ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകൾ; പ്രവാസലോകത്തെ പുത്തൻ അനുഭവം

vidyarambham-gulf-this-week
SHARE

ആദ്യക്ഷരം കുറിച്ച് അറിവിലേക്കുള്ള പ്രയാണം തുടങ്ങുന്ന ദിനം വിജയദശമി. നാട്ടിലേതെന്നപോലെ ദുബായിലും മലയാള മനോരമയുടെ നേതൃത്വത്തിലും വിദ്യാരംഭ ചടങ്ങുകൾ നടത്തിയിരുന്നു. കേരളത്തനിമയോടെ സംഘടിപ്പിച്ച വിദ്യാരംഭചടങ്ങിൻറെ വിശേഷങ്ങളാണ് ഇനി.

അറിവിലേക്ക് അക്ഷരപ്രവേശം നടത്തി കുരുന്നുകൾ. മലയാളിയുടെ സംസ്കാരത്തിൻറെ പുണ്യഭാവമായ വിദ്യാരംഭചടങ്ങിൽ, മറുനാട്ടിലെ മലയാളി കുരുന്നുകളുടെ കൊച്ചു കൈകള്‍ ആദ്യമായി മലയാണ്‍മയെ തൊട്ടറിഞ്ഞു. മനോരമയൊരുക്കിയ അറിവരങ്ങില്‍ നൂറു കണക്കിന് കുരുന്നുകളാണ് അക്ഷരനൈവേദ്യം നുകര്‍ന്നത്. 

ചിലര്‍ ചിരിച്ചു കൊണ്ട്, സന്തോഷത്തോടെ ഗുരുവിൻറെ മടിയിലിരുന്നു അറിവിനെ വരവേറ്റു...

മറ്റു ചിലര്‍ കണ്ണീരണിഞ്ഞ് അക്ഷരങ്ങളുടെ ലോകത്തേക്ക്.

അക്ഷരത്തട്ടിനൊപ്പമുള്ള മിഠായി പാത്രത്തിലായിരുന്നു ചിലരുടെ കണ്ണ്. ആദ്യാക്ഷരത്തിൻറെ പ്രധാന്യം അറിഞ്ഞിട്ടാകാം ചിലർ ഗുരു പറഞ്ഞത് പരിഭവമില്ലാതെ ഏറ്റുചൊല്ലി.

പൊന്നോമനകൾ അറിവിലേക്കു ചുവടുവയ്ക്കുമ്പോൾ പ്രാർഥനയോടെ, പ്രതീക്ഷയോടെ മാതാപിതാക്കൾ.

വിദ്യാരംഭദിവസം രാവിലെ ഏഴിനാണ് ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ ചടങ്ങുകൾ ആരംഭിച്ചത്. മാതാപിതാക്കൾക്കും ബന്ധുക്കൾക്കുമൊപ്പം അഞ്ചുമണിതുടങ്ങി കുരുന്നുകൾ കോൺസുലേറ്റ് അങ്കണത്തിലെത്തി. പ്രശസ്ത കരിയർ ഉപദേഷ്ടാവ് ബി.എസ് വാരിയർ, മലയാള മനോരമ സീനിയർ അസോഷ്യേറ്റ് എഡിറ്ററും എഴുത്തുകാരനുമായ ജോസ് പനച്ചിപ്പുറം, മഹാത്മാഗാന്ധി സർവകലാശാല മുൻ പ്രോ വൈസ് ചാൻസിലർ ഷീന ഷുക്കൂർ എന്നിവരായിരുന്നു ഗുരുക്കന്‍മാര്‍. വിദ്യാരംഭചടങ്ങിന് ആദ്യമായി പങ്കെടുത്ത ദുബായ് കോൺസുൽ ജനറൽ വിപുൽ നിലവിളക്കു കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ഗാസിയാബാദ് സ്വദേശിയായ കോൺസുൽ ജനറൽ വിപുലിന് വിദ്യാരംഭ ചടങ്ങുകൾ പുതിയ അനുഭവമായി. അക്ഷരങ്ങളുടെ ലോകത്തേക്കുള്ള പ്രവേശനത്തെ ആദരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന മലയാളി പൈതൃകം അദ്ഭുതപ്പെടുത്തുന്നു.

സംസ്കാരത്തിൻറേയും പൈതൃകത്തിൻറേയും കരംഗ്രഹിച്ച് അക്ഷരലോകത്തേക്ക് തീർഥയാത്ര നടത്തുന്ന കുരുന്നുകൾക്ക് കോൺസുൽ ജനറലിന്റെ ആശംസ.

നാട്ടിൽ മനോരമയുടെ വിദ്യാരംഭ ചടങ്ങുകളിൽ ഗുരു സ്ഥാനം വഹിച്ചിട്ടുള്ള ഷീന ഷുക്കൂറിന് പ്രവാസലോകത്തും ഗുരുവാകാനായതിന്റെ സന്തോഷം. 

നാട്ടിൽ നിന്നു മെച്ചപ്പട്ട ജീവിതസാഹചര്യം തേടി ഗൾഫിലെത്തിയവർക്ക്, പൈതൃകത്തനിമ ചോരാതെ മക്കളെ എഴുത്തിനിരുത്താനായതിൻറെ സന്തോഷം.

വിദ്യാരംഭ ചടങ്ങുകൾക്കു ശേഷം ഉന്നതപഠന സാധ്യതകളെക്കുറിച്ചു കരിയർ ഉപദേഷ്ടാവ് ബി.എസ് വാരിയറുടെ പ്രത്യേക സെമിനാറും സംഘടിപ്പിച്ചിരുന്നു. നൂറോളം വിദ്യാർഥികൾ പങ്കെടുത്തു. 

മലയാളത്തോടും മലയാളിത്തത്തോടും ഉള്ള പ്രവാസി മലയാളിയുടെ സ്നേഹത്തിന്‍റെ അടയാളക്കാഴ്ചകള്‍ കൂടിയായിരുന്നു ദുബായിലെ വിദ്യാരംഭ ചടങ്ങുകള്‍.

MORE IN GULF THIS WEEK
SHOW MORE