സ്വപ്നങ്ങൾക്ക് കുരുക്കിട്ട് സുശാന്ത് മടങ്ങി; എന്നിട്ടും തീരാതെ വിഷാദം..

sushanth-16
SHARE

അപ്രതീക്ഷിതമായാണ് ഞായാറാഴ്ച ഉച്ചയോടെ സുശാന്ത് സിങ് രാജ്‍പുത്തിന്‍റെ വിയോഗവാര്‍ത്തയെത്തുന്നത്. ആത്മഹത്യയാണെന്ന് പ്രാഥമിക പരിശോധയില്‍തന്നെ വ്യക്തമായി. ആത്മഹത്യ കുറിപ്പുകള്‍ ലഭിച്ചില്ലെങ്കിലും സുശാന്ത് മാസങ്ങളായി വിഷാദരോഗത്തിന് അടിമയായിരുന്നു എന്ന് വിവരം ലഭിച്ചു. കേവലം 12 സിനിമകള്‍ മാത്രം അഭിനയിച്ച ഒരു നടന് പ്രേക്ഷക മനസില്‍ എത്രത്തോളം സ്ഥാനമുണ്ടായിരുന്നു എന്ന് തെളിയിക്കപ്പെട്ടതാണ് പിന്നീട് രാജ്യമെമ്പാടും നിന്ന് വന്ന പ്രതികരണങ്ങള്‍. 

കഴിഞ്ഞ അഞ്ചുമാസമായി സുശാന്ത് വിഷാദരോഗത്തിന് ചികില്‍സ തേടിയിരുന്നു എന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ പ്രിസ്ക്രിപ്ഷനുകള്‍ പൊലീസ് കണ്ടെടുത്തിരുന്നു. പിന്നാലെയാണ് സുശാന്തിന്‍റെ മാനസിക പ്രശ്നങ്ങളുടെ കാരണങ്ങള്‍ തേടിയുള്ള ചര്‍ച്ച നടക്കുന്നത്. ബോളിവുഡിലെ കിടമല്‍സരങ്ങളുടെയും കുടിപ്പകയുടെയും ഇരയാണ് സുശാന്ത് എന്നാണ് സഹപ്രവര്‍ത്തകര്‍ ഉള്‍പ്പടെ വ്യക്തമാക്കുന്നത്. ബിഹാറിലെ പട്നയിലെ ഒരു ഗ്രാമത്തില്‍നിന്നും നിറയെ സ്വപ്നങ്ങളുമായി ബി–ടൗണില്‍ വണ്ടിയിറങ്ങിയ ആ ചെറുപ്പക്കാരന്‍ പാതിവഴിയില്‍ ചിതയിലെടുങ്ങുമ്പോള്‍ ചൂണ്ടുവിരല്‍ വലിയ പേരുകളിലേക്ക് വരെ നീളുകയാണ്. 

സുശാന്തിന്‍റെ മരണദിവസത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ....ജീവനൊടുക്കാന്‍ സുശാന്ത് തീരുമാനിച്ച ‍ഞായാറാഴ്ച രാവിലെ പതിവിലും വിപരീതമായാണ് നടന്‍ പെരുമാറിയതെന്നാണ് ജോലിക്കാരുടെ മൊഴി. രാവിലെ ഉറക്കമുണര്‍ന്നതിന് ശേഷം ഒരു ജ്യൂസ് മാത്രമാണ് ആവശ്യപ്പെട്ടത്. പിന്നീട് പ്രാതല്‍ കഴിച്ചു. സുശാന്തും രണ്ട് സഹായികളും, പാചകക്കാരനും, മാനേജറുമായിരുന്നു മുംബൈ ബാന്ദ്രയിലുള്ള വീട്ടില്‍ താമസം. മരിക്കുന്ന സമയത്ത് സുശാന്തിന്‍റെ ഒരു സുഹൃത്തും ഇവിടെയുണ്ടായിരുന്നു. 11 മണിക്ക് സുഹൃത്ത് സുശാന്തിന്‍റെ മുറിയില്‍ എത്തിയപ്പോളാണ് മുറി പൂട്ടിയതായി കണ്ടത്. ദീര്‍ഘനേരം വിളിച്ചിട്ടും മുറിയുടെ വാതില്‍ തുറന്നില്ല. പിന്നീട് ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ ബെല്ലടിക്കുന്നത് കേള്‍ക്കാമെന്നല്ലാതെ കോള്‍ അറ്റന്‍ഡ് ചെയ്തില്ല. ഉടന്‍ സുശാന്തിന്‍റെ മുംബൈയിലുള്ള സഹോദരിയെ കാര്യങ്ങള്‍ വിളിച്ചറിയിച്ചു. റിതു സിങ് എത്തിയപ്പോഴെക്കും സുശാന്തിന്‍റെ സഹായി വാതില്‍ തുറക്കാന്‍ വേണ്ടി ഒരു താക്കോല്‍ നിര്‍മാതാവിനെ വിളിച്ചുവരുത്തിയിരുന്നു. സുശാന്തിന്‍റെ സഹോദരി റിതു വിഷയം ഹരിയാന സര്‍ക്കാരിലെ ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ വിളിച്ചറിയിച്ചു. അദ്ദേഹമാണ് മുംബൈ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിങ്ങിനെ വിവരമറിയിക്കുന്നത്. 

12.25ന് പൊലീസ് എത്തിയപ്പോഴേക്കും സുഹൃത്തും സഹോദരിയും സഹായികളും വാതില്‍ തുറന്ന് അകത്ത് പ്രവേശിച്ചിരുന്നു. തൂങ്ങിനില്‍ക്കുന്ന സുശാന്തിന്‍റെ ചേതനയറ്റ ശരീരമാണ് അവര്‍ കണ്ടത്. പിന്നീട് പൊലീസ് വിശദമായി മുറി പരിശോധിച്ചപ്പോഴാണ് വിഷാദരോഗത്തിന് ചികില്‍സ തേടിയതിന്‍റെ വിവരങ്ങള്‍ ലഭിച്ചത്. സുശാന്ത് മരിക്കുന്ന രാത്രി ഏറെ വൈകിയും അടുത്ത സുഹൃത്തുക്കളുമായി ഫോണില്‍ സംസാരിക്കാന്‍ ശ്രമിച്ചിരുന്നതായി കോള്‍ റെക്കോര്‍ഡുകളിലൂടെ കണ്ടെത്തി. അടുത്ത സൂഹൃത്ത് റിയ ചക്രവര്‍ത്തിയും മഹേഷ് ഷെട്ടിയും. അന്ന് പുലര്‍ച്ചെ 1.47ന് റിയയെയും പിന്നീട് മഹേഷിനെയും സുശാന്ത് വിളിച്ചെങ്കിലും ഇരുവരും ഫോണ് എടുത്തില്ല. ഞായാറാഴ്ച രാവിലെ 9.30നും മഹേഷിനെ വിളിച്ചതായും ഫോണ്‍ രേഖകള്‍ വ്യക്തമാക്കുന്നു. 

സുശാന്തും റിയയും തമ്മില്‍ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന് വാര്‍ത്തകളും സജീവമായിരുന്നു. വിവാഹത്തെ കുറിച്ച് സുശാന്ത് പിതാവിനോട് സൂചിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സുശാന്തിന്‍റെ മുന്‍ മാനേജറായിരുന്ന ദിയ സാലിയ കഴിഞ്ഞ തിങ്കളാഴ്ചയാണ് മുംബൈയില്‍തന്നെ ആത്മഹത്യ ചെയ്തത്. കൃത്യം ആറ് ദിവസങ്ങള്‍ക്ക് ശേഷം സുശാന്തും ജീവന്‍ അവസാനിപ്പിക്കുന്നു. ബന്ധുക്കള്‍ ഉള്‍പ്പടെ മരണത്തില്‍ ദുരൂഹത ആരോപിക്കുന്ന സാഹചര്യത്തില്‍ ഇരുമരണങ്ങളും തമ്മില്‍ ബന്ധമുണ്ടോയെന്നും മുംബൈ പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇന്നലെ ഉച്ചയോടെ മുംബൈ വിലെപാര്‍ലെയിലുള്ള ശ്മശാനത്തിലായിരുന്നു സുശാന്തിന്‍റെ സംസ്കാര ചടങ്ങുകള്‍. പിതാവ് കെ.കെ സിങ്ങും ബന്ധുക്കളും ഉച്ചയോടെ പട്നയില്‍നിന്ന് മുംബൈയിലെത്തി. വൈകിട്ട് അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടേയും സാന്നിധ്യത്തില്‍ സുശാന്ത് എരിഞ്ഞടങ്ങി. 

പഠിക്കാന്‍ അതിസമര്‍ഥന്‍. ഫിസിക്സ് ഒളിംപ്യാഡില്‍ ദേശീയ ചാംപ്യന്‍. എന്നിട്ടും കലയുടെ വഴിയേ പോയപ്പോള്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയില്ല. ഗംഭീര ഡാന്‍സര്‍. അഥ് ടെലിവിഷന്‍ സീരിയലുകളിലേക്കെത്തിച്ചു. 2008ല്‍. പിന്നീടുള്ള അഞ്ചുവര്‍ഷം അങ്ങനെ.  2013 ലാണ് സുശാന്ത് ബോളിവുഡില്‍ അരങ്ങേറുന്നത്.  ചിത്രം കൈ പോ ച്ചെ.... ബോളിവുഡിലെ നവതരംഗ സിനിമകളുടെ കൂട്ടത്തിലേക്ക് വലതുകാല്‍ വച്ച് കയറിവന്ന ചിത്രം. മികച്ച പുതുമുഖ നടനുള്ള ഫിലിംഫെയര്‍ നോമിനേഷന്‍ സുശാന്തിന് നേടിക്കൊടുത്തു അത്. പിന്നീടെത്തിയ ശുദ്ധ് ദേശി റോമാന്‍സ് യുവാക്കളുടെ ഹരമായി.ആമിറിന്‍റെ പി.കെയില്‍ ചെറിയവേഷമായിരുന്നിട്ടും സുശാന്ത് തന്നെ തന്നെ അടയാളപ്പെടുത്തി.

അനിതരസാധാരണമായ ഊര്‍ജം ഉളിപ്പിച്ച നടനായിരുന്നു സുശാന്ത്. അതാണ് പിന്നെ ദിബാകര്‍ ബാനര്‍ജിയുടെ ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷിയിലേക്കെത്തിച്ചത്. ബക്ഷിയില്‍ നിന്ന് ക്രിക്കറ്റ് താരം ധോണിയെ വെള്ളിത്തിരയില്‍ ഗാര്‍ഡ് എടുപ്പിക്കാന്‍ നിയോഗിക്കപ്പെട്ടു. സുശാന്ത് വലിയൊരു താരത്തിലേക്കുള്ള വളര്‍ച്ചയുടെ ഘട്ടത്തിലേക്ക് വഴിമാറുന്ന കാഴ്ച. താരം ഒപ്പം മികച്ച നടന്‍ എന്ന ലേബലും ഒരുമിച്ച് ബോളിവുഡില്‍ കിട്ടുക അത്ര എളുപ്പമുള്ള കാര്യമല്ല. മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍‍ഡിന്‍റെ അവസാനഘട്ടത്തില്‍ വരെയെത്തി. വാണിജ്യവിജയമായ കേദാര്‍നാഥായിരുന്നു പിന്നീടെത്തിയത്. പിന്നാലെ നിതേഷ് തിവാരിയുടെ ചിച്ചോറെത്തി. 

അങ്ങനെ ഏഴുവര്‍ഷങ്ങള്‍. 12 ചിത്രങ്ങള്‍. പക്ഷേ സുശാന്തിന്‍റെ കഴിവും അര്‍പ്പണമനോഭാവവും മാത്രം എടുത്താല്‍ ഇത്രയും പോരായിരുന്നു. ഒരു പക്ഷേ അതുതന്നെയാവണം ആ മരണത്തിലേക്ക് നയിച്ചതും. സ്വപ്നങ്ങള്‍ ബാക്കിയാക്കി മടങ്ങാന്‍ സുശാന്ത് തീരുമാനിച്ചത് എന്തുകൊണ്ടാവണം. സിനിമാലോകവും സിനിമയ്ക്ക ്പുറത്തുള്ള ലോകവും അത് ചര്‍ച്ച ചെയ്യുകയാണിപ്പോള്‍. 

സർഗാത്മകതയുടെ  നീലാകാശത്ത്, പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ, ആഡംബരത്തിന്റെ ശീതളിമയിൽ ഒക്കെ നിൽക്കുമ്പോൾ പെട്ടന്ന് എല്ലാം അവസാനിപ്പിച്ചു മടങ്ങിയ ഒട്ടേറെപ്പേരെ നമുക്കറിയാം. ഞെട്ടലിന്റെ അവസാനം നമ്മൾ ചോദിച്ചിട്ടുണ്ട് " എന്തിന്റെ കുറവായിരുന്നു? " എല്ലാ മനുഷ്യർക്കും ഉള്ള കുറവുകൾ അവർക്കും ഉണ്ടായിരുന്നു. ആകാംക്ഷയും ദുഖവും നിരാശയും എല്ലാമുണ്ടായിരുന്നു.  അത്‌ തിരിച്ചറിയാതെ പോയതോ, തിരിച്ചറിഞ്ഞിട്ടും വേണ്ടത്ര ശ്രദ്ധിക്കാത്തതോ ആണ് ലോകത്തിന്റെ തന്റെ നഷ്ടങ്ങളുടെ പട്ടികയിലേക്ക് സ്വയം നടന്നു കയറാൻ അവരെ പ്രേരിപ്പിച്ചത്. 

മരണ സമയത്തു സുശാന്തിന്റെ ട്വിറ്റെർ പേജ് ന്റെ കവർ ഫോട്ടോ വിഖ്യാത ചിത്രകാരൻ വിൻസെന്റ്  വാൻഗോഗിന്റെ "നക്ഷത്രങ്ങൾ നിറഞ്ഞ രാത്രി " എന്ന ചിത്രമായിരുന്നു. ലോകത്തെ ഏറ്റവും വിലയുള്ള ചിത്രങ്ങളുടെ സ്രഷ്ടാവായ വാൻഗോഗ് തന്റെ 37മത്തെ വയസ്സിൽ വിഷാദരോഗം മൂലം ആത്മഹത്യ ചെയ്യുകയായിരുന്നു.  ക്യാൻവാസിൽ വരച്ചിട്ട നിറങ്ങൾ ഏതോ ഘട്ടത്തിൽ വാൻഗോഗിന്റെ മനസ്സിൽ നിന്നും മാഞ്ഞുപോയി. സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ഏർണെസ്റ്റ് ഹെമിങ്‌വേ,  ഒരു വെടിയുണ്ടയിൽ സ്വന്തം സർഗാത്മകതകക്കു പൂർണവിരാമമിട്ടു.

സൗന്ദര്യം കൊണ്ടു അന്നും ഇന്നും ലോകത്തെ ത്രസിപ്പിച്ച നടി മർലിൻ മൺറോ വെറും മുപ്പത്തിയാറാമത് വയസ്സിൽ, ജീവിതം അത്രയൊന്നും സുന്ദരമല്ല എന്ന് തോന്നിയ നിമിഷത്തിൽ സ്വയം മടങ്ങി. നമുക്ക് ഏറ്റവും പരിചയമുള്ള സിൽക്ക് സ്മിത, ശോഭ, മയൂരി, നടൻ ശ്രീനാഥ്, സന്തോഷ്‌ ജോഗി, കുനാല്‍ സിങ്  എന്നിവരെല്ലാം ഒരു ഘട്ടത്തിൽ മരണത്തെ പുൽകിയവരാണ്.

****************************

ഇതിനിടെയാണ് ബോളിവുഡിന്‍റെ പരമ്പരാഗത ശീലങ്ങളെ വിമര്‍ശിച്ച് താരങ്ങളടക്കമുള്ളവര്‍ രംഗത്തെത്തിയത്. കുറച്ചുകൂടി മാനുഷിക പരിഗണനകള്‍ ഹിന്ദി സിനിമാലോകം അവിടുത്തെ എല്ലാ കലാകാരന്‍മാരോടും പ്രകടിപ്പിക്കണമെന്ന ആവശ്യം ചര്‍ച്ച ആയിക്കഴിഞ്ഞു. 

ലോകത്തിലേറ്റവും അധികം സിനിമകള്‍ ഒരു വര്‍ഷം നിര്‍മിക്കപ്പെടുന്ന ഇടമാണ് ബോളിവുഡ്. പ്രഫഷണലിസത്തിന്‍റെ കാര്യത്തില്‍ ഒരുപാട് ഒരുപാട് പുരോഗമിച്ചിട്ടുണ്ടെങ്കിലും ചില മേഖലകളില്‍ പഴഞ്ചന്‍ ഏര്‍പ്പാട് തന്നെയാണ് ഇപ്പോഴും. മിക്കസിനിമകളും ചില കുടുംബങ്ങളുടെ തീരുമാനങ്ങളാണ്. നിര്‍മാണകമ്പനിയായും സംവിധായകനായും എഴുത്തുകാരനായും അവര്‍ ഒരു കൂട്ടമാണ്. ആ കൂട്ടം നിശ്ചയിക്കുന്നിടത്താണ് ഒരു നടന്‍റെ അല്ലെങ്കില്‍ നടിയുടെ പിറവിയും നിലനില്‍പും. ഇത്തരം പ്രിവിലിജ്ഡ് ആയ സിനിമക്കാരുടെ നേരെയാണ് വിമര്‍ശനമുനകള്‍ ചെന്നെത്തുന്നത്. ഗോഡ്ഫാദര്‍മാരില്ലാത്തവര്‍ക്ക് നില്‍ക്കക്കള്ളിയില്ലെന്നാണ് കങ്കണ റണാവത്ത് തുറന്നടിച്ചത്.  കങ്കണ പറയുന്നതില്‍ ശരികളേറെയുണ്ട്. ബോളിവുഡില്‍ സ്വജനപക്ഷപാതമുണ്ടെന്ന് ഒരുവേള സുശാന്ത് സിങ് തന്നെ പറഞ്ഞിരുന്നു. 

ഈ വാക്കുകള്‍ പിടിച്ചുലയ്ക്കുന്നുണ്ട് ബോളിവുഡിനെ. സുശാന്തുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന നടൻ വിവേക് ഒബ്റോയും രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. കഴിവുള്ളവരെ തളര്‍ത്തുകയല്ല അംഗീകരിക്കുകയാണ് വേണ്ടതെന്ന് വിവേക് ബോളിവുഡിനെ ഓര്‍മിപ്പിക്കുന്നു.  സംവിധായകന്‍ അനുഭവ് സിന്‍ഹയൊക്കെ ബോളിവുഡിലെ പ്രിവിലിജ് സൊസൈറ്റിയെ വീണ്ടുവിചാരത്തിന് നിര്‍ബന്ധിക്കുന്നുണ്ട്. അതിന്‍റെ മാറ്റൊലികള്‍ ഇങ്ങ് മലയാളത്തില്‍ വരെ കേള്‍ക്കുന്നുണ്ട്. നടന്‍ നീരജ് മാധവന്‍റെ കുറിപ്പും ഇതിനോട് ചേര്‍ത്ത് വായിക്കാവുന്നത് തന്നെയാണ്. 

സുശാന്തിനെ വിഷാദ രോഗിയാക്കിയതിന് കാരണം ചലച്ചിത്രമേഖലയിൽ നിന്നുണ്ടായ ദുരനുഭവങ്ങളാണ് എന്ന ആരോപണം ശക്തമായതോടെയാണ് കേസന്വേഷണം ആ ദിശയിലേക്ക് കൂടി നീളുന്നത്. നടനെ വിഷാദ രോഗത്തിലേക്ക് തള്ളിവിട്ടതിന്റെ കാരണങ്ങൾ അന്വേഷണ പരിധിയിൽ വരുമെന്ന് മഹാരാഷ്ട്ര സര്‍ക്കാരും വ്യക്തമാക്കുന്നുണ്ട്. 

ഈ നേരത്ത് വിഷാദരോഗത്തെക്കുറിച്ച് ചര്‍ച്ചകളും സജീവമായി.  വിഷാദ രോഗം എന്ന മാനസിക രോഗാവസ്ഥയെക്കുറിച്ച് അധികമാര്‍ക്കും ശരിയായ ധാരണ ഇല്ല എന്നതാണ് നിലവിലെയും ദുരവസ്ഥ.

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ലോകത്ത് 265 മില്യൺ ആളുകൾ വിഷാദ രോഗം കൊണ്ട് കഷ്ടപ്പെടുന്നു. ഇൗ അവസ്ഥ 15-20 % ആളുകളെ ബാധിക്കാം എന്നാണ് ഒടുവിലെ പഠനങ്ങൾ പറയുന്നത്. ഈ രോഗത്താല്‍ കഷ്ടപ്പെടുന്ന പകുതിയോളം രോഗികളും അവരുടെ രോഗം തിരിച്ചു അറിയാതെ പോവുന്നുണ്ട്. വിഷാദ രോഗം എന്നാല്‍ പലരും കരുതുന്നത് ജീവിതത്തിലെ വിഷമഘട്ടങ്ങളില്‍ പലര്‍ക്കും ഉണ്ടാവുന്ന വിഷാദത്തിന് സമാനമായ ഒന്നാണ് എന്നാണു. എന്നാല്‍ ഇവ തമ്മില്‍ വത്യാസമുണ്ട് .

മനസ്സിനെ ബാധിക്കുന്ന രോഗങ്ങള്‍ വിവിധങ്ങള്‍ ആണ്. അതോരോന്നിന്റെയും ലക്ഷണങ്ങളും, രോഗാതുരതയും, ചികിത്സയും ഒക്കെ വെവ്വേറെ ആണെങ്കിലും സാമാന്യ ജനം പലപ്പോളും എല്ലാ തരം മാനസികാസ്വാസ്ഥ്യങ്ങളെയും "ഭ്രാന്ത്" എന്നൊരു വാക്കിലേക്ക് ചുരുക്കുകയാണ്. മറ്റു രോഗങ്ങളെ പോലെ തന്നെ ശരീരത്തിനെ ബാധിക്കുന്ന ഒരു അസുഖം ആണ് ഇതുംഎന്നാണ് ആദ്യം മനസ്സിലാക്കേണ്ടത്.  മാനസിക വ്യാപാരങ്ങള്‍ നിയന്ത്രിക്കുന്ന തലച്ചോര്‍ എന്ന അവയവത്തില്‍  ന്യൂറോട്രാന്‍സ്മിറ്ററുകള്‍  എന്ന രാസഘടകങ്ങളുടെ വ്യതിയാനങ്ങള്‍ ആണ് മാനസിക അസ്വാസ്ഥ്യങ്ങള്‍ക്ക് കാരണമാവുന്നത്.

മനുഷ്യന്റെ വികാരങ്ങൾ, ചിന്തകള്‍, ഇവയെ ബാധിക്കുന്ന ഒരു മാനസിക രോഗാവസ്ഥയാണ് വിഷാദം. ഒട്ടുമിക്ക അവസരങ്ങളിലും ഇത് ചികിത്സിച്ചു ഭേദമാക്കാനോ നിയന്ത്ര വിധേയമാക്കി സാധാരണ ജീവിതം നയിക്കാനും കഴിയും എന്നത് മിക്കവരും ഇനിയും മനസ്സിലാക്കിയിട്ടില്ല. ഇതൊക്കെ കൊണ്ട് തന്നെ ഒരു അനാവശ്യ സാമൂഹിക അവജ്ഞ മാനസിക അസ്വാസ്ഥ്യം ഉള്ളവര്‍ നേരിടേണ്ടി വരുന്നുണ്ട്. 

എന്താണ് വിഷാദ രോഗം ?

ഏവരും ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ മനോവിഷമത്തില്‍ അകപ്പെടാം, എന്നാല്‍ അവ സമയം കൊടുക്കുമ്പോള്‍ മാറുന്നതായി കാണാം. എന്നാല്‍ നിരന്തരമായി ദീര്‍ഘനാള്‍  സങ്കടവും, നിരാശയും, താല്‍പ്പര്യമില്ലായ്മയും ഒക്കെ ബാധിച്ചു നിത്യ ജീവിതത്തിലെ കര്‍മ്മങ്ങളില്‍ ഇടപെടാന്‍ കഴിയാതെ ഇരിക്കുക, ഉറക്കം, ഭക്ഷണം, സുഹൃത്തുക്കളുടെ കൂടെ ഉള്ള കളിതമാശകള്‍ എന്നിവയില്‍ താല്‍പ്പര്യമില്ലാതെ ആവുകയും, ജീവിതം തന്നെ വ്യര്‍ത്ഥം എന്ന് തോന്നുകയും ചെയ്യുന്ന പോലുള്ള അവസ്ഥ ആണ് വിഷാദ രോഗം.

നിർഭാഗ്യവശാല്‍ പലപ്പോളും ഈ അവസ്ഥയില്‍ ഉള്ള വ്യക്തിയുമായി ഇടപഴകുന്നവര്‍ പോലും ഇതൊരു രോഗാവസ്ഥ ആണെന്നും, ശരിയായ ചികിത്സ കൊടുക്കേണ്ടതാണ് എന്നും അറിയാതെ പോവുന്നു. ചില സ്വാന്തന വാക്കുകളില്‍ ഒതുങ്ങും കാര്യങ്ങള്‍. എന്നാല്‍ വിഷമിക്കേണ്ട കാര്യം ഇല്ലല്ലോ എന്ന് രോഗിക്ക് തോന്നുന്ന അവസ്ഥയില്‍ പോലും അവര്‍ക്ക് സ്വപരിശ്രമം കൊണ്ട്  മറി കക്കാന്‍ ആവാന്‍ സാധിക്കാത്ത അവസ്ഥയില്‍ ആവും വിഷാദ രോഗം ഉള്ളവര്‍. ശരിയായ മനോരോഗ ചികിത്സയാണ് ആവശ്യം.

ഇത്  തേടാതെ ഇരുന്നാല്‍ രോഗം മൂര്‍ഛിക്കുകയും ഒടുവില്‍ ആത്മഹത്യ പോലുള്ളവയില്‍ എത്തുകയും ചെയ്യാം. എന്നാല്‍ ഡോക്ടറുടെ സഹായം തേടിയാല്‍ ചികിത്സയിലൂടെ രോഗവിമുക്തി നേടുകയോ രോഗം നിയന്ത്രണ വിധേയമാക്കുകയോ ആവാം. വിഷാദരോഗം ഉള്‍പ്പെടെ ഉള്ള മാനസികാസ്വാസ്ഥ്യങ്ങളുടെ രോഗവിമുക്തിക്കു  മരുന്നോ  ചികിത്സയോ മാത്രം അല്ല വേണ്ടപ്പെട്ടവരുടെ ശ്രദ്ധയും പരിചരണവും കൂടി അതീവ പ്രാധാന്യം ഉള്ളതാണ് എന്നതും  ഓര്‍ക്കുക.  

വിഷാദരോഗത്തെ കുറിച്ച് ഏറ്റവും അധികം തുറന്നു പറഞ്ഞിട്ടുള്ളത് ബോളിവുഡ് നടി ദീപിക പദുകോൺ ആണ്.  കരിയറിൽ ഉന്നതങ്ങളിൽ നിൽക്കുമ്പോൾ തന്നെ വിഷാദം വേട്ടയാടിയെന്ന് അവർ മടിയേതുമില്ലാതെ പറഞ്ഞു. മാനസിക ആരോഗ്യത്തിന്റെ പ്രസക്തി ജനങ്ങളിൽ എത്തിക്കാൻ ലിവ്, ലവ്, ലാഫ് എന്ന പേരിൽ ngo യുടെ ഭാഗമായി അവർ. സുശാന്തിന്റ മരണ ശേഷം കൂടുതൽ വെളിപ്പെടുത്തലുകൾ വരികയാണ്.  ക്രിക്കറ്റ്‌ തരാം റോബിൻ ഉത്തപ്പയും നടി ഖുശ്ബുവും വിഷാദത്തെ കുടഞ്ഞെറിഞ്ഞ കഥ പറഞ്ഞു. 

വേണ്ടത് കാല്പനികവത്കരണം അല്ല, മറിച്ച് പിന്തുണയാണ്. കാരണം വിഷാദത്തിന്റെ വേദന അതിലൂടെ കടന്നു പോയവർക്കെ അറിയൂ, അതൊട്ടും സുഖകരമല്ല, ഒരിക്കലും തിരിച്ചു പോകാൻ ആരും ആഗ്രഹിക്കാത്ത അവസ്ഥയാണ്. താഴ്ന്നു പോകുന്നവർക്ക് പിടിച്ചു കയറാൻ നീട്ടുന്ന കൈകളാവാൻ നമ്മൾക്ക് സാധിക്കട്ടെ. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...