കണ്ണീര്‍ ഉള്ളിലിട്ട് ചിരിപ്പിച്ചു‍; പൊടുന്നനെ മരണം ഒപ്പം കൂട്ടി; സുധി ബാക്കി വച്ചത്

ഇക്കണ്ട കാലമത്രയും ആസ്വാദകരെ നാട്ടുകാരെ കൂട്ടുകാരെയൊക്കെ ചിരിപ്പിച്ചിട്ടേയുള്ളു സുധി. ഇന്നാദ്യമായി എല്ലാവരേയും സുധി കരയിപ്പിച്ചു. സിനിമയിലെ സ്വന്തം ഡയലോഗുപോലെ അധികം എക്സ്പ്രഷനിടാതെയാണ് കൊല്ലം സുധി  യാത്രയായത്. ടെലിവിഷനില്‍ ഹാസ്യപരിപാടികളില്‍ ഏറ്റവും കയ്യടിനേടിയ താരം. ജീവിതത്തിലെ പ്രതിസന്ധികളെ ചിരിച്ചുതോല്‍പ്പിച്ച കലാകാരനായിരുന്നു സുധി. ഇടിക്കൂട്ടിലെ വീഴ്ചയില്‍ പറഞ്ഞ ഡയലോഗിലാണ് കൊല്ലം സുധിയെ മലയാളികള്‍ ആദ്യം ശ്രദ്ധിച്ചത്. തട്ടിവീഴുന്നവരുടെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുമ്പോഴൊക്കെയും സുധിയുടെ ആ സംഭാഷണമായിരുന്നു പശ്ചാത്തലത്തില്‍.

മഴവില്‍ മനോരമയിലെ കോമഡി ഫെസ്റ്റിവലില്‍ സുധിയും കൂട്ടരും കപ്പുയര്‍ത്തിയപ്പോള്‍ അത് ജീവിതത്തിലും വഴിത്തിരിവായി. സ്റ്റേജില്‍ നിന്ന് നേരെ സിനിമയിലേക്കുമെത്തി സുധി. കട്ടപ്പനയിലെ ഋത്വിക് റോഷനിലെ ഒറ്റരംഗം കൊണ്ട് കൊല്ലം സുധി ഹാസ്യനടന്മാരുടെ പട്ടികയിലേക്ക് പുതിയ എക്സ്പ്രഷനിട്ടു.

കട്ടപ്പനയുടെ തമിഴ്പതിപ്പിലെ സമാന സീനിലേക്കും സംവിധായകന്‍ നാദിര്‍ഷയ്ക്ക് മറ്റൊരു തിരഞ്ഞെടുപ്പുണ്ടായിരുന്നില്ല. ചില്‍ഡ്രന്‍സ് പാര്‍ക്ക്, ഒരു യമണ്ടന്‍ പ്രേമകഥ, മേരാനാം ഷാജി, കേശു ഈ വീടിന്റെ നാഥന്‍, മാസ്ക് തുടങ്ങി പിന്നാലെ എത്തിയ സിനിമകളൊക്കെയും കട്ടപ്പനയിലെ ആ എക്സ്പ്രഷന്റെ സമ്മാനമായിരുന്നുവെന്ന് സുധി തന്നെ പറഞ്ഞു. സിനിമയില്‍ സജീവമായപ്പോഴും വേദികളിലും ടെലിവിഷന്‍ ഷോകളിലും സൂപ്പര്‍താരമായി സുധിയുണ്ടായിരുന്നു.

കൊല്ലം വാളത്തുങ്കല്‍ സ്കൂളില്‍ പഠിക്കുമ്പോഴാണ് സുധി ഉള്ളിലെ കലാകാരനെ തിരിച്ചറിയുന്നത്. പാട്ടായിരുന്നു പ്രിയം. പാട്ടുപാടി സ്കൂളിന് സമ്മാനിച്ചത് സംസ്ഥാന പുരസ്കാരം. ഈ അംഗീകാരത്തിന്റെ ആത്മവിശ്വാസത്തില്‍ സഹോദരന്‍ സുനില്‍, നാട്ടുകാരനായ വിനോദ് എന്നിവര്‍ക്കൊപ്പമാണ് മിമിക്രി വേദിയിലേക്ക് സുധിയുടെ യാത്ര തുടങ്ങുന്നത്. ഷമ്മി തിലകന്റെ നേതൃത്വത്തിലുള്ള ട്രൂപ്പിലൂടെ സുധി പേരെടുത്തു. ചിരിച്ചുകണ്ടെത്തിയ സമ്പാദ്യത്തിലൂടെ ജീവിതത്തിലെ കഷ്ടപ്പാടുകളില്‍നിന്ന് കരകരയറി പുതിയ വീടും സ്വപ്നങ്ങളുമായി നടന്നുതുടങ്ങുമ്പോഴാണ് അപകടം സുധിയുടെ ജീവിതം മായ്ച്ചത്.

ഒന്നിനു പിറകെ മറ്റൊന്നായി ദുരിതവും വേദനയും ജീവിതത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തിയപ്പോഴും സുധി സദസ്സിനെ ചിരിപ്പിച്ചുകൊണ്ടേയിരുന്നു. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് കൈക്കുഞ്ഞുമായി വേദികളില്‍ നിന്ന് വേദികളിലേക്ക് പാഞ്ഞിട്ടുണ്ട് സുധി. മൂത്തമകന്‍ രാഹുലിനെ കൈക്കുഞ്ഞായിരിക്കെ സ്റ്റേജിന് പിന്നില്‍ ഉറക്കിക്കിടത്തി നാട്ടുകാരെ ചിരിപ്പിക്കാന്‍ വേദിയില്‍ എത്തിയിട്ടുണ്ടെന്ന് നിറകണ്ണുകളോടെ സുധി പറയാറുണ്ടായിരുന്നു. ചെറുപ്പത്തില്‍ അച്ഛന്‍റെ ചികില്‍സയ്ക്കായി വീട് വില്‍ക്കേണ്ടി വന്നു. സാമ്പത്തിക പ്രതിസന്ധിയുടെ ആ കാലത്തും സുധി തന്‍റെ ചുറ്റുമുള്ളവരെ ചിരിപ്പിച്ചതേയുള്ളു. പാട്ടായിരുന്നു സുധിയുടെ തുറുപ്പ് ശീട്ട്. ലളിതഗാനാലാപനം സ്കൂള്‍ കലോല്‍സവങ്ങളില്‍ താരമാക്കി. സമ്മാനങ്ങള്‍ വാരിക്കൂട്ടി. പതിനഞ്ചാം വയസിലാണ് പാട്ട് വിട്ട് മിമിക്രിയിലേക്ക് ചേക്കേറിയത്. അത് ടിവി ഷോകളിലേക്ക് വഴി തെളിച്ചു. പിന്നെ സിനിമയിലേക്കും. രണ്ടു കൊല്ലം മുമ്പ് ഭാര്യ രേണുവിന്‍റെ വീടായ ചങ്ങനാശ്ശേരി ഞാലിയാകുഴിയിലേക്ക് താമസം മാറിയെങ്കിലും നാടായ കൊല്ലത്തിനോട് ചേര്‍ന്നു നിന്നിരുന്നു സുധി. 

വാഹനാപകടത്തിൽ കഴിഞ്ഞദിവസമാണ് കൊല്ലം സുധി മരിച്ചത്. തൃശൂര്‍ കൈപ്പമംഗലം പനമ്പിക്കുന്നിൽ തിങ്കളാഴ്ച പുലർച്ചെ നാലരയോടെ ആയിരുന്നു അപകടം. വടകരയിൽ ചാനൽ പരിപാടി കഴിഞ്ഞ് കൊച്ചിയിലേക്ക് മടങ്ങുകയായിരുന്നു കൊല്ലം സുധിയും ബിനു അടിമാലിയും സഹപ്രവർത്തകരും. കൈപ്പമംഗലം പനമ്പിക്കുന്നിൽ കാർ എത്തിയപ്പോഴായിരുന്നു എതിരെ വന്ന പിക്കപ്പ് വാനമായി കൂട്ടിയിടിച്ചത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സുധിയെ കൊടുങ്ങല്ലൂരിലെ ഏഴാം ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അപകട വിവരമറിഞ്ഞ് സഹപ്രവർത്തകരായ ടെലിവിഷൻ താരങ്ങൾ കൊടുങ്ങല്ലൂരിൽ എത്തിയിരുന്നു.  മൃതദേഹം രാവിലെ 9 മണിയോടെ കോട്ടയം വാകത്താനത്തെ വീട്ടിൽ എത്തിച്ചു. രാവിലെ എട്ടരയോടെ മൃതദേഹം പൊങ്ങന്താനത്തെ വീട്ടിലെത്തിച്ചു. എപ്പോഴും പുഞ്ചിരിക്കുന്ന മുഖം, ചിരി പടർത്തുന്ന സംഭാഷണം, എന്തിനുമേതിനും ഒപ്പമുള്ള കൂട്ട്. ഒടുവിൽ പൊടുന്നനെയുണ്ടായ വിടവാങ്ങൽ... അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലായിരുന്നു സുധിയുടെ കുടുംബവും കൂട്ടുകാരും..തങ്ങളുടെ പ്രിയ സുഹ്യത്തിനെ, അവസാനമായി കാണാൻ നിരവധി ആളുകളാണ് അവിടേക്കെത്തിയത്. സുധിയില്ല എന്ന യാഥാർത്ഥ്യം പലർക്കും ഉൾക്കൊള്ളാനായിരുന്നില്ല. പിന്നീട് പൊങ്ങന്താനം യുപി സ്കൂളിലും ഞാലിയക്കുഴി സെന്റ് മാത്യൂസ് പാരിഷ് ഓഡിയറ്റോറിയത്തിലും പൊതുദർശനത്തിനുവച്ചു. കലാ സംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ ആദരാഞ്ജലികൾ അർപ്പിക്കാനെത്തി. കൊല്ലം സുധിക്ക് നാടിന്റെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലികള്‍...

ഉച്ച കഴിഞ്ഞ് മൂന്നരയോടെ കോട്ടയം തോട്ടയ്ക്കാട് റിഫോമ്ട് പള്ളി സെമിത്തേരിയിലായിരുന്നു സംസ്കാര ചടങ്ങുകൾ. സ്വന്തമായൊരു വീടെന്ന സ്വപ്നവും നിരവധി വേഷങ്ങളും ബാക്കിയാക്കി മടങ്ങുന്ന സുധീ.... നിങ്ങളുടെ ഓർമകൾക്ക് പകർന്ന ചിരിക്ക് മരണമില്ല. ഒടുവില്‍ അണമുറിയാതെ ചിരിപ്പിച്ച സുധിക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.

Kollam Sudhi journey of struggles and shocking death to near and dears