16 വര്‍ഷത്തെ എന്‍റെ യാത്ര; എന്നെ ഞാന്‍ തിരിച്ചറിഞ്ഞ ആ കാലം: പൃഥ്വി പറഞ്ഞത്

prithvi-interview
SHARE

തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതമെന്ന് നടന്‍ പൃഥ്വിരാജ് മനോരമ ന്യൂസിനോട്. പതിനാറ് വര്‍ഷത്തെ കഥയുണ്ട് ഈ സിനിമ സംഭവിച്ചതിനു പിന്നില്‍. അതുകൊണ്ടു തന്നെ ആടുജീവിതത്തെക്കുറിച്ച് ചോദിച്ചാല്‍ എവിടെ നിന്ന് തുടങ്ങുമെന്നറിയില്ല എന്ന മുഖവുരയോടെയാണ് താരം സിനിമയെക്കുറിച്ച് സംസാരിച്ച് തുടങ്ങുന്നത്.  ജീവിതത്തിലെ ഒരു ഘട്ടം തന്നെ ഈ സിനിമയ്ക്കൊപ്പമാണ്. പതിനാറ് വര്‍ഷം നീണ്ടുനില്‍ക്കുന്ന യാത്ര ഈ സിനിമയ്ക്കു വേണ്ടിവരുമെന്ന് കരുതിയില്ല. സിനിമയുടെ ചിത്രീകരണവും മറ്റുമായി ഏകദേശം മൂന്ന് വര്‍ഷം വേണ്ടി വരുമെന്ന് ധാരണയുണ്ടായിരുന്നു.

ഏതൊരു അഭിനേതാവിന്‍റെവും സ്വപ്നമാണ് സംവിധായകന്‍ ബ്ലെസിക്കൊപ്പമുള്ള സിനിമ. ആടുജീവിതം തന്നിലേക്ക് വന്നപ്പോള്‍ അത് നല്ലൊരു അവസരമായി കണ്ടു. ഈ സിനിമയ്ക്കൊപ്പം പ്രവര്‍ത്തിച്ചതിലൂടെ പലപ്പോഴും എനിക്ക് എന്നെക്കുറിച്ച് തന്നെ തിരിച്ചറിയാന്‍ കഴിഞ്ഞു. ആടുജീവിതത്തില്‍ പൃഥ്വീരാജാണ് നായകന്‍ എന്ന് പുറത്തറിഞ്ഞപ്പോള്‍ അതിനെ അസൂയയോടു കൂടെയാവും പല നടന്മാടും കണ്ടിട്ടുള്ളത്. സ്വഭാവികമായും മറ്റൊരു നടനാണ് ആടുജീവിതം ചെയ്യുന്നതെന്ന് അറിഞ്ഞാല്‍ എനിക്കും അസൂയ തോന്നുമായിരുന്നു എന്നാണ് താരം പറയുന്നത്.

സംവിധായകന്‍ ബ്ലെസി എന്നില്‍ നജീബിനെ കണ്ടു എന്നത് വലിയ സര്‍ട്ടിഫിക്കറ്റാണ്. ഈ മനുഷ്യനാണ് ആടുജീവിതത്തിനു പിന്നിലെ പ്രചോദനം. ഈ സിനിമ സംഭവിക്കാനുള്ള ഏകകാരണം ബ്ലെസിയാണ്. അതിനുവേണ്ടി അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ആടുജീവിത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ വേണ്ടിയിരുന്നില്ലെന്ന് ഒരിക്കല്‍ പോലും തോന്നിയിട്ടില്ല. സിനിമ ചിത്രീകരണം നിര്‍ത്തിവയ്ക്കേണ്ടി വന്ന ഘട്ടത്തിലാണ് പേടിയുണ്ടായത്. സിനിമ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരുമോ എന്ന പേടിയായിരുന്നു അത്. അങ്ങനെയെങ്കില്‍ അത്രയും നാളത്തെ കഷ്ടപ്പാട് വെറുതെയാകുമല്ലോ എന്ന ചിന്തയായിരുന്നു അതിനു പിന്നില്‍.

ശരിക്കും ഒരു ഫ്രെയിമില്‍ പോലും വീട്ടുവീഴ്ചയ്ക്ക് വിധേയമാകാത്ത സിനിമയാണ് ആടുജീവിതം. എല്ലാകാര്യങ്ങളും എങ്ങനെ വേണമെന്ന കൃത്യമായ ധാരണ ആടുജീവിതത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങുമ്പോള്‍ മുതല്‍ സംവിധായകനില്‍ അന്നേയുണ്ടായിരുന്നു. അത്ര ചില്ലറപ്പെട്ട കാര്യമല്ല ആടുജീവിതം സിനിമയാക്കുക എന്നത്. ബ്ലെസിയെ അത് അത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അദ്ദേഹം യാതൊരു വിട്ടുവിഴ്ചയുമില്ലാതെ ഇത്രയും വര്‍ഷങ്ങള്‍ ഈ സിനിമയ്ക്കു വേണ്ടി മാറ്റിവച്ചത്. 

ഇതിനിടയില്‍ ഇത്രയും കാത്തിരിപ്പ് വേണോ ഒരു ചെറിയ സിനിമ ചെയ്താലോ എന്ന് താന്‍ ചിന്തിച്ചിട്ടുണ്ട്. അതേക്കുറിച്ച് ബ്ലെസിയോട് സംസാരിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി ‘ഇത് ഒരിടത്തേക്കുള്ള യാത്രയാണ്. ഇടയ്ക്ക് മറ്റൊരു വഴിയ്ക്ക് പോയി തിരിച്ചുവന്നാല്‍ ചിലപ്പോള്‍ വഴി തെറ്റിപ്പോയേക്കാം’ എന്നായിരുന്നു. ഇതൊക്കെ കാണുമ്പോള്‍ അദ്ദേഹത്തോട് ശരിക്കും ആരാധന തോന്നിയിട്ടുണ്ട് എന്നും പൃഥ്വിരാജ് പറയുന്നു.

MORE IN ENTERTAINMENT
SHOW MORE