വിസ്മയങ്ങൾ ഒളിപ്പിച്ച പുതുവർഷരാവ്; ലോകനെറുകയിൽ ബുർജ് ഖലീഫ

burj-khalifa
SHARE

ബുർജ് ഖലീഫയിലെ പുതുവർഷ ആഘോഷം ലോകം കൌതുകത്തോടെയാണ് നോക്കികണ്ടത്. ഒരു വർഷത്തേക്കുള്ള പ്രതീക്ഷകൾ പങ്കുവച്ചായിരുന്നു ഗൾഫിലെ പുതുവർഷപ്പിറവിയുടെ ആഘോഷങ്ങൾ. ആഘോഷങ്ങൾ അവസാനിച്ചാലും പ്രതീക്ഷയുടെ ആരവങ്ങൾ നിലയ്ക്കാതിരിക്കട്ടെ.

രണ്ടായിരത്തിപതിനെട്ടിൻറെ നൊമ്പരങ്ങൾ മറന്ന് പ്രതീക്ഷകളോടെ രണ്ടായിരത്തി പത്തൊൻപതിലേക്ക്. ലോകം ഉറങ്ങാതിരുന്ന രാവിൽ കോടാനുകോടി കണ്ണുകൾക്കു ദുബായ് സമ്മാനിച്ചത് വിസ്മയങ്ങളുടെ സൂര്യോദയം. കരയും കടലും ആകാശവും പ്രഭാപൂരിതമാക്കി പുതുവർഷത്തെ സ്വപ്നനഗരം വരവേറ്റത് രാജകീയമായി. ലോകത്തിന്റെ 'തലപ്പൊക്കത്തിൽ' നിന്നു ദുബായ് വാരിവിതറിയത് കോരിത്തരിപ്പിക്കുന്ന കാഴ്ചകൾ. പ്രഭാഗോപുരമായി ബുർജ് ഖലീഫ. 

2018 ലെ അവസാന സൂര്യൻ മറയും മുൻപേ ബുർജ് ഖലീഫയിലേക്കു ജനപ്രവാഹം തുടങ്ങിയിരുന്നു മേളങ്ങളോടെയായിരുന്നു പല ഉല്ലാസസംഘങ്ങളുടെയും യാത്ര. ഇന്ത്യ അടക്കം ഇരുന്നൂറിലേറെ രാജ്യങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിനു സന്ദർശകരാണ് ബുർജിലേക്ക് ഒഴുകിയെത്തിയത്. 

ഡൗണ്‍ടൗണ്‍ ദുബായിൽ സംഗീത-നൃത്തപരിപാടികൾ, സംഗീത ജലധാര, കാർണിവൽ തുടങ്ങിയ ആഘോഷത്തിനു പൊലിമയേകി. രാത്രി കൃത്യം പന്ത്രണ്ടിന് കരിമരുന്നു പ്രയോഗവും ലൈറ്റ് ഷോയും ആരംഭിച്ചതോടെ ആവേശം അത്യുച്ചത്തിൽ. യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിനോടുള്ള ആദരം കൂടിയായിരുന്നു ബുർജിലെ പ്രകാശ വിസ്മയം.

പാം ജുമൈറയിലെ അറ്റ്‌ലാന്റിസ്, ബുർജ് അൽ അറബ്, ദുബായ് ഫെസ്റ്റിവൽ സിറ്റി, ഗ്ലോബൽ വില്ലേജ്, ലാമെർ, അൽ സീഫ്, ദുബായ് വാട്ടർഫ്രണ്ട് മാർക്കറ്റ് എന്നിവിടങ്ങളിലും കരിമരുന്നു പ്രയോഗം കാണാൻ ആയിരങ്ങളെത്തി. ഷാർജ കോർണിഷിലെ അൽ മജാസ് വാട്ടർ ഫ്രണ്ട് മാർക്കറ്റൽ പതിനാറ് അലങ്കാര നൌകകളിൽ നിന്നുള്ള പത്തുമിനിട്ടു നീണ്ട കരിമരുന്നു പ്രയോഗം പുതുവൽസരത്തിലേക്കുള്ള ആവേശചുവടുവയ്പ്പായിരുന്നു. മലയാളികളടക്കമുള്ളവർക്ക് കൌതുകവും ആവേശവും നിറച്ച കാഴ്ചകൾ ആകാശത്ത് നിറഞ്ഞു.

നഗരത്തിരക്കിൽ നിന്നൊഴിഞ്ഞു ഉമ്മുൽഖുവൈൻ, ഫുജൈറ, റാസൽഖൈമ എന്നിവിടങ്ങളിലെ ആഘോഷങ്ങളുടെ ഭാഗമാകാൻ ദുബായിൽ നിന്നടക്കം ആയിരങ്ങളാണെത്തിയത്. വിശാലമായ മരുഭൂമിയിൽ ക്യാംപ് ഫയറുകൾ ഒരുക്കിയാണ് നൃത്തവും സംഗീതവുമായി പുതുവൽസരത്തെ വരവേറ്റത്. റാസൽ ഖൈമയിലെ അൽ മർജാൻ ഐലൻഡിൽ ലോകത്തിലെ ഏറ്റവും വലിയ സ്ട്രൈറ്റ് ലൈൻ, ചെയിൻ കരിമരുന്നു പ്രയോഗം നടന്നു. പന്ത്രണ്ട് കിലോമീററർ ദൈർഘ്യത്തിലാണ് ഗിന്നസ് റെക്കോർഡിട്ട പ്രകടനം ഒരുക്കിയത്.

അബുദാബിയിൽ കോർണിഷ്, യാസ് ഐലൻഡ്‌, ഹസാ ബിൻ സായിദ് സ്റ്റേഡിയം, സായിദ് ഹെറിറ്റേജ് ഫെസ്റ്റിവൽ വേദി, അൽ ഐൻ എന്നിവിടങ്ങളിലും ആവേശം അതിഗംഭീരമായിരുന്നു. ഗിറ്റാറുകളുമായി ചെറുസംഘങ്ങൾ പാട്ടും നൃത്തവുമായി പുതുവൽസരത്തെ വരവേറ്റു. അറബിക് ഫ്യൂഷനും ആഘോഷത്തിൻറെ ഭാഗമായി.

കനത്ത സുരക്ഷയിലായിരുന്നു യു.എ.ഇയിലെ പുതുവൽസരാഘോഷം. ദുബായിൽ മാത്രം 4000 പൊലീസ് ഉദ്യോഗസ്ഥർക്കായിരുന്നു സുരക്ഷാചുമതല. ഗതാഗതനിയന്ത്രണമേർപ്പെടുത്തി സഞ്ചാരികൾക്ക് സൌകര്യമൊരുക്കി. പന്ത്രണ്ടായിരം ക്യാമറകളാണ് നഗരം വീക്ഷിച്ചത്.

മസ്ക്കറ്റ്, ദോഹ, മനാമ അടക്കമുള്ള മറ്റ് ഗൾഫ് നഗരങ്ങളിലും ആവേശത്തോടെ പുതുവൽസരാഘോഷം നടന്നു. ആകര്‍ഷകമായ പാക്കേജുകളോടെ ഹോട്ടലുകളും  റസ്റ്ററന്റുകളും  പുതുവല്‍സരാഘോഷം  കെങ്കേമമാക്കി. പുലരുംവരെ  സംഗീതവും  നൃത്തവും  വിരുന്നും  ഉണ്ടായിരുന്നു. അതേസമയം, പുതുവൽസരത്തോടനുബന്ധിച്ച് ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനയും സംഘടിപ്പിച്ചിരുന്നു.

MORE IN GULF THIS WEEK
SHOW MORE