ഇവരും ഭൂമിയുടെ അവകാശികൾ

animal12
SHARE

ഈ ഭൂമിയുടെ അവകാശികൾ നമ്മൾ മനുഷ്യർ മാത്രമല്ലെന്നു പഠിപ്പിച്ചു കടന്നു പോയ വൈക്കം മുഹമ്മദ് ബഷീർ അടക്കമുള്ളവരുടെ വാക്കുകൾ നമ്മുടെ ചുറ്റുപാടുകളിൽ അലയടിക്കുന്നുണ്ട്. പക്ഷേ, പലപ്പോഴും മനുഷ്യൻ അത് മറന്നുജീവിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ദുബായിൽ ഒരു കൂട്ടം വന്യജീവി ഫോട്ടോഗ്രാഫേഴ്സിൻറെ നേതൃത്വത്തിൽ വന്യജീവി  മനോത്സവം സംഘടിപ്പിച്ചത്. ഈ ഫോട്ടോഗ്രാഫേഴ്സ് മുന്നോട്ടുവയ്ക്കുന്ന വലിയൊരു സന്ദേശമുണ്ട്. അതാണ് ഇനി പരിചയപ്പെടുത്തുന്നത്. 

ഒരഞ്ഞൂറു കൊല്ലത്തിനകത്ത് ഈ ഭൂമിയിലുള്ള സർവജന്തുക്കളെയും പക്ഷികളെയും മൃഗങ്ങളെയുമെല്ലാം മനുഷ്യൻ കൊന്നൊടുക്കും. മരങ്ങളെയും ചെടികളെയും നശിപ്പിക്കും. മനുഷ്യൻ മാത്രം ഭൂമിയിൽ അവശേഷിക്കും. എന്നിട്ട് ഒന്നടങ്കം ചാവും’’. വൈക്കം മുഹമ്മദ് ബഷീറിൻറെ ഭൂമിയുടെ അവകാശികളെന്ന നോവലിലെ വാക്കുകൾ ഒരു മുന്നറിയിപ്പുപോലെ ഭൂമിയിൽ മുഴങ്ങുന്നുണ്ട്. പക്ഷേ, അങ്ങിങ്ങ് ഉയരുന്ന നന്മകൾക്കപ്പുറം അധികമാരും ചെവികൊടുക്കാറില്ലെന്നു മാത്രം. ഈ പശ്ചാത്തലത്തിലാണ് രണ്ട് മലയാളി വന്യജീവി ോട്ടോ ഗ്രാഫർമാരുടെ നേതൃത്വത്തിൽ യുഎഇയിൽ വന്യജീവി മഹോത്സവം സംഘടിപ്പിച്ചത്. 

യുഎഇയിലെ വിവിധയിടങ്ങളിൽ നിന്നു പകർത്തിയ ജന്തുവർഗങ്ങളുടെ ഇരുപത്തിയഞ്ചു ചിത്രങ്ങൾ. വിവിധ ആവാസവ്യവസ്ഥകളിൽ വംശനാശഭീഷണിയോടെ ജീവിക്കുന്ന ഇരുപത്തിയഞ്ചു ജീവികളുടെ ചിത്രങ്ങൾ. ഇങ്ങനെ മലയാളികളടക്കമുള്ള ഫോട്ടോഗ്രാഫർമാരുടെ അൻപതു ചിത്രങ്ങളാണ് പ്രദർശനത്തിൽ അവതരിപ്പിച്ചത്. 

യു.എ.ഇയിലെ നൂറ്റിഒന്നു സ്പീഷീസിൻറെ ചിത്രങ്ങളും ലഘുവിവരണങ്ങളുമടങ്ങിയ പുസ്തകവും ചടങ്ങിൽ പ്രകാശനം ചെയ്തു. ഇന്ത്യ, കെനിയ, യു.എസ്, സ്വീഡൻ, ഓസ്ട്രേലിയ തുടങ്ങി പന്ത്രണ്ടു രാജ്യങ്ങളിൽ നിന്നുള്ള പ്രാസംഗികരാണ് വന്യജീവി സംരക്ഷണത്തെക്കുറിച്ചും ഫോട്ടോഗ്രഫിയെക്കുറിച്ചും ക്ളാസുകളെടുത്തത്. 

യുഎഇയിൽ ആദ്യമായാണ് ഒരു വന്യജീവി മഹോത്സവം സംഘടിപ്പിച്ചത്. ജീവജാലങ്ങളെ സംരക്ഷിക്കേണ്ടത് മനുഷ്യൻറെ ഉത്തരവാദിത്തം ആണെന്ന തിരിച്ചറിവാണ് ഇത്തരമൊരു പരിപാടി അവതരിപ്പിക്കാൻ കാരണമായതെന്ന് സംഘാടകരും ഫോട്ടോഗ്രാഫർമാരുമായ നിഷ പുരുഷോത്തമനും ഹെർമിസ് ഹരിദാസും വ്യക്തമാക്കുന്നു.

ആവാസവ്യവസ്ഥയിലേക്കുള്ള മനുഷ്യൻറെ കടന്നുകയറ്റമാണ് ഇന്ന് വന്യജീവികൾ നേരിടുന്ന പ്രധാനപ്രശ്നമെന്ന് ജന്തുജീവജാലങ്ങളെ അടുത്തറിയുന്ന മേഖലയിൽ വർഷങ്ങളുടെ അനുഭവപരിചയമുള്ള ഫോട്ടോഗ്രാഫർമാർ വ്യക്തമാക്കുന്നു. സംരക്ഷിതവനങ്ങളിൽ പോലും കടന്നുകയറി നാം നശിപ്പിക്കുന്നത് ഈ ഭൂമിയുടെ അവകാശികളെക്കൂടിയാണെന്ന് തിരിച്ചറിയാതെ പോകുന്നവർക്ക് ഓർമപ്പെടുത്തലാണ് ഈ ചിത്രങ്ങൾ. വന്യജീവി സംരക്ഷണം ലക്ഷ്യമാക്കി ഫോട്ടോഗ്രാഫർമാരുടെ നേതൃത്വത്തിൽ പോസ് എക്സ്പ്ളോറേഴ്സ് എന്ന സംഘടന രൂപീകരിച്ചിട്ടുണ്ട്. സ്കൂളുകളിലടക്കം പ്രത്യേക ബോധവൽക്കരണ സെമിനാറുകളും പ്രദർശനങ്ങളും ഇവർ സംഘടിപ്പിക്കുന്നുണ്ട്. 

കൊല്ലം സ്വദേശിയായ നിഷ പുരുഷോത്തമൻ വന്യജീവി ഫോട്ടോഗ്രഫി മേഖലയിലെ ഇന്ത്യയിൽ നിന്നുള്ള ചുരുക്കം സ്ത്രീസാന്നിധ്യമാണ്. വന്യജീവിസംരക്ഷണത്തോടുള്ള അഭിനിവേശം കാരണം ഗൾഫിലെ ജോലി ഉപേക്ഷിച്ച് ഫോട്ടോഗ്രഫിയിലേക്ക് തിരിഞ്ഞയാളാണ് വടകര സ്വദേശി ഹെർമിസ് ഹരിദാസ്. ഇവർ തുടങ്ങിവച്ച പോസ് എക്സ്പ്ളോറേഴ്സ് എന്ന സംഘടന ഇന്ന് ആയിരക്കണക്കിന് ഫോട്ടോഗ്രാഫേഴ്സിന് ഒരുമിക്കാനുള്ള വേദിയാണ്. അതിലുപരി ഈ ലോകത്തിൻറെ അവകാശികൾ നമ്മൾ മാത്രമല്ലെന്ന് വരും തലമുറയെ ബോധവൽക്കരിക്കുകയാണ് ലക്ഷ്യം. 

MORE IN GULF
SHOW MORE