കേരളത്തിൽ പെട്രോളിയത്തിലെ നിക്ഷേപ സാധ്യതകൾ തേടി മുഖ്യമന്ത്രി

cm-uae-visit
SHARE

ലോകകേരള സഭാ സമ്മേളനത്തിനായി യു.എ.ഇയിലെത്തിയ മുഖ്യമന്ത്രി പിണറായി യു.എ.ഇ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തി. പ്രവാസിമലയാളികൾക്കും കേരളത്തിനും ഗുണകരമാകുന്ന പദ്ധതികൾ ആവിഷ്കരിക്കുന്നതിനും മുഖ്യമന്ത്രിയുടെ സന്ദർശനത്തിലൂടെ സാധിച്ചു.

വെള്ളിയാള്ച തുടങ്ങേണ്ട ലോകകേരള സഭാ സമ്മേളനത്തിനു മുന്നോടിയായി ബുധനാഴ്ച രാവിലെ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ അബുദബിയിലെത്തി. കേരളത്തിലെ പെട്രോളിയം രംഗത്ത് നിക്ഷേപ സാധ്യതകൾ തേടി മുഖ്യമന്ത്രി, യു.എ.ഇ മന്ത്രി സുൽത്താൻ ജാബറുമായി കൂടിക്കാഴച നടത്തി. കൊച്ചിയിലെ പെട്രോ കെമിക്കൽ കോംപ്ലക്സിൽ നിക്ഷേപം നടത്താൻ അബുദബി ദേശീയ എണ്ണക്കമ്പനി സന്നദ്ധത അറിയിച്ചു. ഇതിനായി സംയുക്ത കർമസമിതി രൂപീകരിക്കാനും തീരുമാനമായി. സമിതിയുടെ പഠനശേഷം മന്ത്രിതലസംഘം കൊച്ചിയിലെത്തി തുടർനടപടി സ്വീകരിക്കും. യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യമന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനുമായും അബുദബിയിൽ വച്ചു മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. കേരളീയരോടുള്ള പ്രത്യേക പരിഗണനയ്ക്കു നന്ദിയറിയിച്ച മുഖ്യമന്ത്രി, ഉപപ്രധാനമന്ത്രിയെ കേരളത്തിലേക്കു ക്ഷണിച്ചു. 

പ്രളയദുരന്തത്തിൽപ്പെട്ട കേരളത്തിനു ആദ്യം സഹായവാഗ്ദാനം ചെയ്ത യു.എ.ഇയിലെ ഭരണകർത്താക്കൾക്കു നന്ദി അറിയിക്കാനുള്ള അവസരമായിരുന്നു മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദർശനം. ദുബായിലെത്തിയ മുഖ്യമന്ത്രിയെ, യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും കൊട്ടാരത്തിൽ സ്വീകരിച്ചു. കേരളത്തിലേക്കു വരാനുള്ള ക്ഷണം ഷെയ്ഖ് മുഹമ്മദ് സ്വീകരിച്ചുവെന്നും ഈ വർഷം തന്നെ പ്രതീക്ഷിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല ഖലീഫ ഒബൈദ് അൽ മാരിയുടെ ക്ഷണപ്രകാരം മുഖ്യമന്ത്രി പിണറായി വിജയൻ, ദുബായ് ജുമൈറയിലെ സ്മാർട് പൊലീസ് സ്റ്റേഷൻ സന്ദർശിച്ചു. സ്മാർട് സ്റ്റേഷനുകളിലെ സഹായകേന്ദ്രങ്ങളിൽ മലയാളം ഭാഷ ഉൾപ്പെടുത്തുമെന്നു ദുബായ് പൊലീസ് അറിയിച്ചു. പ്രവാസിമലയാളികൾക്കു ഏറെ സഹായകരമാകുന്ന തീരുമാനമാണ് ദുബായ് പൊലീസിൻറെ ഭാഗത്തു നിന്നും ഉടനടിയുണ്ടായത്. അതേസമയം, ദുബായിൽ മലയാളികൾക്കു സാംസ്കാരിക കലാ പരിപാടികൾ അവതരിപ്പിക്കാൻ വേദിയില്ലെന്ന വർഷങ്ങളായുള്ള പരാതിക്കും മുഖ്യമന്ത്രിയുടെ സന്ദർശനത്തിൽ പരിഹാരമുണ്ടായി. സിഡിഎ ഡയറക്ടർ ജനറലുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയിൽ അബുദാബിയിലെ കേരള സോഷ്യൽ സെൻറർ മാതൃകയിൽ ദുബായിൽ സാംസ്കാരിക കേന്ദ്രം നിർമിക്കാൻ അനുമതി ലഭിച്ചു.

ലോകകേരള സഭാ സമ്മേളനത്തിനാണ് മുഖ്യമന്ത്രി ഔദ്യോഗികമായി യു.എ.ഇയിലെത്തിയതെങ്കിലും ഭരണാധികാരികളെ സന്ദർശിക്കാനായതു നേട്ടമായാണ് വിലയിരുത്തുന്നത്. കേരളത്തോടുള്ള പരിഗണന എടുത്തുകാട്ടുന്നതായിരുന്നു അധികാരികളിൽ നിന്നും മുഖ്യമന്ത്രിക്കു ലഭിച്ച സ്വീകരണം. ദുബായ്, അബുദബി, ഫുജൈറ ഭരണാധികാരികളെ നേരിട്ടുകണ്ടു കേരളത്തിൻറെ നന്ദി അറിയിക്കാനായത് വരും കാലങ്ങളിൽ മലയാളികളായ പ്രവാസികൾക്കും ഗുണകരമാകുമെന്നാണ് പ്രതീക്ഷ.

MORE IN GULF THIS WEEK
SHOW MORE