വാക്കുകളിലൂടെ ചിത്രങ്ങളെ അവതരിപ്പിച്ച് കാലിഗ്രാഫി; ദുബായിലെ 'കാലി എക്സ്പ്രഷൻ'

kali
SHARE

മലയാളിയടക്കം രാജ്യാന്തരപ്രശസ്തരായ ഏഴു കലാകാരൻമാർ. കാലിഗ്രാഫിയുടെ വ്യത്യസ്തതകളെ അതിമനോഹരമായി അണിയിച്ചൊരുക്കിയിരിക്കുന്ന കലാരൂപങ്ങൾ. ദുബായിൽ നടക്കുന്ന കാലിഗ്രാഫി പ്രദർശനത്തിൻറെ കാഴ്ചകളാണ് ഇനി കാണുന്നത്.

വിശുദ്ധ ഖുർആൻ പകർത്തിയെഴുതുന്നതിലൂടെ വികസിതമായ കലാരൂപം. കാലിഗ്രാഫി. വാക്കുകളിലൂടെ ചിത്രങ്ങളുടെ അവതരണമാണ് കാലിഗ്രാഫിയെ ആകർഷകമാക്കുന്നത്. അറബിക് അക്ഷരങ്ങളുടെ ഒഴുക്ക് കാലിഗ്രാഫിയെ മനോഹരമാക്കുന്നു. കാലിഗ്രാഫിയുടെ എല്ലാ സാധ്യതകളേയും ഏറ്റവും മികവാർന്ന തലത്തിൽ പ്രയോജനപ്പെടുത്തിയാണ് കാലി എക്സ്പ്രഷൻ എന്ന പേരിൽ ദുബായിൽ പ്രദർശനം അരങ്ങേറുന്നത്. 

മലയാളിയായ നിസാർ ഇബ്രാഹിമിൻറെ അനമോർഫിക് കാലിഗ്രാഫി ശൈലിയിലുള്ള ശിൽപമാണ് പ്രദർശനത്തിലേക്ക് സ്വാഗതം ചെയ്യുന്നത്. സഹിഷണുത എന്നർഥം വരുന്ന അറബിക് പദം ‘അൽ തിസാമഹ്’ എന്നത് ത്രിമാന രീതിയിൽ ലോഹത്തിൽ ചെയ്തെടുത്ത് സ്വർണം പൂസിയ ചിത്രം ഏറെ ശ്രദ്ധേയമാണ്.

സഹിഷ്ണുതാ വർഷാചരണത്തിൻറെ ഭാഗമായി യു.എ.ഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിൻറെ ശിൽപ്പവും ഏഴു എമിറേറ്റുകളെ പ്രതിനിധീകരിക്കുന്ന പക്ഷികളുടെ ശിൽപവും നിസാർ ഇബ്രാഹിം അണിയിച്ചൊരുക്കിയിരിക്കുന്നു. 

അറബിക് അക്ഷരങ്ങളിലൂടെ ദിവാനി രൂപത്തിൽ സൃഷ്ടിച്ചെടുത്ത ചെഗുവേരയുടെ സൃഷ്ടാവ് പ്രശസ്ത ഫ്രഞ്ച് മൊറോക്കൻ കാലിഗ്രാഫർ ഹിചാം ഛജൈ ആണ്.

യു.എ.ഇയിലെ മികച്ച കാലിഗ്രാഫി വിദഗ്ദൻ ദിയ ആലം, മോഡേൺ കാലിഗ്രാഫിയിലൂടെ സൃഷ്ടിച്ച ത്രീഡി ചിത്രങ്ങളും ഏറെ ആകർഷണീയമാണ്. ഇന്ത്യൻ ആർടിസ്റ്റ് അൻജിനി പ്രകാശ്, ഷൈമ അൽഖതിബ് തുടങ്ങിയ കലാകാരൻമാരുടെ സൃഷ്ടികളും പ്രദർശനത്തിലിടം നേടി. മലയാളിയായ ചിത്രകാരി ജെസ്നെോ ജാക്സനാണ് പ്രദർശനത്തിൻറെ ക്യൂറേറ്റർ. ഭർത്താവ് രെങ്കി ചെറിയാനുമൊന്നിച്ചു നടത്തുന്ന ആർട് ഫോർ യു ഗാലറിയാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. നാണൂറോളം പേരടങ്ങിയ ചിത്രരചയിതാക്കളുടെ പ്രദർശനങ്ങൾക്കാണ് വിവിധ വേദികളിലായി ആർട് ഫോർ യു ഗാലറി വേദിയൊരുക്കുന്നത്.

പ്രദർശനത്തോടനുബന്ധിച്ചു പ്രത്യേക സെമിനാറുകളും ചർച്ചകളും സംഘടിപ്പിക്കുന്നുണ്ട്. പ്രവേശനം സൌജന്യമാണ്. കാലി എക്സ്പ്രഷൻ പ്രദർശനം ബുധനാഴ്ച സമാപിക്കും. 

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...