യു.എ.ഇയിലെ സാസ്കാരികോൽസവം; രണ്ടുകോടി പുസ്തകങ്ങൾ

sharjah-book-fest23
SHARE

ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ പുസ്തകമേളയായ ഷാർജ പുസ്തകമേളയ്ക്ക് ബുധനാഴ്ച തുടക്കമായി. രണ്ടുകോടിയിലധികം പുസ്തകങ്ങളാണ് വായനക്കാരെ കാത്തിരിക്കുന്നത്. യുഎഇയിലെ ഏറ്റവും വലിയ സാംസ്കാരിക ഉത്സവങ്ങളിലൊന്നായ പുസ്തകമേളയുടെ വിശേഷങ്ങളിലേക്ക്.

പതിനൊന്നു നാൾ ആക്ഷരങ്ങളുടെ ആഘോഷം. സംസ്കാരങ്ങളുടെ വേഷപ്പകർച്ചകളെ അടുത്തറിഞ്ഞ് ചിന്തകളുടേയും അഭിപ്രായത്തിൻറേയും ചൂടുപിടിക്കുന്ന ചർച്ചകളുടെ ഭാഗമാകാൻ അവസരമൊരുക്കുകയാണ് ഷാർജ രാജ്യാന്തര പുസ്തകമേള. സാഹിത്യസംവാദങ്ങളും സാംസ്കാരികപരിപാടികളുമായി അക്ഷരങ്ങളെ അടുത്തറിയാൻ അവസരം. 

അക്ഷരങ്ങളുടെ കഥ എന്ന പ്രമേയത്തിലാണ് മുപ്പത്തിയേഴാമത് രാജ്യാന്തര പുസ്തകമേള അൽ താവുനിലെ എക്സ്പോ സെൻ്ററിൽ പുരോഗമിക്കുന്നത്. ഷാർജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന മേളയിൽ ഇന്ത്യയുൾപ്പെടെ 77 രാജ്യങ്ങളിൽ നിന്ന് 16 ലക്ഷം തലക്കെട്ടുകളിലുള്ള രണ്ടുകോടി പുസ്തകങ്ങളുമായി 1874 പ്രസാധകർ സാന്നിധ്യമറിയിക്കും.  80,000 പുതിയ പുസ്തകങ്ങളും മേളയുടെ ഭാഗമാകും. മലയാളത്തിൽ നിന്നുള്ള എഴുത്തുകാരടക്കം 472 സാഹിത്യകാരന്മാരും കലാകാരന്മാരും പങ്കെടുക്കുന്ന 1800 പരിപാടികളാണ് അരങ്ങേറുന്നത്. 

12 പുതിയ പ്രസാധകരടക്കം മലയാളത്തിൽ നിന്നുള്ള ഒട്ടുമിക്ക പ്രസാധകരും മേളയിൽ പങ്കെടുക്കുന്നുണ്ട്. ഇതാദ്യമായി തമിഴിൽ നിന്ന് 12 പ്രസാധകരും മേളയുടെ ഭാഗമായി. ജപ്പാനാണ് ഇത്തവണത്തെ അതിഥി രാജ്യം. 13 ജാപ്പനീസ് എഴുത്തുകാരും കലാകാരന്മാരും പങ്കെടുക്കുന്ന 100 പരിപാടികൾ അരങ്ങേറും. കഴിഞ്ഞ വർഷത്തെപ്പോലെ ഏഴാം നമ്പർ ഹാളിൽ നിന്നു കേരളത്തിലേത് അടക്കം ഇന്ത്യയിലെ എല്ലാ പ്രസാധകരുടേയും പുസ്തകങ്ങൾ കാണാം, വിലക്കുറവിൽ സ്വന്തമാക്കാം. 

പ്രകാശനം ചെയ്യപ്പെടുന്ന പുസ്തകങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചതിനാൽ റൈറ്റേഴ്സ് ഫോറം എന്ന വേദി കൂടി എക്സ്പോ സെൻ്ററിൽ ഒരുക്കിയിട്ടുണ്ട്. വിദ്യാർഥികളുടേയും പ്രവാസിമലയാളികളുടേതും ഉൾപ്പെടെ ഇരുന്നൂറോളം മലയാളം, ഇംഗ്ലീഷ്, ഹിന്ദി പുസ്തകങ്ങളാണ് ഇവിടെ പ്രകാശനം ചെയ്യുന്നത്. 

ഡോ.ശശിതരൂർ എം.പി, എഴുത്തുകാരായ പെരുമാൾ മുരുകൻ, ചേതൻ ഭഗത്, യു.കെ.കുമാരൻ, സന്തോഷ് എച്ചിക്കാനം, എസ്. ഹരീഷ്, ദീപാ നിശാന്ത് കവിയും എംപിയുമായ കനിമൊഴി, ചരിത്രകാരൻ മനു എസ്. പിള്ള, അഭിനേതാക്കളായ പ്രകാശ് രാജ്, മനോജ് കെ.ജയൻ, സോഹ അലി ഖാൻ, ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി, മാധ്യമപ്രവർത്തകൻ കരൺ ഥാപർ, സംഗീതജ്ഞൻ ഡോ. എൽ. സുബ്രമണ്യം, മോട്ടിവേഷൻ ട്രെയിനർമാരായ ഗൗർ ഗോപാൽ ദാസ്, മനോജ് വാസുദേവൻ തുടങ്ങിയവർ  വിവിധസാസ്കാരിക പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്.  മന്ത്രി കെ.ടി. ജലീൽ, നടൻ ജോയ് മാത്യു, ബിനോയ് വിശ്വം എം.പി, മുൻമന്ത്രി എം.കെ. മുനീർ, തുടങ്ങി ഒട്ടേറെപ്പേർ പുസ്തകപ്രകാശനത്തിനായും മേളയിലെത്തുന്നുണ്ട്. 

രാവിലെ ഒൻപത് മുതൽ രാത്രി 10വരെയാണ് മേളയിലേയ്ക്കുള്ള സൗജന്യ പ്രവേശനം. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി 11 വരെയും. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് പുസ്കമേള ഉദ്ഘാടനം ചെയ്തത്. ഇൗ വർഷത്തെ സാംസ്കാരിക വ്യക്തിത്വമായി തിരഞ്ഞെടുക്കപ്പെട്ട അൾജീരിയൻ സാംസ്കാരിക മന്ത്രി അസ്സെൽദിൻ മിഹൂബി, തുർജുമാൻ, എത്തിസാലാത്ത്  അറബിക് ബാല സാഹിത്യ മത്സരങ്ങളിലെ വിജയികൾ എന്നിവരെ ഉദ്ഘാടന ചടങ്ങിൽ ആദരിച്ചു. അതേസമയം, പുസ്തകമേളയോട് അനുബന്ധിച്ച് കുട്ടികൾക്കായി പ്രത്യേകം പരിപാടികളും ഒരുക്കിയിട്ടുണ്ട്. നാടകം, സ്റ്റേജ് ഷോ, ശിൽപശാല തുടങ്ങി കുട്ടികളുടെ സാസ്കാരികോത്സവവും മേളയിൽ അരങ്ങേറുന്നു. പുസ്കങ്ങൾക്കൊപ്പം ഇന്ത്യയിൽ നിന്നടക്കം 11 രാജ്യങ്ങളിൽ നിന്നുള്ള 16 പാചക വിദഗ്ധർ പങ്കെടുക്കുന്ന 60 പരിപാടികളുമായി കുക്കറി കോർണറും മേളയുടെ ഭാഗമാണ്. 

MORE IN GULF THIS WEEK
SHOW MORE