ഇഷ്ടം വിഎസ്സിനെ; പണ്ട് കാലി മേച്ചു; ജീവിതവും നിലപാടുകളും

NewsMaker-meena
SHARE

മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ 2019 അന്തിമപട്ടികയിലിടം നേടിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍  ടിക്കാറാം മീണ സംവാദത്തില്‍ നിലപാടുകള്‍ തുറന്നുപറയുന്നു. 

ടിക്കാറാം മീണയെ ഒരു ഭീകരജീവിയായി ചിത്രീകരിക്കാനാണ് രാഷ്ട്രീയനേതാക്കളില്‍ ചിലര്‍ തുടക്കത്തില്‍ ശ്രമിച്ചത്. പക്ഷേ നിഷ്പക്ഷവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പ് എന്നകാര്യത്തില്‍ താന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്നില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകഴിഞ്ഞാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനാണ്  ബോസ്. ചിലര്‍ മസില്‍ പവര്‍ കാണിക്കാന്‍ ശ്രമിക്കുമെങ്കിലും ചട്ടങ്ങള്‍  പാലിക്കുന്നതില്‍ കേരളത്തിലെ നേതാക്കള്‍ മറ്റു സംസ്ഥാനങ്ങളിലെ നേതാക്കളെക്കാള്‍ വളരെ മുന്‍പിലാണ്. അവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. കള്ളവോട്ടിനെതിരെ കൂടുതല്‍ ശക്തമായ നടപടികള്‍ ഉണ്ടാകും. ഈ കസേരയിലിരിക്കുവോളം നിശബ്ദനായിരിക്കില്ലെന്ന് മീണ പറയുന്നു. പബ്ലിസിറ്റിക്കു പിന്നാലെ പോയിട്ടില്ല. ചില കാര്യങ്ങള്‍ ശക്തമായി പറ‍ഞ്ഞപ്പോള്‍ ശ്രദ്ധ കിട്ടിയതാണ്. 

രാഷ്ട്രീയത്തില്‍ മതത്തെ ഉപയോഗിക്കുന്നത് തെറ്റാണ്. ജനങ്ങള്‍ വിഡ്ഢികളല്ല. തിരഞ്ഞെടുപ്പില്‍ മതത്തെ ഉപയോഗിക്കുന്നത് കേരളത്തിലെ ജനങ്ങള്‍ക്ക് ഇഷ്ടമല്ലെന്ന് അവര്‍ പറഞ്ഞുകഴിഞ്ഞു. ഇനിയെങ്കിലും രാഷ്ട്രീയനേതൃത്വം അതില്‍നിന്ന് പിന്‍മാറുമെന്നാണ് തന്‍റെ പ്രതീക്ഷ.

സമുദായ സംഘടനയായ എന്‍എസ്എസിനെ പാഠം പഠിപ്പിക്കാന്‍ താന്‍ ആളല്ല. അവര്‍ക്ക് രാഷ്ട്രീയനിലപാട് എടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്. ആരും  ജാതി പറഞ്ഞ് വോട്ടു ചോദിക്കാന്‍ പാടില്ല. വട്ടിയൂര്‍ക്കാവില്‍ എന്‍എസ്എസിനെതിരെ പരാതി നല്‍കിയവര്‍ തന്നെ ഉപയോഗിക്കാനും പ്രകോപിപ്പിക്കാനുമാണ് ശ്രമിച്ചത്. അതില്‍ വീണില്ല. സി.പി.എമ്മടക്കം പരാതിയുമായി മുന്നോട്ടില്ലെന്നാണ് പൊലീസിനെ അറിയിച്ചത്. 

സിവില്‍ സര്‍വീസിന്‍റെ വിശ്വാസ്യത കുറഞ്ഞുവരികയാണ്. യുവതലമുറയിലെ പലരും പ്രതിബദ്ധതയോടെയല്ല പ്രവര്‍ത്തിക്കുന്നത്. അനഭിലഷണീയമായ മറ്റു കാര്യങ്ങളിലാണ് അവര്‍ക്ക് താല്‍പര്യമെന്ന് മീണ വിമര്‍ശിക്കുന്നു. 

കേരളത്തിലെ രാഷ്ട്രീയനേതാക്കളില്‍ ഏറ്റവും ഇഷ്ടം വി.എസ്. അച്യുതാനന്ദനെയാണ്. അദ്ദേഹത്തെ ഏറെ ബഹുമാനിക്കുന്നു.

രാജസ്ഥാനിലെ കുഗ്രാമത്തിലെ  ബാല്യകാലത്തെക്കുറിച്ച് മീണ ഓര്‍മകള്‍ പങ്കുവച്ചു. പഠനത്തിനൊപ്പം കാലിമേയ്ക്കാനും കൃഷിക്കും പോകുമായിരുന്നു. നല്ല കുപ്പായവും ബാഗുമൊന്നും ഉണ്ടായിരുന്നില്ല. കേരളം ദൈവത്തിന്‍റെ സ്വന്തം നാടുതന്നെ. സ്നേഹവും സാഹോദര്യവും ഉള്ളവരാണ് കേരളീയര്‍.  ഔദ്യോഗികജീവിതത്തില്‍ ഏറെ സംതൃപ്തനാണ്. ഈ  പദവിയില്‍തന്നെ വിരമിക്കുന്നതില്‍ സന്തോഷമേയുള്ളൂവെന്നും മീണ പറഞ്ഞുവയ്ക്കുന്നു. 

പ്രമോദ് രാമന്‍ നയിച്ച സംവാദത്തില്‍ റോജി ജോണ്‍ എം.എല്‍.എ, രാഷ്ട്രപതിയുടെ മുന്‍ സെക്രട്ടറി ഡോ.ക്രിസ്റ്റി ഫെര്‍ണാണ്ടസ്, എം.ജി.സര്‍വകലാശാല മുന്‍ പ്രോ വൈസ് ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂര്‍, ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍ എന്നിവരും  പങ്കെടുത്തു.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...