ഫീനിക്‌സ് പക്ഷിയെ പോലെ ഗൗഡ തിരിച്ചുവരുമോ? കാണാനിരിക്കുന്ന കളികള്‍

PTI1_5_2019_000123B
SHARE

കര്‍ണാടകയിലെത്തിയാല്‍ കോണ്‍ഗ്രസും ജെഡിഎസും ഒരു സഖ്യം നിലനിലനിര്‍ത്തിക്കൊണ്ടുപോകാനുള്ള പെടാപ്പാടിലാണ്. ഒരിടത്ത് തര്‍ക്കം പരിഹരിക്കുമ്പോള്‍ അടുത്ത രണ്ടിടത്ത് തര്‍ക്കം തുടങ്ങും. നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായ കോണ്‍ഗ്രസ് നീക്കത്തിന് മറുപടി നല്‍കാന്‍ ഒരവസരം കാത്തിരിക്കുകയാണ് ബിജെപി. റിസോര്‍ട്ട് രാഷ്ട്രീയം കൊടിനാട്ടിയ മണ്ണില്‍ തിരഞ്ഞെടുപ്പിന് ശേഷമാണ് വിലപേശല്‍ ആരംഭിക്കുക. അവസരം നോക്കി മറുകണ്ടം ചാടാന്‍ കാത്തിരിക്കുന്ന നേതാക്കന്‍മാരെ  വലയിലാക്കുകയാണ്  തിരഞ്ഞെടുപ്പിനേക്കാള്‍ വലിയ പെടാപ്പാട്. 

1991. കര്‍ണാടക ലോക്സഭാ തിരഞ്ഞെടുപ്പ്. ആകെയുള്ള 28 സീറ്റില്‍ 23ലും കോണ്‍ഗ്രസ് വിജയിച്ചു. ഹാസനില്‍ നിന്ന് ഒരു ജനതാദള്‍ അംഗവും. കര്‍ഷകനായിരുന്നു അദ്ദേഹം. ആരും ശ്രദ്ധിക്കാതെ ലോക്സഭയിലെ പിന്‍ ബഞ്ചിലിരുന്ന ആ കര്‍ഷകന്‍ അഞ്ചുവര്‍ഷത്തിനുശേഷം പിന്‍ബഞ്ചില്‍ നിന്നെഴുന്നേറ്റ് പ്രധാനമന്ത്രിയുടെ കസേരയിലിരുന്നു. ആ കര്‍ഷകനാണ് ഹരദനഹള്ളി ദൊഡ്ഡേഗൗഡ ദേവഗൗഡ എന്ന എച്ച്.ഡി. ദേവഗൗഡ. 

മണ്ണിഗെ മകന്‍ അഥവാ മണ്ണിന്‍റെ മകന്‍ എന്ന് കര്‍ണാടകം സ്നേഹത്തോടെ വിളിച്ചിരുന്ന ആ നേതാവ് രാജ്യാധികാരത്തിന്‍റെ തലപ്പത്തെത്തിയത്  തികച്ചും അപ്രതീക്ഷിതമായാണ്. 1996 ലെ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടിയ ബിജെപി  എ.ബി.വാജ്പേയിയുടെ നേതൃത്വത്തില്‍ അധികാരത്തിലേറി. ലോക്സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാകാതെ 16 ദിവസത്തിനുശേഷം വാജ്പേയി രാജിവച്ചു. 

അധികാരത്തില്‍ വന്ന യുണൈറ്റഡ് ഫ്രണ്ട് സഖ്യസര്‍ക്കാര്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാലുപേരെ പരിഗണിച്ചു.  വി.പി.സിങ്ങിനും , ജ്യോതിബസുവിനും, മൂപ്പനാരിനും ശേഷം നാലാമനായായിരുന്നു ദേവഗൗഡയുടെ സാധ്യത. പാര്‍ട്ടി കേന്ദ്രകമ്മിറ്റി അനുമതി നല്‍കാത്തതോടെ ജ്യോതിബസു പിന്‍മാറി. 

സിപിഎമ്മിന്‍റെ ചരിത്രപരമായ വിഡ്ഡിത്തം ഗൗഡയ്ക്ക് അനുഗ്രഹമായി. ചര്‍ച്ചകള്‍ക്കൊടുവില്‍ രാജ്യത്തിന്‍റെ പതിനൊന്നാമത് പ്രധാനമന്ത്രിയായി ഗൗഡയ്ക്ക് നറുക്കുവീണു. കഷ്ടിച്ച് ഒരു വര്‍ഷം നീണ്ട ഭരണം. തൂക്കുസഭയിലെ പടലപ്പിണക്കങ്ങളില്‍ അധികാരക്കസേരയില്‍ നിന്നിറങ്ങി.  

1997 മേയ് 12ന് പ്രധാനമന്ത്രി സ്ഥാനം രാജി വച്ച ശേഷം ദേവഗൗഡ പറഞ്ഞു. 'ചാരത്തില്‍ നിന്ന് ഫീനിക്‌സ് പക്ഷിയെ പോലെ ഞാന്‍ തിരിച്ചുവരും' . ആ തിരിച്ചുവരവ് ഇന്നാണ്.  രണ്ട് പതിറ്റാണ്ടിനുശേഷം. ദേശീയരാഷ്ട്രീയം ദേവഗൗഡയുടെ പേര് വീണ്ടും ചര്‍ച്ച ചെയ്തുതുടങ്ങി. ഒപ്പം മകന്‍ കുമാരസ്വാമിയും. ‍ 

കർണാടകത്തിൽമാത്രം ഒതുങ്ങിയ പാർടിയുടെ നിയന്ത്രണം മകൻ കുമാരസ്വാമിയുടെ നിയന്ത്രണത്തിലായി. കോണ്‍ഗ്രസ് സഖ്യം വിട്ട് ബിജെപിയുമായി ചേര്‍ന്ന് 2006 ല്‍ കുമാരസ്വാമി മുഖ്യമന്ത്രിയായി. ബിജെപിയുമായുള്ള കൂട്ടുകെട്ട് ദേവഗൗഡയുടെ വിശ്വാസ്യതയ‌്ക്ക‌് മങ്ങലേൽപ്പിച്ചു. മതനിരപേക്ഷതയോടുള്ള ദേവഗൗഡയുടെ പ്രതിബദ്ധത ചോദ്യം ചെയ്യപ്പെട്ടു. ദേവഗൗഡയുമായി അടുപ്പം പുലര്‍ത്തിയിരുന്ന ഇടത് പാര്‍ട്ടികളെ ഇത് വല്ലാതെ അസ്വസ്ഥരാക്കി. അവരും ഗൗഡയില്‍ നിന്ന് അകന്നു. സജീവരാഷ്ട്രീയത്തില്‍ നിന്ന് ഗൗഡ വിട്ടുനിന്നു. 

2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൂക്കുസഭ നിലവിൽ വന്നു. ബിജെപി ഭരണം പിടിക്കാതിരിക്കാന്‍  കുമാരസ്വാമിക്ക് കോണ്‍ഗ്രസ് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്ത് ‍‍‍െജഡിഎസിനെ കൂടെ നിര്‍ത്തി അധികാരത്തിലേറി. കോണ്‍ഗ്രസുമായുള്ള ഈ തിരഞ്ഞെടുപ്പാനന്തരസഖ്യം ദേവഗൗഡയുടെ താല്‍പ്പര്യമായിരുന്നു. ജെഡിഎസില്‍ നിന്ന് വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സിദ്ധരാമയ്യയുടെ കടുത്ത ശത്രുക്കളാണ് ഗൗഡ കുടുംബം.  

സിദ്ധരാമയ്യ ജെഡിഎസില്‍ നിന്ന് വിട്ടുപോരാനുള്ള പ്രധാനകാരണം തന്നെ ദേവഗൗഡയുടെ മക്കള്‍ രാഷ്ട്രീയമായിരുന്നു. ഈ തിരഞ്ഞെടുപ്പിലും സ്ഥിതി വ്യത്യസ്തമല്ല. എച്ച്.ഡി.കുമാരസ്വാമിയും ഭാര്യ അനിതയും ജേഷ്ഠന്‍ എച്ച്.ഡി. രേവണ്ണയും സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവം. രേവണ്ണയുടെ മകന്‍ പ്രജ്വലിനെ പിന്‍ഗാമിയായി വളര്‍ത്തിക്കൊണ്ടുവരാനായിരുന്നു ദേവഗൗഡയ്ക്ക് താല്‍പ്പര്യം. 

സ്വന്തം മണ്ഡലമായ ഹാസന്‍ കൊച്ചുമകന് നല്‍കി ഗൗഡ തൂമകുരുവിലേക്ക് മാറി. അധികാരം സഹോദരന്‍റെ കുടുംബത്തിലേക്ക് മാറുമെന്ന് ഭയന്ന  കുമാരസ്വാമി കന്നഡ സിനിമാതാരം കൂടിയായ മകന്‍ നിഖില്‍ കുമാരസ്വാമിയെ രാഷ്ട്രീയത്തിലിറക്കി. മാണ്ഡ്യയില്‍ മല്‍സരിക്കുന്ന നിഖിലും കോണ്‍ഗ്രസിന്‍റെ മുന്‍ എംപിയായിരുന്ന അംബരീഷിന്‍റെ ഭാര്യ സുമലതയും തമ്മിലാണ് പോരാട്ടം. 

മകനുവേണ്ടിയുള്ള കുമാരസ്വാമിയുടെ പിടിവാശിക്കുമുന്നില്‍ കോണ്‍ഗ്രസ് സുമലതയെ കൈവിട്ടു. മണ്ഡ‍ലത്തില്‍ സ്വാധീനമുള്ള സുമലതയ്ക്ക് ബിജെപി പിന്തുണയും പ്രഖ്യാപിച്ചു. അതുകൊണ്ടുതന്നെ മാണ്ഡ്യയില്‍ ദളിന് അഭിമാനപ്പോരാട്ടമാണ്. വിജയിക്കാന്‍ മുഖ്യമന്ത്രിയുടെ മകന് കുറച്ച് വിയര്‍പ്പൊഴുക്കേണ്ടി വരും.  

കുമാരസ്വാമിക്ക് മറ്റൊരു ഭാര്യകൂടിയുണ്ട്. കന്നഡ സിനിമയിലെ സൂപ്പര്‍ നായിക നടി രാധിക. ആദ്യഭാര്യ അനിതയുമായുള്ള ബന്ധം നിലനില്‍ക്ക തന്നെയാണ് കുമാരസ്വാമി രാധികയെ ഒപ്പം കൂട്ടിയത്. ഒരു മകളുമുണ്ട്. ഏറെക്കാലം രഹസ്യമായിരുന്ന ബന്ധം കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്താണ് പുറംലോകമറിഞ്ഞത്.  

സിനിമാ നിര്‍മാതാവ് കൂടിയായ കുമാരസ്വാമി തല്‍ക്കാലം സഖ്യം ഹിറ്റാക്കാനുള്ള തീവ്രശ്രമത്തിലാണ്. കാരണം കര്‍ണാടകയില്‍ ഒറ്റയ്ക്ക് സര്‍ക്കാരുണ്ടാക്കാന്‍  ത്രാണിയില്ലാത്ത ജെഡിഎസിന് കോണ്‍ഗ്രസിന്‍റെ ബലത്തില്‍ അഞ്ചുവര്‍ഷം സുഖമായി ഭരിക്കാം. തിരഞ്ഞെടുപ്പുഫലം ഒരുപക്ഷേ കേന്ദ്രത്തിലും ജെഡിഎസിനെ നിര്‍ണായകഘടകമാക്കിയേക്കാം. മൂന്നുവട്ടം അട്ടിമറി സാധ്യതകളെ ചെറുത്ത സഖ്യത്തെ ഇനി സ്വാധീനിക്കുന്നതും ആ തിരഞ്ഞെടുപ്പു ഫലമായിരിക്കും    

28 ലോക്സഭാ മണ്ഡലങ്ങൾ ഉള്ള കർണാടകയിൽ നിലവിൽ ജെഡിഎസ്സിന് രണ്ട് എംപിമാരാണുള്ളത്. കോൺഗ്രസിന് 10 ഉം ബിജെപിക്ക് 16 ഉം എംപിമാരുണ്ട്. ഇത്തവണ കോണ്‍ഗ്രസ് 21 സീറ്റിലും ജെഡിഎസ് ഏഴുസീറ്റിലുമാണ് മല്‍സരിക്കുന്നത്. 

തന്‍റെ വാക്ക് കോണ്‍ഗ്രസ് വില കല്‍പ്പിക്കുന്നില്ലെന്നും ക്ലര്‍ക്കിന്‍റെ സ്ഥാനംപോലും നല്‍കുന്നില്ലെന്നും ചൂണ്ടിക്കാട്ടി കുമാരസ്വാമിയുടെ പ്രസ്താവന വിവാദമായിരുന്നു. കോണ്‍ഗ്രസിനെതിരെ തുടര്‍ച്ചയായി   ഇരവാദം ഉയര്‍ത്തിയിരുന്ന കുമാരസ്വാമി ഇപ്പോള്‍ മിതവാദിയാണ്.  സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ തണുപ്പിക്കാനും ശ്രമംനടത്തുന്നു.

MORE IN SPECIAL PROGRAMS
SHOW MORE