നിറക്കൂട്ടുകളുടെ ഉത്സവമായി വേള്‍ഡ് ആര്‍ട്ട്

gw-world-art-t
SHARE

നിറക്കൂട്ടുകളുടെ വിശ്വമഹോൽസവമാണ് ദുബായിലെ വേൾഡ് ആർട്ട് പ്രദർശനം. ലോകമെങ്ങും നിന്നുള്ള പ്രതിഭകളുടെ പങ്കാളിത്തം കൊണ്ട് സന്പുഷ്ടം. ലോകോത്തര കലാകാരൻമാർക്കൊപ്പം മികവ് തെളിയിച്ച് മലയാളികളും ഈ വേദിയിൽ നിറസാന്നിധ്യമായി.

സംസ്കാരങ്ങള്‍ നിറങ്ങളില്‍ സംഗമിച്ച കാഴ്ചയായിരുന്നു ദുബായ്  വേള്‍ഡ് ആര്‍ട്ട്. ലോകത്തെ പ്രമുഖരായ 300 ചിത്രകാരന്മാരുടെ കലാസൃഷ്ടികള്‍ പ്രദര്‍ശനത്തെ മനോഹരമാക്കി. വിവിധ രാജ്യക്കാരായ പ്രതിഭകള്‍ അണിനിരന്ന പ്രദര്‍ശനത്തില്‍ മലയാളി ചിത്രകാരന്മാരുടെയും പ്രതിഭാ സാന്നിധ്യമുണ്ടായിരുന്നു. 

ഷാര്‍ജയില്‍ ആര്‍കിടെക്ടായ മല്ലപ്പിള്ളി സ്വദേശി പ്രഭിത രാജേഷ് സമ്മിശ്ര മാധ്യമങ്ങളിൽ ഒരുക്കിയ നിറക്കൂട്ടുകള്‍ ആസ്വാദകരെ ആകര്‍ഷിച്ചു. പ്രകൃതിയും ജനങ്ങളും ദുരന്തവും സംസ്കാരവുമെല്ലാം പ്രഭിതയുടെ ചിത്രങ്ങള്‍ക്ക് വിഷയമാണ്. സമകാലിക സംഭവങ്ങളോട് കലാകാരി പ്രതികരിക്കുന്നതും ചിത്രരചനയിലൂടെയാണ്. ആഭ്യന്തര യുദ്ധം മുറിവേല്‍പിച്ച സിറിയയിലെ കുട്ടികള്‍ നേരിടുന്ന ദുരന്തം വരച്ചുകാട്ടിയാണ് വേള്‍ഡ് ആര്‍ട്ടില്‍ പ്രഭിത സന്ദര്‍ശകരുടെ പ്രശംസ പിടിച്ചു പറ്റുന്നത്.

സബീല്‍ ഹാളില്‍ നിറക്കൂട്ടുകളുടെ വൈവിധ്യമാണെങ്കില്‍ പുറത്ത് തല്‍സമയ വരയിലൂടെ തിളങ്ങുന്ന മലയാളി ചിത്രകാരന്മാരെ കണ്ടുമുട്ടി. ഭാവിയിലേക്ക് ഉറ്റുനോക്കുന്ന ദുബായ് ലോകത്തിന് സമ്മാനിക്കുന്ന വിസ്മയത്തിലേക്കാണ് പാലക്കാട് കൊല്ലംകോട് സ്വദേശി ഷാഹുല്‍ ഹമീദ് സന്ദര്‍ശകരെ കൂട്ടിക്കൊണ്ടുപോകുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉള്‍പെടെ നൂതന സംവിധാനങ്ങള്‍ ദുബായുടെ നാളെയെ സ്വപ്നതുല്യമാക്കുമെന്ന് ഈ കലാകാരന്‍ വരച്ചിടുന്നു.

അതിരുകളില്ലാത്ത ആകാശത്തിലെ മാസ്മരിക കാഴ്ചയാണ് മറ്റൊന്ന്. വെഞ്ഞാറമൂട് സ്വദേശി സിജിന്‍ ഗോപിനാഥ് ആണ് ഡൂഡില്‍ മാരത്തണില്‍ ഈ ചിത്രം ഒരുക്കിയത്. വരകള്‍ യോജിപ്പിച്ച് ചിത്രങ്ങള്‍ രൂപപ്പെടുത്തുന്ന ഡൂഡില്‍ മികവിന് സിജിന് പുരസ്കാരവും ലഭിച്ചു. 

യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന് പ്രണാമം അര്‍പ്പിച്ചുള്ള കലാസൃഷ്ടികളും പ്രദർശനത്തിലുണ്ട്. വ്യത്യസ്ത രാജ്യങ്ങളില്‍നിന്നു ആര്‍ട്ട് ഗാലറികളും പ്രദര്‍ശനത്തെ സമ്പന്നമാക്കുന്നു. 

മാവേലിക്കര സ്വദേശി ദിപിന്‍ ചന്ദ്രന്‍, ജെസ്നോ ജാക്സന്‍ തുടങ്ങി മലയാളി നിര ഇനിയും നീളും. യുഎഇയില്‍ വിവിധ ജോലികളില്‍ ഏര്‍പ്പെട്ട നിരവധി ചിത്രകാരന്മാരും തങ്ങളുടെ കലാവൈഭവം പ്രകടിപ്പിച്ചിട്ടുണ്ട്.

മലിനീകരണത്തിനെതിരെ വേറിട്ട ബോധവൽക്കരണ ക്യാംപെയിനുമായി എത്തിയ ദക്ഷിണാഫ്രിക്കക്കാരി മരിസ്കയായിരുന്നു മേളയിലെ താരം. വെയ്സറ്റ് മി നോട്ട് എന്ന പ്രമേയത്തില്‍ പാഴ്വസ്തുക്കൾ പാഴാക്കരുതെന്ന സന്ദേശമാണ് മരിസ്ക മുന്നോട്ടുവയ്ക്കുന്നത്. 

പുനരുപയോഗം പ്രോത്സാഹിപ്പിച്ച് മാലിന്യം കുറയ്ക്കുന്നതോടൊപ്പം  മനോരഹര കലാസൃഷ്ടികളും ഇവര്‍ ഒരുക്കുന്നു.  വെള്ളക്കുപ്പിയുടെ റാപ്പ്, അടപ്പ്, ടിന്‍, പാല്‍കുപ്പി എന്നിവ ഉപയോഗിച്ച് നിര്‍മിച്ച ചിത്രങ്ങളും മനോഹരം.

ആഗ്രയിലെ ഫൈന്‍ ആന്‍ട്സ് കോളജ് പ്രൊഫസര്‍ ഡോക്ടര്‍ ഇന്ദു ജോഷിയുടെ ചിത്രങ്ങളും അമേരിക്കയില്‍നിന്നുള്ള എമിലി ഗോര്‍ഡന്‍റെ സൃഷ്ടികളും വ്യത്യസ്ത സംസ്കാരങ്ങളുടെ കഥപറയുന്നു. ഇവര്‍ക്കിടയില്‍ ഇറാനില്‍നിന്നുള്ള പതിനേഴുകാരിയും തികവുള്ള കലാകാരിയായി മേളയില്‍ ഇടംപിടിച്ചു. 

പ്രശസ്ത ചിത്രകാരനായ ഭരത് ഠാക്കൂറിന്‍റെ ചിത്രങ്ങളും മേളയ്ക്ക് ആകര്‍ഷണമായി. വിവിധ മാധ്യമങ്ങളിൽ ചിത്രങ്ങളൊരുക്കുന്ന ഭരത് താക്കൂർ ശക്തമായ സന്ദേശങ്ങളും ഈ ചിത്രങ്ങളിലൊളിപ്പിച്ച് വയ്ക്കുന്നു

വ്യത്യസ്ത നിറത്തിലുള്ള മരക്കഷ്ണങ്ങള്‍ ഒട്ടിച്ചുചേര്‍ത്ത് ഒരുക്കിയ കലാസൃഷ്ടിയും മേളയിലെ കാഴ്ചയായി. 

MORE IN GULF THIS WEEK
SHOW MORE