പ്രതിഷേധം, പ്രകടനം, പ്രകോപനം; തെരുവിലിറങ്ങിയ പോരിന്‍റെ പോക്ക് എങ്ങോട്ട്?

prgrm
SHARE

ഭരണഘടനയനുസരിച്ച് യോജിച്ച് പ്രവര്‍ത്തിക്കേണ്ട രണ്ട് സംവിധാനങ്ങള്‍ പരസ്പരം പോരടിക്കുന്ന കാഴ്ച. കേരളചരിത്രത്തില്‍ ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് ഇത്ര രൂക്ഷമായ സാഹചര്യം മുന്‍പുണ്ടായിട്ടില്ല. ചാന്‍സലറെന്ന പദവിയിലിരിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍വകലാശാലകളില്‍ സംഘപരിവാര്‍ രാഷ്ട്രീയം നിറയ്ക്കുന്നുവെന്ന എസ്എഫ്ഐ ആക്ഷേപത്തിന്‍റെ തുടര്‍ച്ചയെന്നോണമായിരുന്നു കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് മുന്നിലെ ആ ബാനറുകള്‍. പക്ഷേ, ആ ബാനറുകള്‍ ഒരു പോരിന് തുടക്കം കുറിക്കുകയായിരുന്നു. ക്യാംപസില്‍ എസ്എഫ്ഐ സ്ഥാപിച്ച മൂന്ന് ബാനറുകള്‍ നീക്കണമെന്ന് ഗവര്‍‌ണര്‍ ആവശ്യപ്പെട്ട് മണിക്കൂറുകള്‍ കഴി​ഞ്ഞിട്ടും നടപടിയാകാത്തതോടെയാണ് ഇന്നലെ രാത്രിയോടെ നാടകീയ രംഗങ്ങള്‍ക്ക് തുടക്കമാകുന്നത്. കാലിക്കറ്റ് ഗസ്റ്റ് ഹൗസിൽ നിന്നിറങ്ങി വന്ന ഗവർണർ എസ് എഫ് ഐ ഉയർത്തിയിരുന്ന ബാനർ മാറ്റാൻ പൊലീസിനോട് ആവശ്യപ്പെട്ടു. തങ്ങൾക്ക് അധികാരമില്ലന്നും യൂണിവേഴ്സിറ്റിയുടെ ഉത്തരവാദിത്വമാണെന്നും പൊലീസ്. പിന്നാലെ പൊലീസിനോട് ഗവർണർ രോഷാകുലനായി . 

ജില്ലാ പൊലീസ് മേധാവി ശശിധരന്റെ നേതൃത്വത്തിൽ മൂന്ന് ബാനറുകൾ പൊലീസ് നീക്കി. പിന്നാലെ ഗസ്റ്റ് ഹൗസിലെത്തിയ വൈസ് ചാൻസിലർ ജയരാജിനോട് ഗവർണർ പൊട്ടിത്തെറിച്ചു. ബാനറുകൾ മാറ്റണമെന്ന് ഉച്ചക്ക് തന്നെ അറിയിച്ചിട്ടും നടപടി എടുക്കാതെന്തെന്ന് ചോദ്യം. ബാനർ മാറ്റിയതറിഞ്ഞ് നൂറുകണക്കിന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ നേതൃത്വത്തില്‍ പ്രവർത്തകർ പ്രതിഷേധവുമായെത്തി. പുതിയ ബാനറുകളുയർത്തിയും റോഡിൽ എഴുതിയും പ്രതിഷേധം. മുദ്യാവാക്യം വിളിച്ച് പ്രവർത്തകർ. പൊലീസീന് നേരെ അസഭ്യവര്‍ഷവും ആക്രോശവുമായി നേതാക്കള്‍. ഒപ്പം ബാരിക്കേ‍ഡിന് മുകളില്‍ ബാനറുമുയര്‍ത്തി. അങ്ങനെ ബാനര്‍പോര് അവിടെയൊന്നടങ്ങി. പക്ഷേ, അതിലും രൂക്ഷമായ പ്രശ്നങ്ങളിലേക്കുള്ള തുടക്കമായിരുന്നു ആ ബാനറില്‍ തെളിഞ്ഞുനിന്നത്.

ഭരണഘടനാ പദവിയില്‍ ഉന്നതിയിലുള്ള ഗവര്‍ണര്‍ ഒരുവശത്ത്...സര്‍ക്കാരും സിപിഎമ്മിന്‍റെ ഏറ്റവും സജീവമായ എസ്എഫ്ഐ എന്ന വിദ്യാര്‍ഥി സംഘടന മറുവശത്ത്. അങ്ങനെയൊരു സാഹചര്യത്തിലാണ് ഇന്നത്തെ തുടക്കം. രാവിലെ  11ന് കാലിക്കറ്റ് ഗസ്റ്റ് ഹൗസില്‍ നിന്നിറങ്ങിയ ഗവര്‍ണര്‍ മുഖ്യമന്ത്രിയോടുള്ള അതൃ‍പ്തി പരസ്യമാക്കി വീണ്ടും രൂക്ഷവിമര്‍ശനം. ഒപ്പം പൊലീസിന്‍റെ സംരക്ഷണം ഇനി ആവശ്യമില്ലെന്ന് പ്രഖ്യാപനവും. തനിക്കാരേയും പേടിയില്ലെന്നും മുഖ്യമന്ത്രി പൊലീസിനെ നിഷ്ക്രിയമാക്കിയെന്നും ആരോപണം. ഗസ്റ്റ് ഹൗസില്‍ നിന്ന് മാനാഞ്ചിറയിലേക്ക്. അവിടെ നിന്ന് മിഠായി തെരുവിലേക്ക്. തിരക്കേറിയ തെരുവിലേക്ക് ഗവര്‍ണറെത്തും മുന്‍പേ മിഠായിത്തെരുവില്‍ ഈച്ചപൊതിയും പോലെ പൊലീസെത്തി. മിഠായിത്തെരുവിലേക്കുള്ള വഴിയിലിറങ്ങി ഗവര്‍ണര്‍ വിദ്യാര്‍ഥികളോട് സംസാരിച്ചു. മിഠായിത്തെരുവിലെത്തി ഹല്‍വ വാങ്ങി ജനങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുത്തു. ഒരുതുണിക്കടയിലും  കയറി. 

മിഠായിത്തെരുവില്‍ നിന്ന് ഗസ്റ്റ് ഹൗസിലേക്ക് മടങ്ങിയ ഗവര്‍ണര്‍ കാലിക്കറ്റ് സര്‍വകലാശാലയിലേക്കെത്തും മുന്‍പ് SFI പ്രതിഷേധ മാര്‍ച്ച് തുടങ്ങിയിരുന്നു. ബരിക്കേഡ് മറികടന്ന് ഗവര്‍ണര്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസിലേക്ക് കടക്കാന്‍ നൂറുകണക്കിന് വിദ്യാര്‍ഥികളുടെ ശ്രമം. പ്രതിഷേധക്കാരെ പൊലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. അടിച്ചോടിക്കാനും ശ്രമം. സ്ഥലത്ത് വന്‍ സംഘര്‍ഷാവസ്ഥ. അങ്ങനെ വന്‍ സുരക്ഷാവലയത്തില്‍ ഗവര്‍ണര്‍ സെമിനാര്‍ വേദിയിലെത്തി. അവിടെ പ്രതിഷേധക്കാര്‍‌ക്ക് മാത്രമല്ല മാധ്യമങ്ങളോടും ഗവര്‍ണര്‍ ദേഷ്യപ്പെട്ടു. പ്രതിഷേധിക്കുന്നവര്‍ എസ്എഫ്ഐ പ്രവര്‍ത്തകരല്ല, ഗുണ്ടകളെന്നായിരുന്നു ആരോപണം. പൊലീസ് സുരക്ഷയില്‍ ഇവരെ പറഞ്ഞുവിടുന്നത് മുഖ്യമന്ത്രിയാണ്. കോഴിക്കോടിന്റെ തെരുവുകളില്‍ ഒരു പ്രതിഷേധവുമില്ല. ഒപ്പം മാധ്യമങ്ങളോട് കടക്ക് പുറത്തെന്ന് ആക്രോശവും. 

സെമിനാര്‍ തുടങ്ങിയപ്പോഴും പുറത്ത് SFI പ്രതിഷേധം തുടര്‍ന്നു. സെമിനാറിൽ കാലിക്കറ്റ് വൈസ് ചാൻസിലർ ഡോക്ടർ എം കെ ജയരാജ് പങ്കെടുത്തില്ല. വിവാദങ്ങളെക്കുറിച്ച് സെമിനാറിൽ ഗവർണർ ഒന്നും പരാമർശിച്ചതുമില്ല. പക്ഷേ, സെമിനാര്‍ കഴിഞ്ഞ് കാത്ത് നിന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വീണ്ടും മുഖ്യമന്ത്രിക്ക് വിമര്‍ശനം. സര്‍വകലാശാലകളിലെ ഭരണം കൈവിട്ടുപോകുമെന്ന് മുഖ്യമന്ത്രിക്ക് ഭയമെന്നായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം. ആക്രമിക്കാന്‍ വന്നവര്‍ മുഖ്യമന്ത്രി വാടകയ്ക്ക് എടുത്ത ക്രിമിനലുകളെന്നും പരാമര്‍ശം. സെമിനാര്‍ അവസാനിച്ചതോടെ എസ്എഫ്ഐ പ്രതിഷേധം ക്യാംപസിന് പുറത്തേക്ക് നീങ്ങി.

കാലിക്കറ്റ് സര്‍വകലാശാലയിലെ ബാനര്‍ യുദ്ധം സംസ്ഥാനത്തെ മറ്റു ക്യാംപസുകളിലേക്കും വ്യാപിച്ചു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ക്യാംപസുകള്‍ എസ്.എഫ്.ഐ പ്രതിഷേധം അരങ്ങേറി. പാലക്കാട് വിക്ടോറിയ കോളജില്‍ എസ്.എഫ്.ഐ ബാനര്‍ ഉയര്‍ത്തിയതിന് പിന്നാലെ എതിര്‍പ്പുമായി എബിവിപി രംഗത്തെത്തി. എസ്.എഫ്.ഐ ഗവര്‍ണറുടെ കോലം കത്തിച്ചപ്പോള്‍ എബിവിപി മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. എറണാകുളത്ത് കാലടി ശ്രീ ശങ്കര കോളജിലും മഹാരാജാസ് കോളജിലും പ്രധാനകവാടത്തില്‍ പ്രതിഷേധ മുദ്രാവാക്യവുമായി കൂറ്റന്‍ ബാനറുകളുയര്‍ത്തി. ഒപ്പം മഹാരാജാസില്‍ സര്‍ഗാത്മക പ്രതിഷേധവും. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്, സംസ്കൃത കോളജ്, പന്തളം എന്‍.എസ്.എസ് എന്നിവിടങ്ങളിലും പ്രതിഷേധം അരങ്ങേറി. രാജ്ഭവനും പരിസരത്തും അധികസുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ആയിരത്തിലധികം പൊലീസുകാരാണ് ഗവര്‍ണറുടെ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. ഇതായിരുന്നു ഇന്നത്തെ സംഭവവികാസങ്ങള്‍. രൂക്ഷവിമര്‍ശനം തുടര്‍ന്ന് ഗവര്‍ണര്‍. പ്രതിഷേധം ശക്തമാക്കി എസ്എഫ്ഐ. ഇടയില്‍പെട്ടുപോയ പൊലീസിന് ആശ്വസിക്കാം. ഗവര്‍ണറുടെ ഒരു പരിപാടിക്കും മുടക്കമുണ്ടായില്ല. ഒപ്പം പ്രതിഷേധം ഒരിക്കലും കൈവിട്ടുപോകുന്ന അവസ്ഥയിലേക്കും മാറിയില്ല. 

ഗവര്‍ണറും എസ്.എഫ്.ഐയുമാണ് നേരിട്ടേറ്റുമുട്ടുന്നതെങ്കിലും യഥാര്‍ഥ പോരാട്ടം ഗവര്‍ണറും സര്‍ക്കാരും തമ്മിലാണ്. വിമര്‍ശനങ്ങളും പരാതികളുമൊക്കെ നേരത്തേയുമുണ്ടായിട്ടുണ്ടെങ്കിലും ഇത്തവണ പ്രശ്നം തെരുവിലേക്കിറങ്ങി. വിമര്‍ശനങ്ങളുടെ ഭാഷയ്ക്ക് മാറ്റം. വെല്ലുവിളികള്‍. മറുപടികള്‍ അങ്ങനെ ഇതുവരെ കണ്ടിട്ടില്ലാത്തൊരു വിവാദക്കാഴ്ചയ്ക്കാണ് രണ്ടുമൂന്ന് ദിവസമായി കോഴിക്കോടും മലപ്പുറവുമൊക്കെ വേദിയായത്. എല്ലാത്തിനും കാരണം മുഖ്യമന്ത്രിയാണെന്ന് കടുത്ത ഭാഷയില്‍ ആവര്‍ത്തിക്കുന്ന ഗവര്‍ണര്‍ ഒരു വശത്ത്. വെല്ലുവിളികളും ആക്ഷേപങ്ങളുമായി മന്ത്രിമാരടക്കം സിപിഎം നേതാക്കള്‍ മറുവശത്ത്.

കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാംപസ് വേദിയാക്കി ഗവര്‍ണര്‍ സര്‍ക്കാരിനും സിപിഎമ്മിനും എസ്.എഫ്ക്കും എതിരെ രൂക്ഷവിമര്‍ശനം തുടരുമ്പള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വാക്കുകള്‍ കടുപ്പിച്ച് വീണ്ടും ഗവര്‍ണര്‍ക്കെതിരെ രംഗത്തെത്തി. ഗവര്‍ണരുണ്ടാക്കുന്ന പ്രശ്നങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ രേഖാമൂലം അറിയിക്കാനാണ് സര്‍ക്കാരിന്‍റെ തീരുമാനം. എന്തും വിളിച്ചുപറയാവുന്ന മാനസികാവസ്ഥയിലാണ് ഗവര്‍ണറെന്നും മുഖ്യമന്ത്രി രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. കേരളത്തില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താനാണ് ഗവര്‍ണറുടെ നീക്കമെന്നാണ് സി.പി.എം ആരോപണം. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനം കേരളത്തിലെ ഭരണഘടനാ സംവിധാനത്തെ തകര്‍ക്കുകയാണെന്ന രാജ്ഭവന്‍ പത്രക്കുറിപ്പ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് സി.പി.എം അവയ്‌ലബ്‌ള്‍ സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. ഈ നീക്കം ശക്തമായി ചെറുക്കണം. ഗവര്‍ണറുടെ ഭീഷണി കേരളത്തില്‍ ഏശില്ലെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടേറി എം.വി. ഗോവിന്ദന്‍. 

ഉന്നത ഭരണഘടനാപദവി വഹിക്കുന്ന വ്യക്തിക്ക് ചേരാത്തതാണ് ആരിഫ് മുഹമ്മദ് ഖാന്റെ പെരുമാറ്റമെന്നും സര്‍വ പരിധിയും ലംഘിച്ചാണ് പ്രവര്‍ത്തനമെന്നും സിപിഎം പൊളിറ്റ് ബ്യൂറോ വിലയിരുത്തി. ഒരുപടികൂടിക്കടന്ന്, ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍  തയാറാകണമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍ ആവശ്യപ്പെട്ടു. അറൂനൂറുപൊലീസുകാരുടെ സാന്നിധ്യത്തിലാണ് ഗവര്‍ണര്‍ എസ്. എഫ്.ഐയെ വെല്ലുവിളിക്കുന്നതെന്ന് എ.കെ.ബാലന്‍. ഗവര്‍ണര്‍തെരുവിലും ക്യാംപസില്‍ ഇറങ്ങി എസ്.എഫ്ഐക്കെതിരെ നില്‍ക്കുന്ന സാഹചര്യം സര്‍ക്കാര്‍ മുന്‍കൂട്ടികണ്ടിരുന്നില്ല. സംഗതികള്‍തെരുവിലേക്കെത്തിയതോടെ സര്‍ക്കാരിനും പൊലീസിനും തലവേദനയായെന്നുമാത്രമല്ല, കാര്യങ്ങള്‍ എപ്പോള്‍വേണമെങ്കിലും കൈവിട്ടുപോകാമെന്നും സര്‍ക്കാരിന് അറിയാം. ഒരുമുഴം മുന്‍കൂട്ടി എറിയുന്നു എന്ന നിലയിലാണ് കേന്ദ്രത്തിന് കത്തെഴുതാനുള്ള തീരുമാനം. 

സാധാരണ കേരളം സാക്ഷിയാകാറുള്ളത് ഭരണപ്രതിപക്ഷ ഏറ്റുമുട്ടലുകളാണ്. പക്ഷേ, ഗവര്‍ണര്‍ എസ്എഫ്ഐ പോരില്‍ പ്രതിപക്ഷത്തിന് വലിയ റോളൊന്നുമില്ല. കോണ്‍ഗ്രസ് അഭിപ്രായം പറഞ്ഞിട്ടില്ല. ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനമുയര്‍ത്താറുണ്ടെങ്കിലും രണ്ടുദിവസമായി തുടരുന്ന വിവാദങ്ങളില്‍ ഇടപെട്ടിട്ടില്ല. ഇടപെട്ടാലും ഇടപെട്ടില്ലെങ്കിലും കഥയ്ക്ക് മാറ്റമുണ്ടാകില്ല. പക്ഷേ, നവകേരള സദസും, ഗണ്‍മാന്‍റെ അക്രമവും വണ്ടിപ്പെരിയാറിലെ പൊലീസ് വീഴ്ചയുമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കേണ്ട സാഹചര്യത്തിലാണ് അതിനും മുകളിലേക്ക് പ്രതിപക്ഷത്തിന് റോളില്ലാത്ത വിവാദം കത്തിനില്‍ക്കുന്നത്.  ആ വിവാദമാകട്ടെ വാക്കുകള്‍ക്കപ്പുറം തെരുവിലേക്കുമെത്തിയിരിക്കുന്നു, ഭരണഘടനാ പദവിയിലുള്ള ഗവര്‍ണര്‍ എത്ര പ്രകോപിച്ചാലും നേരിട്ടുള്ള പ്രതിഷേധം ഒരു മുഴമകലെയും രൂക്ഷവിമര്‍ശനം ഏറ്റവും കടുപ്പിച്ചുമെന്ന നയമാണ് പാര്‍ട്ടി സ്വീകരിച്ചത്. അതിനാല്‍ തന്നെ ആര് ജയിച്ചു ആര് തോറ്റുവെന്ന് ഇനിയും പറയാറായിട്ടില്ല. പക്ഷേ, ഈ ദിവസങ്ങളില്‍ കണ്ട വിവാദങ്ങളുടെ തിരി അണയാറായിട്ടില്ല. അത് ആളിക്കത്തിയേക്കും. അപ്പോള്‍ ഇരുവശവും എന്ത് നയം സ്വീകരിക്കുമെന്ന് വരും ദിവസങ്ങളില്‍ കണ്ടറിയാം. അപ്പോഴറിയാം ഇന്ന് വീണതാരായിരുന്നു. വാണതാരായിരുന്നുവെന്ന്. 

MORE IN SPECIAL PROGRAMS
SHOW MORE