വീസ തൊഴിൽ നിയമങ്ങളിൽ മാറ്റവുമായി യു.എ.ഇ

gw-labour-law-t
SHARE

തൊഴിൽ, വീസ നിയമങ്ങളിൽ യു.എ.ഇ വ്യാപകമാറ്റം വരുത്തിയെന്നതായിരുന്നു പോയവാരത്തിലെ ഏറ്റവും പ്രധാനവാർത്ത. സ്വകാര്യ തൊഴിൽ, വിനോദസഞ്ചാര, വിദ്യാഭ്യാസ മേഖലയ്ക്ക് ഊർജം പകരുന്ന തീരുമാനങ്ങളാണ് ഭരണകൂടം കൈക്കൊണ്ടിരിക്കുന്നത്. മലയാളികൾ ഉൾപ്പെടെ തൊഴിൽ അന്വേഷകരേയും സംരഭകരേയും സഹായിക്കുന്ന നടപടിയെക്കുറിച്ചുള്ള വാർത്തയാണ് ആദ്യം.  

യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനങ്ങളെടുത്തത്. നിലവില്‍ ഒരു തൊഴില്‍ വീസ അനുവദിച്ച് കിട്ടാന്‍ താമസ-കുടിയേറ്റ വകുപ്പില്‍ തൊഴിലുടമ മൂവായിരം ദിര്‍ഹം നിക്ഷേപിക്കണമെന്നാണ് നിയമം. വീസ റദ്ദാക്കുമ്പോള്‍ തിരിച്ച് കിട്ടുന്ന രീതിയിലായിരുന്നു ഈ സെക്യൂരിറ്റി ഡിപ്പോസിറ്റ്. എന്നാൽ ഇനി ഇതിന് പകരം ഓരോ തൊഴിലാളിക്കും വാര്‍ഷിക വരിസംഖ്യയായി അറുപത് ദിര്‍ഹം മാത്രം അടച്ച് ഇൻഷുറൻസ് പരിരക്ഷാ പദ്ധതിയില്‍ അംഗങ്ങളാകണം. 20,000 ദിർഹം വരെയുള്ള ചെലവുകൾ ഇൻഷുറൻസ് പരിരക്ഷ വഴി ഉറപ്പാക്കും. തൊഴിലാളികളുടെ അവധിക്കാല അലവൻസ്, ഓവർടൈം അലവൻസ്, റിട്ടേൺ ടിക്കറ്റ്, തൊഴിൽ സ്ഥലത്തെ അപകടങ്ങൾ എന്നിവയ്ക്കാണ് ഇൻഷുറൻസ് പരിരക്ഷ. ഇത് ഒരേ സമയം തൊഴിലാളിയുടെ അവകാശങ്ങൾ സംരക്ഷിക്കാനും തൊഴിലുടമയുടെ സാമ്പത്തിക ഭാരം കുറയ്ക്കാനും സഹായമാകും. 

വീസ കാലാവധി കഴിഞ്ഞ് അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് രണ്ട് വര്‍ഷത്തേക്ക് യുഎഇയിലേക്ക് വരാന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിന് പകരം നിലവിലുള്ള പിഴയടച്ച് അവര്‍ക്ക് വീണ്ടും പുതിയ വീസയില്‍ രാജ്യത്തെത്താം. തൊഴില്‍ വീസ കാലാവധി കഴിഞ്ഞും, ജോലിയില്‍ തുടരാന്‍ താല്‍പര്യമുള്ളവര്‍ക്ക് ആറ് മാസത്തെ താല്‍ക്കാലിക വീസ അനുവദിക്കും. രാജ്യം വിടാതെ തന്നെ വീസ മാറാനുള്ള തീരുമാനവും സ്ഥാപനങ്ങൾക്ക് ഗുണകരമാകും. ഒരു ഫ്രീസോണിൽനിന്ന് മറ്റൊന്നിലേക്ക് മാറാനും ഇനി രാജ്യം വിടേണ്ട കാര്യമില്ല, തൊഴിൽ നിരോധനവും പേടിക്കേണ്ടതില്ല. വീസ കാലാവധി കഴിഞ്ഞ്‌ രാജ്യത്ത് തങ്ങുന്നവർ സ്വദേശത്തേക്ക് പോകുമ്പോൾ നോ എൻട്രി സ്റ്റാമ്പ് അടിക്കേണ്ടെന്ന തീരുമാനം മലയാളികളടക്കമുള്ള പ്രവാസികൾക്ക് വലിയ ആശ്വാസമാകും

യുഎഇയിലെ വിമാനത്താവളങ്ങള്‍ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോവുന്നവര്‍ക്ക് നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ സൗജന്യ ട്രാന്‍സിറ്റ് വിസ അനുവദിക്കും. 96 മണിക്കൂറിന് നിലവിലെ മുന്നൂറ് ദിർഹത്തിന് പകരം അൻപത് ദിർഹം അടച്ചാൽ മതിയാകും. ട്രാൻസിറ്റ് വിസക്കാർക്കുള്ള പുതിയ ആനുകൂല്യങ്ങൾ വിനോദസഞ്ചാര മേഖലക്കാണ് ഗുണകരമാകുന്നത്. ആദ്യത്തെ 48 മണിക്കൂർ ഫീസില്ലാതാകുമ്പോൾ ദുബായ് വഴി യാത്ര ചെയ്യുന്നവർക്ക് വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങാനും ദുബായിയുടെ പ്രധാന ആകർഷണങ്ങൾ സന്ദർശിക്കാനും അവസരം ലഭിക്കും. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ എത്തുന്നവര്‍ക്ക് രണ്ട് വര്‍ഷത്തെ വീസ നല്‍കാനും മന്ത്രിസഭായോഗം തീരുമാനമായി. ഈ വർഷം അവസാനപാദത്തിലായിരിക്കും പുതിയ ഇളവുകൾ നടപ്പിലാക്കിതുടങ്ങുന്നത്. 

അതേസമയം, യു.എ.ഇയിൽ വീസ നിയമങ്ങൾ ലംഘിച്ച് തുടരുന്ന വിദേശികൾക്ക് സർക്കാർ ഉടൻ പൊതുമാപ്പ് പ്രഖ്യാപിക്കും. ന്യായമായ പിഴ ഒടുക്കി നിയമാനുസൃതം രാജ്യത്ത് തുടരാനോ അതല്ലെങ്കിൽ സ്വമേധയാ രാജ്യം വിട്ടുപോകാനോയുള്ള സാഹചര്യമായിരിക്കും ഒരുക്കുന്നത്. വിസ നിയമങ്ങളിൽ ഇളവ് വരുത്തിയ സർക്കാർ തീരുമാനത്തിെൻറ ചുവടുപിടിച്ചാണ് പൊതുമാപ്പ് നടപ്പാക്കുന്നത്. ‘പദവി ശരിയാക്കൂ; സ്വയം സംരക്ഷിക്കൂ എന്ന പ്രമേയത്തിൽ ഏതാനും ആഴ്ചകൾക്കുള്ളിൽ പൊതുമാപ്പ് പ്രഖ്യാപിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ െഎഡൻറിറ്റി ആൻറ് സിറ്റിസൺഷിപ്പ് അധികൃതർ വ്യക്തമാക്കി. പൊതുമാപ്പ് സംബന്ധിച്ച സംശയങ്ങൾ പരിഹരിക്കാൻ ടോൾ ഫ്രീ ടെലിഫോൺ നമ്പർ ഏർപ്പെടുത്തുമെന്ന് വിദേശകാരവകുപ്പ് ആക്ടിങ് ഡയറക്ടർ ബ്രിഗേഡിയർ സയിദ് റാകാൻ അൽ റഷ്ദി പറഞ്ഞു. അതിനിടെ, യു.എ.ഇയിൽ ദുബായിൽ താമസമാക്കിയ സ്ത്രീകൾ വിവാഹമോചിതരോ വിധവകളോ ആകുന്നപക്ഷം, സ്പോൺസറില്ലാതെ ഒരു വർഷം കൂടി വീസ നീട്ടി നൽകാനുള്ള തീരുമാനത്തിനും യു.എ.ഇ മന്ത്രിസഭ അംഗീകാരം നൽകി. കൂടെയുള്ള മക്കൾക്കും ഈ ആനുകൂല്യം ലഭിക്കും. സ്ത്രീകൾക്ക് സാമ്പത്തിക സാമൂഹിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ വേണ്ടിയാണ് നടപടി. ഈ വർഷത്തിന്ഫെ അവസാനപാദത്തിലായിരിക്കും നിയമം നടപ്പിലാകുന്നത്.

MORE IN GULF THIS WEEK
SHOW MORE