ആ മൂന്ന് അമ്മമാര്‍; ക്രൂരതയുടെ ആ വീടകങ്ങള്‍; അമ്മ അറിയാൻ

amma-ariyan3
SHARE

അമ്മ... സന്തോഷത്തിലും ദുഖത്തിലും  ആദ്യം കാണാന്‍ ആഗ്രഹിക്കുന്ന മുഖം... കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് ചൂടുനല്‍കി താരാട്ടുപാടിയുറക്കുന്ന അമ്മ. കുഞ്ഞൊന്ന് കരഞ്ഞാല്‍ ഉളളുപിടയുന്ന കുഞ്ഞിന്റെ ചിരിയില്‍ എല്ലാം മറക്കുന്ന അമ്മ. കരുതലാണ് അമ്മ കരുത്തുളള കാവല്‍ എല്ലാ വേദനയും കുഞ്ഞിന്റെ ചിരിയില്‍  അമ്മ മറക്കും. ആ ചിരിക്കായാണ് അവള്‍ ജീവിക്കുന്നത്. തന്റെ പൊന്നോമനയെ ഒന്ന് നോവിക്കേണ്ടിവന്നാല്‍ അതോര്‍ത്ത് സ്വയം ഉരുകിത്തീരുന്ന അമ്മ. പരിഭവിച്ചിരിക്കുന്ന കുഞ്ഞിനെ ആരും കാണാതെ തലോടുന്ന അമ്മ.  

ചില   അമ്മമാരെക്കുറിച്ചാണ്. അതായത് അമ്മയെന്ന വിളിക്കുപോലും യോഗ്യരല്ലാത്ത പ്രസവിച്ച സ്ത്രീകളെക്കുറിച്ച്. വേട്ടയാടുന്ന മാതൃത്വത്തെക്കുറിച്ച്... അമ്മയുടെ മടിത്തട്ടില്‍ പോലും സുരക്ഷിതമല്ലാത്ത കുരുന്നുകളെക്കുറിച്ച് ....അമ്മ അറിയാന്‍.     

ആദിഷക്കുമുണ്ടായിരുന്നു കുറച്ച് നല്ല ദിനങ്ങള്‍... പക്ഷേ കൂടുതലും പീഡനത്തിന്‍റെ നാളുകള്‍.. അതും ജന്‍മം നല്‍കിയ സ്വന്തം അമ്മയില്‍ നിന്ന്.. ആ സുന്ദരിക്കുട്ടിയുടെ ഈ ലോകത്തെ ജീവിതം കേവലം പതിനഞ്ച് മാസത്തില്‍ ഒതുങ്ങി. അറുത്തെടുത്തു  ആ പൂമ്പാറ്റയുടെ ജീവിതം അവളുടെ അമ്മ തന്നെ.

ഒരമ്മക്ക് ഇങ്ങനെയൊക്കെ ആകാന്‍ കഴിയുമോ എന്ന് ജനം ചിന്തിച്ച ദിവസം... വാര്‍ത്ത പരന്നതോടെ പ്രദേശത്തെ സ്ത്രീകള്‍, അമ്മാര്‍ ഒാടിയെത്തി വീട്ടിലേക്ക് ....തലേദിവസം വരെ ചിരിച്ച് കളിച്ച് അവരെ സന്തോഷിപ്പിച്ച ആദിഷമോളെ ഒന്ന് കാണാന്‍. പക്ഷേ  അമ്മാര്‍ക്ക് പിടികൊടുക്കാതെ വെള്ളതുണിയില്‍ പുതച്ചുമൂടി അവര്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ കിടന്നുറങ്ങുകയായിരുന്നു. പിച്ചവെച്ച് തുടങ്ങിയ ആ മുറ്റത്തേക്ക് അവളെ ആരോ എടുത്തുകൊണ്ടുവന്നു... ഒരു മൂലയ്ക്ക് കുഴിമാന്തി അവളുടെ നനുത്ത ശരീരത്തിലേക്ക് മണ്ണിട്ടു.. അപ്പോഴും ആ സ്ത്രീ. അമ്മയെന്ന് വിളിക്കുന്ന ആ ആതിര എല്ലാം കണ്ട് വീട്ടുമുറ്റത്ത് തന്നെ  വികാരങ്ങളില്ലാതെ  നിന്നു.... തന്‍റെ സ്വൈര്യജീവിത്തിന് തടസം സൃഷ്ടിച്ച ആ കുഞ്ഞിനെ കാലപുരിക്കയച്ച  സന്തോഷത്തില്‍ മനസില്‍ ചിരിച്ച്... 

ആ കുഞ്ഞിനോടുള്ള ക്രൂരത  അവള്‍  ജനിച്ചപ്പോള്‍ തുടങ്ങിയതാണ്. രണ്ടുമാസം പ്രായമുള്ളപ്പോള്‍  അമ്മയില്‍ നിന്ന് മുഖത്തേറ്റ അടിയില്‍ കുഞ്ഞിന്‍റെ മുഖത്ത് നീരുവന്നിരുന്നു. പക്ഷേ എന്നിട്ടും തുടര്‍ച്ചയായി ആതിര ആ കുഞ്ഞിനെ ഉപദ്രവിച്ചു.. ഒാരോ മാസം കഴിഞ്ഞ് അവര്‍ വളരുമ്പോള്‍ പീഡനവും ഏറി. ആ കുഞ്ഞ് അവള്‍ക്ക് ശല്യമാണ് പോലും...   

കൂടെക്കിടന്ന ഭാര്യ തന്‍റെ പൊന്നോമനയെ ശ്വാസം മുട്ടിച്ച് കൊല്ലുമെന്നൊന്നും ഭര്‍ത്താവ് ഷാരോണും അറിഞ്ഞില്ല. കുഞ്ഞിനെ കൊല്ലുമെന്ന് അവള്‍ ഭീഷണിപ്പെടുത്തിയപ്പോഴൊക്കെ വഴക്കിന്‍റെ ഭാഗമായി മാത്രമേ എല്ലാവരും കണ്ടുള്ളൂ...  

അരുംകൊല പ്രദേശത്തെ അമ്മാര്‍ക്ക് വിശ്വസിക്കാനായിട്ടില്ല..അവര്‍ കാത്തിരിക്കുകയാണ് ആ രാക്ഷസിയെ തെളിവെടുപ്പിന് എത്തിക്കുന്നതും കാത്ത്. 

ആര്‍ക്കും വിശ്വസിക്കാനാകുന്നില്ല അന്ന് ആ മുറിക്കുള്ളില്‍ നടന്ന ക്രൂരത.  

അമ്മയുടെ ഗണത്തിലേക്ക് ഇവരാരും ആതിരയെ അംഗീകരിക്കുന്നില്ല. കാരണം ഇത്രമേല്‍ ക്രൂരത ഒരമ്മക്കും തന്‍റെ ചോരയോട് ചെയ്യാന്‍ കഴിയില്ലെന്ന് അവര്‍ ഉറച്ചുവിശ്വസിക്കുന്നു.

അമ്മമാര്‍ക്കെന്നല്ല കണ്ടുനിന്നവര്‍ക്കോ ഇന്‍ക്വിസ്റ്റ് നടത്തിയവര്‍ക്കോ ആര്‍ക്കും ഈ കൊടുംക്രൂരത ഒാര്‍ക്കാനാകുന്നില്ല.   

ആദിഷയെന്ന ഒന്നരവയസുകാരി മാത്രമല്ല... തൊടുപുഴയിലെ ഏഴുവയസുകാരന്‍റെ കൊലപാതകത്തിന് സാക്ഷ്യം വഹിച്ച അമ്മയും ആലുവയില്‍ സ്വന്തം ചോരയില്‍ പിറന്ന മൂന്നരവയസുകാരിയെ  ഞെക്കികൊന്ന അമ്മക്കും സംഭവിച്ചതെന്താണ്. 

തൊടുപുഴയില്‍ അമ്മയുടെ കാമുകന്‍റെ ക്രൂരമര്‍ദനത്തില്‍ കൊലചെയ്യപ്പെട്ട ഏഴുവയസുകാരനെ ആരും മറന്നിട്ടുണ്ടാകില്ല... ഇനി ഇതുകൂടി അറിയണം.. അവരെ കേസില്‍ പ്രതിചേര്‍ക്കാതെ സാക്ഷിയാക്കി സംരക്ഷണം ഒരുക്കുകയാണ് പൊലീസ്. ആ യുവതിയുടെ കാമുകന്‍ അരുണ്‍ ആനന്ദ്  തന്‍റെ മക്കളെ ക്രൂരമായി പീഡനത്തിന് ഇരയാക്കിയപ്പോള്‍ നോക്കി നിന്നതാണ് ആസ്ത്രീ..അവരെ വീട്ടിനുള്ളില്‍ ഭക്ഷണം നല്‍കാതെ പൂട്ടിയിട്ട് കാമുകനൊപ്പം രാത്രിയാത്രക്ക് പോയതാണ് അവര്‍... കാമുകന്‍റെ ക്രൂരത അതിരുവിട്ടപ്പോള്‍,  തന്‍റെ മകനെ അയാള്‍  ഭിത്തിക്ക് എറിഞ്ഞ് കൊലപ്പെടുത്തിയപ്പോള്‍ മകനോടല്ല അവര്‍ക്ക് സ്നേഹം തോന്നിയത്. ഇന്നലെ കണ്ട ലഹരിക്കടിമയായ ആ യുവാവിനോടായിരുന്നു..ആശുപത്രിയിലും അവന്‍റെ ജീവന്‍ രക്ഷിക്കാന്‍ ചെറുവിരലനക്കിയില്ല ആ സ്ത്രീ. പിന്നീട് സ്വന്തം കുഞ്ഞിനെ വെള്ളത്തുണിയില്‍ പൊതിഞ്ഞ് എത്തിച്ചപ്പോള്‍  കണ്ണീരോടെ നാടൊഴുകിയെത്തിയപ്പോള്‍ അന്ത്യചുംബനം നല്‍കാന്‍ പോലും തോന്നിയില്ല ആ അമ്മക്ക് ..ഇപ്പോള്‍ കേസും സ്വന്തം വരുതിയിലാക്കി ആ ഏഴുവയസുകാരനെ വീണ്ടും തോല്‍പ്പിച്ചിരിക്കുന്നു ഈ അമ്മ. 

 ഇനി ആലുവയിലെ ജാര്‍ഖണ്ഡ് സ്വദേശിനിയായ അമ്മ മൂന്നരവയസുള്ള കുഞ്ഞിനെ കൊന്നത് കരഞ്ഞിട്ടാണ് പോലും...കുഞ്ഞിന്‍റെ കരച്ചില്‍ അസഹനിയമായപ്പോള്‍ ശ്വാസം മുട്ടിച്ച് കൊന്നു...ആശുപത്രിയിലെത്തിച്ച്  കുഞ്ഞിന്‍റേത്   സാധാരണമരണമാക്കി രക്ഷപെടാനുള്ള നീക്കം  ഡോക്ടര്‍മാര്‍ പൊളിച്ചതോടെ അവര്‍ക്ക് വിലങ്ങു വീണു. ആര്‍ക്കും വേണ്ടാതെ പൊതുപ്രവര്‍ത്തകര്‍ ഏറ്റുവാങ്ങി പൊതുശ്മശാനത്തിലേക്ക് വെള്ളത്തുണിയില്‍ പൊതിഞ്ഞ്  കോരിയെടുത്തുകൊണ്ടുപോയ ആ കുരുന്നിനും നഷ്ടമായി ബാല്യവും കൗമാരവും യൗവ്വനവുമൊക്കെ.... 

പുറത്തുള്ളവര്‍ എന്തും ചെയ്യട്ടെ...അവരുടെ ക്രൂരത നിയന്ത്രിക്കാന്‍ നിലവില്‍ വഴികളില്ലായിരിക്കുന്നു..പക്ഷേ എന്തുകൊണ്ട് അമ്മാമാരിങ്ങനെ..?    

MORE IN SPECIAL PROGRAMS
SHOW MORE