ഗൾഫ് മലയാളികളിൽ ആത്മഹത്യാ പ്രവണത ഏറുന്നു; ആശങ്ക

gulf4
SHARE

ഏറെ ഗൗരവപരമായൊരു വിഷയമാണ് ഇത്തവണ ഗൾഫ് ദിസ് വീക്കിലൂടെ  അവതരിപ്പിക്കുന്നത്. അടുത്തകാലത്തായി ഗൾഫ് മലയാളികളിൽ ആത്മഹത്യാ പ്രവണത ഏറി വരുന്നത് ഏറെ സങ്കടകരവും ആശങ്കാജനകവുമാണ്. എന്തുകൊണ്ടു ഇതു തടയാനാകുന്നില്ല എന്നതു ബോധവൽക്കരണത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ബോധവൽക്കരണമെന്ന നിലയിൽ തന്നെ ഗൾഫ് ദിസ് വീക്കിൻറെ ഈ എപ്പിസോഡ് തുടങ്ങുകയാണ്. 

ഒറ്റപ്പെടൽ, സാമ്പത്തികപ്രശ്നങ്ങൾ തുടങ്ങിയവയാണ് പ്രവാസികളുടെ ആത്മഹത്യാപ്രവണതയുടെ പ്രധാനകാരണങ്ങൾ. പ്രായഭേദമന്യേ ഒട്ടേറെപ്പേരാണ് ജീവിതം ഹോമിച്ചത്. എന്തുകൊണ്ട് ഇതൊരു തുടർക്കഥയാകുന്നു?...എന്തു പരിഹാരമാണ് ആവശ്യം.? ചർച്ച ചെയ്യപ്പെടേണ്ട, ചിന്തിക്കേണ്ട വിഷയമാണിത്.

സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും ഭാണ്ഡവുമായി മെച്ചപ്പെട്ട ജീവിതം തേടിയെത്തുന്ന പ്രവാസികൾ ജീവനൊടുക്കുന്ന വേദനിപ്പിക്കുന്ന കാഴ്ചകൾ ഏറുകയാണ്. വിദ്യാർഥികളിൽ തുടങ്ങി നാൽപ്പതും അൻപതും വർഷമായി ഗൾഫിൽ ജോലി ചെയ്യുന്നവരിൽ പോലും ആത്മഹത്യാപ്രവണത വർധിക്കുന്നത് ഏറെ ആശങ്കാജനകമാണ്. ചെറുപ്പക്കാരിൽ പോലും ഈ പ്രവണത ഏറുന്നത് സമൂഹം ഏറെ ശ്രദ്ധയോടെ കാണേണ്ടതാണെന്നു സാമൂഹ്യപ്രവർത്തകർ വ്യക്തമാക്കുന്നു. 

ആത്മഹത്യചെയ്ത ഇന്ത്യൻ പ്രവാസികളുടെ എണ്ണം എടുത്താൽ മുന്നിൽ നിൽക്കുന്നത് മലയാളികളാണെന്നതാണ് ദുഃഖകരമായ സത്യം. വിവിധ കാരണങ്ങളാണ് പ്രവാസികളെ ആത്മഹത്യയിലേക്കു നയിക്കുന്നത്. ആത്മഹത്യയല്ലാതെ വേറേ വഴിയില്ലെന്ന നിരാശയിലാണ് പലരും ജീവിതം അവസാനിപ്പിക്കുന്നത്. മെച്ചപ്പെട്ട ജീവിത സാഹചര്യം തേടി ഗൾഫിലേക്കെത്തുന്ന പ്രവാസികളിൽ എല്ലാവർക്കും മികച്ച ജോലി സാഹചര്യങ്ങൾ ലഭിക്കാറില്ല. ജോലിയുടെ അസ്ഥിരതകൾക്കിടയിൽ നാട്ടിലെ ബന്ധുക്കളും പ്രിയപ്പെട്ടവരും കൈമാറുന്ന സമ്മർദ്ദം പ്രവാസികളിൽ പലർക്കും തലവേദനയാകുന്നു.

ക്രെഡിറ്റ് കാർഡ് എടുത്തു പണം ചിലവഴിച്ച ശേഷം തിരികെ അടയ്ക്കാൻ സാഹചര്യമില്ലാതിരിക്കുക, ജോലിയിലെ സമ്മർദ്ദവും അസ്ഥിരതയും, വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ, ഒറ്റപ്പെടലുകൾ തുടങ്ങിയവയെല്ലാം ഈ അടുത്തകാലത്തു നടന്ന ആത്മഹത്യകളുടെ കാരണങ്ങളായിരുന്നു. 

നാടും വീടും വിട്ട് ഗൾഫ് നാടുകളിലെത്തുന്ന പ്രവാസികളിൽ പലരും സങ്കടങ്ങൾ ഉള്ളിലൊതുക്കുന്നവരാണെന്നു മനശാസ്ത്രജ്ഞരും ഡോക്ടർമാരും ഒരേ സ്വരത്തിൽ പറയുന്നു. ഇവിടത്തെ സങ്കടങ്ങളെക്കുറിച്ചു ബന്ധുക്കളോട് പങ്കുവയ്ക്കുന്നതു കുറച്ചിലായി കരുതുന്നവരും ഏറെ. ഇതറിയാതെ സ്വജനങ്ങളിൽ നിന്നും കടുത്ത സമ്മർദ്ദം നേരിടുന്നത് പലർക്കും തിരിച്ചടിയായിട്ടുണ്ട്. അതിനാൽ തന്നെ നാട്ടിലെ ബന്ധുക്കളുടെ പിന്തുണ എല്ലാ പ്രവാസികൾക്കും ഏറെ ആവശ്യമുള്ളതും വിലപ്പെട്ടതുമാണ്. ഏറെ പ്രത്യേകിച്ച് ഒറ്റയ്ക്കു ജീവിക്കുന്ന പ്രവാസികൾക്ക്. 

ഗൾഫിലെ അസ്ഥിരമായ ജോലി നഷ്ടപ്പെടുകയോ സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടാവുകയോ ചെയ്താലും കൂടെയുണ്ടാകുമെന്നുറപ്പ് നൽകാൻ നാട്ടിലെ കുടുംബാംഗങ്ങൾക്കാവണം. ഒരു ജീവനേക്കാൾ വലുതല്ല സാമ്പത്തിക നഷ്ടവും അഭിമാനപ്രശ്നങ്ങളുമെന്ന തിരിച്ചറിവിലെത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 

പ്രവാസികളായ വിദ്യാർഥികളിൽ പോലും വലിയ തോതിൽ ആത്മഹത്യാപ്രവണത വർധിക്കുന്നത് ആശങ്കയുളവാക്കുന്നു. പഠനത്തിലെ സമ്മർദ്ദങ്ങളും വീട്ടിലെ സാഹചര്യങ്ങളും പൊരുത്തപ്പെടാത്തതാണ് പ്രധാന കാരണങ്ങൾ. മാതാപിതാക്കളും അധ്യാപകരും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. 

പ്രവാസികളായ വിദ്യാർഥികളിലും ആത്മഹത്യാപ്രവണത കൂടുന്നതും ആശങ്കാ ജനകമാണ്. മാതാപിതാക്കൾ ജോലി ചെയ്യുന്ന സാഹചര്യത്തിൽ കുട്ടികൾക്കു വീടുകളിൽ വേണ്ടത്ര ശ്രദ്ധ ലഭിക്കാത്തതു കുട്ടികളിലെ ഒറ്റപ്പെടലിനു വഴിയൊരുക്കുമെന്നു ഈ രംഗത്ത് കൌൺസിലിങ്ങും ബോധവൽക്കരണവും നടത്തുന്ന ഡോക്ടർമാരടക്കമുള്ളവർ അഭിപ്രായപ്പെടുന്നു. ജോലി സമ്മർദ്ദം കുട്ടികളിലേക്ക് അടിച്ചേൽപ്പിക്കുന്ന മാതാപിതാക്കൾ, കുട്ടികളോടു ചെയ്യുന്ന വലിയ പാതകമാണതെന്നു തിരിച്ചറിയാത്തതാണ് കാരണം. വീട്ടിലെ ഒറ്റപ്പെടലുകളിൽ നിന്നു രക്ഷപെടാൻ സൈബർ ഇടങ്ങളെ തേടിപ്പോകുന്ന വിദ്യാർഥികളുടെ എണ്ണവും നാട്ടിലേതെന്നപോലെ ഇവിടെയും വർധിക്കുന്നുണ്ട്. 

പരീക്ഷാ സമയങ്ങളിലെ ആശങ്കകളാണ് മറ്റൊരു പ്രധാനകാരണം. പരീക്ഷാപ്പേടി ഇത്തരത്തിൽ വളർത്തുന്നതിൽ മാതാപിതാക്കൾക്കും വലിയ പങ്കുണ്ട്. ഏതൊരു പരീക്ഷയെക്കാളും ഏറ്റവും ഉയരത്തിലാണ് ജീവൻറെ മൂല്യമെന്ന തിരിച്ചറിവ് കുട്ടികൾക്കു പകരണം.  പരീക്ഷകളിലെ ജയപരാജയങ്ങൾ മനസിലാക്കി കുട്ടികൾക്കൊപ്പം അതിനു പരിഹാരം കണ്ടെത്താനാണ് മാതാപിതാക്കൾ ശ്രമിക്കേണ്ടത്.

യു.എ.ഇ, സൌദി, ബഹ്റൈൻ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിൽ ഈ അടുത്തകാലത്തു നടന്ന ആത്മഹത്യകളിൽ ഏറിയ പങ്കും കേരളത്തിൽ നിന്നുള്ള പ്രവാസികളുടേതായിരുന്നുവെന്ന് ഈ രംഗത്ത് ബോധവൽക്കരണത്തിനായി പ്രവർത്തിക്കുന്ന സാമൂഹ്യപ്രവർത്തകർ വ്യക്തമാക്കുന്നു. ഇത്തരത്തിൽ പ്രവാസികൾക്കിടയിലെ ആത്മഹത്യാ പ്രവണത ഏറുന്ന പശ്ചാത്തലത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടികളും ഗൾഫ് നാടുകളിൽ സംഘടിപ്പിക്കുന്നുണ്ട്. ഷാർജയിലെ സ്പർശം എന്ന സംഘടനയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ നൂറുകണക്കിനു പ്രവാസികളാണ് കൌൺസിലിങ്ങിനു വിധേയമായത്.

സർക്കാരുകളുടെയും എംബസി, കോൺസുലേറ്റുകൾ എന്നിവയുടേയും നേതൃത്വത്തിൽ ശക്തമായ ഇടപെടലുകൾ ആവശ്യമാണെന്നും പ്രവാസികൾ നിർദേശിക്കുന്നു. കൃത്യമായ ബോധവൽക്കരണം കാലഘട്ടത്തിൻറെ ആവശ്യമായി മാറിയ പശ്ചാത്തലത്തിൽ സർക്കാരുകൾ മുൻകൈയെടുക്കണമെന്നാണ് ആവശ്യം.

മദർ ഓഫ് നേഷൻ: യു.എ.ഇയുടെ രാഷ്ട്രമാതാവിനു ആദരവർപ്പിച്ചാണ് അബുദബിയിൽ മദർ ഓഫ് നേഷൻ മേള പുരോഗമിക്കുന്നത്. സ്ത്രീശാക്തീകരണവും സംസ്കാരവും പരിചയപ്പെടുത്തുകയും പഠിപ്പിക്കുകയും ചെയ്യുന്ന മേളയുടെ കാഴ്ചകളും വിശേഷങ്ങളുമാണ് ഇനി പരിചയപ്പെടുന്നത്.

അമ്മയുടെ കാൽചുവട്ടിലാണ് സ്വർഗമെന്നു പഠിപ്പിച്ച പ്രവാചകൻറെ വാക്കുകളിൽ നിന്നു പ്രചോദനമുൾക്കൊണ്ടാണ് യു.എ.ഇയിൽ മദർ ഓഫ് നേഷൻ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഫാമിലി ഡവലപ്മെൻറ് ഫൌണ്ടേഷൻറെ സുപ്രീം ചെയർവുമണും ജനറൽ വുമൺസ് യൂണിയൻറെ ചെയർവുമണുമായ ഷെയ്ഖ ഫാത്തിമ ബിൻ മുബാറഖിനോടുള്ള ആദരസൂചകമായി വിനോദസഞ്ചാര സാംസ്കാരിക വകുപ്പാണ് മേള സംഘടിപ്പിക്കുന്നത്. 

അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളത പങ്കു വെക്കുന്ന പ്രത്യേക കലാ സാംസ്കാരിക പരിപാടികൾ, കുട്ടികൾക്കായുള്ള ശിൽപശാലകൾ, നൃത്ത സംഗീത പരിപാടികൾ എന്നിവയാണ് മേളയിലെ പ്രധാന കാഴ്ചകൾ. യുഎഇയുടെ സാംസ്കാരിക പൈതൃക കാഴ്ചകൾ സമ്മേളിക്കുന്ന ഉത്സവത്തിൽ കുടുംബബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്ന പരിപാടികളും കാഴ്ചകളും സ്വദേശികൾക്കൊപ്പം വിദേശികളേയും ആകർഷിക്കുന്നു.

സഹിഷ്ണുതാ വർഷമായി ആചരിക്കുന്ന പശ്ചാത്തലത്തിൽ സഹിഷ്ണുതയിലൂടെയുള്ള യു.എ.ഇയുടെ വികസനവും സംസ്കാരവുമാണ് കാഴ്ചക്കാരെ പരിചയപ്പെടുത്തുന്നത്. സന്തോഷം, സമൃദ്ധി, ഭക്ഷണ പാനീയങ്ങൾ, മാർക്കറ്റുകൾ തുടങ്ങി നാലു മേഖലകളായി തിരിച്ചാണ് മദർ ഓഫ് നേഷൻ ഒരുക്കിയിരിക്കുന്നത്. സ്പെഷ്ൽ ഒളിപിക്സിനു യു.എ.ഇ വേദിയായ പശ്ചാത്തലത്തിൽ അതിജീവനത്തിൻറേയും നിശ്ചയദാർഡ്യത്തിൻറേയും കാഴ്ചകളുമായി പ്രത്യേക സോൺ ഒരുക്കിയിട്ടുണ്ട്. 

അഡ്വഞ്ചർ വണ്ടർലാൻഡ്, ദ് വണ്ടർലസ്റ്റ് ടൂർ, ദ് മറിയോ ക്വസ്റ്റ്, ഫ്രം ടീ ടു ട്രീ, സോർബ് സഫാരി, ആർട് ട്രയൽ, ഡാൻസിങ് ഗ്രാസ് ഇൻസ്റ്റലേഷൻ തുടങ്ങി കുട്ടികളെ ലക്ഷ്യമിട്ടുള്ള പരിപാടികളും കാണാം.

നിരവധി ഇൻഡോർ കായിക ഇനങ്ങൾക്ക് പുറമെ ഓൺലൈൻ ഗെയ്മുകളും പരിചയപ്പെടാം. മേഖലയിൽ ആദ്യമായെത്തിയ സർക്യു ഡു സൊലൈൽ എന്ന ലോകപ്രശസ്ത സർക്കസ് സംഘത്തിന്റെ അഭ്യാസപ്രകടനങ്ങളും മേളയുടെ ഭാഗമാണ്. 

സ്ത്രീ ശാക്തീകരണം, സംരക്ഷണം, സഹകരണം, സുസ്ഥിരത തുടങ്ങി ഷെയ്ഖാ ഫാത്തിമ പ്രഘോഷിച്ച മൂല്യങ്ങൾ പ്രതിഫലിക്കുന്ന പരിപാടികളാണ് മേളയിൽ അവതരിപ്പിക്കുന്നത്. അബുദാബി കോർണിഷിൽ ഒരുക്കിയിരിക്കുന്ന മേളകാണാൻ മലയാളികളടക്കം നൂറുകണക്കിനു പേരാണ് ദിവസവുമെത്തുന്നത്.

നാട്ടിലുപേക്ഷിച്ചു പോകാൻ തയ്യാറായിരുന്നില്ല നാടൻ പാട്ടിൻറെ താളവും ശീലുകളും. പ്രവാസിമലയാളികളുടെ നാടൻ പാട്ടുസംഘമാണ് ചങ്ങാത്തം. ഒമാനിലെ വേദികളിൽ കേരളത്തനിമ ആഘോഷമാക്കുന്ന ചങ്ങാത്തത്തിൻറെ കാഴ്ചകളും വിശേഷങ്ങളും കാണാം ഇനി. 

വിവിധ ജില്ലക്കാരായ നാൽപ്പതോളം പ്രവാസി കലാകാരൻമാരാണ് ചങ്ങാത്തംമസ്കറ്റിലെ അംഗങ്ങള്‍. നാടൻപാട്ടിനെയും കലകളെയും സ്‌നേഹിക്കുന്ന

പാട്ടുകാരെ തേടി, കണ്ടെത്തിയാണ് ചങ്ങാത്തമെന്ന കൂട്ടായ്മയിലേക്കുക്ഷണിക്കുന്നത്. വീട്ടമ്മമാരടക്കമുള്ളവർ സജീവഅംഗങ്ങളാണ്. വാരാന്ത്യങ്ങളിലാണ് പരിശീലനം. തിരക്കൊഴിയുമ്പോൾ ചെറുകൂട്ടങ്ങളായിപരിശീലനം നടത്തുന്നവരുമുണ്ട്. ആളും ആരവങ്ങളുമില്ലാതെ പ്രകൃതിയോടൊപ്പമാണ്പരിശീലനക്കളരികൾ.

പ്രവാസത്തിലെ ജീവിതത്തിരക്കുകൾക്കിടയിലും അൻപതിലധികം വേദികൾ പിന്നിട്ടുകഴിഞ്ഞു ചങ്ങാത്തം. ഒമാനിലെ വിവിധ സംഘടനകളിലേയും കുടുംബ

വേദികളിലേയും സ്ഥിരസാന്നിധ്യം. കുറഞ്ഞസമയം കൊണ്ടുതന്നെ കേരളത്തിൻറെതനിമയും അന്തരീക്ഷവും മരുഭൂമിയിയുടെ മണ്ണിൽ നിറയ്ക്കുകയാണ് പേരിലുംസൌഹൃദമുള്ള ഈ കൂട്ടായ്മ.

മെച്ചപ്പെട്ട ജീവിതസാഹചര്യം തേടി ഒമാനിലെത്തിയ കലാകാരൻമാരുടെകൂട്ടായ്മകൂടിയാണ് ചങ്ങാത്തം. ജീവകാരുണ്യ പ്രവർത്തനങ്ങളിലടക്കം സജീവമായ

സംഘം. വേദികളിൽ പരിപാടി അവതരിപ്പിക്കുന്നതിനൊപ്പം സംഗീത വീഡിയോ ആൽബവുംഇവർ പുറത്തിറക്കിയിട്ടുണ്ട്.

ജീവിതത്തിരക്കിനിടയിലും സംഗീതവും കലകളും നിറഞ്ഞ കേരളത്തനിമയെ കൈവിടാതെകാക്കുകയാണ് ചങ്ങാത്തം. വരും കാലങ്ങളിൽ പുതിയ തലമുറയെ കൂടെച്ചേർത്തുകലാരംഗം കൂടുതൽ സജീവമാക്കാനൊരുങ്ങുകയാണിവർ.

പ്രവാസികളുടെ ആത്മഹത്യാപ്രവണതയ്ക്കെതിരെ ബോധവൽക്കരണവുമായി സംഘടനകൾ മുന്നിട്ടിറങ്ങണം. അതിനൊപ്പം, നാട്ടിലെ ബന്ധുക്കൾ പ്രവാസികളുടെ ഒറ്റപ്പെടലിൻറെ നൊമ്പരങ്ങൾ തിരിച്ചറിയണമെന്ന ഓർമപ്പെടുത്തലോടെ ഗൾഫ് ദിസ് വീക്കിൻറെ ഈ എപ്പിസോഡ് ഇവിടെ അവസാനിപ്പിക്കുകയാണ്

MORE IN GULF THIS WEEK
SHOW MORE