യുഎഇയിൽ പൊതുമാപ്പ്; മലയാളികൾക്ക് സുരക്ഷിത, സൗജന്യയാത്ര

uae-amnesty-1
SHARE

യു.എ.ഇയിൽ മൂന്നു മാസം നീളുന്ന പൊതുമാപ്പ് തുടങ്ങി. വീസനിയമങ്ങൾ ലംഘിച്ച് തുടരുന്നവർക്ക് പിഴയോ ശിക്ഷയോ കൂടാതെ നാട്ടിലേക്ക് പോകാനുള്ള അവസരം. മലയാളികൾക്ക് എല്ലാ സൗകര്യവും ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്. നോർക്ക റൂട്സ്, വിവിധ അസോസിയേഷനുകൾ വിവിധ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

യു.എ.ഇയിൽ നിന്ന് പൊതുമാപ്പ് ലഭിക്കുന്ന മലയാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ എംബസി, കോൺസുലേറ്റുകൾ, നോർക്ക റൂട്സ്, വിവിധ അസോസിയേഷനുകൾ, സംഘടനകൾ എന്നിവരെല്ലാം സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. 

പ്രവാസിമലയാളികൾക്ക് താങ്ങും തണലുമായി തുടരുന്ന നോർക്ക റൂട്ട്സ് പൊതുമാപ്പിനും സൗകര്യങ്ങളുമായി മുന്നിലുണ്ട്. പൊതുമാപ്പ് ലഭിച്ച് മടങ്ങുന്ന മലയാളികളായ പ്രവാസികളെ സുരക്ഷിതമായും സൗജന്യമായും നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളാണ് നോർക്ക റൂട്സ് സ്വീകരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്.

അബുദാബിയിലെ ഇന്ത്യൻ എംബസി, ദുബായ് കോൺസുലേറ്റ് എന്നിവയുടെ സഹായത്തോടെ വിവരശേഖരണം നടത്തിയാണ് നോർക്കയുടെ പ്രവർത്തനം. ഈ മാസം പകുതിയോടെ ആദ്യസംഘത്തെ നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. പൊതുമാപ്പ് സ്വീകരിച്ച് നാട്ടിലേക്ക് മടങ്ങുന്നവർക്ക്, സാഹചര്യം അനുസരിച്ച് സൗജന്യ യാത്ര ഒരുക്കും. 

സർക്കാരിന്റെ ശ്രമങ്ങളോട് സഹകരിക്കാനും വേണ്ട സഹായങ്ങൾ ചെയ്യാനും യു.എ.ഇ. യിലെ പ്രവാസി മലയാളികളോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചിട്ടുണ്ട്. അബുദാബിയിലെ എംബസിയിലും ദുബായ് കോൺസുലേറ്റിലും പൊതുമാപ്പ് നടപടിക്രമങ്ങൾക്കുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ദുബായ് അൽ അവീറിലെ എമിഗ്രേഷൻ കേന്ദ്രത്തിൽ പ്രത്യേകം സജ്ജമാക്കിയ ഔട് പാസ് കേന്ദ്രത്തിൽ ആയിരത്തിലേറെപ്പേരാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്താനെത്തുന്നത്. 

സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ഹാളുകളുണ്ട്. ആയിരത്തിലേറെ പേർക്ക് ഒരേ സമയം ഇരിക്കാനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്. വൈദ്യസഹായത്തിന് ക്ലിനിക്കുകളും സജ്ജമാണ്. കുറഞ്ഞ വിലയ്ക്ക് വെള്ളവും ശീതള പാനീയങ്ങളും ലഘു ഭക്ഷണവും ലഭ്യമാക്കും. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യവുമൊരുക്കി. മറ്റു എമിറേറ്റുകളിലുള്ളവര്‍ക്കും ഈ കേന്ദ്രത്തെ സമീപിക്കാം.

നടപടികളെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തവർക്കായി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഹെൽപ് ഡെസ്ക്കുകൾ ഒരുക്കിയിട്ടുണ്ട്. എംബസിയിലോ കോൺസുലേറ്റിലോ എങ്ങനെയാണ് നടപടി ക്രമങ്ങൾ എന്ന് മനസിലാക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഈ ഹെൽപ് ഡെസ്ക്കുകളെ സമീപിക്കാം. 

ഹെൽപ് ഡെസ്ക്കുകളിൽ മുന്നൂറോളം മലയാളികൾ ഇതുവരെ രജ്സ്റ്റർ ചെയ്തതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിടാതെ പൊതുമാപ്പ് പ്രയോജനപ്പെടുത്താനുള്ള സൌകര്യം ഒരുക്കുമെന്ന് ഹെൽപ് ഡെസ്ക് അധികൃതർ വ്യക്തമാക്കുന്നു.  

വാണിജ്യകേന്ദ്രങ്ങൾ അടക്കമുള്ള പൊതുസ്ഥലങ്ങളിൽ പൊതുമാപ്പ് വിശദാംശങ്ങൾ വിവരിക്കുന്ന  ലഘുലേഖകൾ പൊലീസ് വിതരണം ചെയ്യുന്നുണ്ട്. ഈ വർഷം ഇതുവരെ 10,310 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഈ സാഹചര്യത്തിൽ പൊതുമാപ്പ് പ്രയോജനപ്പെടുത്തി താമസരേഖകൾ കൃത്യമാക്കണമെന്നാണ് പൊലീസ് നിർദേശം. നിയമപരമായ സംശയങ്ങൾക്ക് മറുപടി നൽകാൻ അവീറിലെ ഇമിഗ്രേഷൻ സെന്ററിൽ പൊലീസ് ഉദ്യോഗസ്ഥരുടെ സഹായവുമുണ്ടാകും.

എല്ലാ സഹായങ്ങളുമായി നോർക്കയും ഒപ്പം മറ്റ് അസോസിയേഷനുകളും സംഘടനകളും പൊലീസും കൂടെയുണ്ട്. അതിനാൽതന്നെ താമസം നിയമവിധേയമാക്കുകയോ നാട്ടിലേക്ക് മടങ്ങുകയോ ചെയ്യാനാഗ്രഹിക്കുന്നവർക്ക് ഏറ്റവും പ്രയോജനകരമായ അവസരമാണ് പൊതുമാപ്പ്. അത് പൂർണമായും പ്രയോജനപ്പെടുത്തുക...

MORE IN GULF THIS WEEK
SHOW MORE