ദുരൂഹത ഒഴിയാതെ; മരണശേഷം സുശാന്ത്

sushanth2
SHARE

മുംബൈയില്‍ ഒരു ബോളിവുഡ് യുവനടനെ മരിച്ചനിലയില്‍ കണ്ടെത്തുന്നു. കടുത്തവിഷാദ രോഗിയായ ഇയാള്‍ ആത്മഹത്യ ചെയ്തതാണെന്ന് പ്രാഥമിക അന്വേഷണത്തില്‍തന്നെ ലോക്കല്‍ പൊലീസ് വ്യക്തമാക്കുന്നു. പിന്നീട് പുറത്തുവന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇത് അടിവരയിട്ടു. ബോളിവുഡില്‍ നിന്നുണ്ടായ കടുത്ത അവഗണനയും അവസരം നിഷേധിക്കലും  വിഷാദരോഗത്തെ വര്‍ധിപ്പിച്ചുവെന്നായിരുന്നു ആരോപണം. സമാനതകളില്ലാത്ത തുറന്നുപ്പറച്ചിലിനാണ് പിന്നീട് ബി–ടൗണ്‍ സാക്ഷ്യം വഹിച്ചത്. ബോളിവുഡിലെ കുടിപ്പകയെയും താരകുടുംബ അധിപത്യത്തെയും പറ്റി രണ്ട് ഓസ്കാര്‍ ജേതാക്കള്‍ വരെ വെളിപ്പെടുത്തലുകള്‍ നടത്തി. കാലങ്ങളായുള്ള ബോളിവുഡിന്റെ ജീര്‍ണതകള്‍ തുറന്നുകാട്ടപ്പെടുന്നതിനിടയിലാണ് ഒരു വൈകുന്നേരം എല്ലാം തകിടം മറിയുന്നത്.‍ നടന്റെ കാമുകിക്കെതിരെ പിതാവ് മറ്റൊരു സംസ്ഥാനത്ത് പരാതി നല്‍കുകയും കേസ് രാഷ്ട്രീയ മാനങ്ങള്‍ കൈവരിച്ചു. 

സുശാന്ത് സിങ് രാജ്‍പുത്ത്. ബിഹാറിന്‍റെ തലസ്ഥാനമായ പട്നയിലെ ഒരു ചെറുഗ്രാമത്തില്‍നിന്ന് ഇന്ത്യയുടെ വാണിജ്യതലസ്ഥാനമായ മുംബൈയിലേക്ക് വണ്ടി കയറിയ ചെറുപ്പക്കാരന്‍. ബോളിവുഡ് എന്ന ഇന്ത്യന്‍ സിനിമയുടെ മായാലോകം കീഴടക്കാന്‍ ഓടിനടന്ന ആയിരക്കണക്കിന് യുവാക്കളില്‍ ഒരാള്‍. മിനിസ്ക്രീനില്‍ പയറ്റിത്തെളിഞ്ഞ സുശാന്തിനെ അകറ്റിനിര്‍ത്താന്‍ ബി–ടൗണിന് അധികകാലം സാധിക്കുമായിരുന്നില്ല. ചേതന്‍ ഭഗത്തിന്‍റെ ത്രീ മിസ്റ്റേക്ക്സ് ഓഫ് മൈ ലൈഫിന്‍റെ ചലച്ചിത്ര ആവിഷ്കാരമായ കായ് പൊ ഛെയിലൂടെ 2013ല്‍ ബോളിവുഡില്‍ അരങ്ങേറ്റം. ആദ്യ അവസരത്തില്‍തന്നെ മികച്ചപ്രകടനം. കുടുംബ–താര ആധിപത്യത്തിന്‍റെ കൈപ്പിടിയിലുള്ള ബോളിവുഡിലെ ചിലര്‍ക്കെങ്കില്‍ ഈ ബിഹാറുകാരന്‍റെ വളര്‍ച്ച സഹിക്കാനായില്ല. ഗോഡ്ഫാദറില്ലാതെ വളരുന്ന സുശാന്തിന് പിന്നീട് പലചിത്രങ്ങളും അവസാനനിമിഷം നഷ്ടമായി. പക്ഷെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുന്‍നായകന്‍ മഹേന്ദ്ര സിങ് ധോണിയായുള്ള  പകര്‍ന്നാട്ടം യങ് സൂപ്പര്‍സ്റ്റാര്‍ പദവിയിലെത്തിച്ചു. എന്നാല്‍ ഇതിന് ശേഷവും ഒട്ടേറെ കഥാപാത്രങ്ങള്‍ നടനില്‍ നിന്ന് പിടിച്ചെടുക്കപ്പെട്ടു. സ്വജനപക്ഷപാതത്തിന്‍റെ കയ്പ്പ് സുശാന്തും രുചിച്ചുതുടങ്ങി. ഒരുവേള അയാള്‍ തന്നെയത് തുറന്നുപറഞ്ഞു.

റിയ ചക്രവര്‍ത്തി, ഇന്ത്യയിലെ ഇംഗ്ലീഷ്–ഹിന്ദി ചാനല്‍ പ്രൈംടൈമുകളില്‍ ഇന്ന് ഏറ്റവും അധികം ആവര്‍ത്തിച്ച് കേള്‍ക്കുന്ന പേര്. സുശാന്തിന്റെ മരണത്തിന് ഒരേയൊരു കാരണക്കാരിയായി സമൂഹമാധ്യമ നീതിദാഹികള്‍ ചിത്രീകരിക്കുന്ന വ്യക്തി. ഒരു ശരാശരി അഭിനയത്രി മാത്രമായേ റിയ ഇതുവരെ അടയാളപ്പെടുത്തിയിട്ടുള്ളു. മധ്യവര്‍ഗ കുടുംബം. അച്ഛന്‍, അമ്മ, സഹോദരന്‍. റിയാലിറ്റി ഷോകളിലൂടെയും മോഡലിങ്ങിലൂടെയും ബോളിവുഡിലെത്തി. ഇതുവരെ  ഏഴ് സിനിമകള്‍മാത്രം. സുശാന്തുമായി പ്രണയത്തിലായശേഷമാണ് ഒരുപരിധിവരെ റിയയെന്ന പേര് വ്യാപകമായി കേള്‍ക്കുന്നതും. ഇന്നിപ്പോള്‍ നടന്‍റെ മരണത്തില്‍ ആത്മഹത്യപ്രേരണ ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തപ്പെട്ട് ഇന്ത്യയില്‍ ഏറ്റവും ഉന്നതമായ മൂന്ന് കുറ്റാന്വേഷണ ഏജന്‍സികളുടെ റഡാറിലാണ് ഈ യുവതി. ആദ്യം എന്‍ഫോഴ്മെന്റ് ഡയറക്ട്രേറ്റ്, പിന്നീട് സിബിഐ, ഒടുവില്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ. ആവര്‍ത്തിച്ചുള്ള ചോദ്യം ചെയ്യലുകള്‍, സമൂഹമാധ്യമങ്ങളിലൂടെയും ചില വാര്‍ത്താമാധ്യമങ്ങളിലൂടെയുമുള്ള വ്യക്തി അധിക്ഷേപങ്ങള്‍. കൊടുംവില്ലന്‍ പരിവേഷം.

സുശാന്തിന്റെ മരണം നടന്ന് എണ്‍പത് ദിവസം പിന്നിട്ടിരിക്കുന്നു. മുംബൈ ബാന്ദ്രയിലെ കാര്‍ട്ടര്‍ റോഡിലുള്ള ഈ വസതയില്‍ ജൂണ്‍ മാസം പതിനാലിനാണ് നടന്റെ ചേതനയറ്റ മൃതദേഹം കണ്ടെത്തിയത്. ലോക്ഡൗണ്‍ ആരംഭിച്ചശേഷം സുശാന്തും റിയയും ഇവിടെ ഒരുമിച്ചായിരുന്നു താമസം. ഒരു വര്‍ഷം മുമ്പ് അതായത് 2019ലാണ് ഇരുവരും പ്രണയത്തിലാകുന്നത്. പക്ഷെ അതിനും എത്രയോ മുമ്പ് സുശാന്തിന് മാനസികപ്രശ്നങ്ങളുണ്ടായിരുന്നു എന്നാണ് നടന്‍റെ അടുത്ത സുഹൃത്തുക്കള്‍ വ്യക്തമാക്കിയത്.

സുശാന്തിന്‍റെ ട്വിറ്റര്‍ അക്കൗണ്ടിന്റെ കവര്‍ ഫോട്ടോയാണിത്. ലോകപ്രശസ്ത ചിത്രകാരന്‍ വിന്‍സെന്റ് വാന്‍ഗോഗിന്‍റെ സ്റ്റെയറി നൈറ്റ്സ് അഥവാ നക്ഷത്രരാത്രികള്‍ എന്ന വിഖ്യാതചിത്രം. കടുത്ത വിഷാദരോഗിയായിരുന്ന വാന്‍ഗോഗ് പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു.

സുശാന്ത് പതിവിന് വിപരീതമായി  അസ്വഭാവികത തോന്നിപ്പിക്കുന്ന രീതിയില്‍ സംസാരിക്കുന്ന ഈ വീഡിയോ ലോക്ഡൗണ്‍ കാലത്തേതാണെന്നാണ് വിവരം. മരണം സംഭവിക്കുന്നതിന് ഏഴ് ദിവസം മുന്‍പ് റിയ സുശാന്തിന്റെ വീട്ടില്‍നിന്ന് മടങ്ങിപ്പോയി.  ജൂണ്‍ ഒന്‍പത് മുതല്‍ മരിക്കുന്നതിന്റെ തലേന്ന് വരെ സഹോദരി റിതു സിങ് സുശാന്തിനൊപ്പമുണ്ടായിരുന്നു. കൊലപാത തിയറകള്‍ അവതരിപ്പിക്കുകയും അതില്‍ റിയയെ മാത്രം പ്രതിയാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സമൂഹമാധ്യമനീതി ദാഹികള്‍ എന്നാല്‍ ഇവയെല്ലാം അപ്പാടെ വിഴുകയാണ്. മരണത്തില്‍ അസ്വഭാവിത ആരോപിക്കുന്നവര്‍ ആരും സുശാന്തും കുടുംബവുമായി ബന്ധപ്പെട്ട‍ ചേര്‍ച്ചകേടുകളില്‍ അന്വേഷണം ആവശ്യപ്പെടുന്നില്ല. സുശാന്തിന്റെ മരണത്തില്‍ ഇപ്പോള്‍ തുടരെ ആക്ഷേപം ഉന്നയിക്കുന്ന മുന്‍കാമുകിയും പവിത്ര റിഷ്ദ സീരിയല്‍ ജോഡിയുമായ അങ്കിത ലോഖണ്ഡെ, നടനുമായി പിരിയുന്നതിന് കാരണമായി 2016ല്‍ ചൂണ്ടിക്കാട്ടിയത് സുരക്ഷതത്വമില്ലായ്മയാണ്. സുശാന്തിനെ ഇതുവരെ കണ്ടിട്ടെല്ലെന്ന് തുറന്നുപറയേണ്ടിവന്ന കങ്കണ റനൗട്ടാണ് മരണം സംബന്ധിച്ച കോണ്‍സ്പിരസി തിയറികളിലെ മറ്റൊരു സാന്നിധ്യം. പക്ഷെ ബോളിവുഡിന്റെ ഡ്രഗ് മാഫിയ ബന്ധങ്ങളെപ്പറ്റി തുറന്നുപറയാന്‍ തയാറാണെന്നാണ് കങ്കണ വ്യക്തമാക്കിയത്. സുശാന്തുമായി ബന്ധപ്പെട്ട ലഹരിമരുന്ന് ഉപയോഗ ആരോപണങ്ങളില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ഇവ ഉപകരിക്കപ്പെട്ടേക്കാം.

സുശാന്തിന്റെ മാനസിക പ്രശ്നങ്ങൾ റിയ ചക്രവർത്തി നടന്റെ കുടുംബത്തെ അറിയിച്ചില്ലെന്നായിരുന്നു പ്രധാന പരാതി. എന്നാൽ സുശാന്തിന്റെ സഹോദരിമാരുടെ വാട്സാപ്പ് ചാറ്റുകളിൽ നടന്റെ അസുഖം സംബന്ധിച്ച് കുടുംബത്തിന് വ്യക്തമായ അറിവുണ്ടായിരുന്നതിന്റെ തെളിവുകളുണ്ട്. റിയ ചക്രവർത്തിയിലെക്ക് മാത്രം അന്വേഷണമൊതുക്കുകയാണ് മൂന്ന് കേന്ദ്ര ഏജൻസികൾ എന്നാണ് ആക്ഷേപം.

മരണം നടന്ന സ്ഥലത്തെ ലോക്കല്‍ പൊലീസ് എന്ന നിലയില്‍ ആദ്യം മുംബൈ പൊലീസിന്റെ അന്വേഷണം. നടന്റെ പിതാവിനെയും സഹോദരിമാരെയും സുഹൃത്തക്കളെയും റിയ ചക്രവര്‍ത്തിയെയും ഉള്‍പ്പടെ 56 പേരുടെ മൊഴിയാണ് മുംബൈ പൊലീസ് രേഖപ്പെടുത്തിയത്. പക്ഷെ അപ്പോഴോന്നും ഒരു ആക്ഷേപവും ആരും ഉന്നയിച്ചില്ല. മരണത്തിന്‍റെ ഞെട്ടലില്‍ അന്ന് ഒന്നും പറയാന്‍ സാധിച്ചില്ല എന്നാണ് സുശാന്തിന്‍റെ പിതാവ് കെ.കെ സിങ്ങിന്‍റെ അഭിഭാഷകന്‍ പിന്നീട് വാദിച്ചത്. പക്ഷെ നടന് മാനസികബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു എന്നത് അറിയില്ലെന്ന വാദത്തെ പൊളിക്കുന്ന വിവരങ്ങളാണ് സുശാന്തിന്റെ ഫോണില്‍നിന്ന് തന്നെ പുറത്തായത്. സുപ്രീംകോടതിയിലെ അഭിഭാഷകയായ സഹോദരി പ്രിയങ്ക സിങ് സുശാന്തിനായി മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനുള്ള മരുന്നുകളുടെ കുറിപ്പടി ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രയിലെ മനോരോ വിദഗ്ധനില്‍നിന്ന് വാങ്ങി നല്‍കി. മുംബൈയില്‍ നല്ലൊരു മനോരോഗ വിദഗ്ധനെ ഏര്‍പ്പെടുത്താമെന്നും അറിയിച്ചു. പക്ഷെ സുശാന്ത് ഇതിനെ എതിര്‍ക്കുന്നതായും വാട്സാപ്പ് ചാറ്റുകളില്‍നിന്ന് വ്യക്തം. വിഷാദരോഗം നിയന്ത്രിക്കാനായി ഉപയോഗിക്കുന്ന നെക്സിറ്റോ എന്ന മരുന്ന് എല്ലാദിവസവും, ആങ്കസൈറ്റി അറ്റാക്കുകള്‍ ഉണ്ടാകുമ്പോള്‍ ലോണാസെപ് എന്ന മരുന്ന് ഉപയോഗിക്കാനുമാണ് പ്രിയങ്ക സിങ് രാജ്പുത്ത് ആവശ്യപ്പെടുന്നത്. സുശാന്തിന്റെ മരണത്തിലെ അന്വേഷണം വഴിതിരിയുന്നതിന് മുമ്പ് സിബിഐ അന്വേഷണം ആദ്യം ആവശ്യപ്പെട്ടത് റിയ ചക്രവര്‍ത്തി തന്നെയാണ്. പിന്നീട് ബിഹാര്‍ പൊലീസ് കേസെടുത്ത് റിയയെ പ്രതിയാക്കിയതോടെ മാത്രമാണ് കുടുംബാംഗങ്ങള്‍ സിബിഐ ആവശ്യം ഉന്നയിക്കുന്നത്. അമേരിക്കയിലുള്ള മറ്റൊരു സഹോദരിയായ ശ്വേത സിങ് വിഷാദരോഗത്തെപ്പറ്റിയുള്ള ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍നിന്ന് നീക്കം ചെയ്തതും ബിഹാര്‍ പൊലീസിന്റെ ഇടപെടലിന് ശേഷം. താന്‍ പരിചയപ്പെടുന്നതിന് മുമ്പ് വര്‍ഷങ്ങളായി സുശാന്ത് കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നില്ല എന്നും പിതാവിനെ ഉള്‍പ്പടെ കണ്ടിരുന്നില്ല എന്നുമാണ് റിയ ചക്രവര്‍ത്തി അവകാശപ്പെട്ടത്. സുശാന്തിന്റേതായി പുറത്തുവന്ന ഫോണ്‍സംഭാഷണങ്ങളില്‍ നടന് വിഷാദരോഗമുള്ളതായി സൂചിപ്പിക്കുന്നുണ്ട്.

തന്റെ സമ്പാദ്യം ആരോ തട്ടിയെടുക്കുമെന്ന് സുശാന്തിന് ഭയമുള്ളതായും അഭിനയം നിര്‍ത്തി മുംബൈയില്‍നിന്ന് മറ്റൊരിടത്തേയ്ക്ക് മാറാന്‍ പദ്ധതിയുള്ളതായും  റിയയുമായി നടത്തിയതെന്ന് പറയപ്പെടുന്ന സംഭാഷണത്തില്‍ വ്യക്തമാണ്. സുശാന്ത് തുടര്‍ച്ചയായി ലഹരിമരുന്നുകള്‍ ഉപയോഗിച്ചതായി ആക്ഷേപമുയര്‍ന്നതിന് പിന്നാലെയാണ് സുശാന്ത് കഞ്ചാവ് ഉപയോഗിച്ചിരുന്നതായി റിയ ചക്രവര്‍ത്തി അടുത്തിടെയാണ് അവകാശപ്പെട്ടത്. ഇപ്പോള്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷിക്കുന്ന കേസുകളില്‍ റിയയാണ് സുശാന്തിനെ ലഹരിമരുന്ന് ഇടപാടുകാരുമായി ബന്ധപ്പെടുത്തിയത് എന്നാണ് ആരോപണം. കേസില്‍ അറസ്റ്റിലായ രണ്ട് ലഹരിമരുന്ന് ഇടപാടുകാര്‍ റിയയുടെ സഹോദരനെതിരെ വെളിപ്പെടുത്തല്‍ നടത്തിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

സമൂഹമാധ്യമങ്ങളിലും ചില ഇംഗ്ലീഷ്–ഹിന്ദി ചാനലുകളിലും ആരംഭിച്ച ക്യാംപെയ്നുകളാണ് സുശാന്തിന്‍റെ മരണത്തിലെ അന്വേഷണത്തെ ഇപ്പോഴത്തെ വഴിയിലെത്തിച്ചത്. ട്വിറ്ററില്‍ ജസ്റ്റിസ് ഫോര്‍ സുശാന്ത് എന്ന ഹാഷ്ടാഗുകള്‍ എന്നും ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാമതായി. ഒരുപ്രത്യേക രാഷ്ട്രീയ ചായ്‍വുള്ള ഫേക്ക് അക്കൗണ്ടുകളായിരുന്നു പൊതുവില്‍ പ്രചരണത്തിന് ചുക്കാന്‍ പിടിച്ചിരുന്നത് എന്ന് വ്യക്തം. അവിടെയാണ് സുശാന്തിന് നീതി വാങ്ങി നല്‍കാന്‍ ശ്രമിക്കുന്നതിലെ രാഷ്ട്രീയതാല്‍പര്യം മറനീക്കി പുറത്തുവരുന്നത്.

സുശാന്തിന്റെ മരണത്തില്‍ കോണ്‍സ്പിരസി തിയറികളുമായി സമൂഹമാധ്യമങ്ങളില്‍വാദിക്കുന്ന ഫേക്ക് അക്കൗണ്ടുകളില്‍ ചിലതാണിത്. ഒന്നിനും യഥാര്‍ഥ പേരില്ല, മേല്‍വിലാസമില്ല. സെലിബ്രിറ്റികളുടെയും പ്രമുഖരുടെയും പേരിലുള്ള വ്യാജന്‍മാര്‍. കേസില്‍ തുടക്കം മുതല്‍ക്കേ ഇടപെടുന്ന പ്രമഖര്‍ ഈ വ്യാജ അക്കൗണ്ടുകളുടെ പ്രചാരണത്തെ അതേപടി പകര്‍ത്തുന്നതായി കാണാം. ആദ്യം റിയക്കെതിരെ കേസെടുത്ത കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, കള്ളപ്പണ ഇടപാട് സംബന്ധിച്ച അന്വേഷണത്തിലാണ്. സുശാന്തിന്റെ അക്കൗണ്ടില്‍നിന്ന് പതിനഞ്ച് കോടി വകമാറ്റിയ റിയ പണം നിയമവിരുദ്ധ സാമ്പത്തിക പ്രവര്‍ത്തികള്‍ക്ക് ഉപയോഗിച്ചു എന്നായിരുന്നു നടന്റെ പിതാവിന്‍റെ പരാതി. റിയയെയും കുടുംബാംഗങ്ങളെയും പലതവണ ചോദ്യം ചെയ്തെങ്കിലും നടപടി ഒന്നും ഉണ്ടായില്ല. പിന്നീടാണ് സിബിഐ അന്വേഷണത്തെ സുപ്രീംകോടതി ശരിവെക്കുന്നതും മുംബൈ യൂണിറ്റിന് പകരം പ്രത്യേക എസ്ഐടി രൂപീകരിച്ച് ബിഹാര്‍ കേഡറില്‍പ്പെട്ട ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ സിബിഐസംഘം മുംബൈയിലെത്തുന്നതും. മരണം ആത്മഹത്യ തന്നെയാണോ എന്ന് ഉറപ്പിക്കാന്‍ പലവിധ പരിശോധനകളും സുശാന്തിന്റെ വീട്ടിലെത്തി ഡമ്മി ടെസ്റ്റുകളും സിബിഐ നടത്തി. കേസിനെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ സജീവമായി നിര്‍ത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് പ്രത്യേക താല്‍പര്യമുള്ളതായി തുടക്കം മുതല്‍ ആക്ഷേപമുയര്‍ന്നിരുന്നു. ഇ.ഡിക്ക് മാത്രം കൈമാറിയ തന്റെ ഫോണിലെ സ്വകാര്യ വാട്സാപ്പ് ചാറ്റുകള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചത് റിയയും ചൂണ്ടിക്കാട്ടിയതാണ്.

ചില ഇംഗ്ലീഷ്–ഹിന്ദി ചാനലുകളുടെ കടന്നുകയറ്റം കാരണം കുടുംബം ആത്മഹത്യയുടെ വക്കിലാണെന്ന് കാണിച്ച് റിയ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണിത്. വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറാന്‍ മാധ്യമപ്രവര്‍ത്തകര്‍ എന്ന് അവകാശപ്പെടുന്ന ചിലര്‍ ശ്രമിച്ചതിനെതിരെ പലവട്ടം മുംബൈ പൊലീസില്‍ പരാതി നല്‍കേണ്ടിവന്നു റിയക്ക്. കൃത്യമായ തെളിവില്ലാതെയും പ്രത്യേക അജന്‍ഡവച്ച് കൊണ്ടും നടിക്കെതിരെയുണ്ടാകുന്ന വിച്ച് ഹണ്ടിങ്ങുകള്‍ക്കെതിരെ ബോളിവുഡും ചെറിയ രീതിയിലെങ്കിലും പ്രതികരിക്കുന്നുണ്ട്. തപസി പനുവും വിദ്യാ ബാലനും റിയക്ക് പിന്തുണയുമായി രംഗത്തെത്തി. പക്ഷെ ശരിയായ നീതിന്യായ വ്യവസ്ഥയില്‍ കേസ് മുന്നോട്ട് പോകണമെന്ന് ആവശ്യപ്പെടുന്നവര്‍ക്കെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് സമൂഹമാധ്യമ നീതിദാഹികള്‍ നടത്തുന്നത്.

നടന്റെ മരണംനടന്ന് നാല്‍പതാംദിവസമാണ് അവസാനചിത്രമായ ദില്‍ ബച്ചാര പുറത്തിറങ്ങുന്നത്. വന്‍പ്രേഷക സ്വീകാര്യതയാണ് ഒടിടി പ്ലാറ്റ്ഫോമില്‍ പുറത്തിറങ്ങിയ ദില്‍ബച്ചാരയ്ക്ക് ലഭിച്ചത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഹിറ്റ് എന്നാണ് ദില്‍ബച്ചാരയെ നിരൂപകര്‍ വിശേഷിപ്പിച്ചത്. ലോകപ്രശസ്തമായ മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴിസിന്റെ എക്കാലത്തെയും വലിയ വിജയമായ അവഞ്ചേഴ്സ് എന്‍ഡ് ഗെയിമിന്റെ ട്രെയിലറിനെ പിന്‍തള്ളി, ആദ്യ 24 മണിക്കൂറിനിടെ ദില്‍ ബച്ചാര ചരിത്രം സൃഷ്ടിച്ചു. സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം ഇന്ത്യന്‍ സിനിമ പ്രേക്ഷകരെ എത്രത്തോളം പിടിച്ചുലച്ചു എന്നതിന് ഇതിലധികം തെളിവ് ആവശ്യമില്ല. ഈ സ്വീകാര്യത തന്നെയാണ് മറ്റൊരുതലത്തില്‍ ജസ്റ്റിസ് ഫോര്‍ സുശാന്ത് സിങ് രാജ്പുത്ത് എന്ന ക്യാംപെയിന് ഊര്‍ജം പകര്‍ന്നത്. സാധ്യതമനസിലാക്കിയ സമൂഹമാധ്യമ വ്യാജന്‍മാര്‍ ആദ്യവും ചില രാഷ്ട്രീയ അനുഭാവിത്വമുള്ള ഹാന്‍ഡിലുകള്‍ പിന്നീടും വിവിധ സിദ്ധാന്തങ്ങളുമായി രംഗത്തെത്തി. ഒന്നിനും ശാസ്ത്രീയ അടിത്തറയോ, കൃത്യമായ തെളിവുകളോ ഇല്ല. ആദ്യം വിഷാദരോഗം എന്നൊന്ന് ഇല്ലെന്ന് ്വരുത്തി തീര്‍ക്കാനായിരുന്നു ശ്രമം. നമുക്ക് ഇഷ്ടപ്പെട്ട, വെള്ളിത്തിരയില്‍ നിറഞ്ഞാടുന്ന, നമ്മെ ത്രസിപ്പിക്കുന്ന ഒരു താരത്തിന് മാനസിക പ്രശ്നങ്ങളുണ്ടാകില്ല എന്ന പൊതുബോധം ഇവിടെ അടിച്ചേല്‍പ്പിക്കാനായി. സമ്പത്തും മറ്റ് ഭൗതിക സൗകര്യങ്ങളും ഉണ്ടായാല്‍ സന്തോഷം നഷ്ടപ്പെടില്ല എന്നുപോലും ആരാധവൃന്ദം പ്രതികരിച്ചു.

ഒരുകാലത്ത് കടുത്ത ഡിപ്രഷനിലായിരുന്നു എന്ന് സ്വയം വെളിപ്പെടുത്തുകയും സുശാന്തിന്റെ മരണത്തിന് പിന്നാലെ വിഷാദത്തെപ്പറ്റി വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിടുകയും ചെയ്ത ദീപിക പദുക്കോണിനെ ഉന്നംവച്ച് സൈബര്‍ ആക്രമണമുണ്ടായി. ജെഎന്‍യു സംഘര്‍ഷത്തില്‍ ഉള്‍പ്പടെ നിലപാട് എടുത്ത ദിപകയെ ഇതെല്ലാം ചൂണ്ടിക്കാട്ടി ആക്രമിച്ചു. ഇത് രാഷ്ട്രീയതാല്‍പര്യം വെളിവാക്കുന്നു. പിന്നീടാണ് സൈബര്‍ ക്യാംപെയിനുകളുടെയും സോഷ്യല്‍ ഓഡിറ്റിങ്ങിന്റെ പേരില്‍ ആരംഭിച്ച കടന്നാക്രമണങ്ങളുടെ സ്വഭാവം മാറിയത്. മഹാരാഷ്ട്ര സര്‍ക്കാരിനെയും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറയെയും ഉന്നവച്ച് ക്യാംപെയിനുകള്‍ ശക്തമായി. മുംബൈ പൊലീസ് തെളിവ് നശിപ്പിക്കുന്നുവെന്നും നടന്റെ മരണത്തില്‍ ഒത്തുകളിക്കുന്നുവെന്നും തെളിവുകളില്ലാതെ ആരോപണങ്ങളുയര്‍ന്നു. സുശാന്തിന്റെ മുന്‍മാനേജറായിരുന്ന ദിഷ സാലിയന്‍ നടന്റെ മരണത്തിന് ഒരാഴ്ച മുമ്പ് മരിച്ചതില്‍ ആദിത്യക്ക് പങ്കുണ്ടെന്നായിരുന്നു ആദ്യ ആരോപണം. പക്ഷെ മകളുടേത് ആത്മഹത്യ തന്നെയാണെന്ന് ദിഷയുടെ മാതാപിതാക്കള്‍ വ്യക്തമാക്കി. പക്ഷെ മഹാരാഷ്ട്ര സര്‍ക്കാരിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയ ദിഷയുടെ കുടുംബം കേസൊതുക്കാന്‍ ശ്രമിക്കുന്നതായി പ്രചരണമുണ്ടായി. ഒടുവില്‍ ചില മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പോലും അസത്യപ്രചരണങ്ങളുടെ പേരില്‍ പൊലീസില്‍ പരാതി നല്‍കേണ്ടിവന്നു ദിഷയുടെ കുടുംബത്തിന്.

ശിവസേനയുൾപ്പടെ ആരോപിക്കുന്നത് പോലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പും സുശാന്ത് സിങ് രാജ്‍പുത്തും തമ്മിലെന്താണ് ബന്ധം. രണ്ട് സംസ്ഥാനങ്ങള്‍ പരസ്പരം നിയമപരവുമല്ലാതെയുമുള്ള ഏറ്റമുട്ടലുകളിലേക്ക് നയിക്കാന്‍ മാത്രം ഒരു ചലച്ചിത്ര നടന്റെ മരണത്തിലെ പ്രത്യേകതയെന്താണ്. ബിഹാർ സംസ്ഥാ്ഥാന പൊലീസ് മേധാ യുൾപ്പടെ നടത്തിയ രാഷ്ട്രീയം കലർന്ന പ്രസ്താവനകൾ ഈ സംശയത്തിന് ശക്തിപകരുന്നു.

മുംബൈയില്‍ നടന്നുവെന്ന് പരാതിപ്പെട്ട ഒരു കുറ്റകൃത്യത്തില്‍ ബിഹാര്‍ പൊലീസ് കേസെടുക്കുന്നു. കേസെടുത്തമാത്രയില്‍ അസാധാരണ തിടക്കം കാണിച്ച് ബിഹാര്‍ പൊലീസ് മുംബൈയിലെത്തുന്നു. മുംബൈ പൊലീസിന്റെ സഹകരണം ലഭിച്ചില്ലെന്ന് പരാതിപ്പെട്ട് ഓട്ടോയിലും ടാക്സികളിലുമായി തെളിവെടുപ്പിനും അന്വേഷണത്തിനും പോകുന്ന ബിഹാര്‍ പൊലീസ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാവശ്യപ്പെട്ട് നടപടിക്രമങ്ങള്‍ മറികടന്ന് ആശുപത്രിയില്‍ നേരിട്ടെത്തി ബഹളം ഉണ്ടാക്കുന്ന ബിഹാര്‍ പൊലീസ്. തുടക്കം മുതല്‍തന്നെ ഒരു അസാധാരണത്വം അനുഭവപ്പെട്ടിരുന്നു ഈ നടപടികളില്‍. പിന്നീട് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിശ്വസ്തനായ ബിഹാര്‍ ഡിജിപി രാഷ്ട്രീയം കലര്‍ന്ന പ്രസ്താവനകള്‍ ആരംഭിച്ചു. ഒരുപ്രത്യേക മാധ്യമത്തിന് മാത്രം മുഴുനീളെ അഭിമുഖങ്ങള്‍ നല്‍കി വിവാദപ്രസ്താവനകള്‍ തുടര്‍ന്നു. അതിനുമുമ്പേ സമൂഹമാധ്യമ നിര്‍മിതിയലുണ്ടായ കോണ്‍സ്പിരസി തിയറികള്‍ ബിഹാറി വികാരം അക്ഷരാര്‍ത്ഥത്തില്‍ ആളിക്കത്തിച്ചുതുടങ്ങിയിരുന്നു. സൈബറിടത്തിന് പുറത്തേയ്ക്ക് കോവിഡ് നിയന്ത്രണങ്ങള്‍വരെ മറികടന്ന് ബിഹാറി യുവത്വം എത്തിയതോടെയാണ് അതുവരെ പരാതി ഇല്ലാതിരുന്ന സുശാന്തിന്റെ പിതാവ് പട്ന പൊലീസില്‍ റിയക്കെതിരെ പരാതി നല്‍കുന്നത്. പിന്നാലെ എല്ലാം നേരത്തെ തയാറാക്കിയ പദ്ധതിപോലെ മുന്നോട്ട് പോയി. ഇവിടെയാണ് ശിവസേനയും എന്‍സിപിയും ഉള്‍പ്പടെയുള്ള മഹാരാഷ്ട്രീയന്‍ പാര്‍ട്ടികള്‍ സംശയമുന്നയിക്കുന്നത്. കോവിഡിലും കനത്തപ്രളയത്തിലും നട്ടംതിരിഞ്ഞ ബിഹാറില്‍ രാഷ്ട്രീയ അജന്‍ഡ മാറ്റുവാനായി രാഷ്ട്രയ അഭ്യാസത്തിന് പേരുകേട്ട നിതീഷ് കുമാര്‍ ശ്രമിച്ചുവെന്നായിരുന്നു സേനനേതാവ് സഞ്ജയ് റാവുത്തിന്റെ ആരോപണം. ഒരുപരിധിവരെ ബിഹാറിലെ പ്രാദേശിക പ്രശ്നങ്ങളുടെ മുകളില്‍ സുശാന്ത് കേസിനെ പ്രതിഷ്ഠിക്കാന്‍ നിതീഷ് കുമാറിന് സാധിച്ചിട്ടുണ്ടെന്നതും സത്യമാണ്. പണ്ടുമുതല്‍ക്കേയുള്ള ഉത്തരേന്ത്യന്‍–മറാഠി സംഘര്‍ഷത്തിന്റെ മറ്റൊരുതരത്തിലേക്ക് പ്രശ്നങ്ങള്‍ നീളുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. മുംബൈയില്‍നടന്ന കുറ്റകൃത്യത്തിലെ അന്വേഷണം ബിഹാര്‍ സര്‍ക്കാര്‍ സിബിഐക്ക് വിട്ടതോടെ അധികാരപരിധിയും ഫെഡറല്‍ സിസ്റ്റവും സംബന്ധിച്ച സംവാദങ്ങളിലെത്തി. പക്ഷെ ബിഹാര്‍ സര്‍ക്കാരിന്റെ തീരുമാനം സുപ്രീംകോടതിയും അംഗീകരിച്ചതോടെ തര്‍ക്കം അവസാനിച്ചു. എന്നാല്‍ മുംബൈ പൊലീസിനേയും സംസ്ഥാനസര്‍ക്കാരിനേയും സൈബറിടത്തില്‍ കൂട്ടായി അക്രമിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അതിനിടയിലാണ് ബിജെപി ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ് ചുമതല മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് നല്‍കുന്നത്. മഹാരാഷ്ട്രയിലെ നിലവിലെ സര്‍ക്കാരിനെതിരെ നടക്കുന്ന സംഘടിത ക്യാംപെയിനുകള്‍ക്ക് പിന്നീല്‍ ഇങ്ങനെയൊരു ബന്ധമുണ്ടെന്നാണ് മഹാവികാസ് അഖാഡി നേതാക്കളുടെ ആരോപണം. പക്ഷെ, സുശാന്തിന് നീതിയെന്നപേരില്‍ അത് തിരഞ്ഞെടുപ്പില്‍ അനുകൂലമാക്കാന്‍ ബിഹാറിലെ എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളും ശ്രമിക്കുന്നുണ്ടെന്നത് മറ്റൊരു യാഥാര്‍ഥ്യമാണ്. കോണ്‍ഗ്രസിനൊപ്പമുള്ള ആര്‍ജെഡിയുടെ തേജ്വസി യാദവാണ് മരണത്തില്‍ മുംബൈ പൊലീസിനെ പരോക്ഷമായെങ്കിലും ആദ്യം തള്ളിപ്പറഞ്ഞത്.

സുശാന്തിന്‍റെ ജീവിത കഥയിലേക്ക് വെട്ടം വീഴാന്‍ ഇനിയെത്ര രാത്രികള്‍ കാത്തിരിക്കണമെന്ന് അറിയില്ല. ഇന്ത്യാമഹാരാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സികള്‍ക്ക് അതെളുപ്പം സാധിക്കട്ടെയെന്ന് പ്രത്യാശിക്കാം. കുറ്റം നടന്നിട്ടുണ്ടെങ്കില്‍ ഭരണഘടനാ അനുശാസിക്കുന്ന രീതിയിൽ തന്നെ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം, പക്ഷെ ആള്‍ക്കൂട്ടവിചാരണകളും വിച്ച് ഹണ്ടിങ്ങുകളും ജനാധിപത്യസംവിധാനത്തിന് ഭൂഷണമല്ല. സുശാന്ത് സിങ് രാജ്‍പുത്തിന് നീതി ലഭിച്ചേ മതിയാകു, പക്ഷെ അതൊരു റിയ ചക്രവര്‍ത്തിയുടെയും നീതിനിഷേധിച്ചുകൊണ്ടാകരുത്.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...