പ്രളയത്തെ അതിജീവിച്ച കേരളത്തിന് പ്രവാസികളുടെ പുനർജനി

punarjani6
SHARE

പ്രളയദുരന്തത്തെ അതിജീവിക്കുന്ന കേരളത്തിന് പ്രവാസികളുടെ കലാസമർപ്പണവുമായി പുനർജനി. മലയാള മനോരമയും പൂർവവിദ്യാർഥി കൂട്ടായ്മയായ അക്കാഫും ചേർന്നു സംഘടിപ്പിച്ച പരിപാടിക്ക് ആയിരങ്ങളാണ് പങ്കെടുത്തത്. പുനർജനിയുടെ വിശേഷങ്ങളാണ് ആദ്യം കാണുന്നത്. 

മഹാപ്രളയത്തെ അതിജീവിച്ച മഹാജനതയ്ക്ക് പ്രവാസലോകത്തിൻറെ ഐക്യദാർഡ്യം. പ്രളയദുരന്തം മനസിൽ പേറിയ പ്രവാസികളുടെ കലാസമർപ്പണത്തിനാണ് മലയാള മനോരമയുടെ നേതൃത്വത്തിലുള്ള പുനർജനി സാക്ഷിയായത്.  പതിനാറാം തീയതി രാവിലെ എട്ടിന് ദുബായ് അൽ നാസർ ലിഷർലാൻഡിൽ ഭദ്രദീപംതെളിച്ച് ഒരുദിവസം നീണ്ട പരിപാടികൾക്ക് തുടക്കമായി. 

പുനർജനിയിൽ ആദ്യം തിരുവാതിരയോടെ  അരങ്ങുണർന്നു. മലയാളക്കരയുടെ ഈണങ്ങളിൽ മങ്കമാരുടെ ചുവടുകൾ താളത്തിലൊഴുകി.  മാസങ്ങൾ നീണ്ട പരിശീലനത്തിനു ശേഷം എത്തിയവർ ഒന്നിനൊന്നു മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നായിരുന്നു വിധികർത്താക്കളുടെ അഭിപ്രായം. നാടൻ ശീലുകളിൽ ഗ്രാമീണ വർണങ്ങൾ ഓളമിട്ട വേദിയിൽ ഏഴു എമിറേറ്റുകളിൽനിന്നായി പതിനഞ്ചു ടീമുകൾ പങ്കെടുത്തു. 

പ്രധാനവേദിക്കു പുറത്ത് വിവിധ പ്രായക്കാരായ കുട്ടികളുടെ ചിത്രരചനാ മൽസരം. പ്രളയദിനങ്ങളിൽ എല്ലാം മറന്നു ഒരുമിച്ചുനിന്ന മലയാളക്കരയുടെ ചിത്രങ്ങൾ. എല്ലാം പുനർജനിയുടെ ഓർമപ്പെടുത്തലുകൾ. സീനിയർ, ജൂനിയർ, സബ്ജൂനിയർ, കെ.ജി വിഭാഗങ്ങളിലായി ഇരുനൂറോളം കുട്ടികൾ ചിത്രരചനാ മൽസരങ്ങളിൽ പങ്കെടുത്തു.

ഗ്രൂപ്പ് ഡാൻസായിരുന്നു വേദിയിലെ മറ്റൊരു ആകർഷണം. സ്കൂൾ കലോൽസവങ്ങളുടെ അതേ ആവേശത്തോടെ വിവിധ കലാലയങ്ങളുടെ പ്രതിനിധികൾ വേദിയിൽ ചുവടുവച്ചു. കലാലയങ്ങളിലെ കൂട്ടുകാരുടെ മുന്നിൽ ആഘോഷപൂർവം നൃത്തം ചവുട്ടിയതിൻറെ ഓർമകൾ. സ്വാതിതിരുനാളിന്‍റെയും ഇരയിമ്മൻ തമ്പിയുടെയും വരികൾ കലാകേരളത്തിനുള്ള സമർപ്പണമായി. കളരിപ്പയറ്റും ഭരതനാട്യവും രാജസ്ഥാനി നാടോടിനൃത്തവുമെല്ലാം ചേർന്നൊരുക്കിയ നൃത്തശിൽപങ്ങൾ ഭാവനയുടെ അപൂർവ നിറച്ചാർത്തുകളായി. തമിഴ്, മലയാളം, ഹിന്ദി, ഇംഗ്ലിഷ് ഗാനങ്ങൾ കോർത്തൊരുക്കിയ നൃത്തരൂപങ്ങളും അവതരിപ്പിച്ചു. 

പ്രഥമൻ അരങ്ങുവാണ പായസമേളയിൽ ചക്കക്കുരു മുതൽ കാച്ചിൽ വരെ മധുരമനോഹര താരങ്ങളായി. കേരളത്തിൽ പഴങ്ങളുടെ നേതൃപദവിയിലേക്കുയർന്ന ചക്കപ്പഴമായിരുന്നു പല പായസക്കൂട്ടുകളിലെയും രുചിയുടെ സൂത്രധാരൻ. 13 ടീമുകളാണ് പായസമൽസരങ്ങളിൽ പങ്കെടുത്തത്. 

പുനർജനിക്കുന്ന കേരളത്തെ മണൽ ചിത്ര രചനയിലൂടെ വരച്ചുകാട്ടി ഉദയൻ എടപ്പാൾ വിസ്മയമായി മാറി. തുടർന്ന് കേരളത്തിൻറെ സാംസ്കാരികത്തനിമ ഓളമിട്ട സാസംസ്കാരിക ഘോഷയാത്ര. ഗജവീരന്മാരുടെ അകമ്പടിയോടെ കച്ചമുറുക്കിയെത്തിയ കരപ്രമാണികൾ നേതൃത്വം നൽകിയ ഘോഷയാത്രയിൽ നിറഞ്ഞുനിന്നത് നാട്ടുകാഴ്ചകളുടെ നന്മകൾ. മലയാളത്തിന്‍റെ മനോഹര ദൃശ്യങ്ങൾ വിദേശികൾ ഉൾപെടെയുള്ളവർക്ക് വിസ്മയമായി. വടക്കേക്കര, തെക്കേക്കര, പടിഞ്ഞാറേക്കര, കിഴക്കേക്കര എന്നിങ്ങനെ നാലു വിഭാഗമായി തിരിഞ്ഞായിരുന്നു വീറുറ്റ പ്രകടനം. 

തെയ്യം, കഥകളി, ചാമുണ്ടി, കളരിപ്പയറ്റ്, ചെണ്ടമേളം തുങ്ങിയവ ഘോഷയാത്രയിൽ അണിനിരന്നു. മരുഭൂമിയിൽ ആനയില്ലെങ്കിലും ആ കുറവു നികത്താൻ നെറ്റിപ്പട്ടം കെട്ടിയ രണ്ടു കൂറ്റൻ കരിവീരന്മാരെത്തി. തലയെടുപ്പുള്ള ആനകളുടെ അതേരൂപത്തിലുള്ള പ്രതിമകളാണ് അകമ്പടിയേകിയത്. വേണാടു മുതൽ മലബാർ വരെയുള്ള കേരളത്തനിമകൾ ഘോഷയാത്രയിൽ മികവേകി. ആർപ്പുവിളികളോടെയാണ് ആയിരങ്ങൾ ഘോഷയാത്രയെ വരവേറ്റു.

പ്രളയക്കെടുതിയിൽ മുങ്ങിയ കേരളത്തെ കൈപിടിച്ചുയർത്താൻ മുന്നിട്ടറിങ്ങിയ ജെയ്സൽ, ഹഫ്സൽ എന്നിവരെ പൊതുസമ്മേളനത്തിൽ ആദരിച്ചു. സാംസ്കാരികസമ്മേളനത്തിൽ എം.എൽഎമാരായ രാജു എബ്രഹാം, അൻവർ സാദത്ത്,  സിനിമനടി ഐശ്വര്യാ ലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു. . അകാലത്തിൽ പൊലിഞ്ഞ സംഗീത പ്രതിഭ ബാലഭാസ്കറിന് സ്മരണാഞ്ജലിയേകി ഡി4 ഡാൻസ് ജേതാവ് ആര്യ ബാലകൃഷ്ണന്‍റെയും സംഘത്തിന്‍റെയും പ്രത്യേക പരിപാടി അരങ്ങേറി. തുടർന്ന് ഉണ്ണി മേനോൻ, ജാസി ഗിഫ്റ്റ്, കെഎസ് ഹരിശങ്കർ, സംഗീത ശ്രീകാന്ത് എന്നിവർ മലയാളം താലോലിക്കുന്ന ഈണങ്ങളുമായി അരങ്ങിലെത്തി.

ദുരന്തത്തെ നേരിടാൻ മനസിലെ വേലിക്കെട്ടുകൾ തകർത്ത് ഒത്തുചേർന്ന മലയാളികൾ ഇനിയും അങ്ങനെ തുടരണമെന്ന ഓർമപ്പെടുത്തലായിരുന്നു പുനർജനി. എല്ലാം മറന്ന് എല്ലാവരും ഒത്തുചേർന്ന ഒരുമയുടെ സന്തോത്തെ മതജാതിവിഭാഗീയതകൾക്ക് കൊണ്ടു മുറിവേൽപ്പിക്കരുതെന്നായിരുന്നു പുനർജനിയുടെ ഭാഗമായ പ്രവാസികളുടെ സന്ദേശം.

MORE IN GULF THIS WEEK
SHOW MORE