നെഞ്ചോട് ചേര്‍ക്കേണ്ട പെറ്റമ്മ തന്നെ കുഞ്ഞിനെ കൊന്നുതള്ളുമ്പോള്‍...

prathi-program-04
SHARE

അമ്മ ഒരു വിശ്വാസമാണ് .ഏതാപത്തിലും തുണയാകുന്ന തണുപ്പ്. അമ്മയുടെ സ്നേഹത്തിന് പകരം വയ്ക്കാന്‍ മറ്റൊന്നുമില്ലീ ഭൂമിയില്‍....  

കാലം മാറുകയാണ്. നെഞ്ചോട് ചേര്‍ത്ത് പൊതിഞ്ഞു പിടിക്കേണ്ട പെറ്റമ്മതന്നെ കുഞ്ഞിനെ  കൊന്നു തള്ളുന്നു.പിന്നില്‍ അച്ഛന്റെ അഭാവത്തിലേയ്ക്ക് കടന്നുകയറുന്ന മൂന്നാമന്‍ കൂടിയാകുമ്പോള്‍ ദുരന്തചിത്രം പൂര്‍ണമാകും. അമ്മയും കാമുകനും ചേര്‍ന്നുള്ള ക്രൂര കൃത്യങ്ങുടെ വാര്‍ത്തകളില്‍ നടുങ്ങി  നില്‍ക്കുകയാണ് നാട്.  അത്തരമൊരു നടുക്കത്തിലേയ്ക്കാണ് കഴിഞ്ഞ ശനിയാഴ്ച നെടുമങ്ങാട്  നേരം പുലര്‍ന്നത്.

കരിപ്പൂര്‍ കാരാന്തലയിലെ പൊട്ടക്കിണറ്റില്‍ ഒരു മൃതദേഹം കിടക്കുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ആ വാര്‍ത്ത കാട്ടു തീപോലെ പരന്നു. കേട്ടവര്‍ കേട്ടവര്‍ അവിടേയ്ക്കൊഴുകി....ഏവര്‍ക്കും  പ്രിയങ്കരിയായ മീരയെന്ന പതിനാറുകാരിക്കാണ് ദാരുണ മരണം സംഭവിച്ചതെന്നറിഞ്ഞവര്‍ നടുങ്ങി..

പിന്നെയറിഞ്ഞു മീരയുടെ അമ്മ മഞ്ജുഷയും കാമുകന്‍ അനീഷും പൊലീസ് കസ്റ്റഡിലാണെന്ന്. 19 ദിവസമായി നാട്ടിലില്ലാതിരുന്ന അവരെ തമിഴ്നാട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തുത്തതെന്ന്... കൂടെയുണ്ടാണ്ടായിരുന്ന മീര എവിടെയുണ്ടെന്ന ചോദ്യത്തിന് പൊട്ടക്കിണറ്റിലുണ്ടെന്നാണ് അവര്‍ നല്കിയ മറുപടിയെന്ന്...

വഴക്കു പറഞ്ഞതിന്  മകള്‍ ആത്മഹത്യ ചെയ്തെന്നായിരുന്നു മഞ്ജുഷയുടെ ആദ്യ മൊഴി... ഇതാണ് പ്രതി അനീഷിന്റെ വീട്...പേടിച്ചു പോയതുകൊണ്ട് കാമുകന്‍ അനീഷിന്റെ സഹായത്തോടെ അയാളുടെ വീടിനടുത്തുള്ള കിണറ്റില്‍ മൃതദേഹം ഉപേക്ഷിച്ചുവെന്നായിരുന്നു അനീഷും മഞ്ജുഷയും മൊഴിനല്കിയത്..അഗ്നിരക്ഷാസേന മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ 19 ദിവസം പഴക്കമുള്ള ആ മൃതദേഹം കരയ്ക്കെത്തിച്ചു..

പ്രതി അനീഷിനെ മീരയും മഞ്ജുഷയും താമസിച്ചിരുന്ന വാടക വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുത്തു. അയാള്‍ ഒരു ഭാവഭേദവുമില്ലാതെ മീരയുടെ ആത്മഹത്യ പൊലീസിനു മുമ്പില്‍ വിവരിച്ചു. 

പക്ഷേ വൈകിട്ട് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതുവരെ മാത്രമേ മഞ്ജുഷയുടേയും അനീഷിന്റേയും പെരുംനുണകള്‍ക്ക് ആയുസുണ്ടായിരുന്നുള്ളു. കഴുത്തുഞെരിച്ച് കൊന്നുവെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടത്തിലെ കണ്ടെത്തല്‍ ..

മീര. പഠിത്തത്തിലും  നൃത്തത്തിലുമൊക്കെ മിടുമിടുക്കിയായിരുന്നവള്‍.കഷ്ടപ്പാടുകള്‍ക്കിടയിലും   പത്താം ക്ളാസ് നല്ലമാര്‍ക്കോടെ വിജയിച്ചവള്‍.കരിപ്പൂര്‍ ഹൈസ്കൂളില്‍ അവളുടെ എസ് എസ് എല്‍ സി സര്‍ട്ടിഫിക്കേറ്റ് അനാഥമായിക്കിടപ്പുണ്ടിന്ന്.ടീച്ചര്‍മാരേയും കൂട്ടുകാേയുമൊക്കെ കണ്ണീരിലാഴ്ത്തി. ശാരീരിക ദൗര്‍ബല്യമുള്ള അനുരാഗിനെ ചേര്‍ത്തു പിടിച്ച മീരയെയാണ് ബിന്ദു ടീച്ചര്‍ ഒാര്‍ത്തെടുക്കുന്നത്. വീട്ടിലെ കഷ്ടപ്പാടുകള്‍ക്കിടയിലും എപ്പോഴും പുഞ്ചിരിച്ചവള്‍

മാസങ്ങള്‍ക്കു മുമ്പ് അമ്മയോടൊപ്പം താമസമാരംഭിച്ച വാടകവീട്ടില്‍ പതിനാറ് കൊല്ലത്തെ അവളുടെ സ്വപ്നങ്ങളും ചിതറിക്കിടപ്പുണ്ട്. പൊട്ടും പൗഡറും കമ്മലും അങ്ങനെ അവളുടെ കൊച്ചു ജീവിതത്തിലെ കുഞ്ഞു സമ്പാദ്യങ്ങള്‍ അനാഥമായിക്കിടക്കുന്നു.

ചോറൂണു കഴിഞ്ഞ് സന്തോഷവതിയായി മീര മടങ്ങിവന്നത് അമ്മയ്ക്കൊപ്പം കഴിഞ്ഞ കുറേനാളുകളായി താമസിക്കുന്ന ഈ വാടക വീട്ടിലേയ്ക്കാണ്... പത്താം തീയതി രാത്രി എന്താണ് ഈ വീട്ടില്‍ സംഭവിച്ചത്? 

പുറത്ത് നിലയ്ക്കാത്ത മഴയായിരുന്നു അന്ന്. അമ്മയും  അനീഷും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് വളരെ കുറച്ച് നാളുകളേ ആയിരുന്നുള്ളു അവള്‍ മനസിലാക്കിയിട്ട്.ആ രാത്രിയിലും അനീഷ് വീട്ടിലെത്തിയിരുന്നു.  ഒന്നും രണ്ടും പറഞ്ഞ് അമ്മയുമായി മീര തര്‍ക്കിച്ചു. പിടിവലിയായി.ഇതിനിടെ  മഞ്ജുഷ മീരയെ കട്ടിലിലേയ്ക്ക്  അടിച്ചുവീഴ്ത്തി.പിന്നെ അവളുടെ കഴുത്തിലിട്ടിരുന്ന ഷാള്‍ കൊണ്ട് മുറുക്കി. അനീഷ് വായ് പൊത്തിപ്പിടിച്ചതോടെ പതിനാറ് കൊല്ലത്തെ നിറമുളള സ്വപ്നങ്ങള്‍ പിടഞ്ഞൊടുങ്ങി.

അനീഷിന്റെ ബൈക്കില്‍ മീരയുടെ ശരീരം നടുക്കിരുത്തി പിന്നില്‍ മഞ്ജുഷയും കയറി.നാലു കിലോമീറ്റര്‍ അകലെ കാരാന്തലയില്‍ അനീഷിന്റെ വീടിനടുത്തെത്തി. 

പിന്നെ ആ പിഞ്ചു ശരീരത്തില്‍ ഹോളോബ്രിക്സ് കെട്ടി വീടിനോട് ചേര്‍ന്നുള്ള  പൊട്ടക്കിണറ്റിലേയ്ക്ക് തള്ളി.

തൊടുപുഴയില്‍ ഏഴുവയസുകാരനെ  അമ്മയുടെ കാമുകന്‍ തല്ലിക്കൊന്നത് മറന്നു തുടങ്ങും മുമ്പേ മറ്റൊരു അരുംകൊല.. അന്ന് അരുണ്‍ ആനന്ദെന്ന ക്രിമിനല്‍ കുഞ്ഞിനെ ഭിത്തിയിലേക്ക് തൊഴിച്ചെറിഞ്ഞപ്പോൾ തലയോട്ടി പൊട്ടി ചിതറിത്തെറിച്ച ചോരത്തുള്ളികൾ കണ്ട് കുമാരമംഗലത്തെ ആ വീടിന്റെ ചുമരുകൾ പോലും കണ്ണീരൊഴുക്കിയിരിക്കണം. കൂട്ടുനിന്നത് ബിടെക് ബിരുദധാരിണിയായ അമ്മ തന്നെ.

സ്വന്തം മകളെ കൊല്ലാന്‍ കാമുകന്‍ നിനോ മാത്യുവിന്റെ  കൈയില്‍ കത്തി കൊടുത്തു വിട്ട ടെക്നോപാര്‍ക്ക് ജീവനക്കാരി അനുശാന്തി മുതലിങ്ങോട്ട്. സ്വൈര്യജീവിതത്തിന് മകള്‍ ഐശ്വര്യ തടസമാണെന്ന് കണ്ട് എലിവിഷം നല്കി കൊലപ്പെടുത്തിയ പിണറായിലെ സൗമ്യ , ഭര്‍ത്താവിനോട്  വഴക്കിടുമ്പോഴൊക്കെ മകള്‍ ഒന്നര വയസുകാരി ആദിഷയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഒടുവില്‍ ശ്വാസം മുട്ടിച്ചുകൊന്ന ചേര്‍ത്തലയിലെ ആതിര എത്രയെത്ര അരും കൊലകള്‍. വീട്ടിനകത്ത് തന്നെ പ്രതികള്‍ പെരുകുന്ന കാലം. പൊലീസ് എഫ്ഐആറുകളില്‍ കൊടുംക്രൂരതയുടെ മൊഴികള്‍ നിറയുന്നു.  

ഏത് നിമിഷത്തിലാണ് അമ്മയെന്ന മനോഹര അനുഭവത്തിന്റെ സ്നേഹവും വാല്‍സല്യവും അവര്‍ മറന്നുപോകുന്നത്? കേരളീയ സാമൂഹ്യാന്തരീക്ഷം എത്തിനില്‍ക്കുന്നത് വലിയൊരു വിപത്തിലാണ്...ദുരന്ത വാര്‍ത്തകള്‍ ആവര്‍ത്തിക്കുമ്പോള്‍ നമ്മള്‍ രോഷം കൊള്ളും. സമൂഹമാധ്യമങ്ങളില്‍ പുതിയ പുതിയ വാക്കുകള്‍ ചേര്‍ത്ത് പ്രതികളെ വിചാരണ ചെയ്യും. തെളിവെടുപ്പിന് എത്തിക്കുമ്പോള്‍ കല്ലോ ചൂലോ എടുത്ത് തെറി വിളിക്കും. ഇതിനപ്പുറം ഈ ദാരുണാവസ്ഥയുടെ പിന്നാമ്പുറത്തേക്ക് നമ്മുടെ ക്രമസമാധാനപാലകരുടെയോ സാമൂഹ്യ–രാഷ്ട്രീയ സംഘടനകളുട‌െയോ സര്‍ക്കാരിന്റെയോ ശ്രദ്ധയെത്തുന്നില്ല. 

കുട്ടികളോട് ദാക്ഷിണ്യമില്ലാതെ പെരുമാറുന്നത് രണ്ടാനച്ഛനോ രണ്ടാനമ്മയോ ആണെന്ന നമ്മുടെ സങ്കല്പങ്ങളെ പൊളിച്ചടുക്കുന്ന കണക്കുകള്‍ ചൈല്‍ഡ് ലൈന്റെ പക്കലുണ്ട്. കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്്ത കുട്ടികളെ ഉപദ്രവിച്ച  176 കേസുകളില്‍ പ്രതി അമ്മയാണന്നത് ഞെട്ടിപ്പിക്കുന്നു. പ്രതികള്‍ ഉറ്റ ബന്ധുക്കള്‍ ആയതിനാല്‍ പല കേസുകളും ഒതുക്കിത്തീര്‍ക്കുന്നു.   അച്ഛനും അമ്മയും പിണങ്ങിത്താമസിക്കുന്ന ഇടങ്ങള്‍ അച്ഛനു പകരക്കാരനാകുന്ന കാമുകന്‍. രക്ഷിതാക്കളുടെ അരിശം തീര്‍ക്കുന്ന ഉപകരണങ്ങളായ് മാറുന്ന കുട്ടികള്‍. 

രക്ഷിതാക്കള്‍ പരാജയപ്പെടുന്നിടത്ത് കുട്ടികളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സമൂഹത്തിനും സര്‍ക്കാരിനുമുണ്ട്. വിദേശ രാജ്യങ്ങളിലൊക്കെ കുട്ടികള്‍ അരക്ഷിതരാണെന്ന് ആരുടെ ശ്രദ്ധയില്‍പ്പെട്ടാലും പൊലീസില്‍ വിളിച്ചറഇയിക്കും. നമുക്കും 1098 എന്ന ചൈല്‍ഡ് ലൈന്‍ നമ്പറില്‍ വിളിച്ചറിയിക്കാന്‍ സംവിധാനമുണ്ട്. പക്ഷേ പിന്നാലെ നൂലാമാലകള്‍ വരുമെന്നോര്‍ത്ത് പലരും മെനക്കെടാറില്ല. അറിയുക  വിവരം നല്കിയ ആളുടെ വിശദാംശങ്ങള്‍  വെളിപ്പെടുത്തില്ല.

ഈ വിപത്തിനെതിരെ പൊതുബോധമുണരണം. കുട്ടികള്‍ അരക്ഷിതരാണോയെന്ന് കണ്ണും കാതും തുറന്ന് ജാഗ്രതയോടെയിരിക്കണം.

കുടുംബത്തിന്റേയോ സമൂഹത്തിന്റേയോ ജാഗ്രതക്കുറവില്‍ ഇനിയൊരു കുഞ്ഞിന്റെ കൂടെ ജീവന്‍ നഷ്ടപ്പെട്ടു കൂടാ..

MORE IN SPECIAL PROGRAMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...