അന്നം തരുന്ന നാട്ടിലെ മസ്ജിദ് പുതുക്കി പണിത മലയാളി

gulf55
SHARE

അന്നം തരുന്ന നാട്ടിലെ എഴുപതുവർഷം പഴക്കമുള്ളൊരു മസ്ജിദ് പുതുക്കി പണിത മലയാളി. ഒമാനിലെ ഉമർ ഖത്താബ് എന്ന മസ്ജിദ് പുനർനിർമിച്ചു നൽകിയത് കണ്ണൂർ സ്വദേശിയായ മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിയാണ്. ഈ നല്ലമനസിൻറെ കാഴ്ചകളും വിശേഷങ്ങളും കാണാം. ഇനി.

കല്ലുകൾ ചേർത്തുവച്ചു മാത്രമല്ല കരങ്ങൾ ചേർത്തുപിടിച്ചുകൂടിയാണ് പള്ളികൾ നിർമിക്കേണ്ടതെന്നോർമപ്പെടുത്തുന്ന മനോഹരകാഴ്ചയാണ് ഉമർ ഖത്താബ് മസ്ജിദ്. ഇവിടുത്തെ ഗ്രാമീണരുടെ ഏകപ്രാർഥനാലയത്തിനു കാലപ്പഴക്കം വന്നതോടെയാണ് ജീവിതത്തിൻറെ ഉയർച്ചതാഴ്ചകളിൽ താങ്ങും തണലുമായിരുന്ന പള്ളി പുനർമിർമിക്കാൻ ഒരുങ്ങിയതെന്നു മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി വ്യക്തമാക്കുന്നു. 

സ്പോൺസറായ സൈഫ് നമാനിയുടെ സമ്മതത്തോടെയായിരുന്നു പുനർനിർമാണം. റമസാനിലെ അവാസാന വെള്ളിയാഴ്ചയിൽ വിശ്വാസികൾക്കായി പള്ളി തുറന്നുകൊടുത്തു. 

രണ്ടു വർഷത്തോളമെടുത്താണ് നിർമ്മാണം പൂർത്തിയാക്കിയത്. പഴയ പള്ളിയിൽ മുന്നൂറ് പേർക്ക് ആയിരുന്നു പ്രാർഥനക്കു സൗകര്യമെങ്കിൽ പുനർമിർമിച്ചപ്പോൾ 1400 പേർക്കു ഒരേ സമയം പ്രാർഥനകളിൽ പങ്കെടുക്കാനാകും. രണ്ടര ലക്ഷത്തോളം റിയാൽ, നാലരക്കോടി രൂപ ചെലവഴിച്ചാണ് മസ്ജിദ് പുനർനിർമിച്ചത്. അരനൂറ്റാണ്ടായി പള്ളിയുടെ മുഅദീൻ ആയി പ്രവർത്തിക്കുന്ന സയ്യിദ് മുസൽ ആമിർ അൽ ബലൂഷിക്കു താക്കോൽ കൈമാറിയായിരുന്നു ഉദ്ഘാടനം. ഒമാൻ കായിക, ധനകാര്യ മന്ത്രിമാർ ജുമാ നമസ്കാരത്തിൽ പങ്കെടുത്തു. 

ഒമാനിലെ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ മക്ക ഹൈപ്പർ മാർക്കറ്റിൻറെ ഉടമയാണ്  മുഹമ്മദ് കുട്ടി. സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് പുനർനിർമാണം നടത്തിയതെന്നും പിന്തുണ നൽകിയ ഒമാൻ സർക്കാരിനും ജനങ്ങൾക്കും നന്ദിഅറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. അയ്യായിരം വർഷത്തോളം പഴക്കമുള്ള ഇന്ത്യ ഒമാൻ ബന്ധത്തിൻറെ ഒടുവിലത്തെ ഉദാഹരണമായി അന്നം തരുന്ന നാട്ടിലെ പള്ളി നിർമാണത്തിനു മുൻകൈയെടുത്ത ഈ തളിപ്പറമ്പുകാരൻറെ നല്ലമനസ്. 

ഗൾഫ് നാടുകളിൽ ഇനി കടുത്ത ചൂടുകാലമാണ്. ആരോഗ്യസംരക്ഷണത്തിൽ അൽപം കൂടി ശ്രദ്ധിച്ചാവട്ടെ പ്രവാസികളുടെ ജീവിതമെന്ന ഓർമപ്പെടുത്തലോടെ ഗൾഫ് ദിസ് വീക്കിൻറെ ഈ എപ്പിസോഡ് അവസാനിപ്പിക്കുന്നു. അടുത്തഎപ്പിസോഡിൽ അവതരിപ്പിക്കണമെന്നു നിങ്ങൾ ആഗ്രഹിക്കുന്ന കാഴ്ചകളും വിശേഷങ്ങളും പങ്കുവയ്ക്കാം. ഒപ്പം അഭിപ്രായങ്ങളും വിമർശനങ്ങളും. 

MORE IN GULF THIS WEEK
SHOW MORE