മുന്നണികളെ ഒന്നിപ്പിച്ച മീണ; ഒട്ടും മോശമല്ല എന്ന് തെളിയിച്ച ഓഫീസര്‍; ട്രോളിങ് ബൂത്ത്

trolling-booth-polling-day
SHARE

പോളിങ്ങൊക്കെ നല്ല നിലയില്‍ അവസാനിച്ച സ്ഥിതിക്ക് ട്രോളിങ് തുടങ്ങുകയാണ്. അത്ര ലാഘവത്തോടെ ചെയ്യാവുന്ന ഒന്നല്ല ട്രോളിങ് എന്ന് ആദ്യമേ ഓര്‍മിപ്പിക്കട്ടേ. കൈപ്പത്തിയെ ട്രോളുമ്പോള്‍ അത് താമരക്ക് പോകാന്‍ പാടില്ല. അതുകൊണ്ട് ശ്രദ്ധയോടെ തുടങ്ങുകയാണ് വോട്ടുള്ളവര്‍ക്കും വോട്ടില്ലാത്തവര്‍ക്കും ഒരു പോലെ കാണാവുന്ന  ട്രോളിങ് ബൂത്ത്

കണ്ടക ശനി എന്നൊന്നുണ്ടെങ്കില്‍ കേരളത്തില്‍ ഇക്കാലയളവില്‍ അത് തിരഞ്ഞെടുപ്പു കമ്മിഷന് മാത്രം അവകാശപ്പെട്ടതാണെന്ന് പറയേണ്ടിവരും. രാഷ്ട്രീയ സിനിമാ താരങ്ങള്‍ കളം നിറഞ്ഞ തിരഞ്ഞെടുപ്പു ഗോദയില്‍ താനും ഒട്ടും മോശമല്ല എന്നു തെളിയിച്ച മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ സ്വന്തം പടം വച്ച് പോസ്റ്റര്‍ വരെ അടിച്ചിരുന്നു.

ഒരു കാര്യത്തില്‍ മീണക്ക് അഭിമാനിക്കാം. എന്തുവിഷയം ഉയര്‍ന്നാലും മൂന്ന് അഭിപ്രായം പറയുന്ന കേരളത്തിലെ മുന്നണികളെ മീണ ഒന്നിപ്പിച്ചു. തിരഞ്ഞെടുപ്പു കമ്മിഷനെതിരായി ഒരേ സ്വരത്തില്‍ മൂന്ന് മുന്നണികളും പരാതി ഉന്നയിച്ചു. കൈപ്പത്തിക്ക് കുത്തിയാല്‍ താമര വിരിയുന്ന പ്രതിഭാസം തിരുവനന്തപുരം ആലപ്പുഴ മണ്ഡലത്തില്‍ കണ്ടപ്പോള്‍ എത്ര കുത്തിയാലും താമര വിരിയുന്നില്ല എന്ന പ്രതിഭാസമാണ് പത്തനംതിട്ടയില്‍ ഉണ്ടായതെന്ന് കെ സുരേന്ദ്രന്‍ വെളിപ്പെടുത്തി. വെളിപ്പെടുത്തുന്നതൊക്കെ കൊള്ളാം. തെളിവ് നല്‍കിയില്ലെങ്കില്‍ അടുത്ത ചാര്‍ജ് ഷീറ്റ് അതിന്‍റെ പേരിലാകും കിട്ടുക. 

വോട്ടിടാനെത്തിയ പ്രമുഖരെല്ലാം രണ്ട് ഉദ്ദേശത്തിലാണ് വരുന്നത്. ഒന്ന് വോട്ടിടണം. രണ്ട് ലോകത്തെ അഭിസംബോധന ചെയ്യണം. സഗൗരവം കുടംബസമേതമെത്തി വോട്ടുചെയ്ത പിണറായി വിജയന്‍ മുതല്‍ പതിവില്ലാതെ തെല്ലും പിരിമുറുക്കമില്ലാതെ ക്യാമറകള്‍ക്കുമുന്നിലെത്തിയ സുകുമാരന്‍ നായര്‍വരെ ഇന്നത്തെ കാഴ്ചകളിലുണ്ട്. അപ്പോ ഇനി ബൂത്തുകളിലൂടെ ഒരു ഓട്ടപ്രദക്ഷിണമാണ്.

മോദിയും അമിത്ഷായും കട്ട ഫോമിലായിരുന്നു. നാട്ടില്‍ ഇക്കണ്ട പ്രശ്നങ്ങളുണ്ടാക്കിയതിന്‍റെ ഒരു അഹങ്കാരവും അവരിടെ മുഖത്തില്ല. അതുകൊണ്ടുതന്നെ ഇതൊക്കെ അവര്‍ക്ക് കുട്ടിക്കളി മാത്രം

തിരഞ്ഞെടുപ്പു കഴിഞ്ഞ് സ്ഥാനാര്‍ഥികളെല്ലാം ഫ്രീയായെങ്കിലും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍ ഉടനെങ്ങും ഫ്രീയാകുമെന്ന് തോന്നുന്നില്ല. പ്രചാരണത്തിനായി ഒരു പരസ്യം പിടിച്ചത് ഇത്രക്കങ്ങ് ഹിറ്റാകുമെന്ന് നിരീച്ചേയില്ല എന്നതാണ് സത്യം. ഇപ്പോ കോസായി പൊല്ലാപ്പായി. ആകെ അലുക്കുലുത്തായി

വോട്ടുചെയ്യാനെത്തിയ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വടിവൊത്ത ചുളുവില്ലാത്ത അക്ഷരത്തില്‍ എന്തൊക്കെയോ പറഞ്ഞു. ഖദറിനൊപ്പം തന്‍റെ വാക്കുകളും ഇഷ്ടന്‍ പശമുക്കാറുണെന്നു തോന്നിപ്പോകും. രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ എത്രയാകും ഭൂരിപക്ഷം. അഞ്ചുലക്ഷം എന്നായിരുന്നു സ്ഥാനാര്‍ഥി പ്രഖ്യാപന വേളയില്‍ കോണ്‍ഗ്രസ് പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ വോട്ടെടുപ്പിന്‍റെ ദിവസം ആ കണക്കില്‍ ഒരു ഭേദഗതി കെപിസിസി അധ്യക്ഷന്‍ നടത്തിയിട്ടുണ്ട്. ഭൂരിപക്ഷത്തില്‍ ചെറിയൊരുകുറവ്. കൂടുതലൊന്നുമില്ല. ഒരു രണ്ടുലക്ഷത്തിന്‍റെ.

വെള്ളാപ്പള്ളി നടേശന്‍റെ കവടിനിരത്തലില്ലാതെ എന്ത് തിരഞ്ഞെടുപ്പ്. ഇക്കുറി പക്ഷേ സ്വന്തം മകന്‍റെ വയനാടിനെപ്പറ്റിയും പ്രവചിക്കേണ്ട സ്ഥിതിയാണ് സംജാതമായത്.  കവടി എത്ര നിരത്തിയിട്ടും അതില്‍ തുഷാറിന്‍റെ ചിത്രം  തെളിഞ്ഞില്ലത്രേ.

MORE IN SPECIAL PROGRAMS
SHOW MORE