പങ്കുവയ്ക്കലിന്റെ കരുതൽ സ്നേഹം; പ്രവാസിയുടെ ഇഫ്താർ വിശേഷങ്ങൾ

gulf-this-week-ramzan
SHARE

റമസാൻ മാസത്തിലെ ഇഫ്താർ വിരുന്നുകൾ പ്രവാസലോകത്തെ സ്ഥിരം കാഴ്ചയാണ്. ഇസ്ലാം പ്രഘോഷിക്കുന്ന പങ്കുവയ്ക്കലിൻറെ മനോഹരകാഴ്ചയാണ് ഓരോ നോമ്പു തുറകളും. സാഹോദര്യവും മാനവികതയും പ്രഖ്യാപിക്കുന്ന, പ്രഘോഷിക്കുന്ന ഇഫ്താറുകളുടെ വിശേഷങ്ങളാണ് ഇനി കാണുന്നത്.

റമസാൻ മാസത്തിൻറെ വിശുദ്ധിയിൽ ഭക്ഷണപാനീയങ്ങളുപേക്ഷിച്ചു അല്ലാഹുവിനൊപ്പമായിരിക്കുന്ന വിശ്വാസികൾ നോമ്പു മുറിക്കാൻ ക്ഷണിക്കുകയാണ് മഗ് രിബ് നമസ്കാരത്തിനുള്ള ബാങ്കുവിളി. കുടുംബത്തോടും സുഹൃത്തുക്കളോടും സമൂഹത്തോടും ചേർന്നു നോമ്പു തുറക്കുന്ന കാഴ്ചകൾ പങ്കുവയ്ക്കലിൻറെ ഉദാത്തമാതൃകകളുമാണ്. നാട്ടിൽ നിന്നും വ്യത്യസ്തമായി മാനവികത പ്രഘോഷിക്കുന്ന ഇഫ്താർ വിരുന്നുകളാൽ സജീവമാണ് ഗൾഫ് നാടുകൾ. അത്തരം കാഴ്ചകളാണ് പരിചയപ്പെടുത്തുന്നത്.

റമസാൻ മാസത്തിൽ സമൂഹനോമ്പുതുറയ്ക്കു വാതിൽ തുറന്നു അബുദാബിയിലെ സെൻറ് പോൾസ് കത്തോലിക്കാ ദേവാലയം. ദേവാലയത്തിനകത്ത് ബാങ്കു വിളിയോടെയായിരുന്നു ഇഫ്താർ വിരുന്ന്. മതസൌഹാർദത്തിൻറെ സന്ദേശം പ്രചരിപ്പിക്കുന്നതിൻറെ ഭാഗമായാണ് നോമ്പുതുറ ഒരുക്കിയത്. മുസഫ വ്യവസായ മേഖലയിലെ ലേബർ ക്യാംപിലുള്ള വിവിധ രാജ്യക്കാരായ അഞ്ഞൂറിലേറെ മുസ്ലിം വിശ്വാസികൾ ക്രൈസ്തവദേവാലയത്തിൽ പ്രാർഥനകളോടെ നോമ്പ് തുറന്നു. വിശ്വാസികളും ദേവാലയ അധികൃതരും പൂർണമനസോടെയാണ് നോമ്പുതുറയ്ക്ക് അവസരമൊരുക്കിയത്. ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനത്തിനു പിന്നാലെയാണ് മതങ്ങൾ തമ്മിലുള്ള സൌഹാർദത്തിൻറെ ഓർമപ്പെടുത്തലുമായി പള്ളിക്കുള്ളിൽ നോമ്പുതുറ സംഘടിപ്പിച്ചത്. 

ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ്, ആഫ്രിക്കയിലെ വിവിധ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രവാസികൾ ഇഫ്താർ സംഗമത്തിൻറെ ഭാഗമായി.  ഒരേ മനസോടെ ഹൃദയങ്ങളുടെ വിശാലത പ്രഖ്യാപിച്ച് മതങ്ങളുടെ അതിർവരമ്പുകളില്ലാതെ നോമ്പുതുറ. അബുദാബി പൊലീസ് മേധാവി ക്യാപ്റ്റൻ മുഹമ്മദ് അൽ സദി, ഇൻസ്പെക്ടർ സെയ്ദ് അൽ സബൂസി എന്നിവരടക്കം സ്വദേശികളും വിദേശികളുമായി നിരവധി പ്രമുഖരും ഇഫ്താറിലും പ്രാർഥനകളിലും പങ്കെടുത്തു. 

ഷാർജയിൽ ഒട്ടേറെ മലയാളികളുടെ ഇടവക ദേവാലയമായ സെൻറ് മൈക്കിൾസ് ദേവാലയത്തിലും നോമ്പുതുറ സംഘടിപ്പിച്ചു. സോനാപൂർ, സജ, തുടങ്ങിയ സ്ഥലങ്ങളിലെ ലേബർ ക്യാംപുകളിൽ നിന്നുള്ള പ്രവാസിമലയാളികളടക്കമുള്ളവർക്കാണ് പള്ളിയിൽ നോമ്പുതുറ ഒരുക്കിയത്. വൈദികരും കോൺസുൽ ജനറൽ വിപുലും അടക്കമുള്ളവർ ഇഫ്താറിൻറെ ഭാഗമായി. 

നഗരങ്ങളുടെ ആഘോഷങ്ങളിൽ നിന്നും മാറി മരുഭൂമിയുടെ ചൂടിൽ ജീവിതം നയിക്കുന്നവരെ, ജീവിത സാഹചര്യങ്ങളിൽ ഒറ്റപ്പെട്ടവരെക്കൂടി കൂടെക്കൂട്ടുന്നതാണ് റമസാൻ കാലം. തിരുവനന്തപുരം ജില്ലാ കൂട്ടായ്മയായ അനോരയുടെ നേതൃത്വത്തിൽ  മരുഭൂമിയിലെ ഏകാന്തജീവിതങ്ങളെ തേടിയുള്ള പുണ്യയാത്രയാണിത്. ആട്ടിടയൻമാരും ഒട്ടകങ്ങളെ മേയിക്കുന്നവരുമുൾപ്പെടെ സമൂഹത്തിൻറെ തിരക്കുകളിൽ നിന്നു മാറി ജീവിക്കുന്നവരെ ചേർത്തു പിടിക്കുന്ന കാഴ്ച.  ഭക്ഷണവും, മറ്റു  പെരുന്നാൾ വിഭവങ്ങളുമായാണ് മരുഭൂമിയിലെ ആടുജീവിതങ്ങളെ കാണാൻ ഇവരെത്തിയത്. 

സ്വന്തം വീടുകളിൽ പാകം ചെയ്ത ഭക്ഷണമാണ് ഇഫ്താർ വിരുന്നിനായി ഒരുക്കിയത്. അബുദാബി അജ്‌ബാൻ മരുഭൂമിയിലെ ഉസ്ബയെന്നറിയപ്പെടുന്ന ചെറിയ മുറികളിൽ ആടുജീവിതങ്ങൾക്കൊപ്പം പ്രാർഥനകളോടെയാണ് നോമ്പു തുറന്നത്.വർഷങ്ങളായി വിവിധരാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്കു റമസാൻറെ എല്ലാ ദിവസവും ഇഫ്താർ വിരുന്നൊരുക്കുന്നതിൽ കെഎംസിസി മുന്നിലാണ്. ദുബായ് കെഎംസിസിയിലേക്കു വൈകുന്നേരങ്ങളിൽ ആയിരങ്ങളാണ് ഇഫ്താറിനായി കടന്നു വരുന്നത്. രാജ്യങ്ങളുടെ അതിർവരമ്പുകളില്ലാതെ ഇഫ്താറിൻറെ ഭാഗമാകുമ്പോൾ പ്രഘോഷിക്കപ്പെടുന്നത് കാലഘട്ടത്തിൻറെ ആവശ്യമായ ഒരുമയാണ്.

പ്രവാസലോകത്തുനിന്നും നാട്ടിലേക്കും ഇത്തവണ കാരുണ്യം റമസാൻ കിറ്റുകളായി നൽകുന്നുണ്ട്. കെഎംസിസിയുടെ നേതൃത്വത്തിലാണ് എല്ലാ ജില്ലകളിലേയും അർഹരായവർക്കു റമസാൻ കിറ്റു നൽകുന്നത്. വിവിധ അസോസിയേഷനുകൾ, സാംസ്കാരിക സംഘടനകൾ, പൂർവവിദ്യാർഥി കൂട്ടായ്മകൾ, വ്യവസായികൾ തുടങ്ങിയവരുടെ നേതൃത്വത്തിലും ലേബർ ക്യാംപുകളിലും മറ്റു കൂട്ടായ്മകളായും ഇഫ്താർ ഒരുക്കുന്നുണ്ട്. 

MORE IN GULF THIS WEEK
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.