ന്യൂസ്മേക്കര്‍ 2021 പ്രാഥമിക പട്ടിക ഇതാ; 10 വാര്‍ത്താമുഖങ്ങള്‍; ഇനി വോട്ടിങ്

manoramanews-newsmaker-2021n
SHARE

മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ 2021 ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. വ്യത്യസ്തമേഖലകളില്‍ വാര്‍ത്ത സൃഷ്ടിച്ച പത്തുപേരാണ് പ്രാഥമികപട്ടികയില്‍ ഇടംനേടിയത്. കെ.സുധാകരന്‍, വി.ഡി.സതീശന്‍, വി.ശിവന്‍കുട്ടി എന്നീ രാഷ്ട്രീയനേതാക്കള്‍, ലീഗ് രാഷ്ട്രീയത്തില്‍ കലാപക്കൊടി ഉയര്‍ത്തിയ മുന്‍ ഹരിത നേതാക്കള്‍,  ജോജു ജോര്‍ജ്, ആന്‍റണി പെരുമ്പാവൂര്‍, ആയിഷ സുല്‍ത്താന തുടങ്ങിയ ചലചിത്രപ്രവര്‍ത്തകര്‍, ഒളിംപിക് ഹോക്കി മെഡല്‍ ജേതാവ് പി.ആര്‍ ശ്രീജേഷ് , കിറ്റെക്സ് മാനേജിങ് ഡയറക്ടറും ട്വന്‍റി ട്വന്‍റി ചീഫ് കോര്‍ഡിനേറ്ററുമായ സാബു എം.ജേക്കബ്, ദത്തുനല്‍കപ്പെട്ട കുഞ്ഞിനെ വീണ്ടെടുക്കാന്‍ പോരാടിയ അനുപമ എസ്.ചന്ദ്രന്‍ എന്നിവരാണ് ന്യൂസ്മേക്കര്‍ പ്രാഥമിക പട്ടികയില്‍ ഇടംനേടിയത്. ഏറ്റവുമധികം പ്രേക്ഷകവോട്ടുനേടുന്ന നാലുപേര്‍ അന്തിമപട്ടികയിലിടം നേടും. മനോരമ ന്യൂസ് വെബ്സൈറ്റിലൂടെയും എസ്.എം.എസിലൂടെയുമാണ് വോട്ടെടുപ്പ്. 

വോട്ടുചെയ്യാനുള്ള ലിങ്ക് ഇതാ: manoramanews.com/newsmaker

ആയിഷ സുല്‍ത്താന: ലക്ഷദ്വീപ് ഭരണകൂടത്തെ വിമര്‍ശിച്ചതിന് രാജ്യദ്രോഹക്കേസ് നേരിടുന്ന ചലച്ചിത്ര സംവിധായിക. .ലക്ഷദ്വീപ് ജനതയ്ക്ക് ദോഷകരമായ പരിഷ്ക്കാരങ്ങള്‍ക്കെതിരെ ഉറച്ചനിലപാട്.  

ആന്‍റണി പെരുമ്പാവൂര്‍: ദേശീയ പുരസ്കാരം നേടിയ മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹ’ത്തിന്റെ നിര്‍മാതാവ്. ചിത്രം റിലീസ് ചെയ്യുന്നതിലുണ്ടായ അനിശ്ചിതത്വവും  തിയറ്റര്‍ സംഘടനയുമായുണ്ടായ തര്‍ക്കവും വാര്‍ത്തകളില്‍. 

അനുപമ എസ്.ചന്ദ്രന്‍: തന്‍റെ സമ്മതമില്ലാതെ ദത്തുനല്‍കപ്പെട്ട കുഞ്ഞിനെ സമരംചെയ്തും നിയമപോരാട്ടം നടത്തിയും വീണ്ടെടുത്ത മുന്‍ എസ്.എഫ്.ഐ പ്രവര്‍ത്തക. നീതിനിഷേധിച്ച പാര്‍ട്ടിക്കും സര്‍ക്കാരിനുമെതിരെ ശബ്ദമുയര്‍ത്തി.

‘ഹരിത’ മുന്‍ നേതാക്ക‍ള്‍: സ്ത്രീവിരുദ്ധപരാമര്‍ശം നടത്തിയ എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ പരാതി നല്‍കുകയും ലീഗ് നേതൃത്വത്തിന്‍റെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങാതെ നടപടി നേരിടുകയും ചെയ്ത വനിതാനേതാക്കള്‍. വ്യക്തമായ നിലപാട് ഉയര്‍ത്തിപ്പിടിച്ച വാര്‍ത്താസമ്മേളനങ്ങളും പ്രസ്താവനകളും. 

ജോജു ജോര്‍ജ്: കോണ്‍ഗ്രസിന്റെ റോഡ് ഉപരോധത്തിനെതിരെ പരസ്യമായി പ്രതിഷേധിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ ചലച്ചിത്രതാരം.നായാട്ട്, ചുരുളി തുടങ്ങിയ ചിത്രങ്ങളിലൂെടയും ഈ വര്‍ഷം ശ്രദ്ധാകേന്ദ്രം. 

സാബു.എം.ജേക്കബ്: സര്‍ക്കാരിനോട് ഇടഞ്ഞ കിറ്റെക്സ് ഗ്രൂപ്പ് എം.ഡി. തെലങ്കാനയിലേക്കുള്ള വിമാനയാത്രയും 2400 കോടി നിക്ഷേപിക്കാനുള്ള ധാരണയും വാര്‍ത്തയായി. നിയമസഭാ തിരഞ്ഞെടുപ്പില്‍ എട്ടുമണ്ഡലങ്ങളില്‍ മല്‍സരിച്ച് മൂന്ന് മുന്നണികള്‍ക്കും വെല്ലുവിളിയുയര്‍ത്തിയ ‘ട്വന്‍റി ട്വന്‍റി’യുടെ ചീഫ് കോര്‍ഡിനേറ്റര്‍.

വി.ഡി.സതീശന്‍: കോണ്‍ഗ്രസിലെ ഗ്രൂപ്പ് ആധിപത്യം അവസാനിപ്പിച്ച് പ്രതിപക്ഷനേതൃപദവിയിലെത്തിയ നേതാവ്. നിലപാടുകളിലെ കൃത്യതയും കണിശതയും കൊണ്ട് ശ്രദ്ധേയന്‍. നിയമസഭാപ്രസംഗങ്ങളില്‍ അസാമാന്യപാടവം. 

വി.ശിവന്‍കുട്ടി: നേമത്തെ  ത്രികോണ മല്‍സരത്തില്‍ വിജയിച്ചെത്തി വിദ്യാഭ്യാസമന്ത്രിയായി.  സ്കൂള്‍ തുറക്കല്‍ , നിയമസഭാ കയ്യാങ്കളിക്കേസ് തുടങ്ങിയ വാര്‍ത്തകളില്‍ സ്ഥിരസാന്നിധ്യം. ട്രോളുകളിലും ഇടം. 

പി.ആര്‍.ശ്രീജേഷ്: ഒളിംപിക്സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി താരം. 49 വര്‍ഷത്തിനുശേഷംഒളിംപിക്സ് മെഡല്‍ നേടുന്ന മലയാളി. ലോകത്തെ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള രാജ്യാന്തര ഹോക്കി ഫെഡറേഷന്‍റെ പുരസ്കാരം. രാജ്യത്തിന്‍റെ ഖേല്‍ രത്ന പുരസ്കാരം. 

കെ.സുധാകരന്‍: ഗ്രൂപ്പുകളെവെട്ടി കെ.പി.സി.സി അധ്യക്ഷപദവിയിലെത്തിയ നേതാവ്. തന്‍റേടം കൊണ്ടും വീറുകൊണ്ടും ശ്രദ്ധേയന്‍. മുഖ്യമന്ത്രിയുമായും സ്വന്തം പാര്‍ട്ടി നേതാക്കളുമായും കൊമ്പുകോര്‍ത്തു. മോന്‍സന്‍ ബന്ധത്തിലൂടെയും വാര്‍ത്തകളില്‍.     

MORE IN special programs
SHOW MORE