ആവേശം പകർന്ന് ഷാർജയിൽ കുട്ടികളുടെ ബിനാലെ

gulf45
SHARE

ഷാർജയിലെ കുട്ടികളുടെ ബിനാലെ, ദുബായ് ബോട്ട് ഷോ, ഗൾഫ് ഫുഡ് അങ്ങനെ ആഘോഷങ്ങളുടെ കാലമാണ് യു.എ.ഇയിൽ. വിസ്മയവും വിനോദവും ആവേശവും പകരുന്ന അത്തരം കാഴ്ചകളാണ് ഗൾഫ് ദിസ് വീക്കിലൂടെ ഇത്തവണ മുന്നിലെത്തുന്നത്. സ്വാഗതം.

കുട്ടികളുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനും വിജ്ഞാനം പങ്കുവയ്ക്കുന്നതിനും അവസരമൊരുക്കി ഷാർജയിൽ കുട്ടികളുടെ ബിനാലെ. കുട്ടികളുടെ സങ്കൽപ്പത്തിലുള്ള ലോകമാണ് ഒരു മാസം നീളുന്ന ബിനാലെക്കാഴ്ചകൾ പങ്കുവയ്ക്കുന്നത്. ഷാർജ കുട്ടികളുടെ ബിനാലെയിലെ വിശേഷങ്ങളാണ് ഇനി പരിചയപ്പെടുത്തുന്നത്.

ലോകം കുട്ടികളുടെ സങ്കൽപ്പത്തോളം വലുതെന്ന പ്രമേയത്തിലാണ് ഷാർജയിൽ കുട്ടികളുടെ ബിനാലെ തുടരുന്നത്. ഷാർജ ഭരണാധികാരി ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ പത്നിയും ഫാമിലി അഫയേഴ്‌സ് സുപ്രീം കൌൺസിൽ ചെയർപേഴ്‌സനുമായ ഷെയ്ഖ ജവാഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിയാണ് ബിനാലെയുടെ രക്ഷാധികാരി. 

ആറുമുതൽ 18 വയസ്സുവരെയുള്ള നാലായിരത്തോളം കുട്ടികളാണ് ഷാർജ ബിനാലെയിൽ പങ്കെടുക്കുന്നത്. സർഗവൈഭവം, ഡിസൈൻ, പരിസ്ഥിതി, മറ്റുള്ളവർക്കു സഹായം എന്നീ നാലു പ്രമേയങ്ങളെ അടിസ്ഥാനമാക്കിയുള്ള ആശയങ്ങളും കലാരൂപങ്ങളും ബിനാലിൽ അണിനിരക്കുന്നു. നാൽപ്പത്തിയെട്ടു നൂതന ആശയങ്ങളാണ് ബിനാലെയുടെ ഭാഗമാകുന്നത്. ഷാർജ മുഗാദിർ ചിൽഡ്രൻസ് ആർട്‌സ്, അൽ കസബ, അജ്മാൻ മറീന, ഫുജൈറ മാൾ എന്നിവിടങ്ങളിലായാണ് ബിനാലെ പുരോഗമിക്കുന്നത്.

മാളുകളിലും തിരക്കേറിയ സ്ഥലങ്ങളിലും ഒറ്റപ്പെട്ടു പോകുന്ന കുട്ടികളെ പെട്ടെന്നു കണ്ടെത്താൻ സഹായിക്കുന്ന പാനിക് ട്രാക് വാച്ച്, കൃഷിയിടങ്ങളിൽ പറവകളേയും പ്രാണികളേയും അകറ്റാൻ നിർമിച്ച സ്കെയർ ക്രോ, അഞ്ഞൂറു മീറ്റർ നടന്നാൽ മുപ്പതു മിനിട്ടു നേരത്തേക്കു മൊബൈൽ ചാർജ് ചെയ്യാനാകുന്ന ദ് ഫിറ്റ് ഫൂട് എന്ന പ്രത്യേക ഷൂസ് തുടങ്ങിയവ കൌതുകവും വൈജ്ഞാനികവുമാണ്.

കയ്യുടെ സഹായമില്ലാതെ കുട ചൂടാൻ സഹായിക്കുന്ന പ്രത്യേക ബെൽറ്റ്, ടി.വിയും റിസീവറും എസിയും പ്രവർത്തിപ്പിക്കാൻ ഒറ്റ റിമോട് കണ്ട്രോളർ തുടങ്ങി എമിറാത്തി ശൈലിയിലുള്ള കരകൌശല വസ്തുക്കളും കുട്ടികളുടെ നിർമിതിയായി ഇവിടെ കാണാം. ശാരീരിക ബുദ്ധിമുട്ടുകളാൽ നടക്കാനാകാത്ത കുട്ടികളെ സ്വപ്നം കാണാൻ പഠിപ്പിക്കുന്ന ചിറകുകളുള്ള വീൽ ചെയർ ലോകത്തിനു മുന്നിൽ കുട്ടികളവതരിപ്പിക്കുന്ന ചിന്തയാണ്.

ഇന്ത്യ, നേപ്പാൾ തുടങ്ങി പത്തിലധികം രാജ്യങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യ സംരക്ഷണത്തിനുമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ബിഗ് ഹാർട് ഫൌണ്ടേഷൻറെ നേതൃത്വത്തിൽ പ്രത്യേക ശിൽപശാലകളും ഇവിടെ സംഘടിപ്പിച്ചിട്ടുണ്ട്. 

ഷാർജ ഭരണാധികാരിയുടെ പത്നി ഷെയ്ഖ ജവാഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിയാണ് 2015 ൽ ബിഗ് ഹാർട് ഫൌണ്ടേഷൻ രൂപീകരിച്ചത്. വിദ്യാർഥികളുടെ സർഗവാസന പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ലോകത്തോടു സഹാനുഭൂതിയോടെ പെരുമാറാൻ കൂടി പഠിപ്പിക്കുന്നതിൻറെ ഭാഗമായാണ് ഫൌണ്ടേഷൻ, ബിനാലെയുമായി സഹകരിക്കുന്നത്.

വിവിധ കലാമത്സരങ്ങൾ, സാംസ്കാരിക പരിപാടികൾ, ശിൽപശാല, സെമിനാറുകൾ, ചർച്ച, സംവാദം, അഭിമുഖം തുടങ്ങിയവയും ബിനാലെയുടെ ഭാഗമായി അരങ്ങേറുന്നു. ഫെബ്രുവരി ഇരുപതിനു തുടങ്ങിയ ബിനാലെ ഒരു മാസം നീളും. ശനി മുതൽ വ്യാഴം വരെ രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെയും വെള്ളിയാഴ്ച വൈകിട്ട് നാലു മുതൽ രാത്രി എട്ടുവരെയുമാണ് പ്രവേശനം. 

വിനോദത്തിനും വിസ്മയത്തിനും അവസരമൊരുക്കി ദുബായിൽ രാജ്യാന്തര ബോട്ട് ഷോ. അൻപതോളം രാജ്യങ്ങളിൽ നിന്നുള്ള എണ്ണൂറിലധികം ബ്രാൻഡുകളാണ് ഷോയുടെ ഭാഗമാകുന്നത്. ദുബായ് ജുമൈറ കനാലിൽ തുടങ്ങിയ ബോട്ട് ഷോയുടെ വിശേഷങ്ങളാണ് ഇനി കാണുന്നത്. 

ആഡംബരത്തിൻറേയും വിസ്മയത്തിൻറേയും കടൽക്കാഴ്ചകളൊരുക്കുകയാണ് ദുബായ് ബോട്ട് ഷോ. ഉല്ലാസവും ആവേശവും കോർത്തിണക്കിയ കാഴ്ചകൾ. 50 രാജ്യങ്ങളിൽ നിന്നുള്ള 800 കമ്പനികളും 450 ബോട്ടുകളും ഷോയുടെ ഭാഗമായി കാഴ്ക്കക്കാരെ ത്രസിപ്പിക്കുന്നു. കുടുംബവുമൊന്നിച്ചുള്ള വിനോദത്തിന് പ്രാധാന്യമേകിയാണ് ഇത്തവണത്തെ ബോട്ട് ഷോ ക്രമീകരിച്ചിരിക്കുന്നത്.

സമുദ്രോത്പന്നങ്ങൾ, യന്ത്രനിർമിതി, സുരക്ഷാ ഉപകരണങ്ങൾ, വിനോദസഞ്ചാരം, നാവിക വിദ്യ, ജല കേളികൾ, സാഹസിക മൽസരങ്ങൾ തുടങ്ങിയവയുടെ ഭാഗമാകാനും പരിചയപ്പെടാനും ഇരുപത്തേഴാമതു ദുബായ് ബോട്ട് ഷോ അവസരമൊരുക്കുന്നു.

ചലിക്കുന്ന കൊട്ടാരങ്ങളെന്നു വിശേഷിപ്പിക്കാവുന്ന 17 വൻയോട്ടുകൾ പ്രദർശനത്തിനുണ്ട്. 50 മീറ്റർ നീളമുള്ള ഹീസൻ റോക്കറ്റ്, 47 മീറ്ററുള്ള അക്വാ മറീൻ, 38 മീറ്ററുള്ള കസ്റ്റംലൈൻ 120 എന്നിവയും പ്രദർശനത്തിൻറെ ഭാഗമായി. യുഎഇയിലെ നിർമാതാക്കളായ ഗൾഫ് ക്രാഫ്റ്റിന്റെ 42 മീറ്റർ നീളമുള്ള മജസ്റ്റി 140 ഉം 31.7 മീറ്റർ നീളമുള്ള മജസ്റ്റി 100 ഉം കാണികൾക്കു വിസമയക്കാഴ്ചയാകും.

ലോകത്തു ആഡംബര നൗകകള്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന മേഖലകളിലൊന്നായ മധ്യപൂര്‍വദേശത്ത്  ഏറ്റവും പുതിയ മോഡലുകള്‍ അവതരിപ്പിക്കാൻ കമ്പനികൾക്കു അവസരമൊരുക്കുകയാണ് ബോട്ട് ഷോ. ചെറുബോട്ടുകളും ആഡംബര യോട്ടുകളും സ്വന്തമാക്കാൻ വരുന്ന നിക്ഷേപകരുടെ ഉത്സവംകൂടിയാണിവിടം. കേരളത്തിലടക്കം കിലോമീറ്ററുകളോളം കടൽത്തീരവും വിശാലമായ ഉൾനാടൻ ജലഗതാഗതവുമുള്ള സ്ഥലങ്ങളിൽ യോട്ടുകളും ബോട്ടുകളും വിനോദസഞ്ചാരത്തിനു പ്രയോജനപ്പെടുത്താനാകുമെന്നു ഈ രംഗത്തു വർഷങ്ങളുടെ പരിചയമുള്ളവർ വ്യക്തമാക്കുന്നു. 

റോവിങ്, ജെറ്റ് സ്കീ, സര്‍ഫിങ്, വാട്ടര്‍ബൈക്കുകള്‍, പായ്കപ്പലോട്ടം തുടങ്ങിയ മല്‍സരങ്ങളും ബോട്ട് ഷോയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. രണ്ടു ദിവസം കൊണ്ടു പരിശീലനം നടത്തി രാജ്യാന്തര, ദേശീയ ബോട്ട് ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാൻ സഹായിക്കുന്ന സ്ഥാപനങ്ങളും ഇവിടെയുണ്ട്. 65 ദിർഹമാണ് ഷോയിലേക്കുള്ള പ്രവേശനനിരക്ക്. ഓൺലൈനായി റജിസ്റ്റർ ചെയ്താൽ പതിനഞ്ചു ശതമാനം കിഴിവും ലഭിക്കും...

പ്രവാസി മലയാളികളുടെ മനസില്‍ തെയ്യക്കാലത്തിന്‍റെ ഓര്‍മകളുമായി അജ്മാനിൽ മുത്തപ്പന്‍ തിരുവപ്പന ഉല്‍സവം. വിശ്വാസത്തിന്‍റെയും ഭക്തിയുടെയും നിമിഷങ്ങള്‍ക്കൊപ്പം കേരളത്തിന്‍റെ സാംസ്കാരിക പാരന്പര്യത്തിന്‍റെ വിളിച്ചു ചൊല്ലു കൂടിയായിരുന്നു ഉല്‍സവം.

മലബാറിലെ പ്രവാസികളുടെ മനസിലെ ഗൃഹാതുരസ്മരണയാണ് തെയ്യക്കാലം. മുത്തപ്പന്‍ വെള്ളാട്ടവും തിരുവപ്പനയും. പറശിനിക്കടവിലെ മുത്തപ്പൻ ക്ഷേത്രമായി മാറുകയായിരുന്നു അജ്മാൻ ഇന്ത്യൻ അസോസിയേഷനും പരിസരവും. മുത്തപ്പൻറെ അനുഗ്രഹം തേടി, ഗൃഹാതുരസ്മരണകളോടെ ആയിരങ്ങളാണ് തിരുവപ്പന മഹോത്സവത്തിനെത്തിയത്. 

കണ്ണൂര്‍ ജില്ലയിലെ എരുവേഗി ഗ്രാമത്തിലാണ് മുത്തപ്പന്‍റെ കഥ തുടങ്ങുന്നത്. ശിവഭക്തരായ അയ്യങ്കര വാഴുന്നോരും പത്നി പാടിക്കുറ്റി അന്തര്‍ജനത്തിനും എരുവേഗിപ്പുഴയുടെ തീരത്തെ തിരുനെറ്റിക്കല്ലില്‍നിന്ന് ലഭിച്ച ബാലനാണ് പിന്നീട് പറശ്ശിനിക്കടവില്‍ വാഴുന്ന മുത്തപ്പനായതെന്നാണ് സങ്കല്‍പം. 

ഈശ്വരനും വിശ്വാസിയും തമ്മിലുള്ള പ്രതീകാത്മക മുഖാമുഖമാണ് മുത്തപ്പന്‍ ആരാധനയുടെ അന്തസത്ത. വിശ്വാസിയുടെ മനസറിഞ്ഞ് പരിഹാരം നിർദേശിക്കുന്ന ദൈവമാണ് മുത്തപ്പൻ.

പറശ്ശിനിക്കടവ് മുത്തപ്പൻ തെയ്യക്കോലത്തിൽ പരമാത്മാവായ ഭഗവാന്റെ രണ്ട് വ്യത്യസ്ത ഭാവങ്ങളെ പ്രതിനിധാനം ചെയ്യുന്നു. മുത്തപ്പന്‍റെ ആ ദൈവീക രൂപങ്ങളാണ് വെള്ളാട്ടവും തിരുവപ്പനയും . വിഷ്ണു സ്വരൂപമാണ് തിരുവപ്പന. വെള്ളാട്ടമാകട്ടെ ശിവ രൂപവും. കീഴാളരുടെ ദൈവമായി അവതരിച്ച മുത്തപ്പന്‍ പിന്നീട് ജാതിമത ഭേദമന്യെ എല്ലാവരുടെയും ആശ്രയകേന്ദ്രമാവുകയായിരുന്നു.

ഗുളികന് കലശംവെപ്പ്, മലിറക്കല്‍ ചടങ്ങ്, കലശം എഴുന്നള്ളത്ത്, കളിക്കപ്പാട്ട്, മഹാഗണപതി ഹോമം, തിരുവപ്പന വെള്ളാട്ടം, ദര്‍ശനം, തിരുമുടി അഴിക്കല്‍ എന്നിവയ്ക്കുശേഷം മലകയറ്റത്തോടെ കര്‍മങ്ങള്‍ക്ക് സമാപനമായി. ഉത്സവത്തോട ചോറൂണും വിദ്യാരംഭ ചടങ്ങുമുണ്ടായിരുന്നു. തുടര്‍ച്ചയായ  പതിനൊന്നാം വര്‍ഷമാണ് മുത്തപ്പന്‍ തിരുവപ്പന മഹോല്‍സവം സംഘടിപ്പിക്കുന്നത്. രണ്ടു ദിവസങ്ങളിലായി നടന്ന ഉല്‍സവത്തിന് യു.എ.ഇക്കു പുറമേ മറ്റുരാജ്യങ്ങളിൽ നിന്നടക്കം പതിനയ്യായിരത്തിലധികം പേരാണ് എത്തിയത്.

വൈവിധ്യമാർന്ന രുചിക്കൂട്ടുകളൊരുക്കി ഗൾപ് ഫുഡ് ഫെസ്റ്റിവൽ. വിവിധരാജ്യങ്ങളിലെ രുചിക്കൂട്ടുകളും ഭക്ഷണരീതികളും പരിചയപ്പെടാനൻ അവസരമമൊരുക്കിയ ഗൾഫ് ഫുഡിൻറെ വിശേഷങ്ങൾ കാണാം ഇനി.

ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ പാനീയമേള . ഗൾഫ് ഫുഡിൻറെ ഇരുപത്തിനാലാം പതിപ്പിനാണ് ദുബായ് വേദിയായത്. വിവിധസംസ്കാരങ്ങളിലെ ഭക്ഷണങ്ങൾ, ഭക്ഷണരീതികൾ, ഭക്ഷ്യ വ്യവസായം, സാങ്കേതിക വിദ്യകൾ, ഉൽപ്പാദന വിതരണ രീതികൾ തുടങ്ങിയവയുടെ ഭാഗമാകാനും പരിചയപ്പെടാനും അവസരം. ഇന്ത്യയടക്കം 120 രാജ്യങ്ങളിൽനിന്നുള്ള 5000-ത്തിലധികം കമ്പനികളാണ് ഗൾഫ് ഫുഡിൻറെ ഭാഗമായത്. 

പ്രദർശനവും വിൽപ്പനയും മാത്രമല്ല നിക്ഷേപസാധ്യതകളും തുറന്നിടുകയാണ് ഗൾഫ് ഫുഡ്. പുതിയ വിപണികൾ കണ്ടെത്താനും വ്യവസായ പങ്കാളിത്തം വർധിപ്പിക്കാനും പുതിയ സാങ്കേതികതകളും ഉത്പന്നങ്ങളും പരിചയപ്പെടുത്താനും പ്രദർശനം ഏറെ സഹായകരമാണ്. ഇന്ത്യയിൽ നിന്നും മുന്നൂറോളം കമ്പനികളാണ് പ്രദർശനത്തിൻറെ ഭാഗമായത്. ഭക്ഷണവുമായി ബന്ധപ്പെട്ടവ കാണാനും പരിചയപ്പെടാനും മാത്രമല്ല, വാണിജ്യരംഗത്തെ സാധ്യതകൾ പ്രയോജനപ്പെടുത്താനും ഗൾഫ് ഫുഡ് വഴിയൊരുക്കുന്നുണ്ടെന്നു മിഡിൽ ഈസ്റ്റിലെ പ്രശസ്ത ഡയറി ഗ്രൂപ്പായ അൽ റവാബി അധികൃതർ വ്യക്തമാക്കുന്നു.

MORE IN GULF THIS WEEK
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.