മോദി-നിതീഷ് കൂട്ടുകെട്ടോ കോൺ‌ഗ്രസ്-ആര്‍ജെ‍ഡി സഖ്യമോ?; ആരുടേതാകും അവസാന ചിരി

bihar-elections-2019
SHARE

2019ല്‍ ബിഹാറിലെ അങ്കത്തിന് ഒരുപാട് സവിശേഷതകളുണ്ട്. സമോസയില്‍ ഉരുഴക്കിഴങ് ഉള്ളിടത്തോളം കാലം ബിഹാര്‍ രാഷ്ട്രീയത്തിലുണ്ടാകുമെന്ന് പറഞ്ഞ ലാലുപ്രസാദ് യാദവ് ഇന്ന് ജാര്‍ഖണ്ഡില്‍ ജയില്‍വാസം അനുഭവിക്കുകയാണ്. മോദിക്കൊപ്പം കൂട്ടുകൂടാനില്ലെന്ന് പ്രഖ്യാപിച്ച നിതീഷ് കുമാര്‍ ഇന്ന് താമരകൂടാരത്തിലാണ്. വടക്കന്‍ മണ്ണില്‍ മഹാസഖ്യം എന്ന പേരില്‍ ആരെങ്കിലും കൂടെയുണ്ടെന്ന് ആത്മവിശ്വാസത്തോടെ കോണ്‍ഗ്രസിന് പറയാന്‍ കഴിയുന്നത് ബിഹാറില്‍ മാത്രം. അങ്ങനെ ഒരുപാട് പ്രത്യേകതകള്‍. 

ബിഹാര്‍ ഇന്ത്യയുടെ രാഷ്ട്രീയ പാഠശാലയാണ്. ഈ നാടിന്റെ ഗതി നിര്‍ണയിച്ച ഒരുപാട് തുടിപ്പുകള്‍ക്ക് തുടക്കമായത് മഗധയുടെ മണ്ണിലാണ്. വാണവരും വീണവരും വീഴ്‍ത്തിയവരും വിജയിച്ചവരും നിരവധി. ജനാധിപത്യത്തിന്റെ പോരാട്ട വേദികളില്‍ രാജ്യത്തെ അല്‍ഭുതപ്പെടുത്തിയ വിധിയെഴുത്തുകള്‍ നടത്തി ചരിത്രത്തിനൊപ്പം നടന്നവരാണ് നിരക്ഷരരെന്നും നിര്‍ധനരെന്നും മുദ്രകുത്തപ്പെട്ട ബിഹാറിലെ സാധാരണ ജനത. 

വലിയ പാരമ്പര്യവും സംസ്കാരവും പേറുന്ന നാടാണ് ബിഹാർ. മഗദയുടെ മണ്ണ്. മഗദയുടെ തലസ്ഥാനമായിരുന്നു പാടലിപുത്ര. ലോകത്തെ ഏറ്റവും വലിയ നഗരങ്ങളിൽ ഒന്നായി ഗ്രീക്ക് യാത്രികനായ മെഗസ്തനീസ് വിശേഷിപ്പിച്ച നഗരം. ഇന്നത്തെ പട്ന. മൗര്യന്മാരും ഗുപ്തന്മാരും വാണറുളിയ നാട്. അറിവിന്റെ പുതിയ ലോകം കാണാൻ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് പതിനായിരക്കണക്കിന് വിദ്യാർഥികൾ നളന്ദയിലേക്ക് ഒഴുകിയെത്തിയ നാട്. ബുദ്ധന്റെ കര്‍മഭൂമിയും വർധമാന മഹാവീരന്റെ ജന്മഭൂമിയും. ബുദ്ധിരാക്ഷസനായ ചാണക്യന്റെ നാട്. സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ ദിശമാറ്റിയ ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹം നടന്ന ചമ്പാരനും ഇവിടെതന്നെ. സ്വാതന്ത്ര്യാനന്തരം അടിയന്തരാവസ്ഥയ്‌ക്കെതിരെ ശക്തമായ ശബ്ദമുയർന്നതും ഇതേ മണ്ണിൽ നിന്നുതന്നെ. ജയപ്രകാശ് നാരായണിന്റെ നേതൃത്വത്തിൽ. ജനാധിപത്യത്തിന്റെ വരവോടെ ബിഹാറിന്റെ വളര്‍ച്ച കീഴോട്ടായി. ദാരിദ്ര്യവും പിന്നാക്കാവസ്ഥയും സംസ്ഥാനത്തിന്റെ മുഖമുദ്രയായി. 

1990വരെ കോണ്‍ഗ്രസ് മാത്രമായിരുന്നു പ്രധാന പാര്‍ട്ടി. 1947നും 1990നുമിടയില്‍ കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ അധികാരത്തിലിരുന്നത് മൂന്നര വര്‍ഷത്തില്‍ താഴെ. എന്നാല്‍, 1990 പുതിയ ചരിത്രം പിറന്നു. ലാലുപ്രസാദ് യാദവിന്റെ നേതൃത്വത്തില്‍ ജനതാദള്‍ സ‌ര്‍ക്കാര്‍. അതോടെ കോണ്‍ഗ്രസ് ചരിത്രമായി. 1997ൽ കാലിത്തീറ്റ കുംഭകോണത്തിൽപെട്ട് ലാലു ജയിലിലായപ്പോൾ ഭരണചക്രം ഭാര്യ റാബ്‍റിദേവിക്ക് കൈമാറി.  ഇതിനിടെ ആർ.ജെ.ഡി പിറന്നു. 2005വരെ റാബ്‍റിയിലൂടെ ലാലു യുഗം. 2005ല്‍ ബിഹാര്‍ പുതിയ ദിശയിലേക്ക് തിരിഞ്ഞു. അധികാരത്തിലേക്ക്  നിതീഷ് കുമാറിന്റെ വരവ്. വികസനത്തിന്റെ പാതയിലേക്ക് ബിഹാര്‍ നടന്നടുത്തു. 

നാൽപത് സീറ്റുകളുമായി ഉത്തർപ്രദേശിനും മഹാരാഷ്ട്രയ്‌ക്കും ബംഗാളിനും പിന്നില്‍ ലോക്‌സഭയിൽ നാലാം സ്ഥാനത്താണ് ബിഹാർ. വലിപ്പത്തില്‍ പതിമൂന്നാം സ്ഥാനത്ത്. അറിവിന്റെ ലോകത്തേക്ക് പുതിയ വാതായനം തുറന്ന നാട്ടില്‍ ഇന്ന് നൂറില്‍ മുപ്പത്തിയേഴ് പേര്‍ക്ക് എഴുതാനും വായിക്കാന്‍ അറിയില്ല. സാക്ഷരതയുടെ കാര്യത്തില്‍ രാജ്യത്ത് ഏറ്റവും പിന്നില്‍. എങ്കിലും രാഷ്ട്രീയമായി ഏറെ മുന്നില്‍. പത്ത് കോടി നാല്‍പത് ലക്ഷം ആളുകളുമായി ജനസംഖ്യയുടെ കാര്യത്തില്‍ മൂന്നാമത്. ജനസംഖ്യയിലെ 82.7 ശതമാനം ഹിന്ദുക്കള്‍. 16.9 ശതമാനം മുസ്ലിംകൾ. ക്രിസ്ത്യാനികളും സിക്കുകാരും ബുദ്ധ, ജൈനമത വിശ്വാസികളും അരശതമാനത്തിൽ താഴെ. അധികാരത്തിലേറുന്ന പാര്‍ട്ടിക്ക് എന്നും ഒപ്പംവേണം ബിഹാറിന്റെ മനസും ഹൃദയവും. 

മോദിയുടെയും നിതീഷിന്റെയും മുഖവിലയാണ് എന്‍.ഡി.എ ക്യാംപിന്റെ ബലം. മോദി ഇമേജിന്റെ പോരായ്മകള്‍ നിതീഷിന്റെ ജനപ്രീതിയിലൂടെയും നിതീഷിന്റെ ഭരണപ്രതിസന്ധികള്‍ മോദി ഇമേജ് കൊണ്ടും മറികടക്കുന്ന സമവാക്യം. കേന്ദ്രസ‌ര്‍ക്കാരിന്റ‌െ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും ദേശീയത ആളിക്കത്തിച്ചും ചരിത്രനേട്ടം കൈവരിക്കാമെന്നാണ് മോദിയുടെ കണക്കുകൂട്ടല്‍. എന്നാല്‍, മോദിക്കൊപ്പം നില്‍ക്കുമ്പോഴും സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിയാണ് നിതീഷ് വോട്ടു തേടുന്നത്. എന്തായിരിക്കും അതിന് പിന്നിലെ കാരണം. പരിശോധിക്കാം. 

ബി.ജെ.പി നേതൃത്വം നല്‍കുന്ന ദേശീയ ജനാധിപത്യ മുന്നണിയില്‍ നരേന്ദ്രമോദിയോളം തലയെടുപ്പുള്ള ഒറ്റ നേതാവേയുള്ളു. നിതീഷ് കുമാര്‍. മോദി–നിതീഷ് ബന്ധത്തിന്റെ ആഴം വിളിച്ചുപറയുന്ന ഒരുപഴയ സംഭവമുണ്ട്. 2010 ജൂണില്‍ പട്നയില്‍ നടന്ന ബി.ജെ.പി ദേശീയ എക്സിക്യൂട്ടിവ് യോഗത്തിലെ നേതാക്കള്‍ക്ക് നിതീഷ് വിരുന്ന് ഒരുക്കിയിരുന്നു. എന്നാല്‍, വിരുന്ന് നല്‍കേണ്ട ദിവസം രണ്ട് പ്രധാന പത്രങ്ങളില്‍ ഒരു ഫുള്‍പേജ് പരസ്യം പ്രത്യക്ഷപ്പെട്ടു. ബിഹാര്‍ പ്രളയത്തിന് അഞ്ച് കോടി രൂപ ധനസഹായം പ്രഖ്യാപിച്ച അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിക്കുന്നതായിരുന്നു പരസ്യം. മോദിയും നിതീഷും കൈകള്‍ കോര്‍ത്തുപിടിച്ച് നില്‍ക്കുന്ന ചിത്രവുമുണ്ടായിരുന്നു. ഒരു പി.ആര്‍ കമ്പനിയാണ് പരസ്യം നല്‍കിയത്. അത് നിതീഷിനെ ചൊടിപ്പിച്ചു. വിരുന്ന് റദ്ദാക്കി. കഴിഞ്ഞതിരഞ്ഞെടുപ്പില്‍ മോദിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയതിൽ പ്രതിഷേധിച്ച് ബി.ജെ.പി ബന്ധം പോലും ഉപേക്ഷിച്ചു. 2014ല്‍ മോദിയെ മുട്ടുകുത്തിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട നിതീഷ് സ്വയം മുട്ടുകുത്തി. വെറും രണ്ടുസീറ്റില്‍ ഒതുങ്ങി. എന്നാല്‍, തൊട്ടടുത്ത വര്‍ഷം, അതായത് 2015ല്‍ ലാലുവിനും കോണ്‍ഗ്രസിനുമൊപ്പം കൂട്ടുകൂടി മോദിയെ ഞെട്ടിച്ചു. ബി.ജെ.പിക്കെതിരെ മഹാസഖ്യമുണ്ടാക്കി നിയമസഭാ തിരഞ്ഞെടുപ്പില്‍വന്‍ വിജയം. 2017ല്‍ മഹാസഖ്യം പൊളിച്ച് നിതീഷ് എന്‍.ഡി.എയുടെ ഭാഗമായി. മോദിയെ നേതാവായി അംഗീകരിച്ചു. എന്നാല്‍, ഇന്നും ഇരുവരുടെയും ബന്ധം അത്ര ഊഷ്മളമല്ല. ധര്‍ബംഗയില്‍ ഇരുവരും പങ്കെടുത്ത റാലിയിലെ ദൃശ്യങ്ങള്‍ അത് വിളിച്ചുപറയുന്നതാണ്. മോദിയുടെ ഭാരത് വന്ദേമാതരത്തോട് നിതീഷ് മുഖംതിരിച്ചു. 

കഴിഞ്ഞതിരഞ്ഞെടുപ്പില്‍ ബി.ജെ.പി നേടിയത് 22 സീറ്റ്. എന്‍.ഡി.എയുടെ ഭാഗമായ റാംവിലാസ് പാസ്വാന്റെ എല്‍.ജെ.പി നേടിയത് ആറും. ഒറ്റയ്‍ക്ക് മല്‍സരിച്ച ജെ.ഡി.യു രണ്ടുസീറ്റിലൊതുങ്ങി.  എന്നാല്‍, ഇത്തവണ ബി.ജെ.പിക്ക് തുല്യമായ പരിഗണനയ്‍ക്കായി നിതീഷ് വാശിപ്പിടിച്ചു. മറുപക്ഷത്ത് ആര്‍.ജെ.ഡി കോണ്‍ഗ്രസ് മഹാസഖ്യം ശക്തിപ്രാപിക്കുന്നത് കണ്ട് അമിത് ഷാ വഴങ്ങി. കഴിഞ്ഞതവണ ഒപ്പം നിന്ന് മൂന്നുസീറ്റ് നേടിയ ഉപേന്ദ്ര കുശ്വാഹയുടെ ആര്‍.എല്‍.എസ്.പി മഹാസഖ്യത്തിലേക്ക് പോകുന്നത് കണ്ടിട്ടും അമിത് ഷാ നിതീഷിന്റെ പിടിവാശി അംഗീകരിച്ചു. 17 വീതം സീറ്റില്‍ ബി.ജെ.പിയും ജെ.ഡി.യുവും മല്‍സരിക്കുന്നു. കഴിഞ്ഞതവണ നേടിയ ആറ് സീറ്റിനൊപ്പം പാസ്വാന് രാജ്യസഭാംഗത്വം കൂടി നല്‍കാമെന്ന ഉറപ്പില്‍ എല്‍.ജെ.പിയെ ഒതുക്കി. എന്നാല്‍, ജയിച്ചതിനെക്കാള്‍ അഞ്ച് സീറ്റ് കുറവില്‍ മല്‍സരിക്കുന്നത് ബി.ജെ.പി നേതൃത്വത്തിന് അത്ര രസിച്ചിട്ടില്ല. 

ജെ.ഡി.യു സ്ഥാനാര്‍ഥികളെ ബി.ജെ.പി കാലുവാരാനുള്ള സാധ്യതയുണ്ട്. വരാനിരിക്കുന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ നിതീഷിന്റെ വിലപേശല്‍ ശക്തി കുറയ്‍ക്കുകയാണ് താരമപാര്‍ട്ടിയുടെ ലക്ഷ്യം. എന്നാല്‍, ബി.ജെ.പിയുമായി നല്ല ബന്ധമാണെന്നാണ് ജെ.ഡി.യു നേതൃത്വത്തിന്റെ നിലപാട്. 

ബി.ജെ.പിയുടെ ഉള്ളിലിരിപ്പ് നന്നായി അറിയാവുന്ന നിതീഷ് പ്രചാരണമത്രയും സംസ്ഥാന പദ്ധതികള്‍ മാത്രം ഉയര്‍ത്തിയാണ്. റാലികളില്‍ മോദിയെക്കുറിച്ച് ഒന്നോ രണ്ടോ തവണ മാത്രം പരാമര്‍ശം. പ്രസംഗങ്ങളില്‍ മുഴുവന്‍ തന്റെ 13 വര്‍ഷത്തെ ഭരണനേട്ടം ഉയര്‍ത്തിക്കാണിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനെക്കാള്‍ അടുത്തവര്‍ഷം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് തന്നെയാണ് നിതീഷിന്റെ മനസിലാകെ.

അതേസമയം, മോദി തരംഗം മുന്‍പത്തെക്കാള്‍ വന്‍ശക്തിയില്‍ വീശിയടിക്കുന്നുണ്ടെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍. സഖ്യം ഭദ്രമാണെന്നും ബി.ജെ.പി അവകാശപ്പെടുന്നു.

ബിഹാറിലെ പട്ടികവിഭാഗങ്ങളുടെ പടത്തലവന്‍ റാംവിലാസ് പാസ്വാന്‍ മല്‍സരരംഗത്തില്ലാത്ത ആദ്യ തിരഞ്ഞെടുപ്പ് കൂടിയാണിത്. 1977 മുതല്‍ എട്ടുതവണ ഹാജിപുരില്‍ നിന്ന് റെക്കോഡ് ഭൂരിപക്ഷത്തില്‍ വിജയിച്ചിട്ടുള്ള പാസ്വാന് പകരം ഇത്തവണ സഹോദരനും സംസ്ഥാന മന്ത്രിയുമായ പശുപതികുമാര്‍ പരസ് ആണ് മല്‍സരരംഗത്ത്. മോദി സര്‍ക്കാര്‍ ദളിത് വിരുദ്ധമാണെന്ന മഹാസഖ്യത്തിന്റെ ആരോപണത്തോട് പശുപതികുമാറിന്റെ പ്രതികരണം ഇങ്ങനെ.

കോണ്‍ഗ്രസ് ഉള്‍പ്പെട്ട പ്രതിപക്ഷ മഹാസഖ്യത്തെ നയിക്കേണ്ട ലാലുപ്രസാദ് യാദവ് ജയിലിലാണ്. കഴിഞ്ഞ അര നൂറ്റാണ്ടിനിടെ ലാലു ഇല്ലാത്ത ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണമാണ് ബിഹാര്‍ കണ്ടത്. ലാലുവിന്റെ മകനും പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവാണ് മഹാസഖ്യത്തിന്റെ മുഖം. ലോക്സഭാ തിര‍ഞ്ഞെടുപ്പില്‍ മിന്നും വിജയം നേടി മുഖ്യമന്ത്രിക്കസേര ഉറപ്പിക്കുകയാണ് മുപ്പത് തികയാത്ത ഈ ചെറുപ്പക്കാരന്റെ മോഹം. 

ആര്‍.ജെ.ഡിയും കോണ്‍ഗ്രസും ഉള്‍പ്പെട്ട ആറ് പാര്‍ട്ടികളുടെ മഹാസഖ്യമാണ് ബിഹാറില്‍ മോദിക്കും നിതീഷിനുമെതിരെ കളത്തില്‍. ലാലുവിന്റെ ആര്‍.ജെ.ഡിയാണ് മഹാസഖ്യത്തെ നയിക്കുന്നത്. ലാലുവും ഭാര്യയും മക്കളും ബന്ധുക്കളും ഉള്‍പ്പെട്ട പാര്‍ട്ടിയാണ് ആര്‍.ജെ.ഡിയെന്ന് കളിയാക്കുന്നവരുണ്ട്. എന്നാല്‍, ലാലുവിന്റെ മതേതര മുഖത്തിന് ബിഹാറില്‍ എന്ന് മാത്രമല്ല, ഇന്ത്യയിലാകെ ഒരു സ്ഥാനമുണ്ട്. ആ ഇമേജിന് ഇന്ന് വലിയ പ്രസക്തിയും. അത് ഉപയോഗപ്പെടുത്തുകയാണ് ആര്‍.ജെ.ഡി. ലാലുവിന്റെ അഭാവത്തില്‍ 29 കാരനായ ഇളയ മകന്‍ തേജസ്വി യാദവാണ് മഹാസഖ്യത്തിന്റെ തേരാളി. 

രാഷ്ട്രീയ പിന്‍ഗാമിയെ തിരഞ്ഞെടുത്തപ്പോള്‍ ലാലു നടുകഷ്ണം നല്‍കിയത് തേജസ്വിക്കാണ്.  2015ല്‍ നിതീഷ് മന്ത്രിസഭയില്‍ തേജസ്വി ഉപമുഖ്യമന്ത്രിയാകുമ്പോള്‍ പ്രായം 26. അതേമന്ത്രിസഭയില്‍ മൂത്ത മകന്‍ തേജ്പ്രതാപിന് മന്ത്രിസ്ഥാനം മാത്രമേ നല്‍കിയുള്ളു. നിതീഷ് മഹാസഖ്യം വിട്ടപ്പോള്‍ ബിഹാര്‍ നിയമസഭയില്‍ തേജസ്വി പ്രതിപക്ഷനേതാവായി. 28–ാം വയസില്‍. ഇതോടെ ലാലുവിന്റെ പിന്‍ഗാമി ആരെന്ന് വ്യക്തമായി. അന്ന് തുടങ്ങി ലാലു കുടുംബത്തിലെ അന്തഛിദ്രം. സീറ്റ് വിഭജനത്തില്‍ പ്രതിഷേധിച്ച തേജ്‍പ്രതാപ് യാദവ് ഇടഞ്ഞുനില്‍ക്കുകയാണ്. പരമ്പരാഗത ആര്‍ജെഡി  ശക്തികേന്ദ്രമായ സാരണില്‍ ഉള്‍പ്പെടെ തേജ്പ്രതാപ് കലാപക്കൊടി ഉയര്‍ത്തിയെങ്കിലും തേജസ്വി കാര്യമാക്കുന്നില്ല. ലാലുവിനും മക്കള്‍ക്കുമെതിരായ അഴിമതിക്കേസുകളും ആര്‍.ജെ.ഡിക്കെതിരെ ബി.ജെ.പിയും ജെ.ഡി.യുവും ആയുധമാക്കിയിട്ടുണ്ട്. അതിനെയെല്ലാം ലാലു ശൈലിയില്‍ തന്നെ തേജസ്വി നേരിടുന്നു. 

ലാലു ഒരു വ്യക്തിയല്ലെന്നും വിചാരധാരയാണെന്നുമാണ് മകള്‍ മിസ ഭാരതിയുടെ നിലപാട്. രാജ്യസഭാംഗം കൂടിയായ മിസ ഇത്തവണ പാടലിപുത്രയില്‍ വീണ്ടും ജനവിധി തേടുന്നു. കഴിഞ്ഞതവണ കൈവിട്ട പാടലിപുത്ര ഇത്തവണ തന്നെ തുണയ്‍ക്കുമെന്നാണ് മിസയുടെ വിശ്വാസം. 

‌ആര്‍.ജെ.ഡി പത്തൊന്‍പത് സീറ്റിലും കോണ്‍ഗ്രസ് ഒന്‍പത് സീറ്റിലും മല്‍സരിക്കുമ്പോള്‍ എന്‍.ഡി.എ വിട്ടുപുറത്തുവന്ന ആര്‍.എല്‍.എസ്.പിക്ക് അഞ്ച് സീറ്റാണ് മഹാസഖ്യം വിട്ടുനല്‍കിയത്. നിതീഷിന്റെ ഉറ്റമിത്രമായിരുന്ന മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ജിയുടെ എച്ച്.എ.എമ്മിനും വികാഷ്സീല്‍ ഇന്‍സാന്‍ പാര്‍ട്ടിക്കും മൂന്ന് വീതം സീറ്റുകള്‍ നല്‍കി. അറയില്‍ ആര്‍.ജെ.ഡി സ്ഥാനാര്‍ഥിയെ നിര്‍ത്താതെ തീവ്ര ഇടതുപാര്‍ട്ടിയായ സി.പി.ഐ എം.എല്ലിന് പിന്തുണ നല്‍കിയതിലുമുണ്ട് ലാലു ടച്ച്. മകള്‍ മിസ മല്‍സരിക്കുന്ന പാടലിപുത്രയില്‍ കാര്യമായ സ്വാധീനമുള്ള എം.എല്ലിന്റെ പിന്തുണ അങ്ങനെ ലാലു ഉറപ്പാക്കി. 

പ്രഥമ രാഷ്ട്രപതി ബാബു രാജേന്ദ്രപ്രസാദ് പതിനാലു വര്‍ഷം സംസ്ഥാന കോണ്‍ഗ്രസ്  അധ്യക്ഷനായിരുന്ന ബിഹാറിലെ പാര്‍ട്ടി ആസ്ഥാനം കോണ്‍ഗ്രസിന്റെ പഴയപ്രതാപം വിളിച്ചോതുന്നതാണ്. പതിറ്റാണ്ടുകള്‍ സംസ്ഥാനത്തിന്റെ ഭരണചക്രം തിരിച്ച കോണ്‍ഗ്രസ് ഇന്ന് മഹാസഖ്യത്തിലെ രണ്ടാം കക്ഷി മാത്രമാണ്. സംസ്ഥാനത്ത് ഉയര്‍ത്തിക്കാട്ടാന്‍ പോലും മുഖമില്ലാതിരിക്കുമ്പോഴാണ് കടുത്ത മോദി വിമര്‍ശകനും ബിജെപിയിലെ വിപ്ലവകാരിയുമായ ശത്രുഘ്നന്‍ സിന്‍ഹയുടെ വരവ്. പഴയ ബോളിവുഡ് സുവര്‍ണതാരത്തിന്റെ പ്രഭ പരമാവധി പ്രയോജനപ്പെടുത്തുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. സിന്‍ഹ കോണ്‍ഗ്രസിന്റെ താരപ്രചാരകനാണ്. രണ്ടുതവണ ബി.ജെ.പി ടിക്കറ്റില്‍ പട്നസാഹിബില്‍ വിജയിച്ച സിന്‍ഹ ഇത്തവണ കൈപ്പത്തി ചിഹ്നത്തില്‍ ഹാട്രിക് അടിക്കാനുള്ള ശ്രമത്തിലാണ്. 

ഈ തീപ്പൊരി പാര്‍ലമെന്റില്‍ മുഴങ്ങുമോയെന്ന തീരുമാനിക്കേണ്ടതും ബിഹാറാണ്. ബിഹാറിന്റെ ലെനിന്‍ഗ്രാഡ് എന്ന് അറിയപ്പെടുന്ന ബെഗുസറായില്‍ എന്‍.ഡി.എയ്ക്കും മഹാസഖ്യത്തിനുമെതിരെ സി.പി.ഐ സ്ഥാനാര്‍ഥിയായി ചരിത്രവിജയം നേടാമെന്ന പ്രതീക്ഷയിലാണ് കനയ്യ കുമാര്‍. ആര്‍.ജെ.ഡിക്കും സി.പി.ഐയ്‍ക്കുമിടയിലുണ്ടായ കല്ലുകടിയിലാണ് കനയ്യയ്‍ക്ക് മഹാസഖ്യത്തിന്റെ പിന്തുണ നഷ്ടമായത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള മുഴുവന്‍ തുകയും ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ച ഈ ചെറുപ്പക്കാരന്‍ ത്രികോണ മല്‍സരത്തില്‍ വിജയിച്ചാല്‍ ഇന്ത്യന്‍ പാര്‍ലമെന്ററി ചരിത്രത്തിലും ആസാദി വിളികള്‍ എഴുതിച്ചേര്‍ക്കപ്പെടും. 

ബിഹാര്‍ രാഷ്ട്രീയത്തില്‍ എല്ലാം ജാതികേന്ദ്രീകൃതമാണ്. വികസനം അടക്കമുള്ള പ്രശ്നങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചർച്ചയാവുമെങ്കിലും ജാതിയിലൂന്നിയാണ് അങ്കം മുറുകുന്നത്. ബേരോജ്‌ഗാർ ഹാട്ടാവോ, ആരക്ഷൻ ബഡാവോ. തൊഴിലില്ലായ്മ ഇല്ലാതാക്കുക, സംവരണം ഉയർത്തുക. ഇതാണ് ബിഹാറില്‍ മഹാസഖ്യത്തിന്റെ മുദ്രാവാക്യം. ‌മണ്ഡൽ രാഷ്ട്രീയം ഒരിക്കൽ കൂടി പൊടിത്തട്ടിയെടുക്കുകയാണ് ആർ.ജെ.ഡി. 17 ശതമാനത്തിനടുത്ത് വരുന്ന മുസ്ലിം സമുദായത്തിന് പുറമേ 41 ശതമാനം വരുന്ന പിന്നാക്കവിഭാഗങ്ങളുടെ വോട്ടു കൂടി ഉറപ്പിക്കുകയാണ് മഹാസഖ്യത്തിന്റെ ലക്ഷ്യം. ഈ മുദ്രാവാക്യം നേരിടാന്‍ സദ്ഭരണത്തിന്റെ നായകൻ അഥവാ സുശാഷൻ ബാബു എന്ന പേര് മാത്രം പോരൊന്ന് നിതീഷിന് വ്യക്തമായി അറിയാം. 

ജാതി സമവാക്യം ഇത്തവണ മഹാസഖ്യത്തിന് അനുകൂലമാണെന്നാണ് വിലയിരുത്തല്‍. മേല്‍ജാതികളായ ബ്രാഹ്മണര്‍, ഭൂമിഹാര്‍, കായസ്ത, ഠാക്കൂര്‍, നിതീഷിന്റെ കുര്‍മി, പാസ്വാന്റെ ദുശധ് തുടങ്ങിയ സമുദായങ്ങള്‍ എന്‍.ഡി.എയ്ക്കൊപ്പം നില്‍ക്കും. എന്നാല്‍, 14 ശതമാനം വരുന്ന യാദവരുടെയും ഉപേന്ദ്രകുശ്വാഹയിലൂടെ നാലു ശതമാനത്തിനടുത്ത് വരുന്ന കൊയ്്രികളുടെയും മാഞ്ജിയിലൂടെ പട്ടികസമുദായത്തിലെ മുശഹാര്‍ സമുദായത്തിന്റെയും വോട്ടു ഉറപ്പിക്കാമെന്നാണ് മഹാസഖ്യം കരുതുന്നത്. കോണ്‍ഗ്രസിന്റെ സാന്നിധ്യം മേല്‍ജാതി വോട്ടുകള്‍ ഭിന്നിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു. 

ജനസംഖ്യയുടെ അറുപത് ശതമാനം കാർഷികവൃത്തിയെ ആശ്രയിച്ചുജീവിക്കുന്ന ഇന്ത്യാ മഹാരാജ്യത്ത് എവിടെ ചെന്നാലും കർഷകന് പറയാനുള്ളത് ദുരിതങ്ങളുടെ കഥമാത്രം. ഇവിടെയും ചിത്രം മറ്റൊന്നല്ല. തിരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് കർഷകന് വില. അവന്റെ പേരിലാണ് എല്ലാവരും വോട്ട് സമ്പാദിക്കുന്നത്. രാഷ്ട്രീയ നേതാക്കൾ നൽകുന്ന വാഗ്ദാനങ്ങളിൽ വിശ്വാസമില്ലെങ്കിലും അവർ ആശ്വാസം കൊള്ളുകയാണ്. മോദിയും നിതീഷും കര്‍ഷകര്‍ക്കായി ഒട്ടേറെ കാര്യങ്ങള്‍ ചെയ്തെന്ന് അവകാശപ്പെടുമ്പോഴും ഒന്നും കിട്ടിയിട്ടില്ലെന്നാണ് കര്‍ഷക വിലാപം. 

ബി.ജെ.പിക്ക് വ്യക്തമായ  മുന്‍തൂക്കം നല്‍കിയ 2014ലെ ചിത്രമായിരിക്കില്ല ഇത്തവണ ബിഹാര്‍ സമ്മാനിക്കുക. മോദിയും നിതീഷും ഒരുവശത്തും രാഹുലും തേജസ്വിയും മറുവശത്തും ശക്തമായ പോരാട്ടം കാഴ്ചവച്ചിട്ടുണ്ട്. ഭൂരിഭാഗം സീറ്റുകളിലും വോട്ട് പെട്ടിയിലായെങ്കിലും ആരുടെതാകും അവസാന ചിരിയെന്ന് സൂചന നല്‍കാന്‍ വോട്ട‍ര്‍മാര്‍ തയാറല്ല. രാഷ്ട്രീയമായി ഏറെ മുന്നില്‍ നില്‍ക്കുന്ന ബിഹാറില്‍ മനസില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന രഹസ്യം എന്തായിരിക്കും. അത് അറിയാന്‍ ഈ മാസം 23വരെ കാത്തിരിക്കാം. 

MORE IN SPECIAL PROGRAMS
SHOW MORE