വിമാനടിക്കറ്റ് നിരക്ക് ഉയരുന്നു; പരിഹരിക്കാത്ത പരാതി, പ്രവാസികളെ പിഴിഞ്ഞ് കമ്പനികൾ

rate
SHARE

ഉത്സവ, അവധി സീസണുകളിൽ ഗൾഫിൽ നിന്നും നാട്ടിലേക്കുള്ള വിമാനടിക്കറ്റ് നിരക്കിലെ വർധന. ഒട്ടേറെ തവണ പറഞ്ഞും പരാതിപ്പെട്ടും ശീലമായിക്കഴിഞ്ഞിരിക്കുന്നു പ്രവാസികൾക്ക് ഈ പരാതി. കാണേണ്ടവർ കണ്ണുതുറക്കാത്തിടത്തോളം കാലം പ്രവാസികളുടെ പോക്കറ്റു കാലിയാകുന്നതു തുടർന്നുകൊണ്ടേയിരിക്കും. കേൾക്കുന്ന അധികാരികൾക്കു ഒന്നും പറയാനില്ലായിരിക്കാം പക്ഷേ, പ്രവാസികൾ ഇനിയും ഇതു തുടരും. ശക്തമായി പറഞ്ഞുകൊണ്ടേയിരിക്കും.

പറഞ്ഞിട്ടും പറഞ്ഞിട്ടും മടുക്കാത്ത പരാതിയാണിത്. കേട്ടിട്ടും കണ്ടിട്ടും പരിഹരിക്കപ്പെടാത്ത പരാതി. പ്രവാസികളോടുള്ള കേന്ദ്രസംസ്ഥാന സർക്കാരുകളുടെ മനോഭാവമെന്താണെന്നതിനറെ ഉദാഹരണമാണ് പ്രവാസികളുടെ ഏറ്റവും വലിയ ആശങ്കയോടുള്ള, പരാതിയോടുള്ള സമീപനം. ഗൾഫ് മേഖലയിൽ നിന്നുള്ള പ്രവാസികളിൽ ഏറിയ പങ്കും നാട്ടിലേക്കു വരുന്നത് വർഷത്തിൽ ഒരിക്കൽ മാത്രമാണ്. പ്രത്യേകിച്ച് കുട്ടികളും കുടുംബവുമായി താമസിക്കുന്നവർ സ്കൂൾ വേനലവധി കണക്കാക്കിയാണ് നാട്ടിലേക്കു വരുന്നത്.

ജൂൺ അവസാനത്തോടെയും ജൂലൈ ആദ്യവാരത്തോടെയുമൊക്കെയായി വേനലവധി തുടങ്ങി. മാതാപിതാക്കൾ മക്കളുമായി നാട്ടിലേക്കു പോകാനൊരുങ്ങുമ്പോഴാണ് ചങ്കിടിപ്പുയർത്തി ടിക്കറ്റ് നിരക്ക് കാണുന്നത്. നാലു പേരടങ്ങുന്ന ഒരു കുടുംബത്തിനു നാട്ടിലേക്കു പോയി സെപ്റ്റംബറോടെ തിരികെയെത്തണമെങ്കിൽ മുടക്കേണ്ടിവരുന്നത് രണ്ടും മൂന്നും ലക്ഷം രൂപാവരെയാണ്. ഈ ആശങ്ക ഇനി ആരോടാണ് പറയേണ്ടതെന്നറിയാതെ, ഒന്നു പ്രതിഷേധിക്കാൻ പോലുമാകാതെ സ്വരുക്കൂട്ടിയതെല്ലാം വിമാനക്കമ്പനികൾക്കു തീറെഴുതി പ്രവാസികൾ നാട്ടിലേക്കു അവധിക്കായി പോകുന്നു. അത്രയും പണം ചിലവാക്കാനാകാത്ത പ്രവാസികളാകട്ടെ, കടുത്ത ചൂടും ഉള്ളിലെ സങ്കടവും അനുഭവിച്ചു ഇവിടെ തുടരുന്നു. 

വേനലവധി തുടങ്ങിയതോടെ, പല വിമാനങ്ങളിലും സീറ്റില്ല. ഇൻഡിഗോ, സ്പൈസ് ജെറ്റ് എന്നിവയിൽ ഒരാൾക്കു 13,500 മുതൽ മുകളിലോട്ടാണ് യു.എ.ഇയിൽ നിന്നുള്ള ശരാശരി ടിക്കറ്റ് നിരക്ക്. എയർ ഇന്ത്യയിൽ ഒരു ഭാഗത്തേക്ക്  കണക്ഷൻ ഫ്ളൈറ്റ് ആണെങ്കിൽകൂടി 15,000 ദിർഹത്തിലേറെ  നൽകണം. എമിറേറ്റ്സ് എയർലൈൻ, എയർഅറേബ്യ എന്നിവയിൽ സീറ്റ് കിട്ടാനില്ല. ഇത്തിഹാദിലാണെങ്കിൽ 26,700 ദിർഹത്തിലേറെ  നൽകിയാൽ പോലും മടക്കയാത്ര കണക്ഷൻ വിമാനത്തിലാക്കേണ്ടിവരും. ജെറ്റ് എയർവെയ്സ്  സർവീസ് നിർത്തിയതോടെ കേരളത്തിലേക്കുള്ള സീറ്റുകളുടെ ലഭ്യത കുറഞ്ഞതും ടിക്കറ്റ് നിരക്ക്  കൂടാൻ കാരണമായി. ദുബായ്, അബുദാബി വിമാനത്താവളങ്ങളിൽനിന്നായി പതിനൊന്നു ജെറ്റ് എയർവെയ്സ് വിമാനങ്ങളാണ് സർവീസ് നടത്തിയിരുന്നത്. ഇന്ത്യൻ സെക്ടറുകളിലേക്കെല്ലാം നാലും അഞ്ചും ഇരട്ടി വർധനയുണ്ടായതായി യാത്രക്കാർ പരാതിപ്പെടുന്നു.  

തിരുവനന്തപുരം, കൊച്ചി ഉൾപെടെ ഇന്ത്യയിലെ 9 സെക്ടറുകളിലേക്കായി എമിറേറ്റ്സ് മാത്രം ആഴ്ചയിൽ 172 സർവീസ് നടത്തുന്നുണ്ട്. ഫ്ളൈ ദുബായ്, ഇത്തിഹാദ്, എയർ അറേബ്യ സർവീസുകൾ ഇതിന് പുറമെയാണ്. എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസ്, സ്പൈസ് ജെറ്റ്, ഇൻഡിഗൊ, ഗൊ എയർ തുടങ്ങി മറ്റു വിമാനങ്ങൾ നേരിട്ടും അല്ലാത്തവ കണക്ഷൻ വിമാനങ്ങളായും സർവീസ് നടത്തുന്നു. എല്ലാത്തിലും നിരക്കിൻറെ കാര്യത്തിൽ ഒരു മാറ്റവുമില്ല. മൂന്നും നാലും മടങ്ങു കൂടുതൽ തുക നൽകിയാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. 

കുവൈത്തിൽ സ്കൂൾ അവധി തുടങ്ങി ഒരുമാസം കഴിഞ്ഞിട്ടും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ കുറവില്ല. കുവൈത്ത് എയർവെയ്സ് വിമാനത്തിനാണെങ്കിൽ ജൂലായ് ഒൻപത് വരെ കൊച്ചിയിലേക്ക് ടിക്കറ്റുമില്ല. ജൂലായ് ഒൻപതിന് കുവൈത്തിൽ നിന്ന് പോയി സെപ്റ്റംബർ ഒന്നിന് തിരിച്ചുവരണമെങ്കിൽ കുവൈത്ത് എയർവെയ്സിന് 329 ദിനാർ, ഏകദേശം 75000 രൂപ നൽകണം. ജെറ്റ് എയർവെയ്സ് നിർത്തലാക്കിയതോടെ വിമാന സർവീസുകളുടെ എണ്ണം കുറഞ്ഞതും ടിക്കറ്റ് നിരക്ക് കൂടാനുള്ള കാരണമായി. 

കേന്ദ്രവ്യോമയാന, വിദേശകാര്യമന്ത്രാലയത്തിൻറേയും ഇടപെടൽ അത്യാവശ്യമാണ്. പ്രവാസികളുടെ വലിയ ആശങ്കയ്ക്ക് ഒരു പരിധിവരെ സർക്കാരിടപെടലിലൂടെ പരിഹാരം കണ്ടെത്താനാകും. സീസണുകളിൽ വിമാനടിക്കറ്റു നിരക്കിനു നിശ്ചിത പരിധി നിർണയിക്കുകയാണ് പോംവഴി. അതു എത്രയും പെട്ടെന്നുണ്ടാകേണ്ടത് അത്യാവശ്യമാണ്. ഗൾഫ് നാടുകളിലെ സാമ്പത്തിക അസ്ഥിരതയും ജോലി മതിയാക്കിയും ഇല്ലാതെയും നാട്ടിലേക്കു മടങ്ങേണ്ട സാഹചര്യം വർധിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ പ്രവാസികളെ ഇനി പണം കായ്ക്കുന്ന മരങ്ങളായി കാണരുതെന്നാണ് അഭ്യർഥന. വീണ്ടുമൊരു അവധിക്കാലം കൂടി തുടങ്ങിയതോടെ രണ്ടാം മോദി മന്ത്രിസഭയിൽ വിദേശകാര്യസഹമന്ത്രിയായി അധികാരമേറ്റ വി.മുരളീധരൻറെ ഈ വാക്കുകൾ പ്രതീക്ഷയാണ്. എന്നാൽ, മുൻഗാമികളെപ്പോലെ വാഗ്ദാനങ്ങൾ വാക്കുകളിലൊതുക്കരുതെന്നാണ് പ്രവാസികളുടെ അപേക്ഷ.

MORE IN GULF THIS WEEK
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...