്രപ്രധാനവുമായ ബന്ധത്തിനു, പ്രിയ സുഹൃത്തു കൂടിയായ നരേന്ദ്രമോദിയുടെ സംഭാവനകളെ പരിഗണിച്ചാണ് ബഹുമതിയെന്നായിരുന്നു പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ടു ഷെയ്ഖ് മുഹമ്മദ് പറഞ്ഞത്. ബഹുമതിയിൽ സന്തോഷമുണ്ടെന്നും ഇന്ത്യയിലെ ജനങ്ങൾക്കുള്ള അംഗീകാരമാണെന്നും യുഎഇക്കു നന്ദി അറിയിച്ചു മോദി ട്വിറ്ററിൽ കുറിച്ചു. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ നൂറ്റിഅൻപതാം ജന്മവാർഷികത്തോടനുബന്ധിച്ചു ഗാന്ധി സ്മാരക സ്റ്റാംപ് ഇരുരാഷ്ട്രനേതാക്കളും ചേർന്നു പുറത്തിറക്കി. തുടർന്നായിരുന്നു മോദിയുടേയും ഷെയ്ഖ് മുഹമ്മദിൻറേയും കൂടിക്കാഴ്ച. മേഖലയേയും ലോകത്തേയും ബാധിക്കുന്ന വിവിധവിഷയങ്ങളെക്കുറിച്ചു ഇരുവരും ചർച്ച നടത്തി. കശ്മീരിൻറെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ അത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നു വ്യക്തമാക്കി കേന്ദ്രസർക്കാർ നിലപാടിനെ പിന്തുണച്ച ആദ്യ രാജ്യമായിരുന്നു യുഎഇ. ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇന്ത്യക്കു ലഭിച്ച പിന്തുണ പാക്കിസ്ഥാന് അക്ഷരാർഥത്തിൽ തിരിച്ചടിയായിരുന്നു. ഈ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ സന്ദർശനം ഏറെ ശ്രദ്ധേയവും ഇന്ത്യക്ക് സഹായകരവുമായി വിലയിരുത്തപ്പെടുന്നു.

ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാരവ്യവസായ പങ്കാളിയാണ് യുഎഇ. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം അറുപതു ബില്യൺ യുഎസ് ഡോളറാണ്. ഇന്ത്യയുടെ സാമ്പത്തികവളർച്ചയിൽ നിർണായക ഘടകവുമാണ് യുഎഇയുമായുള്ള നയതന്ത്ര വ്യാപാര ബന്ധം. ഈ പശ്ചാത്തലത്തിൽ ചെറുതെങ്കിലും പ്രയോജനകരമായ സന്ദർശനമായിരുന്നു പ്രധാനമന്ത്രിയുടേതെന്നാണ് വിലയിരുത്തപ്പെടുന്നത്. രണ്ടു ദിവസത്തെ സന്ദർശനത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച ഉച്ചയോടെ ബഹ്റൈനിലേക്കു തിരിച്ചു. 

യുഎഇയിലെ രണ്ടു ദിവസത്തെ സന്ദർശനത്തിനു ശേഷമായിരുന്നു മോദിയുടെ ബഹ്റൈൻ സന്ദർശനം. ബഹ്റൈനിലേക്കുള്ള ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനം ചരിത്രസംഭവമാക്കാനുള്ള ഒരുക്കളോടെയാണ് രാജ്യം മോദിയെ സ്വീകരിച്ചത്. മനാമയിലെ വിമാനത്താവളത്തിലെത്തിയ നരേന്ദ്രമോദിയെ ബഹ്റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ നേരിട്ടെത്തി സ്വീകരിച്ചു. തുടർന്നു ഗുദൈബിയ കൊട്ടാരത്തിൽ പ്രധാനമന്ത്രിക്കു ഔദ്യോഗിക സ്വീകരണം.

വൈകിട്ട് നാലുമണിക്ക് ഇരു രാഷ്ട്രങ്ങളുടേയും പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ച. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര വ്യവസായ സഹകരണം ശക്തമാക്കുന്നതടക്കമുള്ള വിഷയങ്ങൾ ചർച്ചയിലിടം നേടി. ബഹിരാകാശ ഗവേഷണം, സോളാർ, സാംസ്കാരികം, റൂപേ കാർഡ് തുടങ്ങി നാലു കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. യുഎഇക്കു പിന്നാലെയാണ് ബഹ്റൈനിലും റുപേ കാർഡ് മോദി അവതരിപ്പിച്ചത്. തുടർന്നായിരുന്നു സന്ദർശനത്തിലെ ഏക പൊതുസമ്മേളനം. മനാമയിലെ നാഷണൽ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ഇരുപതിനായിരത്തോളം വരുന്ന പ്രവാസിഇന്ത്യക്കാർ കാത്തിരുന്ന നിമിഷം. പ്രധാനമന്ത്രി എത്തുന്നതിനുമുമ്പ് ബഹ്‌റൈനിലെ ഇന്ത്യൻ കലാകാരൻമാർ അവതരിപ്പിച്ച കലാപരിപാടികൾ ഇന്ത്യയുടെ സംസ്കാരത്തെയും മോദി സർക്കാരിന്റെ വിവിധ പദ്ധതികളെയും ആവിഷ്കരിക്കുന്നതായിരുന്നു. 

തുടർന്നു ഏഴരയോടെ പ്രധാനമന്ത്രിയെത്തി. ബഹ്റൈനിലേക്കുള്ള ആദ്യ വരവിന് നൽകിയ സ്വീകരണത്തിനു നന്ദിഅറിയിച്ചു മോദി പ്രസംഗം തുടങ്ങി. ഇന്ത്യ വലിയ മാറ്റങ്ങളുടെ പാതയിലാണെന്ന് പ്രധാനമന്ത്രി പ്രവാസികളോടായി പറഞ്ഞു. കുതിച്ചുയരുന്ന ഇന്ത്യയിലേക്കു ലോകത്തെ ക്ഷണിക്കുകയാണ്. ലോകത്തിൻറെ വിവിധയിടങ്ങളിലെ ഇന്ത്യക്കാർക്ക് അഭിമാനിക്കാവുന്ന കാര്യങ്ങളാണ് കഴിഞ്ഞ അഞ്ചുവർഷമായി സർക്കാർ ചെയ്തുവരുന്നതെന്നു ഇരുപതിനായിരത്തോളം വരുന്ന പ്രവാസി ഇന്ത്യക്കാരോടായി പ്രധാനമന്ത്രി വ്യക്തമാക്കി. നൂറ്റിമുപ്പതുകോടി ജനങ്ങളുടെ പിന്തുണയാണ് സർക്കാരിനുള്ളത്. ദരിദ്രരുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കാനായത് വലിയ നേട്ടമാണ്.

ചന്ദ്രയാൻ രണ്ടിൻറെ വിജയം ലോകരാജ്യങ്ങൾക്കു അത്ഭുതമായിരുന്നുവെന്നും മോദി പറഞ്ഞു. ഇന്ത്യയെ പ്ളാസ്റ്റിക് രഹിതമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അഞ്ചു ട്രില്യൺ സമ്പദ് വ്യവസ്ഥയെന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ മുന്നേറുകയാണ്. പ്രവാസി ഇന്ത്യക്കാർക്ക് ആവേശം പകരുന്നതായിരുന്നു പ്രസംഗമെങ്കിലും പ്രവാസികളെ പരിഗണിക്കുന്ന സർക്കാർ പദ്ധതികളെക്കുറിച്ചോ പുതിയ പ്രഖ്യാപനങ്ങളെക്കുറിച്ചോ പ്രസംഗത്തിൽ പരാമർശമേയില്ലായിരുന്നു.

പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനത്തിനിടെ ഡൽഹിയിൽ അന്തരിച്ച ബിജെപി നേതാവ് അരുൺ ജയ്റ്റ്ലിയുടെ ഓർമകളിൽ പ്രസംഗത്തിനിടെ മോദി വികാരാധീനനായി. ഏറ്റവും അടുത്ത സുഹൃത്തിനെ നഷ്ടപ്പെട്ടതിന്റെ വേദനയാണുള്ളതെന്നു മോദി പറഞ്ഞു.

ശനിയാഴ്ച രാത്രി എട്ടുമണിക്കു ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസ ബിൻ സൽമാൻ അൽ ഖലീഫയുമായി മോദി കൂടിക്കാഴ്ച നടത്തി. തുടർന്നു നയതന്ത്ര പ്രതിനിധികളടക്കമുള്ളവരുടെ ചർച്ച. പ്രധാനമന്ത്രിയുടെ ബഹുമാനാർഥം അൽ ഗുദൈബിയ കൊട്ടാരത്തിൽ രാജാവ് ഷെയ്ഖ് ഹമദ് ബിൻ ഇസ അൽ ഖലീഫ നൽകിയ വിരുന്നിൽ മലയാളികളായ പ്രവാസിവ്യവസായികൾ അടക്കമുള്ളവർ പങ്കെടുത്തു. അതേസമയം, ബഹ്റൈനിലെ ജയിലുകളിൽ കഴിയുന്ന ഇരുന്നൂറ്റി അൻപതോളം തടവുകാരെ മോചിപ്പിക്കാനുള്ള ബഹ്റൈൻ ഭരണാധികാരിയുടെ തീരുമാനം ഒരേസമയം അപ്രതീക്ഷിതവും പ്രശംസനീയവുമായിരുന്നു.

ഞായറാഴ്ച രാവിലെ മനാമയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ നവീകരണ പ്രവർത്തനങ്ങൾ മോദി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ദർശനം നടത്തിയ മോദിയെ ക്ഷേത്ര മുഖ്യ വിജയ് തിലകം ചാർത്തി. ഗൾഫ് മേഖലയിലെ ആദ്യ ക്ഷേത്രമാണ് ഇരുന്നൂറിലധികം വർഷം പഴക്കമുള്ള ശ്രീകൃഷ്ണ ക്ഷേത്രം. 

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ മനാമയിൽ പ്രവാസികളായ പാക്കിസ്ഥാൻകാർ പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധക്കാർക്കെതിരെ നിയമനടപടി സ്വീകരിച്ചത് പാക്കിസ്ഥാനെ ഞെട്ടിച്ചതിനു പിന്നാലെയായിരുന്നു മോദിയുടെ സന്ദർശനം. അതിനാൽ തന്നെ സന്ദർശനത്തോടനുബന്ധിച്ചു കനത്ത സുരക്ഷയിലായിരുന്നു രാജ്യം. ഇന്ത്യയുടെ സാമ്പത്തികസാഹചര്യം ആശങ്കയുണർത്തുന്ന പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലേക്കു മോദി നടത്തിയ സന്ദർശനം പ്രതീക്ഷയേകുന്നതാണ്. മേയ്ക് ഇൻ ഇന്ത്യയിലേക്ക് വൻ നിക്ഷേപസാധ്യതകൾ തുറന്നിടുന്നതായിരുന്നു സന്ദർശനം. എന്നാൽ, അതു പൂർണമായും പ്രയോജനപ്പെടുത്തുന്നതിനായുള്ള തുടർനടപടികളാണ് ഇനി ആവശ്യം. ഒപ്പം ഗൾഫ് രാജ്യങ്ങളുമായുള്ള മികച്ച നയതന്ത്ര ബന്ധം തുടരുന്നത് വരും കാലങ്ങളിൽ രാജ്യാന്തര സമൂഹത്തിനു മുന്നിൽ ഇന്ത്യക്കു ഗുണകരമാകുമെന്നും പ്രതീക്ഷിക്കുന്നു.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...