മഹേശന്‍ ജീവനൊടുക്കിയത് എന്തിന്? ആരാണ് ഉത്തരവാദി?

mahesh
SHARE

ശ്രീനാരായണ ധര്‍മ പരിപാലനയോഗം അഥവാ എസ്എന്‍ഡിപി കേരളത്തിന്‍റെ നവോത്ഥാനത്തില്‍ വഹിച്ച പങ്ക് ചെറുതല്ല. 1903 ല്‍ റജിസ്റ്റര്‍ ചെയ്ത യോഗത്തിന്‍റെ ആദ്യ അധ്യക്ഷന്‍ ശ്രീനാരായണ ഗുരുവും ആദ്യ സെക്രട്ടറി കുമാരനാശാനായിരുന്നു. ടി.കെ മാധവന്‍ സി കേശവന്‍ ആര്‍ ശങ്കര്‍ തുടങ്ങി അനേകം പ്രമുഖര്‍ എസ്എന്‍ഡിപിയുടെ തലപ്പത്തുണ്ടായിരുന്നു. വെള്ളാപ്പള്ളി നടേശനാണ് പതിറ്റാണ്ടുകളായി യോഗത്തിന്‍റെ ജനറല്‍ സെക്രട്ടറി. സാമുദായിക പ്രവര്‍ത്തനങ്ങള്‍ക്കപ്പുറത്തേക്കുള്ള സാമൂഹ്യ രാഷ്ട്രീയ കാര്യങ്ങളില്‍ സജീവമായ വ്യക്തിത്വം. അതുകൊണ്ടുതന്നെ എസ്എന്‍ഡിപിയുമായി ബന്ധപ്പെട്ടുയരുന്ന എല്ലാ വിവാദങ്ങളും വെള്ളാപ്പള്ളിയെയും വെള്ളാപ്പള്ളി നടേശനുമായി ബന്ധപ്പെട്ടുയരുന്ന എല്ലാ വിവാദങ്ങളും എസ്എന്‍ഡിപിയെയും ബാധിക്കാറുണ്ട്. രാഷ്ട്രീയപാര്‍ട്ടി രൂപീകരണത്തിനായി വെള്ളാപ്പള്ളിയും മകന്‍ തുഷാറും ഇറങ്ങിത്തിരിച്ചതോടെ നിലവിലെ രാഷ്ട്രീയ സംവിധാനങ്ങളുമായുണ്ടായിരുന്ന ഇരുപ്പുവശത്തിന് ചെറുതല്ലാത്ത കോട്ടമുണ്ടായി. മൈക്രോഫൈനാന്‍സ് അഴിമതിക്കേസിലേക്കാണ് ആ സാഹചര്യങ്ങള്‍ എത്തിപ്പെട്ടത്. നാളുകളായി കേള്‍ക്കുന്ന മൈക്രോഫൈനാന്‍സ് അഴിമതി കേസ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. പദ്ധതിയുടെ സംസ്ഥാന കോഡിനേറ്റര്‍ മഹേശന്‍റെ മരണത്തോടെ. 

എസ്എന്‍ഡിപി ശാഖാ അംഗങ്ങള്‍ക്ക് കുറഞ്ഞ പലിശക്ക് ബാങ്കുകളില്‍ നിന്ന് പണം ലഭ്യമാക്കുന്ന പദ്ധതിയാണ് മൈക്രോഫൈനാന്‍സ്. കൊള്ളപ്പലിശക്കാരുടെ കടന്നുകയറ്റം തടയുക എന്ന ഉദ്ദേശത്തോടെ നടപ്പാക്കിയ പദ്ധതി പക്ഷേ വലിയ വിവാദങ്ങളും പേരുദേഷവും യൂണിയന് സമ്മാനിച്ചിട്ടുണ്ട്. യോഗാംഗങ്ങള്‍ ഇരുപതുപേരടങ്ങുന്ന മൈക്രോ യൂണിറ്റുകള്‍ രൂപീകരിക്കുകയും വായ്പ കരസ്ഥമാക്കുകയും ചെയ്യുന്നു. ഈ മൈക്രോഫൈനാന്‍സ് ഇടപാടിന് ഗ്ലാരന്‍റി നില്‍ക്കുന്നത് എസ്എന്‍ഡിപി ശാഖകളാണ്. അതായത് എസ്എന്‍ഡിപിയെ ജാമ്യക്കാരനായി നിര്‍ത്തി ബാങ്കുകള്‍ യോഗാംഗങ്ങള്‍ക്ക് വായ്പ നല്‍കുന്നു. തവണകളായി അംഗങ്ങള്‍ ഈ പണം യോഗത്തില്‍ തിരിച്ചടക്കുന്നു. യോഗം ബാങ്കിലേക്കും. എന്നാല്‍ അംഗങ്ങളില്‍ നിന്ന് തിരിച്ചടവായി ലഭിച്ച പണം ബാങ്കിേക്കടക്കാതെയും ഫണ്ട് തിരിമറി നടത്തിയും ചില യൂണിയനുകള്‍ വിവാദത്തിലായി. ചെങ്ങന്നൂരില്‍ നിന്നും മാവേലിക്കരയില്‍നിന്നുമൊക്കെ ആരോപണങ്ങള്‍ ഉയര്‍ന്നു. അതോടെ അഭിമാന പദ്ധതി എസ്എന്‍ഡിപി യോഗത്തിന് ചെറുതല്ലാത്ത അപമാനമായി. അഴിമതിയാരോണമുയര്‍ത്തി സാക്ഷാല്‍ വിഎസ് അച്യുതാനന്ദന്‍ തന്നെ രംഗത്തുവന്നതോടെ കളിമാറി

വെള്ളാപ്പള്ളിയെ രാഷ്ട്രീയമായി ആക്രമിക്കാന്‍ ഇറങ്ങിയ ഇടതുപക്ഷത്തിന് കിട്ടിയ മൂര്‍ച്ചയുള്ള ആയുധമായിരുന്നു മൈക്രോഫൈനാന്‍സ് അഴിമതി. പദ്ധതിയുടെ സംസ്ഥാന കോഡിനേറ്ററായിരുന്നു എസ്എന്‍ഡിപി യോഗം കണിച്ചിക്കുളങ്ങര യൂണിയന്‍ സെക്രട്ടറികൂടിയായ കെകെ മഹേശന്‍ അതെ വെള്ളാപ്പള്ളി നടേശന്റെ വിശ്വസ്തന്‍. വലംകൈ. അങ്ങനെയൊരു നിഴലായാണ് കെകെ മഹേശനെ ഏവര്‍ക്കും അറിയുന്നത്. കണിച്ചുകുളങ്ങര പൊക്ലാശേരിയിലെ വീട്ടില്‍ നിന്നും  ബുധനാഴ്ച രാവിലെയിറങ്ങിയ മഹേശനെ പിന്നീട് ജീവനോടെ ആരും കണ്ടില്ല. രാവിലെ പത്തുമണിയോടെ ജീവനക്കാരാണ്  താന്‍ സെക്രട്ടറിയായുള്ള യൂണിയന്‍ ഓഫീസിനുള്ളില്‍ മഹേശന്‍ തൂങ്ങിമരിച്ചത് കണ്ടത്.  ഓഫീസ് അകത്തുനിന്ന് പൂട്ടിയിരുന്നു. മാരാരിക്കുളം പൊലീസെത്തി വാതില്‍ പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. എന്തിനാണ് മഹേശന്‍ ജീവനൊടുക്കിയത്. 

ഈ ചോദ്യത്തിനു മുന്നിലാണ് എസ്എന്‍ഡിപിയുടെ അഭിമാന പദ്ധതിയായ മൈക്രോഫൈനാന്‍സ് വീണ്ടും ചര്‍ച്ചയാകുന്നത്.  പണമിടപാടിന്‍റെ സംസ്ഥാന കോഡിനേറ്ററെന്ന നിലയില്‍ ഉത്തരവാദിത്തങ്ങള്‍ പൂര്‍ണമായും മഹേശനില്‍ നിക്ഷിപ്തമായിരുന്നു. അതിനാല്‍ മൈക്രോ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് ചൊവ്വാഴ്ച മഹേശനെ ചോദ്യം ചെയ്തു. മുന്‍പും സമാന രീതിയില്‍ അന്വേഷണ സംഘം വിളിപ്പിച്ചിരുന്നു. കേസില്‍ താന്‍ കുടുങ്ങാന്‍ പോവുകയാണെന്നുള്ള ഭയം ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതാകുമോ? അതോ അതിനുമപ്പുറം ഞെട്ടിപ്പിക്കുന്ന കഥകള്‍ അണിയറയില്‍ ഉണ്ടാകുമോ. എന്തുകൊണ്ടാണ് മഹേശന്‍റെ ആത്മഹത്യ ഇത്രക്ക് ചര്‍ച്ചയാകുന്നത്. ഉത്തരം വിരല്‍ ചൂണ്ടുന്നത് മരണത്തിന് മുന്‍പായി മഹേശന്‍ തയ്യാറാക്കിയ നിരവധി കുറിപ്പുകളിലേക്കാണ്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിക്കും ക്രൈംബ്രാഞ്ച് മേധാവിക്കും പൊലീസിനും പ്രത്യേകം പ്രത്യേകം കുറിപ്പുകള്‍ മഹേശന്‍ എഴുതിവച്ചു. ചിലത് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. ആത്മഹത്യാ കുറിപ്പിലുള്‍പ്പെടെ മരണത്തിന് കാരണക്കാരായവരുടെ പേരുകള്‍ കുറിച്ചിട്ടുണ്ട്. തന്നെ അകാരണമായി കേസില്‍ പ്രതിയാക്കാന്‍ ക്രൈംബ്രാഞ്ച് ശ്രമിക്കുകയാണെന്ന് ഇന്‍സ്പെക്ടര്‍ക്കുള്ള കത്തില്‍ പറയുന്നു. തനിക്ക് അറിയാത്ത കാര്യങ്ങളും ചെയ്യാത്ത കുറ്റങ്ങളും തന്‍റെ മൊഴിയായി എഴുതി തയാറാക്കിയ ശേഷം കുടുക്കാന്‍ നീക്കം നടന്നുവെന്നും ആരോപിക്കുന്നു. താന്‍ നല്‍കിയ മൊഴിപ്പകര്‍പ്പില്‍ ക്രൈംബ്രാഞ്ച് ഒപ്പിടുവിച്ചില്ല. മാവേലിക്കര യൂണിയനിലെ പണമിടപാടുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍.  21 കേസുകളാണ് തനിക്കെതിരെ ഉള്ളതെന്നും കള്ളക്കേസിൽ കുടുക്കിയാൽ ഭാര്യയുമൊന്നിച്ച് ആത്മഹത്യ ചെയ്യുമെന്നും കത്തിൽ പറയുന്നു.  മെയ് പതിനാലിനാണ് കണിച്ചികുളങ്ങര യൂണിയന്‍ സെക്രട്ടറിയായ മഹേശന്‍ യോഗം ജനറല്‍ സെക്രട്ടറിക്ക് മുപ്പത്തിരണ്ടു പേജുള്ള കത്ത് നല്‍കിയത്. ആരോപണങ്ങളാല്‍ നിറഞ്ഞതാണ് ഈ പേജുകളത്രയും. കത്തിലെ വിവരങ്ങള്‍ മരണം വരെ പുറത്താരും അറിയില്ലെന്ന് പറഞ്ഞ മഹേശന്‍ മരിക്കുന്നത് മുന്‍പ് ഇത് പരസ്യപ്പെടുത്തി. വെള്ളാപ്പള്ളി നടേശനുമായുള്ള 31 വർഷത്തെ അടുപ്പം വിവരിക്കുന്ന കത്തിൽ സാമ്പത്തിക ആരോപണങ്ങൾക്ക് അക്കമിട്ടുള്ള മറുപടിയാണ് നൽകിയിരിക്കുന്നത്.  

പണമിടപാടിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയതിന്‍റെ പേരില്‍ തന്നെ ഒതുക്കുകയോ കള്ളക്കേസില്‍ കുടുക്കുകയോ ചെയ്യുമെന്ന് അറിയാമെന്നും ഇതില്‍ കുറിച്ചിട്ടുണ്ട്. ഐശ്വര്യ ട്രസ്റ്റില് ‍നിന്ന് കണിച്ചിക്കുളങ്ങര ദേവസ്വത്തിന് വന്‍ തുക കിട്ടാനുണ്ട്. ഇത് താന്‍ നിരവധി തവണ ശ്രദ്ധയില്‍പ്പെടുത്തിയ കാര്യവും സൂചിപ്പിക്കുന്നു. പണം തിരിമറി പലപ്പോഴായി നടന്നുവെന്നതിന്‍റെ സൂചനകളാണ് ഈ വരികള്‍. അന്വേഷണ ഉദ്യോഗസ്ഥര്‍ പലതിനും സമ്മര്‍ദം ചെലുത്തുന്നതായാണ് ക്രൈംബ്രാണ്‍്ച് മേധാവി ടോമിന്‍ തച്ചങ്കരിക്കുള്ള കത്തില്‍ പറയുന്നത്. മാന്യമായി കുടുംബജീവിതം നയിക്കുന്ന തന്നെ മറ്റാര്‍ക്കെങ്കിലും വേണ്ടി ഇല്ലാത്ത കേസില്‍ പ്രതിയാക്കരുതെന്നും തച്ചങ്കരിയോട് അഭ്യര്‍ഥിക്കുന്നുണ്ട്. ജനറല്‍ സെക്രട്ടരി വെള്ളാപ്പള്ളി നടേശന്‍ കണിച്ചുകുളങ്ങര യൂണിയനു നല്‍കാനുള്ള മുപ്പത്തിയേഴുലക്ഷത്തിലേറെ രൂപ ലഭിച്ചില്ലെങ്കില്‍ തന്‍റെ കുടുംബം ജപ്തിയിലാകും. ഈ കത്തുകള്‍ക്കു പുറമെ മൃതദേഹത്തിനരുകില്‍ നിന്ന് മറ്റൊരു ആത്രമഹത്യ കുറിപ്പും ലഭിച്ചു. വെള്ളാപ്പള്ളിക്കും കെഎന്‍ അശോകനും വേണ്ടി പീജിപ്പിക്കപ്പെടുന്ന നേതാക്കള്‍ക്കായി ജീവിതം ഹോമിക്കുന്നുവെന്നാണ് അതില്‍ എഴുതിയിരിക്കുന്നത്.

ഈ ആത്മഹത്യ കൊലപാതകത്തിന് സമാനമെന്നാണ് ബന്ധുക്കള്‍‍ ചൂണ്ടിക്കാട്ടുന്നത്.  മഹേശിന്‍റെ കത്തുകളില്‍ എല്ലാം ഉണ്ടെന്നും മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്നും ബന്ധു അനില്‍ വ്യക്തമാക്കി. ആത്മഹത്യയ്ക്ക് മുൻപ് തയ്യാറാക്കിയ കത്ത്  കേന്ദ്രീകരിച്ച് അന്വേഷണം നടക്കണമെന്നാണ് ബന്ധുക്കൾ ആവശ്യപ്പെടുന്നത്.മരണത്തിന്റെ വേദന വിട്ടുമാറിയിട്ടില്ല കുടുംബത്തിന്. കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചവരെ നിയമത്തിന് മുന്നിലെത്തിക്കാൻ ഏതറ്റം വരെയും പോകുമെന്ന് കെ കെ മഹേശന്റെ കുടുംബം ഒന്നായി പറയുന്നു. മഹേശന്‍റെ മരണം സിബിഐ അന്വേഷിക്കണമെന്നാണ് ജനറല്‍ സെക്രട്ടരി വെള്ളാപ്പള്ളി നടേശന്‍റെ നിലപാട്. ക്രൈംബ്രാഞ്ചിനെതിരെ ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശമുള്ളതുകൊണ്ട് സംസ്ഥാന ഏജന്‍സി അന്വേഷിക്കുന്നത് നന്നാകില്ല. മൈക്രോ ഫിനാന്‍സ് കേസില്‍  കെ.കെ.മഹേശന്‍ നിരപരാധിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ചീഫ് കോര്‍ഡിനേറ്റര്‍ എന്ന നിലയ്ക്ക് പദ്ധതിയെ നയിക്കുകയാണ് മഹേശന്‍  ചെയ്തതെന്ന് ചൂണ്ടിക്കാട്ടുന്നു വെള്ളാപ്പള്ളി.

 ഇന്ന് നല്ലത് പറയുന്നവരാണ് പണ്ട് മഹേശനെ നശിപ്പിച്ചതെന്ന പക്ഷമാണ് വെള്ളാപ്പള്ളി ഉയര്‍ത്തുന്നത്. മഹേശന്‍ തന്റെ വലംകൈ ആയിരുന്നുവെന്നും വെളളാപ്പളളി നടേശന്‍ പറഞ്ഞു മഹേശന്റെ മരണത്തിൽ തനിക്ക് നേരെ ഉയർന്ന ആരോപണങ്ങളെ വെള്ളാപ്പള്ളി നടേശൻ എതിർത്തു. ചേർത്തല യൂണിയനിൽ അധികാരം കിട്ടാതെ പുറത്തുപോയവർ മഹേശനെ അപകീർത്തിപ്പെടുത്തി. മൈക്രോഫിനാൻസുമായി ബന്ധപ്പെട്ട കേസുകൾ മഹേശന്റെ മനോനില തെറ്റിച്ചു. സംഘടനയ്ക്കുള്ളിൽ നിലനിന്നിരുന്ന പ്രശ്നങ്ങളിൽ മഹേശനെ താൻ ആശ്വാസിപിച്ചിരുന്നതായി പറഞ്ഞ വെള്ളാപ്പള്ളി ബുധനാഴ്ച കൂടിക്കാഴ്ചക്കായി മഹേശനെ വിളിപ്പിച്ചിരുന്നതായും വെളിപ്പെടുത്തി. പ്രശ്നങ്ങളും തെറ്റിദ്ധാരണകളും പറഞ്ഞ് തീര്‍ക്കുകയായിരുന്നു ലക്ഷ്യം കേസ് അന്വേഷണത്തിന്റെ ഭാഗമായി മഹേശന്റെ കുടുംബത്തിന്റെയും യോഗം ഭാരവാഹികളുടെയും മൊഴി മാരാരിക്കുളം പൊലീസ് ഉടൻ 

എസ്.എന്‍.ഡി.പി യൂണിയന്‍ നേതാവ് കെ.കെ.മഹേശന്റെ മരണത്തില്‍ വെള്ളാപ്പള്ളി നടേശനെതിരെ ആരോപണങ്ങളുമായി വിവിധ സംഘടനകള്‍ രംഗത്തെത്തി. ചേര്‍ത്തല യൂണിയനിലുണ്ടായിരുന്ന പി.എസ്.രാജീവനും മറ്റുചിലരും കെ.കെ മഹേശനെതിരെ വ്യാജപ്രചരണങ്ങള്‍ നടത്തിയതാണ് മനോവിഷമത്തിന് കാരണമായതെന്ന് വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച രാജീവന്‍, കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മഹേശനെ നീക്കാന്‍ തീരുമാനമെടുത്തതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുറ്റപ്പെടുത്തി എതിര്‍ക്കുന്നവരെയെല്ലാം ഇല്ലാതാക്കുന്ന രീതിയാണ് വെള്ളാപ്പള്ളിയുടേതെന്നും ആത്മഹത്യാപ്രേരണ കുറ്റത്തിന് അറസ്റ്റുചെയ്യണമെന്നും ഗോകുലം ഗോപാലന്‍ അധ്യക്ഷനായ ശ്രീനാരായണ സഹോദര ധര്‍മവേദി ആവശ്യപ്പെട്ടു. ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ വെള്ളാപ്പള്ളി ദേവസ്വം പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു കണിച്ചുകളുങ്ങര ദേവസ്വം ജനാധിപത്യവേദിയുടെ മാര്‍ച്ച്.  ഇതുകൊണ്ടൊന്നും സംഘടനയെ തകര്‍ക്കാനാകില്ലെന്ന് യോഗം ജനറല്‍സെക്രട്ടറി പ്രതികരിച്ചു കെ.കെ.മഹേഷന്റെ മരണത്തിന് ഉത്തരവാദി വെള്ളാപ്പള്ളി നടേശനെന്നാണ്  SNDP സംരക്ഷണ സമിതി പറയുന്നത്. കോടികളുടെ അഴിമതിയുടെ ഉത്തരവാദിത്തം യൂണിയൻ ഭാരവാഹികളുടെ തലയിൽ കെട്ടി വെയ്ക്കാനാണ് വെള്ളാപ്പള്ളി നടേശനും കുടുംബവും ശ്രമ‌ിക്കുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു. മരണത്തിന്റെ അന്വേഷണം അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും SNDP സംരക്ഷണ സമിതി ഭയക്കുന്നു.

ആത്മഹത്യാക്കുറിപ്പില്‍ വെള്ളാപ്പള്ളി നടേശന്‍റെ പേരുണ്ടെന്ന് മഹേശന്‍റെ കുടുംബം ആവര്‍ത്തിക്കുന്നു. ഇന്‍ക്വസ്റ്റ് തയാറാക്കിയപ്പോള്‍ കത്ത് കണ്ടുവെന്ന് ബന്ധു വ്യക്തമാക്കി. ആത്മഹത്യയ്ക്ക് കാരണമായി വെള്ളാപ്പള്ളി പറയുന്നത് പച്ചക്കള്ളമാണെന്നും  മഹേശന്റെ സഹോദരൻ  പറയുന്നു കണിച്ചു കുളങ്ങര യൂണിയൻ ഓഫീസിൽ നിന്ന് കണ്ടെടുത്ത  ആത്മഹത്യാ കുറിപ്പ് ഇൻക്വസ്റ്റ് സമയത്ത് കണ്ടതായാണ് അനില്‍ പറയുന്നത്.  മരണംനടന്ന് രണ്ടു ദിവസമായിട്ടും  വെള്ളാപ്പള്ളിയും തുഷാറും വിളിച്ചുപോലും നോക്കിയില്ലെന്ന് മഹേശന്റെ സഹോദരൻ പറഞ്ഞു  ആരോപണങ്ങളുമായെത്തുന്ന കുടുംബത്തിന് നിരവധി പിന്തുണ ലഭിക്കുന്നുണ്ട്. മുമ്പ് പറഞ്ഞതുപോലെ എസ്എന്‍ഡിപിയുടെ തലപ്പത്തുള്ളത് കേവലം സമുദായ നേതാവ് മാത്രമല്ല. കേരള രാഷ്ട്രീയത്തില്‍ ചലനങ്ങള്‍ക്കായി പലപ്പോഴും കരുനീക്കങ്ങള്‍ നടത്തിയിട്ടുള്ള സാക്ഷാല്‍ വെള്ളാപ്പള്ളി നടേശനാണ്. അതുകൊണ്ടുതന്നെ ആരോപണങ്ങളുടെ മൂര്‍ച്ച കൂടും. പ്രതിരോധത്തിന്‍റെയും. മഹേശന്‍റെ ഫോണ്‍കോളുകളും ഡയറിക്കുറിപ്പുകളും പൊലീസ് പരിശോധിച്ചു തുടങ്ങി. ആത്മഹത്യയെന്ന് പൊലീസ് ഉറപ്പിച്ചു. എന്തിന്, പ്രേരണ ആര് എന്നീ ചോദ്യങ്ങള്‍ക്കാണ് ഉത്തരം തേടുന്നത്. വിവാദം കൊഴുത്തതോടെ കണിച്ചുകുളങ്ങര വീണ്ടും ഹോട്സ്പോട്ടായി

MORE IN KERALA
SHOW MORE
Loading...
Loading...