അഞ്ചുവര്‍ഷം സഹിച്ചതിന് നന്ദി പറഞ്ഞ് മോദി; ട്രോളിങ് ബൂത്ത്

India Elections
SHARE

ഇങ്ങോട്ടുമാത്രം പറയുന്ന പ്രധാനമന്ത്രിയുടെയും കാര്യം കഴിയുമ്പോള്‍ മാറിനില്‍ക്കെന്ന് ആക്രോശിക്കുന്ന മുഖ്യമന്ത്രിയുടെയും കള്ള വോട്ട് എന്നൊന്നില്ല പാര്‍ട്ടിക്ക് എല്ലാം നല്ല വോട്ട് മാത്രമാണെന്ന് വിശ്വസിക്കുന്ന രാഷ്ട്രീയക്കാരുടെയും ഇടയില്‍നിന്ന് തുടങ്ങുകയാണ് ട്രോളിങ് ബൂത്ത്.

ഇന്ത്യയില്‍ മോദിക്കാലത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് ചോദ്യം ചോദിക്കാന്‍ അവസരം ഉണ്ടായിരുന്നില്ല എന്നതാണ് വര്‍ത്തമാനവും ചരിത്രവും. എന്നുവച്ച് മാധ്യമങ്ങള്‍ക്ക് പണിയൊന്നും ഇല്ലായിരുന്നുവെന്നും അവര്‍ വെറുതെ ഇരിക്കുകയായിരുന്നുവെന്നും ആരും കരുതരുത്.

വാര്‍ത്താ സമ്മേളനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടിവന്നില്ലെങ്കിലും പ്രധാനമന്ത്രിയുടെ തള്ള്, ഗീര്‍വാണം സൊമാലിയ മോഡല്‍ വിവാദങ്ങള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്ത് അവര്‍ മടുത്തു. മാധ്യമങ്ങളെക്കൊണ്ട് അധിക പണി എടുപ്പിക്കേണ്ട എന്ന നല്ല ഉദ്ദേശത്തിലാകണം മോദി വാര്‍ത്താ സമ്മേളനങ്ങള്‍ വിളിക്കാതിരുന്നത്. 

പ്രധാനമന്ത്രി മാധ്യമങ്ങളെ കാണും എന്നു പറയുന്നതുവരെ ബ്രേക്കിങ് ന്യൂസാക്കിമാറ്റാന്‍ കഴിഞ്ഞുവെന്നതാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണ നേട്ടങ്ങളില്‍ എടുത്തുപറയേണ്ടത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ വിരളിലെണ്ണാവുന്ന ദിവസങ്ങളേയുള്ളൂ. അപ്പോളാണ് മോദി വാര്‍ത്താസമ്മേളനം നടത്തുന്നു എന്ന അറിയിപ്പ് വന്നത്. അവിശ്വസനീയമായതെന്തോ കേട്ടപോലെ രാജ്യം മൂക്കത്ത് വിരല്‍ വച്ചു. 

കുരുത്തക്കേടു കാട്ടിയതിന് അധ്യപകന്‍ പുറത്താക്കിയ  കുട്ടി വീണ്ടും ക്ലാസില്‍ കയറ്റണമെന്നഭ്യര്‍ഥിച്ച് രക്ഷിതാവിനെ കൂട്ടിവരുന്ന സീന്‍ സ്കൂളുകളില്‍ കണ്ടിട്ടില്ലേ. അതേ മാതിരിയൊരു വരവാണ് മോദിയും വന്നത്. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കുന്ന ആ രക്ഷകര്‍ത്താവിന്‍റെ റോള്‍  അമിത്ഷാ ഭംഗിയായി അഭിനയിച്ചു.

ഇനിയാണ് കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന ആ നിമിഷം. മോദി വാ തുറക്കുകയാണ്. കൂട്ടിവച്ച ചോദ്യങ്ങവുടെ വലിയ കെട്ടുകളുമായാണ് മാധ്യമപ്രവര്‍ത്തകര്‍ എത്തിയിരിക്കുന്നത്. തന്നെ അഞ്ചുവര്‍ഷം സഹിച്ചതിന് നന്ദി പറഞ്ഞ് മോദി തുടങ്ങി.

എന്നാല്‍ ഓള്‍ ഇന്ത്യാ റോഡിയോയില്‍  ലേറ്റസ്റ്റ്  മന്‍കി ബാത്തിന് ഇട ലഭിക്കാതിരുന്നതിനാല്‍ പകരം സംവിധാനമായാണ് മോദി വാര്‍ത്താ സമ്മേളന നാടകം നടത്തിയതെന്ന് ലോകം ഞെട്ടലോടെ തിരിച്ചറിഞ്ഞു.

മാധ്യമങ്ങള്‍ക്കു കിട്ടിയ ക്ഷണക്കത്തിനെ വാര്‍ത്താ സമ്മേളനം എന്നല്ല പ്രധാനമന്ത്രിയുടെ  റേഡിയോ പ്രക്ഷേപണം എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ. എന്നുവച്ചാല്‍ ചോദ്യമില്ല. ഇത്തരം മാത്രം. നമുക്ക് സംശയമുള്ള കാര്യങ്ങള്‍ക്കുള്ള ഉത്തരമല്ല. മോദീജിക്ക് പറയാന്‍ ഇഷ്ടമുള്ള ഉത്തരങ്ങള്‍. ധന്യവാദ്

ഒന്നുരണ്ടാഴ്ചയായി തുടര്‍ന്നുവന്ന നാടകത്തിന്‍റെ ക്ലൈമാക്സിലാണ് മോദി ഇന്നലെ അഭിനയിച്ചത്. അച്ചടക്കമുള്ള പ്രവര്‍ത്തകനായി മാറുന്നതിന് മുമ്പ് മറ്റൊരു മോദി അധികം അകലയല്ലാത്ത ഭൂതകാലത്തിലുണ്ടായിരുന്നു. അക്കാലമൊന്നില്‍ അക്ഷയ് കുമാറായിരുന്നു സഹനടന്‍. 

മമതാ ബാനര്‍ജി കൊടുത്തയച്ച ലഡുവിന്‍റെ മധുരത്തെക്കുറിച്ചും, തന്‍റെ ഉറക്കമില്ലായ്മകേട്ട് കണ്ണടിച്ചുപോയ ഒബാമയെക്കുറിച്ചും വാചാലമായി സംസാരിക്കുന്ന ഒരു മോദിക്കാലം. ഉത്തരം ലഭിച്ച ശേഷം ചോദ്യം ഉണ്ടാക്കി, അത് അങ്ങനെയല്ല എന്ന് അഭിനയിച്ച് ഭലിപ്പിക്കാന്‍ ശ്രമിച്ച അക്ഷയ്കുമാറിനെയാണ് സമ്മതിക്കേണ്ടത്.

താരതമ്യേന അപകടമുണ്ടാക്കാതെ പോയ ചെറു പടക്കമായിരുന്നു ആ ഇന്‍റര്‍വ്യൂ. വലിയ മിസൈലാക്രമണം വരാനിരിക്കുന്നതേയുള്ളെന്ന് രാജ്യം തിരിച്ചറി‍ഞ്ഞിരുന്നില്ല. തന്‍റെ വീര പ്രകടനങ്ങള്‍ ഉള്‍ക്കൊള്ളിച്ച സിനിമക്ക് തിരഞ്ഞെടുപ്പു കമ്മിഷന്‍ വിലക്കേര്‍പ്പെടുത്തിയതിനെ മറികടക്കാനാണെന്നു തോന്നുന്നു സ്വന്തമായി തിരക്കഥയെഴുതിയ അഭിമുഖങ്ങളുമായി മോദി എത്തിയത്. 

ബാലാക്കോട്ടില്‍ ആക്രമണം നടത്തിയ മോദിയുടെ മേഘസിദ്ധാന്തം കേട്ട് ചിരിക്കണോ കരയണോ എന്നറിയാതെ സംഘപരിവാരങ്ങള്‍ വരെ നിന്നുപോയി. ഡിജിറ്റല്‍ ക്യാമറ ഉണ്ടായിരുന്നതുകൊണ്ട് അവരുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ പറ്റിയെന്നതും എടുത്തുപറഞ്ഞുകൊള്ളട്ടെ

തി‍ഞ്ഞെടുപ്പ് ചൂട് എന്നത് നമ്മള്‍ പതിവായി ഉപയോഗിക്കുന്ന പദമാണ്. എന്നാല്‍ നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനെ മനസിലാക്കുമ്പോള്‍ നമുക്ക് മനസിലാകും തിരഞ്ഞെടുപ്പുകാലത്തല്ല മറിച്ച് തിരഞ്ഞെടുപ്പ് കഴിഞ്ഞാലാണ് ആള് ചൂടാകുന്നത് എന്ന്. 

ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ഹാങ്ങോവറിന് കേരളത്തില്‍ തിരശീലവീഴ്ത്തിയത് പിണറായി സഖാവാണ്. ഓടിവാ ഓടിവായെന്ന് പ്രചാരണകാലത്തുമുഴുവന്‍ മാടിവിളിച്ച മുഖ്യന്‍ ഉയര്‍ന്ന പോളിങ് ശതമാനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മിന്നല്‍ പിണറായി.

കള്ളവോട്ട് കള്ളവോട്ട് എന്നു കേട്ടിട്ടുള്ള മലയാളിക്ക് അത് അനുഭവേദ്യമാക്കാന്‍ സഖാക്കളും ലീഗുകാരും തീരുമാനിച്ച വര്‍ഷംകൂടിയായിരുന്നു ഇത്. കാണാത്ത കാര്യങ്ങവ്‍ വിശ്വസിക്കില്ല എന്നൊരു ദുശീലം മലയാളിക്കുണ്ട്. ഇപ്പോ ആ പരാതി തീര്‍ന്നു. കണ്‍കുളിര്‍ക്കെ എല്ലാവരും കണ്ടു കള്ളവോട്ടുചെയ്യാനുളള കഷ്ടപ്പാട്. 

അയ്യോ ക്ഷമിക്കണം. കള്ളവോട്ട് എന്നൊന്നില്ല എന്നാണ് എകെജി സെന്‍ററിലെ പാര്‍ട്ടി നിഘണ്ടു തിരഞ്ഞശേഷം തലശേരി എംഎല്‍എ എ എന്‍ ഷംസീര്‍ സഖാവ് പ്രഖ്യാപിച്ചത്. അവകാശമില്ലാത്ത വോട്ട് അനധികൃതമായി ചെയ്യ്ത ആ പ്രകൃയ കാരണം കാസര്‍കോട്ടും കണ്ണൂരിലും റീപോളിങ് എന്ന കാഴ്ച കാണാനും മലയാളിക്ക് ഭാഗ്യം ലഭിച്ചു. ഇതിനാണ് പറഞ്ഞത്. എല്‍ഡിഎഫ് വരും എല്ലാം ശരിയാക്കും.

MORE IN SPECIAL PROGRAMS
SHOW MORE