പ്രവാസികളുടെ വിരഹത്തിനും പ്രണയത്തിനും സാക്ഷിയായിരുന്ന മൂസാക്ക

gulf3
SHARE

ഗൾഫ് മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട കലാകാരൻ എരഞ്ഞോളി മൂസ വിടപറഞ്ഞു. പ്രവാസികളുടെ വിരഹത്തിനും പ്രണയത്തിനും പ്രതീക്ഷകൾക്കും നിത്യസാക്ഷിയായിരുന്ന ശബ്ദം ബാക്കായാക്കി എരഞ്ഞോളി മൂസയെന്ന വലിയ പാട്ടുകാരൻ വിടപറഞ്ഞു. ഒടുവിൽ എരഞ്ഞോളിയെന്ന ഗ്രാമത്തെ ഗൾഫിന്റെ ഖൽബിൽ കുടിയിരുത്തിയാണ് മൂസയുടെ മടക്കം.

ആദ്യകാലത്തെ പ്രവാസിമലയാളികളെ ഏറ്റവുമധികം സ്വാധീനിച്ച പാട്ടുകാരനായിരുന്നു മാപ്പിളപ്പാട്ടിൻറെ സുൽത്താൻ എരഞ്ഞോളി മൂസ. പ്രവാസികളുടെ ചെറിയ മുറികളുടെ ചുമരുകളിൽ തട്ടിയ പ്രണയത്തിനും വിരഹത്തിനും ഓർമകൾക്കുമെല്ലാം ഈ സ്വരം അകമ്പടിയായിരുന്നു. കത്തുപാട്ടുകളും മാപ്പിളപ്പാട്ടുകളിലുമൊക്കെയായി എരഞ്ഞോളി മൂസയുടെ സംഗീതത്തെ സമാനതകളില്ലാതെയാണ് പ്രവാസിമലയാളികൾ ഏറ്റെടുത്തത്, സ്നേഹിച്ചത്. 

ആയിരത്തിതൊള്ളായിരത്തിഎഴുപതിലാണ് എരഞ്ഞോളി മൂസ ആദ്യമായി ദുബായിലെത്തുന്നത്. പിന്നീടിങ്ങോട്ട് 45 വർഷത്തോളമായി 540 തവണ ദുബായിലെത്തിയ മൂസാക്ക വിവിധ ഗൾഫ് രാജ്യങ്ങളിലെ ആയിരത്തിലധികം വേദികളിൽ സജീവസാന്നിധ്യമായിരുന്നു. പ്രവാസികൾ നൽകിയതു മാത്രമാണ് ജീവിതത്തിൽ ബാക്കിയുള്ളതെന്നു പലവട്ടം മൂസ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. ആ പ്രവാസിമലയാളികളെക്കുറിച്ചു ഒൻപതു വർഷങ്ങൾക്കു മുൻപ് ദുബായ് ക്രീക്കിലെ കടൽകാറ്റേറ്റു മനോരമ ന്യൂസിനോട് മൂസ പറഞ്ഞതിങ്ങനെ.

എരഞ്ഞോളിയിലെ വയൽകാറ്റേറ്റ സംഗീതം, ഗൾഫ് നാടുകളിലെ പേരറിയാത്ത അനേകം ജീവിതങ്ങളെ ധന്യമാക്കി. മധുരമേറിയ ഈണങ്ങളിൽ ഗൃഹാതുരമായ നാട്ടുവഴികളുടെ ചൂരും ചൂടുമുണ്ടെന്നു ആദ്യം തിരിച്ചറിഞ്ഞതും പ്രവാസികളായിരുന്നു. 

ഗൾഫ് നാടുകളിൽ ഏറെ പരിപാടികൾ അവതരിപ്പിച്ചെങ്കിലും ദിനാറും ദിർഹവും വാരിക്കൂട്ടിയല്ല, സൌഹൃദം കൊണ്ടു സമ്പന്നനാകുന്നതിലായിരുന്നു സന്തോഷം. പ്രവാസലോകത്തെ തിരക്കുകൾക്കിടയിൽ പാടാനുള്ള കഴിവിനെ മറന്നുതുടങ്ങിയ പുതുതലമുറയിലെ പാട്ടുകാരെ ചേർത്തുനിർത്തി ഏരഞ്ഞോളി മൂസയെന്ന ഗുരു.

ഗൾഫിലെത്തിയാലും ഹോട്ടലുകളിൽ തങ്ങുന്നതിനേക്കാൾ പ്രിയപ്പെട്ടവർക്കൊപ്പം ചിലവഴിക്കുന്നതിലായിരുന്നു മൂസയുടെ സന്തോഷം. ഏതു പാതിരാത്രിക്കു വിളിച്ചാലും പാടാൻ തയ്യാറാകുമായിരുന്ന പാട്ടുകാരൻ, ഒരിക്കൽ പോലും പണത്തിൻറേയോ സൌകര്യങ്ങളുടേയോ പേരിൽ ഒരു സംഘാടനകനോടും പിണങ്ങിയിട്ടുമില്ലെന്നാണ് സാക്ഷ്യം. ഒടുവിൽ പ്രവാസികളുടെ പ്രിയ പാട്ടുകാരൻ സമ്മാനിതച്ച സ്വരമാധുര്യം മാത്രം ബാക്കിയാകുന്നു. ഒടുവിൽ പാട്ടുമാത്രം ബാക്കിയാക്കി എരഞ്ഞോളി മൂസ വിടപറയുമ്പോൾ പ്രവാസലോകം ഓർമകളിലാണ്. മെഹ്റാജ് രാവിലെ, മരുഭൂ തണിപ്പിച്ച കാറ്റിൻറെ മണമുള്ള സംഗീതത്തിൻറെ ഓർമകളിൽ

MORE IN GULF THIS WEEK
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.