യോഗയിൽ മനസർപ്പിച്ച് പ്രവാസികൾ

yoga3
SHARE

ഇന്ത്യ ലോകത്തിനു സമ്മാനിച്ച ആരോഗ്യജീവിതത്തിൻറെ സന്ദേശമാണ് യോഗ. രാജ്യാന്തര യോഗാ ദിനത്തിൽ പ്രവാസലോകവും യോഗാചരണവുമായി അണിനിരന്നു. പോയവാരത്തിൽ വിവിധ ഗൾഫ് രാജ്യങ്ങളിൽ നടന്ന യോഗദിനാചരണത്തിൻറെ വിശേഷങ്ങളാണ് ഇനി കാണുന്നത്.

ആരോഗ്യമുള്ള മനസും ശരീരവുമായി സന്തോഷത്തോടെ ജീവിക്കുകയെന്ന സന്ദേശവുമായി ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളും സ്വദേശികളും യോഗയെന്ന പൌരാണിക ആരോഗ്യപരിപാലന സമ്പ്രദായത്തിൻറെ ഭാഗമായി. തിരക്കും സമ്മർദ്ദങ്ങളുമേറിയ ലോകത്ത് യോഗയുടെ സവിശേഷതയും പ്രത്യേകതയും അവതരിപ്പിച്ചാണ് പ്രവാസലോകം രാജ്യാന്തര യോഗാ ദിനാചരണത്തിൻറെ ഭാഗമായത്.

ഉണർവിന്റെ ശാന്തഭാവവുമായി വിവിധ രാജ്യക്കാരായ ആയിരങ്ങളാണ് അബുദാബി ഉം അൽ ഇമാറാത് പാർക്കിലെ യോഗദിനാചരണത്തിൻ പങ്കെടുത്തത്. യു.എ.ഇ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ മുഖ്യാതിഥിയായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദേശത്തോടെയായിരുനനു തുടക്കം. കുട്ടികൾ മുതൽ വയോധികർ വരെ ആയിരത്തോളം പേരാണ് യോഗ അഭ്യസിച്ചത്. 

ദുബായ് സബീൽ പാർക്കിലെ യോഗാ ദിനാചരണത്തിനു ഇന്ത്യൻ കോൺസുലേറ്റ് നേതൃത്വം നൽകി. യോഗാഭ്യാസം യോഗാദിനാചരണത്തിൽ മാത്രമൊതുങ്ങുന്നതല്ലെന്നും പ്രാചാരണപരിപാടികളിലൂടെ യോഗയുടെ മഹത്വം എല്ലാവരിലുമെത്തിക്കുകയാണ് ലക്ഷ്യമെന്നും കോൺസുൽ ജനറൽ വിപുൽ പറഞ്ഞു.

യു.എ.ഇയിലെ സഹിഷ്ണുതാവർഷാചരണത്തിനിടെ, മനസിനും ശരീരത്തിനും ഊർജം പകരുന്ന യോഗാ ദിനാചരണത്തിനു ഏറെ പ്രധാന്യമുണ്ടെന്ന് മുഖ്യാതിഥിയായെത്തിയ ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്‌രി.

ഷാർജ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന യോഗാ ദിനാചരണ പരിപാടികളിൽ മൂവായിരത്തോളം പേർ പങ്കെടുത്തു. ഇന്ത്യൻ കോൺസുലേറ്റിന്റെ നേതൃത്വത്തിൽ ഷാർജ സ്പോർട്സ് കൗൺസിലിൻറെ സഹകരണത്തോടെ  പ്രവാസി കൂട്ടായ്മയായ ഏകതയാണ് ഷാർജയിലെ യോഗാ ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചത്. ഫുജൈറ, ഉമ്മൽഖുവൈൽ, റാസൽഖൈമ, അജ്മാൻ എമിറേറ്റുകളിലും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ യോഗ ദിനാചരണം സംഘടിപ്പിച്ചു.

സൗദി അറേബ്യയിലെ റിയാദ്, ദമ്മാം, ജിദ്ദ നഗരങ്ങളിലും എംബസി, കോൺസുലേറ്റ്, ഇന്ത്യൻ സംഘടനകൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ യോഗദിനാഘോഷം സംഘടിപ്പിച്ചു. റിയാദിലെ ഇന്ത്യൻ സ്ഥാനപതി ഡോ.ഔസാഫ് സയീദ് നേതൃത്വം നൽകിയ പരിപാടിയിൽ ശ്രീലങ്ക, മൌറീഷ്യസ്, ജർമനി, ടാൻസാനിയ തുടങ്ങിയ രാജ്യങ്ങളുടെ സൌദിയിലെ സ്ഥാനപതിമാർ മുഖ്യാതിഥികളായെത്തി.

കുവൈത്ത്, ഒമാൻ, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിലും എംബസികളുടെ നേതൃത്വത്തിൽ യോഗദിനാചരണം സംഘടിപ്പിച്ചു. മലയാളികളടക്കമുള്ള ഇന്ത്യക്കാരും വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളും സ്വദേശികളും യോഗ ദിനാചരണത്തിൻറെ ഭാഗമായി. തിരക്കേറിയ ലോകത്ത് ആരോഗ്യവും മനസും സംരക്ഷിക്കണമെന്ന സന്ദേശത്തോടെ നടത്തിയ യോഗ ദിനാചരണത്തിനു എല്ലാ ഗൾഫ് രാജ്യങ്ങളിലേയും ഭരണാധികാരികൾ പൂർണപിന്തുണയാണ് നൽകിയത്.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...