ചരിത്ര തീരുമാനങ്ങൾക്കിടെ സൗദിയിൽ ദേശീയദിനാഘോഷം

Gulf-ThisWeek
SHARE

എണപത്തിയെട്ടാമത് ദേശീയദിനാഘോഷത്തിന്റെ നിറവിലാണ് സൗദി അറേബ്യ. യുഎഇ അടക്കം എല്ലാ ഗൾഫ് രാജ്യങ്ങളിലും സൗദി ദേശീയ ദിനം ആഘോഷിച്ചു. വനിതകൾക്ക് ഡ്രൈവിങ് ലൈസൻസിന് അനുമതി, സിനിമ പ്രദർശനം ഉൾപ്പെടെ ചരിത്ര തീരുമാനങ്ങളാണ് സൌദിയിൽ അടുത്തകാലത്തുണ്ടായത്. മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ ഒരുക്കുന്നതിനൊപ്പം കാലത്തിനൊപ്പമുള്ള മാറ്റങ്ങൾ വരുത്തുന്ന സൌദി ഭരണകൂടത്തിന്റെ നടപടി ഏറെ അഭിനന്ദിക്കപ്പെടുന്നുണ്ട്. 

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സൗദി ദേശീയദിനാഘോഷം. മലയാളികൾ അടക്കമുള്ള ആയിരക്കണക്കിന് പ്രവാസികൾക്ക് മികച്ച ജീവിത സൌകര്യം ഒരുക്കുന്ന നാട് രൂപീകരിക്കപ്പെട്ടതിന്റെ ആഘോഷത്തിൽ വിവിധരാജ്യക്കാർ പങ്കുചേർന്നു. കർശന നിയമങ്ങൾ ലഘൂകരിച്ചും വികസനം വേഗതയിലാക്കിയും സൗദി മുന്നേറുകയാണ്.

സൗദി അറേബ്യ. അറേബ്യൻ ഉപദ്വീപിലെ ഏറ്റവും വലിയ രാഷ്ട്രം. മക്കയും മദീനയുമെന്ന രണ്ട് വിശുദ്ധ നാടുകളുടെ പേരിൽ അറിയപ്പെടുന്ന രാജ്യം. മധ്യപൌരസ്ത്യദേശത്തെ രാഷ്ട്രീയ സാമൂഹിക ഇടങ്ങളിൽ സൌദിയുടെ നിലപാടുകൾ എന്നും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. പോരടിച്ചുനിന്നിരുന്ന അനേകം ചെറുരാജ്യങ്ങളെ ഒന്നിച്ചുകൂട്ടിയാണ് ആയിരത്തിതൊള്ളായിരത്തിമുപ്പത്തിരണ്ടു സെപ്‍തംബര്‍ 23ന് കിംങ് അബ്ദുല്‍ അസീസ്ആലു സൌദിന്‍റെ നേതൃത്വത്തില്‍ സൗദി അറേബ്യ ഔദ്യോഗികമായി നിലവില്‍ വന്നത്. ഈ ദിവസമാണ് സൗദി ദേശീയ ദിനമായി ആചരിക്കുന്നത്. രാജ്യത്തിന്റെ വികസനഇടനാഴികളിലെല്ലാം ഇന്ത്യയിൽ നിന്നുള്ള പ്രവാസികളുടെ കയ്യൊപ്പുണ്ട്. പക്ഷേ, സ്വദേശിവൽക്കരണം ശക്തമാക്കാനുള്ള നീക്കം സൌദിയിലെ പ്രവാസികളെ ആശങ്കയിലുമാക്കുന്നുണ്ട്. ആരോഗ്യ, നിർമാണ, മേഖലകളിലെല്ലാം സ്വദേശിവൽക്കരണം ശക്തമാക്കികഴിഞ്ഞു.

സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റേയും വികസനസ്വപ്നങ്ങളിലൂടെ രാജ്യം മുന്നേറുകയാണ്. ചരിത്രത്തിലിടം പിടിച്ച പ്രഖ്യാപനങ്ങൾക്കായിരുന്നു കഴിഞ്ഞ മാസങ്ങളിൽ രാജ്യം ചെവിയോർത്തത്. വനിതകൾക്ക് കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള രാജ്യത്ത് ഇത് ആദ്യമായി വാഹനമോടിക്കാൻ വനിതകൾക്ക് ലൈസൻസ് അനുവദിച്ചു. ഈ ഒരൊറ്റ പ്രഖ്യാപനം മാത്രം മതി സൗദി മുന്നോട്ടുള്ള പാതയിൽ എന്താണ് കരുതിവയ്ക്കുന്നതെന്ന് വ്യക്തമാകാൻ.

സ്ത്രീകൾക്ക് ലൈസൻസ് അനുവദിച്ച നടപടി ചരിത്രപരവും വിപ്ളവകരവുമാണെന്ന് ദേശീയ രാജ്യാന്തരമാധ്യമങ്ങൾ വിലയിരുത്തി. ഏറെ സന്തോഷത്തോടെയാണ് ഒരു പാതിരാത്രിയിൽ വനിതകൾ വളയം പിടിച്ചുതുടങ്ങിയത്. ഡ്രൈവിങ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യക്കാരി നമ്മുടെ പത്തനംതിട്ടസ്വദേശി സാറാമ്മ തോമസായിരുന്നുവെന്നത് കേരളത്തിനും അഭിമാനമായി മാറി. 

ഡ്രൈവിങ് ലൈസൻസിൽ മാത്രം ഒതുങ്ങുന്നതല്ല സൌദിയുടെ മുഖം മാറ്റൽ. സ്റ്റേഡിയങ്ങളിലേക്ക് സ്ത്രീകൾക്ക് പ്രവേശനം, സിനിമ തീയറ്ററുകൾക്ക് അനുമതി തുടങ്ങിയവയെല്ലാം പുതിയ തലമുറയുടെ ഇഷ്ടങ്ങളോട് അനുകൂലനിലപാട് സ്വീകരിക്കുന്നതിന്റെ ഉദാഹരണമാണ്. 

സൗദിയുടെ വിദേശനയത്തിലും മാറ്റങ്ങൾ ദൃശ്യമാണ്. മുൻപെങ്ങുമില്ലാത്തവിധം വിവിധ രാജ്യങ്ങളുടെ ഭരണാധികാരികൾ സൌദി സന്ദർശനം പതിവാക്കിയിട്ടുണ്ട്. ചൈനയും ഇന്ത്യയും പാക്കിസ്ഥാനും അടക്കമുള്ള രാജ്യങ്ങളുമായി ഒരേ സമയം സമദൂരനിലപാടാണ് സൌദി കാത്തുസൂക്ഷിക്കുന്നത്. സൗദി അറേബ്യയും ചൈനയും തമ്മില്‍ വാണിജ്യ, വ്യവസായ, നിക്ഷേപ, സേവന, വാര്‍ത്താവിനിമയ മേഖലയിലെ സഹകരണത്തിനുള്ള നിരവധി കരാറുകള്‍ ഒപ്പുവെച്ചിട്ടുണ്ട്. സൌദിയിലെ സ്വകാര്യമേഖലയിൽ ചൈനയുടെ നിക്ഷേപം കൂട്ടുന്ന കരാറുകളാണിവ. പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ഇമ്രാൻ ഖാന്റെ ആദ്യ സന്ദർശനം സൌദി അറേബ്യയിലേക്കായിരുന്നു. വ്യാപാര,വ്യവസായരംഗം, മേഖലയിലെ ഭീകരത എന്നിവയായിരുന്നു ഇരു രാജ്യങ്ങളിലേയും ഭരണാധികാരികളുടെ കൂടിക്കാഴ്ചാ വിഷയം. അതേസമയം, ഇന്ത്യയും സൌദിയുമായുള്ള ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആദ്യപ്രധാനമന്ത്രി ജവഹർലാൽ നെഹ്റു മുതൽ നരേന്ദ്രമോദി വരെ നാലു പ്രധാനമന്ത്രിമാർ ഇക്കാലയളവിൽ സൗദി സന്ദർശിച്ചിട്ടുണ്ട്. രണ്ടായിരത്തിപതിനാറിലെ നരേന്ദ്രമോദിയുടെ റിയാദ് സന്ദർശനത്തിനു പിന്നാലെ ഈ വർഷം ഏപ്രിലിൽ ധനമന്ത്രി അരുൺ ജയ്റ്റ്ലിയും സന്ദർശിച്ചിരുന്നു. വാണിജ്യം, നിക്ഷേപം, ഭീകരവിരുദ്ധസഹകരണം തുടങ്ങിയ മേഖലകളിലാണ് ഇന്ത്യയും സൌദിയും തമ്മിലുള്ള സഹകരണകരാറുകൾ ഒപ്പിടുകയും ചെയ്തു. 

യെമനിലെ ഹൂതികളുമായുള്ള നിലവിൽ സൗദിക്ക് മുന്നിലുള്ള വെല്ലുവിളി. ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയിൽ ചർച്ച നടത്താൻ തയ്യാറായെങ്കിലും  ഹൂതികൾ തയ്യാറാകാതിരുന്നത് കാര്യങ്ങൾ വഷളാക്കി. യെമനിലെ സർക്കാരിനെ പുനസ്ഥാപിക്കാനും ജനങ്ങൾക്ക് സുരക്ഷ ഒരുക്കി മേഖലയിൽ സമാധാനം തിരികെയെത്തിക്കാനുമുള്ള ശ്രമങ്ങളിലാണ് സൌദി ഭരണകൂടം. 

സൗദി സർക്കാരിനെതിരായ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അറസ്റ്റിലായ വനിതാ മനുഷ്യവകാശ പ്രവര്‍ത്തകരായ സമര്‍ ബാദാവി, നസീമ അല്‍ സാദാ എന്നിവരെ വിട്ടയക്കണമെന്ന കനേഡിയൻ എംബസിയുടേയും വിദേശകാര്യമന്ത്രാലയത്തിന്റേയും നിർദേശത്തിനെതിരെയെടുത്ത നടപടികളാണ് വിദേശനയത്തിൽ സൌദി ഈ അടുത്തകാലത്ത് കൈക്കൊണ്ട കടുത്ത തീരുമാനം. കാനഡയുമായുള്ള എല്ലാ പുതിയ വ്യാപാരകരാറുകളും അന്നു സൌദി മരവിപ്പിച്ചിരുന്നു. അതേസമയം, നിലവിലെ സാഹചര്യത്തിൽ സൗദിയിൽ നിന്നും കൂടുതൽ നല്ല വാർതച്തകൾ വീണ്ടും കേൾക്കാനാകുമെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തൽ. വികസന പദ്ധതികളും കൂടുതൽ ഇളവുകളും ഭരണകൂടം വീണ്ടും പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

MORE IN GULF THIS WEEK
SHOW MORE