സസ്നേഹം ദാസേട്ടന്

gw-hitesh-krishnan-t
SHARE

മലയാളി ദിവസത്തിൽ ഒരു തവണയെങ്കിലും കേൾക്കാതെ പോകില്ല ഗാനഗന്ധർവൻ യേശുദാസിൻറെ സ്വരം. യേശുദാസിൻറെ സംഗീത ജീവതത്തെ കുറിച്ച് ഗവേഷണം നടത്തിയിരിക്കുകയാണ് പ്രവാസിയായ ഹിതേഷ് കൃഷ്ണ. യേശുദാസിൻറെ പ്രിയ ശിഷ്യരിൽ ഒരാളുമാണ് ഹിതേഷ്.

സംഗീതത്തോടുള്ള ഉപാസനയാണ് ഹിതേഷ് കൃഷ്ണയുടെ ജീവിതം. പക്ഷേ അദ്ദേഹത്തിൻറെ ഉപാസനാമൂർത്തി മലയാളത്തിൻറെ ഗാനഗന്ധർവനാണ്. കെ.ജെ.യേശുദാസിൻറെ പ്രിയ ശിഷ്യരിലൊരാളായ ഹിതേഷ്, പഠിക്കുന്നത് അദ്ദേഹത്തിൻറെ ജീവിതമാണ്. യേശുദാസിനോളം ഹിതേഷ് കൃഷ്ണയുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയ മറ്റൊന്നുമില്ല. യേശുദാസിൻറെ പാട്ടുകൾ കേട്ടുവളർന്ന ചെറുപ്പകാലത്തേ ഒപ്പം കൂടിയ ഇഷ്ടം. 

ചെങ്ങന്നൂരിൽ വച്ച് യേശുദാസിനെ നേരിൽ കാണുന്നതോടെയാണ് ഹിതേഷിൻറെ ജീവിതം വഴിമാറുന്നത്. ആദ്യകാഴ്ചയിൽ തന്നെ ഹിതേഷ് യേശുദാസിൻറെ ശിഷ്യനായി മാറി. 

പിന്നീട് സംഗീതമായിരുന്നു ഹിതേഷിൻറെ മനസു നിറയെ. യേശുദാസിൻറെ മാർഗനിർദേശങ്ങളിൽ ഓമനക്കുട്ടി ടീച്ചറുടെ ശിഷ്യത്വത്തിൽ സംഗീതത്തിൽ ബിരുദാനന്തരം. പിന്നെ അഞ്ചു കൊല്ലം യേശുദാസിനൊപ്പം അദ്ദേഹത്തിൻറെ വീട്ടിൽ താമസിച്ച് ഗുരുകുല വിദ്യാഭ്യാസം. യേശുദാസ് എന്തെന്ന് അടുത്തറിഞ്ഞ ദിവസങ്ങളായിരുന്നു അത്. 

യേശുദാസിൽ നിന്ന് നേരിട്ട് ലഭിച്ച സംഗീതപാഠങ്ങൾ. അദ്ദേഹത്തിനൊപ്പം പാടാനും വേദി പങ്കിടാനും ലഭിച്ച അവസരങ്ങൾ. ഈ വർഷങ്ങൾ ഒരുപാട് നൽകി ഹിതേഷിന്. ഈ കാലയളവിലാണ് യേശുദാസിനെ കുറിച്ച് ഗവേഷണ പ്രബന്ധം തയാറാക്കണമെന്ന ആശയം മനസിലേക്ക് വരുന്നത്. പ്രിയ ശിഷ്യൻറെ അഭ്യർഥന യേശുദാസ് നിരസിച്ചില്ല.

യേശുദാസിൻറെ ജീവിതം തന്നെയാണ് ഹിതേഷ് ഗവേഷണ വിഷയമാക്കിയത്. അദ്ദേഹത്തിൻറെ ജീവിതചര്യകളും സപര്യകളുമെല്ലാം ആ പ്രബന്ധത്തിൽ നിറഞ്ഞു നിൽക്കുന്നു. കണ്ണൂർ സർവകലാശാലയ്ക്ക് കീഴിൽ ഗവേഷണം പൂർത്തിയാക്കി, പ്രബന്ധത്തിൻറെ ആദ്യപകർപ്പ് സമ്മാനിച്ചതും ഗുരുവിന് തന്നെ. 

കണ്ണൂർ സർവകലാശാലയിൽ നടന്ന പ്രബന്ധാവതരണത്തിലും മികച്ച അഭിപ്രായമാണ് യേശുദാസിനെ കുറിച്ചുള്ള പ്രബന്ധത്തിന് ലഭിച്ചത്. ഇങ്ങനെ ഒരു അവസരം ലഭിച്ചക് ഒരു ഭാഗ്യമായി കാണുകയാണ് ഹിതേഷ്. യേശുദാസ് നൽകിയ ഉപദേശങ്ങൾ ഇന്നും മനസിലുണ്ട് ഹിതേഷിൻറെ.

യേശുദാസിനെ കുറിച്ചുള്ള ഗവേഷണ പ്രബന്ധം ഒരു പുസ്കതമാക്കുന്നതിനുള്ള തയാറെടുപ്പിലാണ് ഹിതേഷ് കൃഷ്ണ. യേശുദാസിൻറെ ജീവിതം വരും തലമുറയ്ക്ക് അറിയാൻ ഇതുവഴിയൊരുക്കുമെന്നാണ് ഹിതേഷിൻറെ പ്രതീക്ഷ.  

MORE IN GULF THIS WEEK
SHOW MORE