ഒരുമാസത്തിനിടെ രണ്ട് ആക്രമണം; ആശങ്കയോടെ ഗൾഫ് രാജ്യങ്ങൾ

oman-oil-tanker
SHARE

ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ഗൾഫ് കടലിൽ എണ്ണക്കപ്പലുകൾക്കു നേരേ ആക്രമണമുണ്ടായത്. ആക്രമണത്തിനു പിന്നിൽ ഇറാനാണെന്നു സൌദിയും യുഎസുമടക്കമുള്ള രാജ്യങ്ങൾ ആരോപിക്കുന്നു. സൌദിയിൽ ഹൂതി വിമതരുടെ ആക്രമണവും ആശങ്കയുളവാക്കുന്നതാണ്. 

മേയ് 12, ഞായർ.. ഫുജൈറ തീരത്തു പുലർച്ചെ ആറു മണിയോടെ  സൌദി അറേബ്യയുടേതുൾപ്പെടെ നാലു കപ്പലുകൾ ആക്രമിക്കപ്പെട്ടു. ഇറാൻ അമേരിക്ക സംഘർഷം രൂക്ഷമാവുന്നതിനിടെ അമേരിക്കയിലേക്കു എണ്ണ നിറയ്ക്കാൻ പുറപ്പെട്ട കപ്പലിനു നേരേ ആക്രമണമുണ്ടായത് ലോകത്തെ ഞെട്ടിച്ചു. രണ്ട് സൌദി ടാങ്കറുകൾ, ഷാർജയിൽ നിന്നുള്ള ഒരു കപ്പൽ, ഒരു നോർവീജിയൻ കപ്പൽ എന്നിവയാണ് ആക്രമണത്തിനിരയായത്. എണ്ണക്കപ്പലുകളുടെ പ്രധാനസഞ്ചാരപാതയായ ഹോർമുസ് കടലിടുക്കിനു സമീപത്തെ ബങ്കറിങ് ടെർമിനലിലായിരുന്നു സംഭവം.  ഗൾഫ് മേഖലയിലൂടെയുള്ള ചരക്കു നീക്കം അട്ടിമറിക്കാൻ ഇറാൻ നേരിട്ടോ അല്ലാതെയോ ശ്രമിക്കുമെന്ന അമേരിക്കയുടെ മുന്നറിയിപ്പിനു തൊട്ടുപിന്നാലെയുണ്ടായ സംഭവത്തിൽ ആരോപണശരങ്ങൾ നീണ്ടത് ഇറാനു നേരേയായിരുന്നു.

ഫുജൈറ തീരത്തു നാലു കപ്പലുകൾക്കു നേരെ ആക്രമണമുണ്ടായതിനു പിന്നാലെ അമേരിക്കയും സൌദിയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആദ്യം ആരോപണമുന്നയിച്ചത് ഇറാനു നേരേയായിരുന്നു. എന്തുകൊണ്ടൊണ് അന്വേഷണങ്ങൾക്കു മുൻപു തന്നെ ഇറാനെ പ്രതിക്കൂട്ടിലാക്കാൻ കാരണം.

ആക്രമണത്തിൽ ആർക്കും പരുക്കില്ലെങ്കിലും കപ്പലുകൾക്കു നാശനഷ്ടമുണ്ടായതായും സൗദി ഊർജമന്ത്രി ഖാലിദ് അൽ ഫാലിഹ് വ്യക്തമാക്കി. ഗൾഫ് രാജ്യങ്ങളുടെ കൂട്ടായ്മയായ ജി.സി.സിയും അറബ് ലീഗും ആക്രമണത്തെ അപലപിച്ചു.  മേഖലയിൽ ആശങ്കയും അസ്ഥിരതയും വളർത്താനുള്ള ശ്രമമെന്ന് ജിസിസി കുറ്റപ്പെടുത്തി. അതേസമയം, ഇറാനും ആക്രമണത്തെ അപലപിച്ച് രംഗത്തെത്തി. അക്രമം ആശങ്കാജനകമെന്ന് വ്യക്തമാക്കിയ ഇറാൻ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു. അന്വേഷണം നടത്തിയ സൌദി, യു.എ.ഇ, നോർവേ എന്നീ രാജ്യങ്ങൾ പ്രാഥമിക അന്വേഷണ റിപ്പോർട്ട് യു.എൻ രക്ഷാസമിതിക്ക് കൈമാറി. ഇറാൻറെ പേരെടുത്തു പറയാതെയായിരുന്നു റിപ്പോർട്ടിൻറെ ഉള്ളടക്കം. ആക്രമണത്തിനു പിന്നിൽ, ഒരു രാജ്യമാണെന്നായിരുന്നു ആരോപണം. ആസൂത്രിതവും സങ്കീർണവുമായിരുന്നു ആക്രമണമെന്നും വലിയ ശേഷിയുള്ള ഒരു രാജ്യമാണ് ഇതു നടപ്പാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു. സമുദ്രമൈനുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നു പരിശോധനയിലൂടെ വ്യക്തമായിട്ടുണ്ട്. സ്പീഡ് ബോട്ടിൽ എത്തിയ മുങ്ങൽ വിദഗ്ദരാണ് ഇതു കപ്പലിൽ സ്ഥാപിച്ചത്. കപ്പൽ സഞ്ചാരത്തിനു പ്രതിബന്ധം സൃഷ്ടിക്കുക വഴി മുന്നറിയിപ്പു നൽകുകയായിരുന്നു ലക്ഷ്യമെന്നു കരുതുന്നതായും വിശദമായ റിപ്പോർട്ടിൽ പറയുന്നു. 

സൌദി, യു.എ.ഇ, നോർവേ രാജ്യങ്ങളുടെ സംയുക്ത അന്വേഷണ റിപ്പോർട്ട് യു.എൻ രക്ഷാസമിതിക്കു കൈമാറിയിരുന്നു. എന്താണ് റിപ്പോർട്ടിലൂടെ വ്യക്തമാക്കുന്നത്. ഇറാൻറെ പേരെടുത്തു പറയാതെയുള്ള വിമർശനത്തിലൂടെ ഈ രാജ്യങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്.

ആക്രമണത്തിൻറെ ഉത്തരവാദികൾ ഇറാനാണെന്നു യുഎന്നിലെ സൌദി അംബാസിഡർ അബ്ദുല്ല അൽ മൌലമ്മി ആരോപിച്ചിരുന്നു. യു.എ.ഇയിലെത്തിയ അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ, ആക്രമണത്തിനു പിന്നിൽ ഇറാനാണെന്നു വ്യക്തമാക്കി. ആരോപണപ്രത്യാരോപണങ്ങൾ തുടരുന്നതിനിടെയാണ് ഈ മാസം പതിമൂന്നിനു പുലർച്ചെ ആറ് പന്ത്രണ്ടിനും ഏഴിനും ഒമാൻ ഉൾക്കടലിൽ ഹോർമൂസ് കടലിടുക്കിനു സമീപം വീണ്ടും രണ്ട് എണ്ണകപ്പലുകൾക്കു നേരേ ആക്രമണമുണ്ടായത്. ഒരു മാസത്തിനിടെയുണ്ടായ രണ്ടാമത്തെ ആക്രമണം ഗൾഫ് മേഖലയിൽ അതീവആശങ്ക പടർത്തി. ഫ്രണ്ട് ഓൾട്ടെയർ, കൊക്കുവ കറേജ്യസ് എന്നീ കപ്പലുകൾക്കു നേരേയാണ് ആക്രമണമുണ്ടായതെന്നും ജീവനക്കാരെ സുരക്ഷിതരായി മാറ്റിയെന്നും ബ്രിട്ടൺ നാവികസേന വ്യക്തമാക്കി.  സൌദിയിൽ നിന്നും സിംഗപ്പൂരിലേക്കുള്ള യാത്രക്കിടെയാണ് കൊക്കുവ കറേജസ് കപ്പലിനു നേരേ ആക്രമണമുണ്ടായത്. 

ഒരു മാസത്തിനിടെ രണ്ടാമത്തെ ആക്രമണമായിരുന്നു കഴിഞ്ഞ ആഴ്ച നടന്നത്. ഗൾഫ് മേഖലയിലെ രാഷ്ട്രീയസാഹചര്യങ്ങളിലും രാജ്യാന്തര വിപണിയിലും ഈ ആക്രമണം എങ്ങനെ പ്രതിഫലിച്ചു.

രണ്ടാമത്തെ ആക്രമണത്തിലും ആരോപണവിരൽ ചൂണ്ടിയത് ഇറാനു നേരേയായിരുന്നു. ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ തുറന്നടിച്ചു. ഇറാൻറെ ആക്രമണങ്ങൾക്കെതിരെ രാജ്യാന്തരസമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നായിരുന്നു സൌദി കിരീടാവകാശി ഒരു അറബ് മാധ്യമത്തിനനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കിയത്. അതേസമയം, രണ്ടാമത്തെ ആക്രമണത്തിനു പിന്നിൽ ഇറാനാണെന്ന ആരോപണവുമായി അമേരിക്ക വിഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടത് ചർച്ചാവിഷയമായി. ആക്രമിക്കപ്പെട്ട കൊക്കുവ കറേജ്യസ് കപ്പലിനുസമീപം പൊട്ടാതെകിടന്ന കാന്തിക സ്ഫോടകവസ്തുക്കൾ ഇറാൻ നാവികസേന മാറ്റുന്ന ദൃശ്യങ്ങളാണ്  യു.എസ്  പുറത്തുവിട്ടത്. ഇക്കാര്യം യു.എസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപും യു.എസ് സ്റ്റേറ്റ് സെക്രട്ടറിയും സ്ഥിരീകരിച്ചു. ചെറിയ ബോട്ടിലെത്തിയ സംഘം പൊട്ടാത്ത കാന്തിക സ്‌ഫോടക വസ്തുക്കൾ ഇളക്കി മാറ്റുന്നതായി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇറാൻ നാവിക സേന അംഗങ്ങളാണ് ബോട്ടിലുണ്ടായിടുന്നതെന്നാണ്  അമേരിക്ക വ്യക്തമാക്കി. 

അതേസമയം,  ആരോപങ്ങൾ തള്ളി ഇറാൻ രംഗത്തെത്തി. എണ്ണകപ്പലുകൾക്കു നേരേയുണ്ടായ ആക്രമണം നേരിട്ടു ബാധിച്ചത് എണ്ണവിപണിയെയായിരുന്നു. ലോകത്തെ ഏറ്റവും വലിയ എണ്ണവ്യവസായ പാതയായ ഹോർമൂസ് കടലിടുക്കിലുണ്ടായ ആക്രമണം രാജ്യന്തരവിപണിയെ ഉലച്ചു. ആക്രമണത്തിനു പിന്നാലെ എണ്ണ വില വർധന രേഖപ്പെടുത്തി. 

യു.എസ് ഉപരോധത്തിൻറെ പശ്ചാത്തലത്തിൽ ഇറാനിൽ നിന്നും എണ്ണ വാങ്ങുന്നത് ഇന്ത്യയും നിർത്തിയിരുന്നു. സൌദിയിൽ നിന്നും എണ്ണ ഇറക്കുമതി കൂട്ടുകയും ചെയ്തു. അതിനാൽ,  എണ്ണ വിപണിയിലുണ്ടാകുന്ന ഏതു ചലനവും ഇന്ത്യൻ ജനതയെ, വ്യവസായമേഖലയെ നേരിട്ടു ബാധിക്കും. 

ഫുജൈറയിൽ എണ്ണകപ്പലുകൾക്കു നേരേയെുണ്ടായ ആക്രമണത്തിനു പിന്നാലെ മക്കയിൽ ചേർന്ന ജിസിസി, അറബ് ലീഗ്, ഒ.ഐ.സി സമ്മേളനങ്ങളിൽ അംഗരാജ്യങ്ങൾ ഇറാനെതിരെ പ്രമേയം പാസാക്കി. അതിനു പിന്നാലെയായിരുന്നു രണ്ടാമത്തെ ആക്രമണം. എണ്ണ ടാങ്കറുകൾക്കു നേരെയുണ്ടായ ആക്രമണത്തിൽ പ്രതിക്കൂട്ടിലാക്കുന്നതിനൊപ്പം സൌദിയിൽ ഹൂതി വിമതരുടെ ആക്രമണങ്ങളിലും ആരോപണം നീളുന്നത് ഇറാനെതിരെയാണ്. റിയാദിനു സമീപം എണ്ണ പമ്പിങ് കേന്ദ്രത്തിനു നേരെ ഹൂതി വിമതരുടെ ആക്രമണമുണ്ടായി. ഹൂതി വിമതർക്ക് ആയുധം നൽകി സഹായിക്കുന്നത് ഇറാനാണെന്നാണ് സൌദിയുടെ ആരോപണം. അബ്ഹ രാജ്യാന്തര വിമാനത്താവളത്തിനു നേരെ ഈ മാസം പന്ത്രണ്ടിനു നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരിയടക്കം ഇരുപത്താറു പേർക്കാണ് പരുക്കേറ്റത്. ഒരാഴ്ച കഴിയും മുൻപ് അബ്ഹ, ജിസാൻ വിമാനത്താവളങ്ങൾക്കു നേരേ ആക്രമണശ്രമവുമുണ്ടായി. ഹൂതി വിമതർക്ക് ഇറാൻ ആയുധങ്ങൾ നൽകി, ഭീകരാക്രമണങ്ങൾക്കു പിന്തുണയ്ക്കുനൽകുന്നതായി സഖ്യസേനാവക്താവ് കേണൽ അൽ മാൽകി ആരോപിച്ചു. യു.എൻ രക്ഷാസമിതിയുടെ പ്രമേയത്തിനു വിരുദ്ധമായാണ് ഇറാൻറെ നടപടികളെന്നും വക്താവ് പറഞ്ഞു. ഇത്തരം ഭീകരാക്രമണങ്ങൾ രാജ്യത്തിനു മാത്രമല്ല ആഗോളതലത്തിലും ഭീഷണിയാണെന്ന് സൌദി വ്യക്തമാക്കി. ഇറാനെതിരെ ശക്തമായ നടപടി വേണമെന്നും മേഖലയെ അസ്ഥിരപ്പെടുത്താതെ സമാധാനമാർഗം സ്വീകരിക്കാനാണ് ഇറാൻ ശ്രമിക്കേണ്ടതെന്നും സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു.

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യാന്തര സമൂഹത്തിനു മുന്നിൽ ഇറാനെ പ്രതിക്കൂട്ടിലാക്കി എങ്ങനെ പ്രതിരോധിക്കാനാണ് സൌദി ശ്രമിക്കുന്നത്. 

ഗൾഫ് കടലിൽ എണ്ണ ടാങ്കറുകൾക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങൾ, ഹൂതി വിമതരുടെ ആക്രമണം ഇവ തുടരുന്നത് ജിസിസി രാജ്യങ്ങൾക്കു മാത്രമല്ല, ഇന്ത്യ അടക്കമുള്ള ലോക രാജ്യങ്ങൾക്കു ഭീഷണിയാണ്. സാമ്പത്തിക രംഗത്ത് ആശങ്കയുളവാക്കുന്ന ആക്രമണങ്ങൾ പ്രതിരോധിക്കാൻ രാജ്യാന്തരസമൂഹത്തിൻറെ ഇടപെടൽ അത്യാവശ്യമാണെന്നാണ് വിലയിരുത്തുന്നത്.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...