ചരിത്രമായി രാമക്ഷേത്ര ശിലാസ്ഥാപനം; ആധുനിക ഇന്ത്യയുടെ പ്രതീകമെന്ന് മോദി

ram-mandir
SHARE

അയോധ്യയിലെ തര്‍ക്ക ഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കാം. അവകാശം കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്റ്റിന്. മുസ്‍ലിം പള്ളി നിര്‍മിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിന് തര്‍ക്കഭൂമിക്കു പുറത്ത് അഞ്ചേക്കര്‍. രാം ചബൂത്രയിലും സീത രസോയിയിലും ഹൈന്ദവ പൂജ നടന്നതിന് തെളിവുണ്ട്. തര്‍ക്ക ഭൂമിയില്‍ അവകാശം തെളിയിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിനായില്ല. രാമജന്മഭൂമിക്കല്ല ശ്രീരാമദേവനാണ് നിയമവ്യക്തിത്വം. സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് അയോധ്യക്കേസില്‍ തീര്‍പ്പു കല്‍പ്പിച്ചു. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് പതിനഞ്ചംഗ ട്രസ്റ്റ് രൂപീകരിച്ചതായി ലോക്സഭയില്‍ പ്രധാനമന്ത്രി. ശ്രീരാമജന്മഭൂമി തീര്‍ഥ ക്ഷേത്ര എന്ന സമിതിയുടെ പ്രഖ്യാപനം നാടകീയമായാണ് ലോക്സഭയില്‍ മോദി പ്രഖ്യാപിച്ചത്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ രണ്ടുദിവസം മുമ്പ്. ഓഗസ്റ്റ് അഞ്ചിന് രാമക്ഷേത്രത്തിന് തറക്കല്ലിടുമെന്ന് കഴിഞ്ഞ മാസം പ്രഖ്യാപനം. 

ഒരുക്കങ്ങള്‍ തകൃതി. 2,000 പുണ്യസ്ഥലങ്ങളിൽ നിന്ന് മണ്ണും 1500 ഇടങ്ങളിൽ നിന്ന് വെള്ളവും ഭൂമി പൂജക്കായി അയോധ്യയില്‍ എത്തിച്ചു. കോവിഡ് കാലമായതിനാല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഹനുമാന്‍ഗഡി ക്ഷേത്രവും ചടങ്ങ് നടക്കുന്ന ഇടവുമെല്ലാം അണുമുക്തമാക്കി. സരയൂ നദീതീരത്തേക്കാണ് രാജ്യത്തിന്‍റെ ശ്രദ്ധ അത്രയും. ലോകത്തിലെ മൂന്നാമത്തെ വലിയ ക്ഷേത്രത്തിന്റെ നിർമാണത്തിനാണ് തുടക്കമാകുന്നത്. അതിലുമുപരി ഈ തറക്കല്ലിടലിന് ഇന്ത്യയുടെ ചരിത്രത്തില്‍ വലിയ ഇടമുണ്ട്. ഡല്‍ഹിയില്‍ നിന്ന് ലക്നൗവിലേക്ക് പ്രത്യക വിമാനത്തിലെത്തിയ പ്രധാനമന്ത്രി അവിടെനിന്ന് ഹെലികോപ്ടറില്‍ അയോധ്യയിലേക്ക്. ശ്രീരാമ വിഗ്രഹമുള്ള താല്‍ക്കാലിക ക്ഷേത്രത്തില്‍ ആദ്യം ദര്‍ശനം. 

ലോകത്തെ മൂന്നാമത്തെ വലിയ ക്ഷേത്രത്തിന് ഇന്ത്യന്‍ പ്രധാനമന്ത്രി ശിലയിട്ടു. കംബോഡിയയിലെ അങ്കോര്‍ വാട് ക്ഷേത്രമാണ് ലോകത്തിലെ ഏറ്റവും വലിയ ഹൈന്ദവ ആരാധനാലയം.  തമിഴ്നാട് തിരുച്ചിറപ്പള്ളി ശ്രീരംഗനാഥ ക്ഷേത്രമാണ് രണ്ടാം സ്ഥാനത്ത്. വലിപ്പംകൊണ്ടുമാത്രമല്ല അയോധ്യയിലെ രാമക്ഷേത്രം ചരിത്രത്തില്‍ ഇടം പിടിക്കുക. ഇന്നലെകളിലെയെന്നപോലെ ഈ നിര്‍മിതിയുടെ അലയൊലികള്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ഇനിയുമുണ്ടാകും. 1980 നു ശേഷമുള്ള ഇന്ത്യന്‍ രാഷ്ട്രീയത്തെ തീരുമാനിച്ചതില്‍ അയോധ്യക്ക് വലിയ പങ്കുണ്ട്. രാജ്യം ഭരിക്കുന്ന ബിജെപിയെ അതിന് പ്രാപ്തമാക്കിയതില്‍ ശ്രീരാമനും അയോധ്യക്കുമുള്ള പങ്ക് വിസ്മരിക്കാനാകില്ല. ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാകാന്‍ ഒരു പതിറ്റാണ്ടെങ്കിലും വേണ്ടിവരും. അക്കാലമത്രയും തിരഞ്ഞെടുപ്പുകളിലടക്കം ഉപയോഗിക്കപ്പെടാന്‍ അയോധ്യയെ ഇന്ത്യന്‍ രാഷ്ട്രീയം ഉപയോഗിക്കുകതന്നെ ചെയ്യും. 1983ല്‍ വിഎച്ച്പി നേതാവ് അശോക് സിംഗാളിന്‍റെ നിര്‍ദേശപ്രകാരം വാസ്തുശില്‍പ്പി ചന്ദ്രകാന്ത് സോംപുരയാണ് രാമക്ഷേത്രത്തിന്‍റെ മാതൃക തയ്യാറാക്കിയത്. 120 ഏക്കര്‍ സ്ഥലത്താകും  ക്ഷേത്രം സ്ഥിതിചെയ്യുക.  നിലവിലെ 70 ഏക്കര്‍ ഭൂമിക്ക് പുറമേ അമ്പതോളം ഏക്കര്‍ കൂടി ഏറ്റെടുക്കും. പ്രദേശത്തുള്ള ഒന്‍പത് ക്ഷേത്രങ്ങള്‍ പൊളിച്ചുമാറ്റും. ഇവിടത്തെ വിഗ്രഹങ്ങള്‍ ആചാരവിധി പ്രകാരം പുതിയ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കും. നഗരശൈലിയിലാണ് നിര്‍മാണം. മൂന്ന് നിലകളുള്ള ക്ഷേത്രത്തിന് അഞ്ച് താഴികക്കുടങ്ങളുണ്ടാകും. 280 അടി വീതി. 300 അടി നീളം. 161 അടി ഉയരം. 84,000 ചതുരശ്രയടി വിസ്തീര്‍ണം. ആദ്യഘട്ടം മൂന്ന് വര്‍ഷത്തില്‍ പൂര്‍ത്തിയാകും. പത്തുവര്‍ഷം വേണം പൂര്‍ണമായും പണി തീരാന്‍. നിര്‍മാണത്തിന്‍റെ ഒാരോ ഘട്ടവും ബിജെപിയുടെ വരുംകാല രാഷ്ട്രീയ പ്രചാരണത്തില്‍ നിറഞ്ഞു നില്‍ക്കുമെന്നതിലും തര്‍ക്കമില്ല.

തിങ്കളാഴ്ച ഗൗരീ ഗണേശ പൂജയോടെ ക്ഷേത്ര നിര്‍മാണത്തിന്‍റെ ചടങ്ങുകള്‍ തുടങ്ങിയിരുന്നു. അയോധ്യക്കു പുറമേ വാരണസി ശ്രീരംഗം എന്നിവിടങ്ങളില്‍ നിന്നെല്ലാം പുരോഹിതര്‍ ചടങ്ങിനായി എത്തിയിരുന്നു. ഇരുപത്തിയൊമ്പതു വര്‍ഷത്തിനു ശേഷമാണ് നരേന്ദ്രമോദി അയോധ്യയിലെത്തിയത് എന്ന ഒരു പ്രത്യേകത കൂടി ഈ ദിവസത്തിനുണ്ട്. നാല്‍പ്പതുകിലോ ഭരം വരുന്ന വെള്ളി ശില പാകിയാണ് ക്ഷേത്ര നിര്‍മാണത്തിന് പ്രധാനമന്ത്രി തുടക്കമിട്ടത്. കോവിഡ് കാലമായതിനാല്‍ നൂറ്റിഎഴുപത്തിയഞ്ചു പേര്‍ക്കുമാത്രമായിരുന്നു ചടങ്ങിലേക്ക് ക്ഷണം. ഐതിഹാസിക നിമിഷമെന്നാണ് രാമക്ഷേത്ര ശിലാസ്ഥാപനത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് അവസാനമായെന്നും മോദി 

സ്വാതന്ത്രസമരത്തിന് തുല്യമായ പോരാട്ടമാണ് രാമക്ഷേത്രത്തിനായി നടന്നതെന്നാണ് പ്രധാനമന്ത്രി അനുസ്മരിക്കുന്നത്. പല തലമുറകളുടെ പല നൂറ്റാണ്ടിലെ പോരാട്ടം ഇപ്പോള്‍ ലക്ഷ്യത്തിലെത്തി. അയോധ്യയിലെ രാമക്ഷേത്രം ഇന്ത്യന്‍ സംസ്കാരത്തിന്റെ ആധുനികപ്രതീകമാകുമെന്ന പ്രതീക്ഷ പങ്കുവച്ചാണ് പ്രധാനമന്ത്രി മടങ്ങിയത്. രാമക്ഷേത്രശിലാസ്ഥാപനം പുതിയ ഇന്ത്യയുടെ പുതിയ തുടക്കമാണെന്നാണ് RSS അധ്യക്ഷന്‍ മോഹന്‍ ഭാഗവത് പറഞ്‍ത്. ഇന്ത്യയെ സ്വയംപര്യാപ്തമാക്കുന്നതിനുള്ള അടിസ്ഥാനമായെന്നും ചടങ്ങിനെത്തിയ  മോഹന്‍ ഭാഗവത് പറഞ്ഞു

രാമജന്മഭൂമി പ്രസ്ഥാനത്തില്‍ ബിജെപിയുടെ മുഖമായി മാറിയ എല്‍കെ അദ്വാനി ഭൂമിപൂജക്ക് എത്തിയില്ല. അദ്വാനിയെ ക്ഷണിക്കാത്തതിനെ തുടര്‍ന്ന് വിവാദം ഉയര്‍ന്നെങ്കിലും കോവിഡ് കാരണം പറഞ്ഞ് സംഘാടകര്‍ തലയൂരി. തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ചടങ്ങിന്‍റെ ഭാഗമാകണമെന്ന് അഭ്യര്‍ഥിച്ചു.

പുതിയതായി ഉടരുന്ന ക്ഷേത്രത്തിന്‍റെ വലിപ്പംപോലെ വലിയ ഉയരത്തിലുള്ള ലക്ഷ്യങ്ങളാണ് ബിജെപിയും കണക്കുകൂട്ടുന്നത്.   ക്ഷേത്രത്തിന്‍റെ ഒാരോ നിര്‍മാണഘട്ടവും ബിജെപിയുടെ രാഷ്ട്രീയ പ്രചാരണവേദികളില്‍ നിറഞ്ഞു നില്‍ക്കും. ആദ്യംഘട്ടം പൂര്‍ത്തിയാകുമ്പോളേക്ക് അടുത്ത ലോക്സഭാ തിര‍ഞ്ഞെടുപ്പിന് കളമൊരുങ്ങും.മുത്തലാഖ് നിരോധനം, ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കല്‍, പൗരത്വനിയമഭേദഗതി എന്നിവയ്ക്ക് പിന്നാലെയാണ് രാമക്ഷേത്രത്തിനും ബിജെപിയുടെ പുതിയ രാഷ്ട്രീയ സാധ്യതകള്‍ക്കും ശിലയിട്ടിരിക്കുന്നത്. രാജീവ് ഗാന്ധിയുടെ 404 സീറ്റെന്ന റെക്കോര്‍ഡ് മറികടക്കാന്‍ ആഗ്രഹിക്കുന്ന ബിജെപിക്ക് ഈ നിര്‍മിതി തുണയായേക്കും. 1996ലാണ് രാമക്ഷേത്രമെന്ന വാഗ്ദാനം ബിജെപി പ്രകടനപത്രികയില്‍ ഇടംപിടിക്കുന്നത്. 2ല്‍ നിന്ന് 303 എംപിമാരിലേയ്ക്ക് ബിജെപി വളര്‍ന്നതില്‍ അയോധ്യയ്ക്ക് നിര്‍ണായക പങ്കുണ്ട്.  2022ല്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്ന യോഗി ആദിത്യനാഥിനും അയോധ്യ നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. 

രാമക്ഷേത്ര നിര്‍മാണം ബിജെപിക്ക് രാഷ്ട്രീയ മുന്നേറ്റത്തിന് കരുത്തു നല്‍കുന്നതാണെങ്കില്‍ പ്രതിപക്ഷനിരയുടെ കാര്യമെടുത്താല്‍ ആകെ ആശയക്കുഴപ്പത്തിലാണ്. ബിജെപി തെളിച്ച വഴിയേ നടക്കുകയെന്ന പ്രതിസന്ധിയാണ് പ്രതിപക്ഷം നേരിടുന്നത്. ഇന്ത്യന്‍ മുഖ്യധാര രാഷ്ട്രീയം നിലവില്‍ രണ്ട് പക്ഷത്താണ്. രാമക്ഷേത്ര നിര്‍മാണത്തെ പിന്തുണയ്ക്കുന്നവരും എതിര്‍ക്കുകയോ, നിശബ്ദരാകുകയോ ചെയ്യുന്നവരും. പ്രധാനപ്രതിപക്ഷപ്പാര്‍ട്ടിയായ കോണ്‍ഗ്രസിന്‍റെ നേതാക്കള്‍ക്കിടയില്‍ ഭിന്നത രൂക്ഷമാണുതാനും. രാമക്ഷേത്ര നിര്‍മാണത്തിന്‍റെ ക്രെഡിന് പൂര്‍ണമായും ബിജെപി കൊണ്ടുപോകുന്നത് തടയാന്‍ ഒരു വിഭാഗം നേതാക്കള്‍ അരയുംതലയും മറുക്കിയിറങ്ങി. അതില്‍ മുന്‍നിരയിലുണ്ടായിരുന്നത് മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന കമല്‍നാഥായിരുന്നു. പ്രാര്‍ഥനയജ്ഞം നടത്തുകയും പതിനൊന്ന് വെള്ളിശിലകള്‍ സമര്‍പ്പിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു അദ്ദേഹം. മനീഷ് തിവാരി, ആനന്ദ് ശര്‍മ, ദിഗ്‍വിജയ് സിങ് എന്നിവരും രാമമന്ത്രം മുഴക്കിയവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഭൂമി പൂജയ്ക്ക് ആശംസ അറിയിച്ച് പ്രിയങ്ക ഗാന്ധി നയം വ്യക്തമാക്കിയതോടെ കോണ്‍ഗ്രസിനകത്തെ ആശയക്കുഴപ്പത്തിന്‍റെ ആഴം കൂടി. യുപിയുടെ ചുമതലയുള്ള എെഎസിസി ജനറല്‍ സെക്രട്ടറിയായ പ്രിയങ്കയുടെ വാക്കുകള്‍ വിശാലമായ ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ മര്‍മം അറിഞ്ഞായിരുന്നു. നെഹ്റുവിന്‍റെ മതേതര പാരമ്പര്യത്തിനും ബിജെപിയെ നേരിടാനുള്ള മൃദുഹിന്ദുത്വത്തിനും ഇടയില്‍പ്പെട്ട് ഞെരിഞ്ഞമരുകയാണ് നിലവില്‍ കോണ്‍ഗ്രസ്. പ്രിയങ്കയുടെ വാക്കുകളോട് മുസ്‍ലിംലീഗ് പ്രകടിപ്പിച്ച് അതൃപ്തി കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ്. ശ്രീരാമന്‍ സ്നേഹമാണെന്നും ഒരിക്കലും അനീതിക്കൊപ്പമുണ്ടാകില്ലെന്നും പ്രതികരിച്ച് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അസ്വസ്ഥതകള്‍ക്ക് താല്‍ക്കാലിക വിരാമം ഇടാന്‍ ശ്രമിച്ചു. ബിജെപിയുടെ രാമനല്ല, തന്‍റെ രാമനെന്ന ബദല്‍ രാഷ്ട്രീയ സൃഷ്ടിക്കാനാണ് രാഹുല്‍ ശ്രമിച്ചത്. നീതി, ധാര്‍മികത, ധൈര്യം എന്നിവയുടെ പ്രതീകമാണ് ശ്രീരാമനെന്നും ഇരുണ്ട സമയങ്ങളില്‍ ഈ മൂല്യങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്നും ശശി തരൂര്‍ എം.പി ട്വീറ്റ് ചെയ്തു. രാമന്‍റെ അനുഗ്രഹം രാജ്യത്തെ പട്ടിണിയും ദാരിദ്ര്യവും ഇല്ലാതാക്കുമെന്നായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ കേജ്‍രിവാളിന്‍റെ പ്രതികരണം. രാമക്ഷേത്രം നിര്‍മിക്കാന്‍ അവസരം ഒരുങ്ങിയതിന്‍റെ ക്രെഡിറ്റ് സുപ്രീംകോടതിക്കുള്ളതാണെന്നുപറഞ്ഞ് ബിഎസ്പി നേതാവ് മായാവതി വേറിട്ട ശബ്ദമുയര്‍ത്തി. രാമന്‍റെ പാത ജനം പിന്തുടരട്ടെയെന്ന് സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും പറഞ്ഞു. പ്രധാനമന്ത്രി സത്യപ്രജ്ഞാലംഘനം നടത്തിയെന്നാണ് ഹൈദരാബാദ് എംപി അസദുദീന്‍ ഒവൈസി കുറ്റപ്പെടുത്തിയത്. വാദങ്ങളും പ്രതിവാദങ്ങളും പലതും ഉയരുന്നുണ്ടെങ്കിലും  രാജ്യത്ത് അയോധ്യയുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രശ്നങ്ങള്‍ അതിന്‍റെ അന്ത്യപാദത്തിലെത്തിയെന്നു പ്രതീക്ഷിക്കുന്നവര്‍ ഏറെ. 

യുപിയുടെ തലസ്ഥാനമായ ലക്നൗവില്‍ നിന്ന് ഏതാണ്ട് 135 കിലോമീറ്റര്‍ അകലെയാണ് അയോധ്യ. ഫൈസാബാദ് ജില്ലയില്‍. വിശ്വാസമനുസരിച്ച് അയോധ്യ  ശ്രീരാമന്‍റെ  ജന്‍മസ്ഥലമാണ്. അയോധ്യയില്‍ ബാബറി മസ്ജിദുണ്ടായത് 1528ല്‍.  464 കൊല്ലം ബാബറി പള്ളി അയോധ്യയില്‍ തലയുയര്‍ത്തി നിന്നു. 1992 ല്‍ തകര്‍ക്കപ്പെട്ടു. ബാബറി മസ്ജിദ് നിന്ന സ്ഥലത്തെച്ചൊല്ലി പത്തൊമ്പതാം നൂറ്റാണ്ടില്‍ തന്നെ തര്‍ക്കം തുടങ്ങിയിരുന്നു. രാമന്റെ അമ്പലം പൊളിച്ചാണ് പള്ളി കെട്ടിയതെന്ന് ഒരു കൂട്ടര്‍.. അങ്ങനെയൊരമ്പലം അവിടെ ഇല്ലായിരുന്നുവെന്ന് മറുഭാഗം.  ഇരുഭാഗവും തമ്മില്‍ ഏറ്റുമുട്ടലുകളും നടന്നതായി ചരിത്രം പലതവണ പറയുന്നു. ഒടുവില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഒരു ഒത്തുതീര്‍പ്പുണ്ടാക്കി. മുസ്്ലിങ്ങള്‍ക്ക് പള്ളിക്കകത്ത് പ്രാര്‍ഥിക്കാം. ഹിന്ദുക്കള്‍ക്ക് പുറത്ത് കെട്ടിയുയര്‍ത്തിയ പ്ലാറ്റ്ഫോമില്‍ ആരാധനക്കിടം.  സ്വാതന്ത്ര്യം കിട്ടി രണ്ടുകൊല്ലം കഴിഞ്ഞപ്പോള്‍, അതായത് 1949ല്‍ ഒരു രാത്രിയില്‍ ബാലനായ രാമന്റെ വിഗ്രഹം പള്ളിക്കകത്ത് കടത്താന്‍ ഒരുദ്യോഗസ്ഥന്‍ അനുവാദം കൊടുത്തു. ആലപ്പുഴക്കാരന്‍ കെ കെ നായര്‍. പിന്നീട് ജനസംഘം വഴി അദ്ദേഹം എംപിയായി. ഡിസംബറിലെ ഒരു ദിവസം മാത്രം രാമപൂജ നടത്താം എന്ന തീര്‍പ്പില്‍ സംഘര്‍ഷം അവസാനിച്ചു.  ബാക്കി സമയം വിഗ്രഹം പൂട്ടിവച്ചിരുന്നു. ക്ഷേത്രം പണിയണമെന്ന ആവശ്യവുമായി 80കളുടെ തുടക്കത്തില്‍ വിഎച്് പി രാമജന്‍മഭൂമി പ്രസ്ഥാനം തുടങ്ങി. നേരിട്ടും അല്ലാതെയും രാമക്ഷേത്രമെന്ന ആവശ്യത്തിന് കരുത്തു കൊടുക്കാന്‍ വിഎച്ച്പിക്ക് കഴിഞ്ഞിരുന്നു. 1987ല്‍ ‍ രാമാനന്ദ് സാഗറിന്‍റെ രാമായണം ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്തു തുടങ്ങി. 78 എപ്പിസോഡുകളിലായി. രാമന്‍ അക്രമണോല്‍സുകമായ ഒരു വികാരമായിക്കൊണ്ടിരുന്നു

1990 ല്‍ എല്‍ കെ അദ്വാനി രഥയാത്ര തുടങ്ങി. ഗുജറാത്തിലെ സോംനാഥ്   മുതല്‍ അയോധ്യ വരെ. ജീപ്പ് രഥമാക്കി അദ്വാനി നീങ്ങി. രാമക്ഷേത്രം അയോധ്യയില്‍ പണിയണമെന്ന് പ്രസംഗിച്ച് ആളെക്കൂട്ടി. 6,000 മൈല്‍ സഞ്ചരിച്ച് എട്ടു സംസ്ഥാനങ്ങള്‍ കടന്ന്  അയോധ്യയിലെത്താനായിരുന്നു പദ്ധതി. 23 ഒക്ടോബറില്‍ ബിഹാറിലെ സമഷ്ടിപൂറില്‍ ലാലു പ്രസാദ് യാദവിന്‍റെ പൊലീസ്്‍ അദ്വാനിയെ അറസ്റ്റു ചെയ്തു. വടക്കേ ഇന്ത്യയില്‍ പലയിടത്തും അക്രമം നടന്നു. അയോധ്യയില്‍ വെടിവയ്പ്പുണ്ടായി.  വി പി സിങ് സര്‍ക്കാരിനുള്ള പിന്തുണ ബിജെപി പിന്‍വലിച്ചു. 1992 ാം ആണ്ട് പിറന്നു. നവംബര്‍ പകുതിയോടെ കര്‍സേവകര്‍ അയോധ്യയിലേക്ക് നീങ്ങിത്തുടങ്ങി. ഒരു ലക്ഷം കര്‍സേവകര്‍ അയോധ്യയിലെത്തിയെന്നാണ് കണക്ക്. ത്രിശൂലവും അമ്പും വില്ലുമെല്ലാം അവര്‍ കൈയ്യിലേന്തി.  അവിടെ എന്തുനടക്കുമെന്ന് എനിക്ക് ഉറപ്പൊന്നും നല്‍കാനാവില്ലെന്ന് ഡിസംബര്‍ ആറിന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടും മുമ്പ് അദ്വാനി പറഞ്ഞു. ഇരുപതിനായിരം അര്‍ധസൈനികര്‍  പട്ടണത്തിനു പുറത്ത് തമ്പടിച്ചു. ആറാം തീയതി അവര്‍ പക്ഷേ പള്ളിയുടെ സുരക്ഷയ്ക്ക് വന്നില്ല. യുപി പൊലീസിനു തന്നെയായിരുന്നു ആ ചുമതല. ആ  ആറാം തീയതി കര്‍സേവകര്‍ ബാബരി പള്ളി തകര്‍ത്തു.

ഒന്നരനൂറ്റാണ്ടിനടത്ത് പഴക്കമുള്ള അയോധ്യതർക്കത്തിന് സുപ്രീംകോടതിയുടെ അഞ്ചംഗഭരണഘടനാ ബെഞ്ച് 2019 നവംബര്‍ ഒന്‍പതിന്  തീർപ്പ് കൽപ്പിച്ചു. അലഹബാദ് ഹൈക്കോടതിയുടെ വിധിക്കെതിരെ വന്ന അപ്പീലുകളിന്മേലാണ് പരമോന്നത കോടതി വിധി പറഞ്ഞത്. അയോധ്യയിലെ 2.77 ഏക്കർ തർക്കഭൂമി മൂന്നായി വിഭജിക്കണമെന്ന് 2010സെപ്തംബര്‍ മുപ്പതിനാണ് അലഹാബാദ് ഹൈക്കോടതി വിധിച്ചിരുന്നു.  രാം ലല്ല, നിർമോഹി അഖാഡ, സുന്നി വഖഫ് ബോർഡ് എന്നീ മൂന്ന് കക്ഷികൾക്ക് സ്ഥലം  തുല്യമായി വീതിച്ചുനൽകാന്‍  ഉത്തരവ്. വിഭജനം നടത്തുമ്പോള്‍ ഇപ്പോള്‍ താല്‍ക്കാലിക ക്ഷേത്രമുള്ള സ്ഥലം ഹിന്ദുക്കള്‍ക്കും, രാമ ഛബൂത്ര സീത രസോയി  തുടങ്ങിയവ വൈഷ്ണവ സമ്പ്രദായം പിന്തുടരുന്ന സന്യാസി വിഭാഗമായ നിര്‍മോഹി അഖാഡക്കും  ലഭ്യമാക്കണമെന്നും വിധി വ്യക്തമാക്കി. ഇതിനെതിരെ പതിനാല് ഹര്‍ജികളാണ് സുപ്രീംകോടതിയിലെത്തിയത്. തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കാനുള്ള മൂന്നംഗ മധ്യസ്ഥ സമിതിയുടെ ശ്രമം പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് 2019 ഓഗസ്റ്റ് ആറുമുതല്‍ ഒക്ടോബര്‍ പതിനാറുവരെ നാല്‍പ്പതുദിവസം അപ്പീലുകളിന്മേല്‍ സുപ്രീംകോടതി വാദം കേട്ടു. 

അന്തിമവാദത്തിന് ശേഷം 2019 ഓക്ടോബര്‍ പതിനാറിന് കേസ് വിധി പറയാൻ മാറ്റി. അസാധാരണ നടപടിയിലൂടെ ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിയെയും ഡി.ജി.പിയെയും വിളിച്ചുവരുത്തിയ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്  സംസ്ഥാനത്തെ ക്രമസമാധാനനില  വിലയിരുത്തി. തുടർന്നാണ്  അവധി ദിനമായ നവംബര്‍ ഒന്‍പതിന്  വിധിപറയാന്‍ തീരുമാനിച്ചത്. അപ്രതീക്ഷിതമായിരുന്നു ആ നടപടി.  രാജ്യത്താകെ കനത്ത ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചു. ഓക്ടോഹര്‍ മുതല്‍  നിരോധനാജ്ഞ നിലനിന്ന അയോധ്യയിൽ 4000 സായുധ സേനാംഗങ്ങളെ സുരക്ഷയ്‌ക്കായി നിയോഗിച്ചു. യു.പിയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. കോടതിയുടെ തീര്‍പ്പിനെ സ്വീകരിക്കാന്‍ നാടിനെ സ‍ജ്ജമാക്കി.  വിധി ആരുടെയും വിജയമോ പരാജയമോ അല്ലെന്നും അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും നിയമലംഘർക്കെതിരെ കർശന നടപടിയെടുക്കുമെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രസ്താവനയിറക്കി. ഏകകണ്ഠം എന്ന ആമുഖത്തോടെ ചീഫ് ജസ്റ്റിസ് വിധി പ്രഖ്യാപിച്ചു  . 1045 പേജുള്ള വിധിയോടെ അയോധ്യയിലെ ചിത്രം വ്യക്തമായി. 

രാമക്ഷേത്രത്തിന്‍റെ ശിലയിടീല്‍ ചടങ്ങ് നടക്കുന്ന സമയത്തുതന്നെ രാവണന് പിന്തുണയര്‍പ്പിച്ച് ട്വിറ്ററില്‍ ഹാഷ്ടാഗ് ട്രന്‍ഡിങ്ങായി. ഇത് രാവണന്‍റെ നാട് എന്നായിരുന്നു ട്വീറ്റുകള്‍. എന്തൊക്കെയായാലും സരയൂതീരത്ത് സ്ഥാപിച്ച വെള്ളിക്കട്ടിക്ക് സ്വര്‍ണത്തേക്കാള്‍ വലിയ വിലയാണ് ബിജെപി കല്‍പ്പിക്കുന്നത്. കോടതി വിധിപ്രകാരം മസ്ജിത് പണിയാനും സ്ഥലം നല്‍കിയിട്ടുണ്ട്. രാമക്ഷേത്രത്തോട് കൂട്ടി വായിക്കേണ്ടതുതന്നെയാണ് മസ്ജിതിന്‍റെ ചരിത്രവും. ആ അഞ്ചേക്കര്‍ ഭൂമിയില്‍ സൂപ്പര്‍സ്പെഷ്യാലിറ്റി ആശുപത്രിയും ആരാധനാലയവും ഒന്നിച്ചു തീര്‍ക്കാനാണ് ആലോചന. അമ്പലവും പള്ളിയുമെല്ലാം ഉയരുമ്പോളും അയോധ്യയുടെ മണ്ണിലെന്നല്ല എവിടെയും സമാധാനം പുലരുക  എന്നതാകണം നമ്മുടെ ലക്ഷ്യം. ചരിത്രത്തിലെ മുറിവുകള്‍ മായ്ക്കപ്പെടട്ടെയെന്ന് ആഗ്രഹിക്കാം.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...