ആശങ്കകളും ആവശ്യങ്ങളും തുടരുന്നു; ബജറ്റിൽ പ്രതീക്ഷ നഷ്ടമായി പ്രവാസികൾ

gulf
SHARE

രണ്ടാം മോദി സർക്കാരിൻറെ ആദ്യ ബജറ്റ് പ്രഖ്യാപനമായിരുന്നു പോയവാരത്തിലെ പ്രധാന ചർച്ചാവിഷയം. ഓരോ ബജറ്റുകഴിയുമ്പോഴും പ്രവാസികളുടെ ചോദ്യമാണ് നമുക്ക് എന്തു ലഭിച്ചുവെന്നത്. ഇത്തവണയും പ്രവാസികളുടെ ആവശ്യങ്ങളുടെ തട്ടു താണുതന്നെയിരിക്കുകയാണ്.

പ്രവാസികൾക്കു കാലതാമസമില്ലാതെ ആധാർ അനുവദിക്കുമെന്നതായിരുന്നു ഗൾഫിലെ പ്രവാസികൾക്ക് ആശ്വാസമായ ബജറ്റ് പ്രഖ്യാപനം. പക്ഷേ, അതിനേക്കാൾ വലിയ ആവശ്യങ്ങൾ പ്രവാസികൾക്കുണ്ട്. അതിനാൽ തന്നെ ഏറെ സന്തോഷത്തോടെയല്ല ഗൾഫിലെ പ്രവാസികൾ ബജറ്റിനെ സ്വീകരിക്കുന്നത്.

രണ്ടാം മോദി സർക്കാരിൻറെ ആദ്യ ബജറ്റാണ് കേന്ദ്രധനകാര്യമന്ത്രി നിർമലാ സീതാരാമൻ ഈ മാസം നാലിനു പാർലമെനറിൽ അവതരിപ്പിച്ചത്. എല്ലാ ഇന്ത്യക്കാരെയുമെന്ന പോലെ പ്രവാസിഇന്ത്യക്കാരും ഏറെ പ്രതീക്ഷയോടെ, ആകാംക്ഷയോടെയാണ് ബജറ്റിനെ കാതോർത്തത്. പ്രവാസികൾക്കായി ഈ ബജറ്റിലുണ്ടായ പ്രധാന പ്രഖ്യാപനം ആധാർ കാർഡിനെക്കുറിച്ചുള്ളതായിരുന്നു. പ്രവാസികൾക്ക് കാലതാമസമില്ലാതെ ആധാർ അനുവദിക്കുമെന്നായിരുന്നു കേന്ദ്രസർക്കാരിൻറെ പ്രഖ്യാപനം. പ്രവാസി ആണെന്ന് രേഖപ്പെടുത്തി ആധാറിന് അപേക്ഷിച്ചാല്‍ കാര്‍ഡ് നിഷേധിക്കും. നാട്ടിലെത്തിയാല്‍ അവശ്യ സേവനങ്ങള്‍ പലതും ആധാര്‍ കാര്‍ഡില്ല എന്ന പേരില്‍ നിഷേധിക്കപ്പെടും. ഈ പ്രശ്നത്തിനാണ് ബജറ്റിലൂടെ പരിഹാരമുണ്ടാകുന്നത്.

ആധാർ കാലതാമസമില്ലാതെ ലഭ്യമാക്കുമെന്ന പ്രഖ്യാപനം പ്രവാസികൾക്കു എത്രത്തോളം ഉപകാരപ്രദമാകും?

ഈ പ്രഖ്യാപനമല്ലാതെ ഗൾഫിലെ സാധാരണ പ്രവാസികളെ നേരിട്ടു ബാധിക്കുന്ന, ഉപകാരപ്രദമായ മറ്റുപ്രഖ്യാപനങ്ങളില്ലെന്നതാണ് വസ്തുത. അതേസമയം, പ്രവാസികൾക്കു ആശങ്കയുണ്ടാക്കുന്ന തീരുമാനങ്ങളും ബജറ്റിൽ ഇടം നേടിയിട്ടുണ്ട്. ഗൾഫിലെ സാമ്പത്തിക അസ്ഥിരത, സ്വദേശിവൽക്കരണമടക്കമുള്ള കാരണങ്ങളാൽ ജോലി നഷ്ടപ്പെട്ടു മടങ്ങിവരുന്ന അവസ്ഥ തുടങ്ങിയ ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ നാട്ടിലേക്കു മടങ്ങിയെത്തുന്ന പ്രവാസികൾക്കായി പുനരധിവാസ, ക്ഷേമപദ്ധതികളൊന്നും ബജറ്റിലിടം നേടിയിട്ടില്ല എന്നത് പ്രവാസികളെ നിരാശരാക്കുന്നു. പ്രവാസിക്ഷേമത്തെക്കുറിച്ചു ബജറ്റിൽ യാതൊരു പരാമർശവുമില്ലെന്നതു നിരാശാജനകമാണ്. 

ക്ഷേമപദ്ധതികളെക്കുറിച്ചോ പുനരധിവാസത്തെക്കുറിച്ചോ യാതൊരു പരാമർശവും ഈ ബജറ്റിൽ ഇടം നേടിയില്ല. ആഗോള പ്രവാസി നിക്ഷേപകരുടെ വാര്‍ഷിക സമ്മേളനം സംഘടിപ്പിക്കുമെന്ന പ്രഖ്യാപനം പ്രവാസലോകത്തെ ഇന്ത്യൻ വ്യവസായികൾക്തു പ്രതീക്ഷ പകരുന്നതാണ്. ഫോറിൻ പോർട്ഫോളിയോ ഇൻവസ്റ്റ്മെന്റ് നിക്ഷേപ പരിധി 24% ആക്കി ഉയർത്തിയതും കടപത്രങ്ങൾ വാങ്ങി വിൽക്കുന്നത് കൂടുതൽ സുതാര്യമാക്കിയതും ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപത്തിൽ വർധന വരുത്തും. ഇതിനൊപ്പം വിദേശ നിക്ഷേപകർക്ക് എഫ്പിഐ അക്കൗണ്ടുകൾ തുറക്കാനുള്ള നടപടികൾ ലളിതമാക്കുകയും ചെയ്തിട്ടുണ്ട്. ഇതുവഴി വ്യോമയാനം, മീഡിയ, ഇൻഷുറൻസ്, സിംഗിൾ ബ്രാൻഡ് റീട്ടെയ്ൽ മേഖലകളിൽ നിക്ഷേപത്തിനും വിദേശ നിക്ഷേപകർക്ക് അവസരമുണ്ടാകുമെന്നാണ് പ്രതീക്ഷ.

എന്നാൽ, വ്യവസായികളെ മാറ്റിനിർത്തി സാധാരണ പ്രവാസികളുടെ കാര്യത്തിലേക്കു വരുമ്പോൾ നിക്ഷേപ പ്രതീക്ഷകൾ മുളയ്ക്കാനുള്ളതൊന്നും ബജറ്റിലില്ല എന്നാണ് വിലയിരുത്തുന്നത്. രൂപയുടെ മൂല്യം ഉയരുന്നതും സ്വർണ തീരുവ 12.5% ആക്കി ഉയർത്തിയ സാഹചര്യവും കാരണം പ്രവാസികൾക്കു നിക്ഷേപത്തിനു ഗൾഫിലെ സ്വർണവിപണിയെ ആശ്രയിക്കേണ്ടിവരും. എന്നാൽ,  നിലവിൽ നാട്ടിലേക്കു സ്വർണം കൊണ്ടുവരാനുള്ള പരിധി പുരുഷൻമാർക്കു അൻപതിനായിരം രൂപയും സ്ത്രീകൾക്കു ഒരു ലക്ഷം രൂപയുമാണ്. ഈ പരിധി ഉയർത്താത്തിടത്തോളം കാലം ഗൾഫിൽ നിന്നും കൂടുതൽ സ്വർണം കൊണ്ടുവരാനുമാകില്ല എന്നതാണ് സാഹചര്യം.

ഇന്ധന വിലകൂടുന്നത് മൂലം നാട്ടിലെ കുടുംബച്ചെലവുകളും വിമാന ടിക്കറ്റു നിരക്കും വർധിക്കും. ഗൾഫിൽ മരണപ്പെടുന്ന പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലേക്കു സൌജന്യമായെത്തിക്കണം, വിമാനടിക്കറ്റു നിരക്ക് ഏകീകരിക്കുകയോ പരിധി വയ്ക്കുകയോ ചെയ്യണം തുടങ്ങി ദശാബ്ദങ്ങളായുള്ള ആവശ്യങ്ങൾ ബജറ്റിൽ പരിഗണിക്കപ്പെട്ടിട്ടില്ല എന്നതും നിരാശാജനകമാണ്. വിമാനടിക്കറ്റു നിരക്കിനെക്കുറിച്ച് ആവലാതിപറയാത്ത പ്രവാസികളില്ലയെന്നതാണ് സത്യം. പക്ഷേ, അതിനൊരു ശാശ്വത പരിഹാരം ഈ ബജറ്റിലെങ്കിലുമുണ്ടാകുമെന്ന പ്രതീക്ഷയ്ക്കും നിരാശയായിരുന്നു ഫലം. 

ബജറ്റിൽ മുന്നോട്ടുവച്ച സ്റ്റഡി ഇൻ പദ്ധതിയിലൂടെ പ്രവാസികളുടെ മക്കൾക്കു ഇന്ത്യയിൽ തുടർവിദ്യാഭ്യാസം നടത്താനുളള കൂടുതൽ സാധ്യതകളുണ്ടാകുമെന്നതാണ് പ്രതീക്ഷ. ആധാർ കാർഡ് കാലതാമസമില്ലാതെ ലഭിക്കുമെന്നതു മാത്രമായിരുന്നില്ല പ്രവാസികളുടെ ആശങ്ക. അതിലും വലിയ ആശങ്കകളും ആവശ്യങ്ങളും പരാതികളായി തുടരുമ്പോൾ ഈ ബജറ്റും കയ്യൊഴിയുന്നതാണെന്നാണ് പ്രവാസികളുടെ പരാതി. 

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...