ഗൾഫിലെ ഏറ്റവും വലിയപ്രദർശനം; 700 ചിത്രങ്ങൾ; 90 ഫോട്ടോഗ്രാഫർമാർ

gulf4
SHARE

ഓരോ ഓർമകളേയും നിശ്ചലമാക്കി ചരിത്രത്തിലെ സുവനീറുകളാക്കി മാറ്റുകയാണ് ഫോട്ടോഗ്രാഫർമാർ. ഗൾഫിലെ ആദ്യത്തെ ഫോട്ടോ ഉൽസവമാണ് ഷാർജ രാജ്യാന്തര ഫോട്ടോഗ്രഫി എക്സ്പോഷർ. മനോഹര ചിത്രങ്ങളും ക്യാമറക്കാഴ്ചകളും അണിനിരത്തിയിരിക്കുന്ന ഉൽസവത്തിൻറെ കാഴ്ചകളാണ് ഇനി കാണുന്നത്.

ലോകകാഴ്ചകൾ ക്യാമറക്കണ്ണുകളിലൂടെ കണ്ടവരുടെ നേർസാക്ഷ്യം. ചിലത് മനോഹരങ്ങളായിരുന്നു. ചിലത് ചിന്തിപ്പിച്ചു. മറ്റു ചിലത് ഓർമിപ്പിച്ചു.... പക്ഷേ, ഓരോ ചിത്രവും പകരുന്നത് ഓരോ ജീവിതങ്ങളായിരുന്നു. ലോകപ്രശസ്തരായ തൊണ്ണൂറു ഫൊട്ടോഗ്രഫർമാർ ഭൂമിയുടെ വിവിധ സാഹചര്യങ്ങളിൽ നിന്ന് പകർത്തിയ  എഴുന്നൂറു ചിത്രങ്ങളാണ്  പ്രചോദിപ്പിക്കുന്ന നിമിഷങ്ങൾ എന്ന പ്രമേയത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. 

34 ഗാലറികളിലായാണ് ഗൾഫിലെ ഏറ്റവും വലിയ ഫോട്ടോപ്രദർശനം ഒരുക്കിയിരുന്നത്. ഭൂമിയിലെ അപൂർവ നിമിഷങ്ങൾ പകർത്തി കടന്നുപോയ ലോകപ്രശസ്ത ഫൊട്ടോഗ്രഫർമാർക്കാണ് ഈ ഫോട്ടോ ഉത്സവം സമർപ്പിച്ചിരുന്നത്. വന്യജീവികൾ, അപൂർവ കടൽജീവികൾ, പ്രശസ്തമായ കെട്ടിടങ്ങൾ തുടങ്ങി ലോകത്തിൻറെ വേദനയായി മാറിയ അഭയാർഥികളുടേയും പ്രശസ്ത വ്യക്തികളുടേയും ചിത്രങ്ങൾ പ്രദർശനത്തിലുണ്ട്.

കേരളത്തിലെ പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫർമാരായ കൊല്ലം പരവൂർ സ്വദേശികളായ സഹോദരിമാർ നിഷാ പുരുഷോത്തമനും നിത്യാ പുരുഷോത്തമനും ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. യുഎഇ, ഇന്ത്യ, അമേരിക്ക, സ്വീഡൻ, ഒാസ്ട്രേലിയ, കുർദിസ്ഥാൻ, കെനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വന്യജീവികളുടെ മനോഹരവും അപൂർവവുമായ ചിത്രങ്ങൾ കാഴ്ചക്കാർക്ക് നവ്യാനുഭവമാണ്. 

സാഹസിക യാത്രകളെ പ്രണയിക്കുന്ന മലയാളി യുവതയുടെ പ്രതീകമായി ഷിനിഹാസ് അബു എന്ന യുവാവ് എവറസ്റ്റിൻറെ ബേസ് ക്യാംപിൽ നിന്നു പകർത്തിയ ദൃശ്യങ്ങളും പ്രദർശനത്തിൻറെ ഭാഗമായി.

പ്രദർശനത്തോടൊപ്പം ഫോട്ടോഗ്രഫി മേഖലയിലെ അതികായൻമാരായ സർ ഡോൺ മാക് കുള്ളിൻ,  എസ്ദ്രാസ് എം.സോറസ്, കേറ്റ് ബ്രൂക്സ് എന്നിവരടക്കമുള്ളവർ പതിനെട്ടോളം ശില്പശാലകളിലും സെമിനാറുകളും ചർച്ചകളും നടത്തി. അതിനൂതന ക്യാമറകൾ, ലെൻസുകൾ തുടങ്ങിയവ പരിചയപ്പെടാനും അവസരമുണ്ട്. എമിറേറ്റ്സ് ഫൊട്ടോഗ്രഫി സൊസൈറ്റി, യൂണിയൻ ഒാഫ് അറബ് ഫൊട്ടോഗ്രഫേഴ്സ്, വേൾഡ് പ്രസ്, അസോസിയേറ്റഡ് പ്രസ്, ഫൊട്ടോഗ്രഫിക് സൊസൈറ്റി ഒാഫ് അമേരിക്ക, നാഷനൽ ജിയോഗ്രഫിക്സ് ട്രാവൽ ഫൊട്ടോഗ്രഫർ ഒാഫ് ദി ഇയർ എന്നിവ പ്രദർശനത്തോടു സഹകരിക്കുന്നുണ്ട്. 

112 രാജ്യങ്ങളിൽ നിന്നുള്ള ഫോട്ടോഗ്രാഫർമാർ മാറ്റുരച്ച ഫോട്ടോഗ്രഫി മൽസരവും പ്രദർശനത്തോടനുബന്ധിച്ചു നടത്തിയിരുന്നു. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോക്ടർ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്.

MORE IN GULF THIS WEEK
SHOW MORE