ഷെയ്ഖ് മുഹമ്മദിൻറെ ആത്മകഥ ഖിസിത്തീ അഥവാ എന്റെ കഥ

gulf1
SHARE

യു.എ.ഇ വൈസ് പ്രസിഡൻറ്ും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിൻറെ പുതിയ പുസ്തകമായ എൻറെ കഥയാണ് ഗൾഫ് ലോകത്തെ പുതിയ ചർച്ചാ വിഷയം. രാഷ്ട്രീയ വെളിപ്പെടുത്തലുകളും നിർദേശങ്ങളും ഒക്കെയടങ്ങിയ പുസ്തകം പുതുതലമുറയ്ക്ക് വഴികാട്ടിയുമാണ്. പുസ്തകത്തെക്കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾ കൂടി ഉൾപ്പെടുത്തിയ ഗൾഫ് ദിസ് വീക്കിൻറെ പുതിയ എപ്പിസോഡിലേക്ക് സ്വാഗതം.

രാജ്യസേവനത്തിലെ അൻപതാണ്ടിന്റെ അനുഭവങ്ങൾ അടയാളപ്പെടുത്തിയ പുസ്തകമാണ് ഖിസിത്തി അഥവാ എൻറെ കഥ. അപൂർണമായ ആത്മകഥയാണെന്നാണ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പുസ്തകത്തെക്കുറിച്ച് പറയുന്നത്. എൻറെ കഥയിലെ ചിന്തകളും വെളിപ്പെടുത്തലുകളുമൊക്കെയാണ് ഇനി കാണുന്നത്.

ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും. അൻപതാണ്ടുകളായി വിവിധ സംസ്കാരങ്ങളിലും രാജ്യങ്ങളിലും നിന്നുള്ളവരായ ഒരു ജനതയ്ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യമൊരുക്കി കൈപിടിച്ചു നടത്തുന്ന ഭരണാധികാരി. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിൻറെ വാക്കുകളിൽ അപൂർണമായൊരു ആത്മകഥയാണ് ഖിസിത്തി അഥവാ എൻ്റെ കഥ. 1968 ൽ രാജ്യത്തിൻറെ പ്രതിരോധമന്ത്രിയായി സ്ഥാനമേറ്റതു മുതൽ രാജ്യസേവനത്തിൻറെ അൻപതാണ്ട് പിന്നിടുന്ന പശ്ചാത്തലത്തിലാണ് ആത്മകഥാംശമുള്ള പുസ്തകം പുറത്തിറക്കുന്നത്. അൻപതു അധ്യായങ്ങളിലായി മുന്നൂറ്റിയാറു പേജുകളിലായുള്ള പുസ്തകം ഗൾഫ് നാടുകളിൽ ചർച്ചാവിഷയമായിരിക്കുകയാണ്. ഗൾഫിൻറെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും പുസ്തകത്തിൽ പരാമർശങ്ങളുണ്ട്. 

സദ്ദാം ഹുസൈനും ഇറാഖിലെ അമേരിക്കൻ അധിനിവേശവുമൊക്കെ വീണ്ടും ചർച്ചകളിൽ നിറയുകയാണ്. 2003 ൽ അമേരിക്കയുടെ ഇറാഖ് അധിനിവേശം ആരംഭിക്കുന്നതിന് മൂന്നു മാസം മുന്‍പ് ബസറയിലെ വീട്ടില്‍ രഹസ്യസന്ദര്‍ശനം നടത്തി സദാമിന് അഭയം വാഗ്ദാനം ചെയ്തതെന്നും എന്നാൽ സദ്ദാം അതു നിരസിച്ചുവെന്നും ഷെയ്ഖ് മുഹമ്മദ് കുറിക്കുന്നു. താൻ സംസാരിക്കുന്നത് ഇറാഖിനെ രക്ഷിക്കുന്നതിനെക്കുറിച്ചാണെന്നും സ്വയം രക്ഷപെടുന്നതിനെക്കുറിച്ചല്ലെന്നുമുള്ള മറുപടികേട്ട് സദാമിനോടു ബഹുമാനം വർധിച്ചു. ഒരു വേളയിൽ യുഎഇയെ സദ്ദാം തെറ്റിദ്ധരിച്ചിരുന്നതായും എന്നാൽ, മേഖലയിൽ സമാധാനം പുനസ്ഥാപിക്കാനുള്ള നീക്കത്തിൻറെ ഭാഗമായിരുന്നു രഹസ്യസന്ദർശനമെന്നും ഷെയ്ഖ് മുഹമ്മദ് പറയുന്നുണ്ട്.

മാതാവ് ഷെയ്ഖ ലത്തീഫ ബിൻത് ഹംദാൻ്റെ വേർപാട് ജീവിതത്തിലെ ഏറ്റവും സങ്കടകരമായ നിമിഷങ്ങളായിരുന്നുവെന്നും വികാരനിർഭരമായി ഷെയ്ഖ് മുഹമ്മദ് കുറിക്കുന്നു. ഉമ്മായ്ക്ക് സമ്മാനിക്കാൻ കാത്തുവച്ചിരുന്ന വാച്ച് നൽകാൻ കഴിയാതെ പോയതും, ഒരു ദൈവിക നിയോഗം പോലെ ഖബറിലേക്ക് അവസാന മണ്ണ് വാരിയിടുമ്പോൾ ആ വാച്ച് ഊർന്ന് വീണതും കണ്ണീരോടെയാണ് ദുബായ് ഭരണാധികാരി വിവരിക്കുന്നത്. 

എളിമയുടേയും സഹിഷ്ണുതയുടേയും പാഠങ്ങൾ പഠിപ്പിച്ചു കടന്നു പോയ മുൻ ഭരണാധികാരികളുടെ ജീവിതത്തേയും ഷെയ്ഖ് മുഹമ്മദ് അവതരിപ്പിക്കുന്നുണ്ട്.  ഏഴു എമിറേറ്റുകൾ ചേർന്നു യുണൈറ്റഡ് അറബ് എമിറേറ്റ്സ് നിലവിൽ വന്നപ്പോൾ ഷെയ്ഖ് മുഹമ്മദിൻറെ പിതാവ് ഷെയ്ഖ് റാഷിദിനോട് പ്രസിഡന്റാകാൻ ഷെയ്ഖ് സായിദ് ആവശ്യപ്പെട്ടു. ഇതു കേട്ടു ഷെയ്ഖ് റാഷിദ് പുഞ്ചിരിയോടെ ഷെയ്ഖ് സായിദിന്റെ കരം പിടിച്ചു പറഞ്ഞു. 'താങ്കളാണ് പ്രസിഡൻറ്.

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനു ഷെയ്ഖ് മുഹമ്മദ് പുസ്തകം സമ്മാനിക്കുമ്പോൾ ഒരു കത്തും കൂടെ നൽകി. പിതൃവാത്സല്യം തുളുമ്പുന്ന കത്ത് തുടങ്ങുന്നത് ഇങ്ങനെ 'എന്റെ കരുത്തും സുഹൃത്തുമായ മകൻ ഹംദാൻ ബിൻ മുഹമ്മദിന്, എന്റെ പല ജീവിത പാഠങ്ങളും നിനക്കു പകർന്നു തന്നിട്ടുണ്ട്. ചിലത് മാറ്റിവച്ചിട്ടുണ്ട്. ഇപ്പോഴിതാ, 50 കഥകൾ...നിനക്ക് ആസ്വാദ്യകരമായ വായനയാകുമെന്ന് പ്രതീക്ഷിക്കുന്നു.’ കത്തിനു ചുവടെ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നെഴുതി കയ്യൊപ്പും ചാർത്തിയിട്ടുണ്ട്. ജീവനുള്ളടത്തോളം കാലം ബാപ്പയുടെ പ്രതീക്ഷകൾ പൂവണിയാൻ പ്രയത്നിക്കുമെന്നായിരുന്നു ഷെയ്ഖ് ഹംദാൻറെ മറുപടി.

സ്വന്തം കുടുംബത്തെക്കുറിച്ചും മരുഭൂമിയിലെ ജീവിതത്തെപറ്റിയും ശീതീകരണ സംവിധാനത്തിന് മുമ്പുള്ള ഭരണത്തെക്കുറിച്ചും സവിസ്തരം പറയുന്ന ഗ്രന്ഥം രാജകുടുംബത്തിൻറെ ജീവിതശൈലിയുടെ ചിത്രംവരച്ചിടുന്നതാണ്. കുട്ടിക്കാല അനുഭവങ്ങളെക്കുറിച്ചും ജീവിതത്തില്‍ നടത്തിയ ദീര്‍ഘദൂര യാത്രകളെക്കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. പിതാവടക്കം ജീവിതത്തെ സ്വാധീനിച്ച കാര്യങ്ങളെയും ഷെയ്ഖ് മുഹമ്മദ് ലോകത്തോടു പയുന്നു.

കവിതാ ഗ്രന്ഥങ്ങളുടെ കര്‍ത്താവും തത്വചിന്തകനുമായ ഷെഖ് മുഹമ്മദിന്റെ നിരവധി രചനകള്‍ മുൻപും പുസ്തകങ്ങളായി പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തമായി പൂര്‍വ്വ കാല സ്മരണകളും ചിന്തകളും കൊണ്ട് സമ്പുഷ്ടമാണ് ഈ ആത്മകഥ. അതിനാൽ തന്നെ ഏറെ ആവേശത്തോടെയാണ് പ്രവാസികളും സ്വദേശികളുമായ പുസ്തകപ്രേമികൾ പുസ്കത്തെ സ്വീകരിക്കുന്നത്.

MORE IN GULF THIS WEEK
SHOW MORE