കടം വാങ്ങി നാട്ടിലേക്ക് പണമയക്കുമ്പോൾ...പ്രവാസികൾ അറിയേണ്ടത്...

Gulf-Thisweek-new
SHARE

ഗൾഫ് നാടുകളിൽ ചൂടുകുറഞ്ഞുതുടങ്ങുന്നു. ജീവിതച്ചൂടുമായി ശൈത്യകാലത്തിലേക്ക് കടക്കുകയാണ് പ്രവാസികൾ. അതിനിടെ, രൂപ ചരിത്രത്തിലെ സമാനതകളില്ലാത്ത തകർച്ചയിലെത്തി. ദിർഹം അടക്കമുള്ള കറൻസികളുമായുള്ള വിനിമയ നിരക്ക് റെക്കോർഡ് താഴ്ചയിലാണ്. രൂപയുടെ മൂല്യം ഇടിയുമ്പോൾ പണം നാട്ടിലേക്ക് അയക്കുന്ന പ്രവാസികൾ കരുതേണ്ട കാര്യങ്ങളേറെയുണ്ട്. 

ചരിത്രത്തിലാദ്യമായി യുഎഇ ദിർഹവുമായുള്ള രൂപയുടെ വിനിമയനിരക്ക് ഇരുപതിനു മുകളിലെത്തി. വിനിമയനിരക്ക് കുതിക്കുമ്പോൾ പ്രവാസികൾ കരുതലോടെ വേണം ഈ സാഹചര്യം കൈകാര്യം ചെയ്യാൻ. കടമെടുത്തു നാട്ടിലേക്ക് പണം അയക്കുന്നത് ആശ്വാസകരമാണോ? രൂപയുടെ മൂല്യം ഇടിയാൻ കാരണമെന്ത്? 

ചരിത്രത്തിലെ സമാനതകളില്ലാത്ത ഇടിവിലേക്കു കൂപ്പുകുത്തിയിരിക്കുകയാണ് ഇന്ത്യൻ രൂപ. ഡോളറിനൊപ്പം ഗൾഫ് കറൻസികളുമായുള്ള വിനിമയനിരക്കിലും രൂപ റെക്കോർഡ് താഴ്ചയിലാണ്. രണ്ട് മാസത്തിലധികമായി രൂപയുടെ മൂല്യം താഴ്ന്നുകൊണ്ടിരിക്കുന്നു. പരമാവധി പണം നാട്ടിലേക്ക് അയക്കാനുള്ള നെട്ടോട്ടത്തിലാണ് പ്രവാസികൾ. കഴിഞ്ഞ ജൂണിൽ പതിനെട്ടുരൂപയായിരുന്നു വിനിമയനിരക്കെങ്കിൽ ഒക്ടോബറിലെത്തിയപ്പോൾ ഇരുപത് കടന്നു. വിവിധകാരണങ്ങളാലാണ് രൂപയുടെ മൂല്യം ഇടിയുന്നതെന്നാണ് സാമ്പത്തികനിരീക്ഷകരുടെ വിലയിരുത്തൽ.

എന്നാൽ, ഇന്ത്യയിലെ ആഭ്യന്തരകാരണങ്ങൾക്കു പുറമേ രാജ്യാന്തരപ്രശ്നങ്ങൾ തന്നെയാണ് രൂപയുടെ മൂല്യത്തിന് തിരിച്ചടിയാകാൻ പ്രധാനകാരണം. പതിവുപോലെ ക്രൂഡ് ഓയിലിന്റെ വില ഉയരുന്നത് തകർച്ചയ്ക്ക് കാരണമായി. 2008ൽ ക്രൂഡ് ഓയിൽ വില 150 ഡോളറിലെത്തിയിരുന്നു. ആ നിലയിലേക്കു വില ഉയർന്നാലും അദ്ഭുതപ്പെടേണ്ടതില്ലെന്നാണ് കരുതുന്നത്. സാമ്പത്തികമാന്ദ്യത്തെതുടർന്നു തകർന്ന അമേരിക്കയിലെ പല എണ്ണക്കമ്പനികളും പച്ചപിടിച്ചു വരുന്നതേയുള്ളു. രാജ്യാന്തരവിപണിയിൽ എണ്ണയുടെ ശേഖരവും കുറഞ്ഞിരിക്കുകയാണ്. ഇതാണ് പ്രധാനകാരണങ്ങളിലൊന്ന്.

അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് കഴിഞ്ഞതവണ ഉയർത്തിയിരുന്നു. ഇനിയും ഉയർത്തുമെന്നാണ് സൂചന. ഇതും രൂപയുടെ തകർച്ചയ്ക്ക് കാരണമായി. യുഎസ്–ചൈന വ്യാപാര യുദ്ധം, ഇറാൻ വിഷയം തുടങ്ങിയവയെല്ലാം രൂപയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

രൂപ തകർച്ചയിലാകുന്നത് പ്രവാസികൾക്ക് സന്തോഷവാർത്തയെന്നാണ് പതിവുപല്ലവി. മിച്ചം പിടിക്കുന്നതിനു പുറമേ പലിശയ്ക്കു കടം വാങ്ങിയും പണം നാട്ടിലേക്ക് അയക്കാറുണ്ട്. ഉയർന്ന വിനിമയ നിരക്ക് പ്രയോജനപ്പെടുത്തി നാട്ടിലേക്കു പണമയയ്ക്കുന്നവരുടെ എണ്ണം വർധിച്ചെന്നു മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളിലെ കണക്കുകൾ വ്യക്തമാക്കുന്നു. കേരളസംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ റിപ്പോർട്ട് പ്രകാരം ജൂൺവരെയുള്ള ഒരുവർഷത്തെ കണക്കനുസരിച്ച് വിദേശത്തുള്ള കേരളീയർ കഴിഞ്ഞവർഷത്തേക്കാൾ 21,846 കോടിയാണ് കേരളത്തിലെ ബാങ്കുകളിൽ നിക്ഷേപിച്ചത്. 

എന്നാൽ, കടം വാങ്ങി നാട്ടിലേക്ക് പണം അയക്കുന്നത് കരുതലോടെയാവണമെന്നാണ് സാമ്പത്തികവിദഗ്ദരുടെ മുന്നറിയിപ്പ്. ഗൾഫിലെ നിയമവിരുദ്ധമായ സംഘങ്ങളിൽ നിന്നു വലിയപലിശനിരക്കിലും, മറ്റ് ഏജൻസികൾ വഴി വായ്പയായും ക്രെഡിറ്റ് കാർഡുകൾ വഴിയും നാട്ടിലേക്ക് പണം അയക്കുന്നത് പ്രവാസികൾക്കിടയിൽ പതിവാണ്. എന്നാൽ, ഇത്തരം വായ്പകൾ പ്രവാസികള്‍ക്ക് ഒട്ടും നല്ലതല്ല എന്നാണ് സാമ്പത്തികനിരീക്ഷകരുടെ അഭിപ്രായം. രൂപയുടെ നിരക്കിലെ വ്യത്യാസം വഴി പ്രവാസികള്‍ക്ക് നേട്ടമുണ്ടാവുക പരമാവധി 13 ശതമാനമാണ്. അതിന് വേണ്ടി 24 മുതൽ നാൽപ്പത്തിയെട്ടുവരെ ശതമാനം പലിശയുള്ള ക്രെഡിറ്റ് കാർഡികളിൽ നിന്നു പണം വായ്പയെടുത്ത് അയക്കുന്നത് നഷ്ടക്കണക്കാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

നാട്ടിലേക്ക് അയക്കുന്ന പണം കൂടുതൽ വരുമാനമുള്ള ബിസിനസ് അടക്കമുള്ള കാര്യങ്ങൾക്കായി വിനിയോഗിക്കുന്നതാണ് നല്ലെതെന്നും നിർദേശമുണ്ട്.  നാട്ടിൽനിന്ന് ഭവനവായ്പയും വാഹനവായ്പയും മറ്റും എടുത്തവർക്കും ഒന്നിച്ച് തിരിച്ചടയ്ക്കാൻ സാധിച്ചാൽ ലാഭമുണ്ടാകും. കൈയിൽ പണമുള്ളവർക്ക് നാട്ടിൽ റിയൽ എസ്റ്റേറ്റിൽ നിക്ഷേപം നടത്താനും നല്ല അവസരമാണ്. ഒപ്പം ഓഹരി വിപണിയിലെ തളർച്ച കണക്കിലെടുത്ത് നിക്ഷേപിക്കാൻ പറ്റിയ അവസരംകൂടിയാണിതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. അതിനാൽ, പണം കടമെടുത്തു അയക്കുന്നവർ കൂടുതൽ ശ്രദ്ധിക്കണമെന്നാണ് അഭിപ്രായം.

അതിനാൽ, നിരക്കുവർധനവ് ഇനിയും തുടരുമെന്നതിനാൽ, വായ്പ എടുക്കുന്നതിനു പകരം ശമ്പളം സ്വരൂപിച്ച്  പിന്നീട് അയക്കുന്നതാകും അഭികാര്യമമെന്നും നിർദേശമുണ്ട്. എല്ലാത്തിനും ഉപരിയായി നാട്ടിലെ പണപ്പെരുപ്പവും വിലക്കയറ്റവും മാത്രമല്ല ഗൾഫിലെ തൊഴിൽ വിപണിയുടെ അനിശ്ചിതാവസ്ഥയും കണക്കിലെടുത്ത് വേണം നാട്ടിലേക്ക് പണമയയ്ക്കാൻ എന്നാണ് പ്രവാസികളോടുള്ള മുന്നറിയിപ്പും നിർദേശവും.

MORE IN GULF THIS WEEK
SHOW MORE