രുദ്രത്തിന്റെ ഭാവക്കാഴ്ചകൾ

gulf12h
SHARE

ഭരതനാട്യവും മോഹിനിയാട്ടവും സമന്വയിപ്പിച്ച നൃത്ത നാടകമാണ് രുദ്രം. പരമശിവൻറെ ജീവിതത്തിലെ വിവിധഭാഗങ്ങളാണ് അബുദബിയിൽ മലയാളികളുടെ നേതൃത്വത്തിൽ അൻപത്തിയാറുപേർ ചേർന്നവതരിപ്പിച്ചത്. രുദ്രത്തിൻറെ കാഴ്ചകളും വിശേഷങ്ങളുമാണ് ഇനി കാണുന്നത്.

ശിവനും ശ്രീധർമശാസ്താവും ഗണപതിയും രാവണനും നൃത്തനാടകത്തിലൂടെ വേഷപ്പകർച്ചയണിഞ്ഞ കാഴ്ചയാണ് രുദ്രം. ശിവപുരാണത്തിലെ മൂന്ന് കഥകളും ഗണപതിയും മുരുകനും ഉൾപ്പെടുന്ന, മാമ്പഴം പങ്കുവയ്ക്കുന്ന കഥയും ശ്രീധർമശാസ്താവ്, രാവണന്റെ അഹങ്കാരം ഇല്ലാതാക്കിയ കഥയും ഉൾപ്പെടെ ആറു കഥകളാണ് നൃത്തനാടകരൂപത്തിൽ അവതരിപ്പിച്ചത്. 

12 നൃത്താവിഷ്‌കരത്തിനായി അണിനിരന്നത് അൻപത്തിയഞ്ചു സ്ത്രീകളും ഒരു പുരുഷനും. പരമശിവൻ, പാർവതീദേവി, ഗണപതി, മുരുകൻ, അയ്യപ്പൻ, സരസ്വതീ ദേവി, രാവണൻ തുടങ്ങിയ ഥാപാത്രങ്ങൾക്കു അരങ്ങിൽ അതിമനോഹര വേഷപ്പകർച്ച.

ഒരുമണിക്കൂർ ഇരുപതു മിനിറ്റു ദൈർഘ്യമുള്ള നൃത്തശില്പം ഒരുക്കിയത് മാവേലിക്കര സ്വദേശിയും അബുദബി ഇന്ത്യൻ സ്കൂളിലെ നൃത്താധ്യാപികയുമായ സൌമ്യ പ്രകാശാണ്. ടീച്ചറിനൊപ്പം 35 വിദ്യാർഥികൾ രുദ്രം നൃത്തനാടകത്തിൻറെ ഭാഗമായി.

തൃപ്പൂണിത്തുറ ആർ.എൽ.വി കോളജിലെ നൃത്തപഠനത്തിനു ശേഷം രണ്ടായിരത്തിപതിനൊന്നു മുതൽ യു.എ.ഇയിലെ വിവിധ സ്കൂളുകളിൽ നൃത്താധ്യാപികയായി സേവനം ചെയ്യുകയാണ് സൌമ്യ പ്രകാശ്. പന്ത്രണ്ടു വർഷമായി അധ്യാപന രംഗത്തുണ്ട്. നാട്യമയൂരിയെന്ന നൃത്തസംഘത്തിനൊപ്പവും ഒറ്റയ്ക്കുമായി അറുപതോളം വേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. ഏറെ നാളത്തെ സ്വപ്നമായ രുദ്രം മനോഹരമായി പകർന്നാടിയ സന്തോഷത്തിലാണ് സൌമ്യയും കൂട്ടരും.

ബിജു കിഴക്കെനലയാണ് രുദ്രം സംവിധാനം ചെയ്തത്. ഷാജി നവരസ കലാസംവിധാനം നിർവഹിച്ചു. അബുദബി കേരളാ സോഷ്യൽ സെന്ററിൽ അവതരിപ്പിച്ച രുദ്രത്തിനു സാക്ഷിയായത് മലയാളികളും യു.എ.ഇ പൌരൻമാരുമടക്കം നൂറ് കണക്കിന് പേരാണ്.

MORE IN GULF THIS WEEK
SHOW MORE