പ്രതിഫലമോഹങ്ങളില്ലാതെ നൃത്തപരിശീലനം; ആയിരക്കണക്ക് ശിഷ്യസമ്പത്ത്; ഇനി സിനിമയിലേക്കും

asha-nair
SHARE

നാലു പതിറ്റാണ്ടായി നൃത്തരംഗത്തെ സജീവ സാന്നിധ്യമാണ് ഡോ.ആശാ നായർ. ആറു വയസു മുതൽ നാലു വയസു വരെയുള്ള വിവിധ രാജ്യാക്കാരായവരുൾപ്പെടെയുള്ളവരെ പരിശീലിപ്പിക്കുന്ന ആശ നായരുടെ നൃത്ത വിശേഷങ്ങളാണ് ഇനി പരിചയപ്പെടുന്നത്.

നാലാം ക്ളാസിൽ തുടങ്ങിയതാണ് ഡോ.ആശ നായർക്കു നൃത്തവുമായുള്ള ബന്ധം. വിവിധ വേദികളിൽ സജീവമായിരുന്ന ആശ നായർ ഇന്നു ആയിരക്കണക്കിനു ശിഷ്യരെ നൃത്തലോകത്തേക്കു കൈപിടിച്ചു നടത്തുകയാണ്. ഇരുപത്തേഴു വർഷമായി അബുദാബിയിലെ വിവിധ പ്രായക്കാരായവരെ നൃത്തം പരിശീലിപ്പിക്കുന്നതിൽ സജീവസാന്നിധ്യമാണ് ആശ നായർ. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കൊപ്പം ഓസ്‌ട്രേലിയ, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളും നൃത്തപരിശീലനം നടത്തുന്നത് ഈ ആധ്യാപികയുടെ മേൽനോട്ടത്തിലാണ്.

ഭരതനാട്യം, മോഹിനിയാട്ടം,  കഥക്, ഒഡീസി, ഇന്ത്യൻ സെമി ക്ലാസിക്കൽ ഡാൻസ് തുടങ്ങി വിവിധ രൂപങ്ങൾ പരിശീലിപ്പിക്കുകയും വിവിധ പരിപാടികൾക്കു നൃത്തസംവിധാനം ഒരുക്കുകയും ചെയ്യുന്നുണ്ട് ഈ മുംബൈ മലയാളി. ഇരുപത്തേഴു വർഷം മുൻപ് യുഎഇയിലെത്തുമ്പോൾ നൃത്ത രംഗത്ത് സ്ത്രീകളുടെ സാന്നിധ്യം വളരെ കുറവായിരുന്നു. കാലം മാറിയതോടെ ക്യാപ്സൂൾ നൃത്തപരിശീലനത്തിലാണ് താൽപര്യം കൂടുന്നത്. എന്നാൽ, ചിട്ടയായ പരിശീലനത്തിലൂടെ മനസും ശരീരവും ഒരുക്കുകയെന്നത് ഏറെ പ്രാധാന്യമർഹിക്കുന്നതാണെന്നാണ് ആശ ടീച്ചറുടെ അഭിപ്രായം. 

ഭിന്നശേഷിക്കാരായ കുട്ടികളെയും പ്രതിഫലമോഹങ്ങളില്ലാതെ ഇവർ നൃത്തം പരിശീലിപ്പിക്കുന്നുണ്ട്. സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ പേരിൽ അബുദാബിയിലെ ഇന്ത്യൻ എംബസി പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു. ഇന്ത്യൻ നൃത്തരൂപങ്ങളെ ലോകത്തിനു പരിചയപ്പെടുത്തിയതിനുള്ള ആദരവായി ഇൻറർ നാഷണൽ തമിഴ് യൂണിവേഴ്സിറ്റി ആശയെ ഡോക്ടറെറ്റ് നൽകിയും ആദരിച്ചിരുന്നു.

നൃത്തപരിശീലനവും നൃത്തസംവിധാനവും ജീവിതത്തിൻറെ ഭാഗമാക്കിയ ആശ ടീച്ചർ സിനിമാ നൃത്തരംഗത്തേക്കും ചുവടുവയ്ക്കാനൊരുങ്ങുകയാണ്.  പൂർണപിന്തുണയുമായി പാലക്കാട് സ്വദേശികൂടിയായ ഭർത്താവ് വിജയ് സെൻ കൂടെയുണ്ട്. പ്രായവും കാലവും ഏറുകയാണ്. പക്ഷേ, നൃത്തത്തോടുള്ള പ്രണയം യുവത്വത്തിൻറെ ചെറുപ്പത്തിൽ തുടരുകയാണ്.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...