ഫാമിലി വീസയിൽ ഉദാരസമീപനം; ജോലിക്കു പകരം വരുമാനം മാനദണ്ഡം

family-visa
SHARE

ഫാമിലി വീസയിൽ കുടുംബാംഗങ്ങളെ യു.എ.ഇലേക്കു കൊണ്ടു വരുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതായിരുന്നു കഴിഞ്ഞ ആഴ്ചത്തെ പ്രധാന വാർത്ത. സ്പോൺസർഷിപ്പ് നിയമം ഉദാരമാക്കിയത് കുടുംബാംഗങ്ങളെ കൂടെക്കൂട്ടാൻ ആഗ്രഹിക്കുന്നവർക്കു സഹായകരമാകും. 

പ്രവാസികൾക്ക് കുടുംബാംഗങ്ങളെ യു.എ.ഇ.യിലേക്ക് കൊണ്ടുവരുന്നതിന് ഇനിമുതൽ വരുമാനമായിരിക്കും മാനദണ്ഡം. ഇതുവരെ പ്രവാസിയുടെ തൊഴിലായിരുന്നു ഇതിനുള്ള അടിസ്ഥാനം. സ്പോൺസർഷിപ്പ് നിയമം ഉദാരമാക്കിയതിനെക്കുറിച്ചുള്ള വാർത്തയാണ് ആദ്യം.

യു.എ.ഇയിൽ പ്രവാസികൾക്കു കുടുംബാംഗങ്ങളെ കൊണ്ടുവരാനുള്ള സ്പോൺസർഷിപ്പ് നിയമം ഉദാരമാക്കിയ ഭേദഗതിക്കു മന്ത്രിസഭ അംഗീകാരം നൽകി. ജോലിക്കു പകരം വരുമാനം അടിസ്ഥാനമാക്കിയായിരിക്കും ഇനി കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യാനുള്ള അനുമതി നൽകുക. നിലവിൽ നിശ്ചിത പ്രഫഷനും, കുറഞ്ഞതു 4,000 ദിർഹം മാസശമ്പളവും ഉള്ളവർക്കാണ് സ്വന്തം സ്പോൺസർഷിപ്പിൽ കുടുംബത്തെ കൊണ്ടുവരാനാകുന്നത്. അല്ലെങ്കിൽ 3,000 ദിർഹം ശമ്പളവും കമ്പനി നൽകുന്ന കുടുംബ താമസ സൗകര്യവും വേണമെന്നാണ് നിബന്ധന. പുതിയ നിയമം അനുസരിച്ച് നിശ്ചിത വരുമാനം ഉള്ള ആർക്കും കുടുംബത്തെ സ്പോൺസർ ചെയ്യാൻ അനുമതി ലഭിക്കും. 

നിശ്ചിത വരുമാനത്തെക്കുറിച്ചു പ്രത്യേക നിർദേശം പുറപ്പെടുവിച്ചിട്ടില്ലാത്തതിനാൽ പഴയ വരുമാന പരിധി തുടരുമെന്നാണ് സൂചന. നിലവിലെ സാഹചര്യത്തിൽ മാനദണ്ഡപ്രകാരമുള്ള ജോലിയില്ലാത്തവർക്കു വരുമാനമുണ്ടെങ്കിലും കുടുംബാംഗങ്ങളെ കൂടെക്കൂട്ടാൻ അനുമതി ലഭിച്ചിരുന്നില്ല. ഇതിനു പരിഹാരം കാണുന്നതാണ് പുതിയ ഭേദഗതി. ഡ്രൈവർമാർ, ക്ളീനിങ് സ്റ്റാഫുകൾ തുടങ്ങിയ ജോലികളിൽ കഴിയുന്നവർക്കു കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യുന്നതിനു ഇനി വരുമാനം മാത്രമായിരിക്കും അടിസ്ഥാനം. 

യു.എ.ഇ.യിൽ താമസിക്കുന്ന വിദേശികളുടെ കുടുംബസുരക്ഷ ഉറപ്പുവരുത്താൻ ഉതകുന്നതാണ് പുതിയ നിയമഭേദഗതിയെന്ന് മന്ത്രിസഭയുടെ ജനറൽ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ വിശദീകരിച്ചു. വിദേശികൾക്ക് നല്ല തൊഴിൽ അന്തരീക്ഷവും മികച്ച വ്യക്തിജീവിതവും ഉറപ്പിക്കാൻ ഭേദഗതി ഉപകരിക്കും. കുടുംബത്തിന്റെ സാന്നിധ്യം തൊഴിലാളികളുടെ പ്രവർത്തനക്ഷമത കൂട്ടുമെന്നാണ് വിലയിരുത്തൽ. 

വിദേശികളുടെ കുടുംബാംഗങ്ങൾക്ക് യു.എ.ഇ.യിൽ ജോലി കണ്ടെത്താൻ കൂടുതൽ അവസരങ്ങൾ ഉണ്ടാകും. ഇവർ തൊഴിൽ ചെയ്യാൻ തുടങ്ങിയാൽ കൂടുതൽ പേരെ വിദേശത്തുനിന്ന് കണ്ടെത്തേണ്ടി വരില്ലെന്നത് രാജ്യത്തിൻറെ സമ്പദ്ഘടനയ്ക്കു ഗുണം ചെയ്യുമെന്നും വിലയിരുത്തുന്നു. വിദേശ ജോലിക്കാരുടെ കുടുംബ ഭദ്രത ശക്തിപ്പെടുത്താനുള്ള നിയമഭേദഗതി മന്ത്രിസഭ കൊണ്ടുവരുമെന്ന് മനുഷ്യവിഭവ സ്വദേശിവൽകരണ മന്ത്രി നാസിർ ബിൻ താനി അൽ ഹംലി പറഞ്ഞു. യുഎഇയിലെത്തുന്നവർക്ക് സ്വന്തം സംസ്കാരവും പാരമ്പര്യവും അനുസരിച്ച് കുടുംബത്തോടെ ജീവിക്കാനുള്ള സ്വാതന്ത്യത്തിനൊപ്പം അവരുടെ ആഗ്രഹ സഫലീകരണത്തിനുള്ള വഴിയൊരുക്കുകയാണ് നിയമഭേദഗതിയെന്നും മന്ത്രി വിശദീകരിച്ചു. 

പുതിയ സ്പോൺസർഷിപ് നിയമത്തിലൂടെ വിദേശ ജോലിക്കാരുടെ  സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, സുരക്ഷിത, ജീവിതനിലവാരം മെച്ചപ്പെടുത്താൻ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്. വിദ്യാഭ്യാസ, ആരോഗ്യ, സേവന മേഖലകളിൽ വിദേശികൾക്കു നൽകിവരുന്ന സേവനങ്ങൾ പഠനവിധേയമാക്കാനും ആവശ്യമായ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും മന്ത്രിസഭ നിർദേശിച്ചിട്ടുണ്ട്. പ്രവാസികൾക്കുള്ള വീസ നടപടികൾ ലളിതമാക്കുന്നതിൻറെ തുടർച്ചയായാണ് പുതിയ ഭേദഗതി. നേരത്തേ, യു.എ.ഇയിലെത്തുന്ന സന്ദർശകർ, വിദ്യാർഥികൾ തുടങ്ങിയവർക്കുള്ള വീസ നിയമങ്ങളിലെ ഇളവ് പ്രഖ്യാപിച്ചിരുന്നു. സന്ദർശക, ടൂറിസ്റ്റ് വീസകളിലെത്തുന്നവർക്ക് രാജ്യം വിടാതെ വീസ മാറാമെന്നതായിരുന്നു പ്രധാനപ്രത്യേകത. വിനോദസഞ്ചാരികൾക്ക് ടൂറിസ്റ്റ് വീസ രണ്ടുതവണ പുതുക്കാനും അനുമതി നൽകി. സന്ദർശക വീസയിലെത്തിയവർക്ക് രാജ്യം വിടാതെ നിശ്ചിത ഫീസ് നൽകി തൊഴിൽ വീസയിലേക്ക് മാറാനാകും. ഇത്തരത്തിലുള്ള ഉദാരസമീപനങ്ങളിലൂടെ സമ്പദ് വ്യവസ്ഥ ശക്തപ്പെടുത്താനാകുമെന്നാണ് വിലയിരുത്തുന്നത്.

MORE IN GULF THIS WEEK
SHOW MORE