ഇത് സഹിഷ്ണുതയുടെ അടയാളം; കലഹങ്ങളുടെ കാലത്തെ പ്രതീക്ഷ

TOPSHOT-UAE-VATICAN-RELIGION-POPE-ISLAM
SHARE

ഒരു ഗൾഫ് രാജ്യത്തേക്ക് ആദ്യമായൊരു മാർപാപ്പ സന്ദർശനം നടത്തിയെന്ന കൌതുകത്തിനും അപ്പുറമാണ് ഫ്രാൻസിസ് മാർപ്പാപ്പയുടെ സന്ദർശനം. വിവിധ സംസ്കാരങ്ങളിൽ നിന്നുള്ളവർ ഒരേ മനസോടെ ജീവിക്കുന്ന നാട്ടിലെത്തിയ മാർപാപ്പയ്ക്ക് സഹിഷ്ണുതയോടെ ഊഷ്മളതയോടെയാണ് ഭരണാധികാരികൾ സ്വീകരണമൊരുക്കിയത്. മേഖലയിലെ രാഷ്ട്രീയ സാമൂഹിക ചുറ്റുപാടുകളെ ഇനി ഏറെ സ്വാധീനിക്കും ഈ സന്ദർശനം.

യെമനിലെ ആഭ്യന്തര യുദ്ധം, ഭീകരവാദം തുടങ്ങിയവ ഗൾഫ് മേഖലയെ ചൂടുപിടിപ്പിക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനം. യെമനിലെ പ്രതിസന്ധിയെക്കുറിച്ചു മാർപാപ്പ യു.എ.ഇയിൽ എന്തു പറയുമെന്നായിരുന്നു ലോകം കാത്തിരുന്നത്. ആയുധമൽസരങ്ങളിലൂടെ യെമൻ, സിറിയ, ലിബിയ, ഇറാഖ് എന്നിവിടങ്ങളിൽ നടക്കുന്ന ദുരിതങ്ങൾ കൺമുന്നിലുണ്ടെന്നു മാനവസാഹോദര്യസമ്മേളനത്തിൽ മാർപാപ്പ ഓർമിപ്പിച്ചു. മധ്യപൂർവദേശത്തു കാലങ്ങളായി തുടരുന്ന കലഹങ്ങളെക്കുറിച്ചുള്ള വേവലാതിയായിരുന്നു മാർപാപ്പയുടെ വാക്കുകളിൽ. 

യെമനിൽ വിമതർക്കെതിരെ സൌദിക്കാപ്പം സഖ്യമായി യു.എ.ഇ പോരാട്ടം തുടരുന്ന പശ്ചാത്തിലായിരുന്നു മാർപാപ്പയുടെ പ്രസ്താവന. മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചു മാർപാപ്പ ബോധവാനാണെന്നും മതമൌലിക വാദത്തിനെതിരെയുള്ള പോരാട്ടത്തിനു ശക്തി പകരാൻ ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനത്തിനാകുമെന്നും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി വ്യക്തമാക്കി. 

ലോകത്തിലെ ഏറ്റവും പ്രബലമായ രണ്ടു മതങ്ങൾ തമ്മിലുള്ള സംവാദവും സൌഹൃദവും ആദ്യസംഭവമല്ല. പക്ഷേ, പതിവിൽ നിന്നും വ്യത്യസ്തമായിരുന്നു അബുദബിയിലെ കാഴ്ചകൾ. സംസ്കാരങ്ങളിലേയും ചരിത്രത്തിലേയുമൊക്കെ വ്യത്യാസങ്ങൾ കണ്ടെത്താനുള്ള  ശ്രമങ്ങൾ തുടരുന്ന കാലത്ത് പൊതുവായ മാനവിക തലങ്ങൾ കണ്ടെത്താനുള്ള ശ്രമമായിരുന്നു മാർപാപ്പയുടെയും യു.എ.ഇ ഭരണാധികാരികളുടേയും ഭാഗത്തുനിന്നുമുണ്ടായത്. 

ഒരു കത്തോലിക്കാ വിശാസിപോലും പൌരൻമാരായില്ലാത്ത യു.എ.ഇയിൽ ഇരുന്നൂറോളം രാജ്യങ്ങളിൽ നിന്നുള്ള വിശ്വാസികൾ കുർബാനയ്ക്കെത്തിയെന്നത് ഈ രാജ്യത്തിൻറെ സഹിഷ്ണുതയുടെ അടയാളമായിരുന്നു. മതപരവും സാംസ്കാരികവുമായ സത്വത്തെ നിലനിർത്തിതന്നെ എല്ലാവരേയും സ്വീകരിക്കുന്നതാണ് യു.എ.ഇയുടെ സാമൂഹിക പരിസരം.

2007 ലാണ് യു.എ.ഇയും വത്തിക്കാനുമായി ഔദ്യോഗിക നയതന്ത്രബന്ധം തുടങ്ങിയത്. മാർപാപ്പയുടെ സന്ദർശനത്തിലൂടെ അത് സുദൃഡമായിരിക്കുകയാണ്. ഫ്രാൻസിസ് മാർപാപ്പയുടെ ഇരുപത്തേഴാമത് അപ്പസ്തോലിക സന്ദർശനമായിരുന്നു യു.എ.ഇയിലേക്ക്. അടുത്ത സന്ദർശനവും മുസ്ളീം രാഷ്ട്രമായ മൊറോക്കോയിലേക്കാണ്. പ്രബലമായ രണ്ടു മതങ്ങൾ കൈകോർത്തു ലോകസമാധാനത്തിനായി ശ്രമിക്കണമെന്ന ആഹ്വാനമാണ് മാർപാപ്പയുടെ ഈ സന്ദർശനങ്ങളിലെ പ്രമേയവും ലക്ഷ്യവും.

MORE IN GULF THIS WEEK
SHOW MORE