മോദി മായാത്ത ഗുജറാത്തില്‍ കോണ്‍‌ഗ്രസ് ഉയര്‍ത്തെഴുന്നേറ്റോ..? ഗോദയില്‍ കണ്ടത്

gujarat-godha
SHARE

സ്കൂളുകളിലെ ഹാജര്‍ വിളിയിലടക്കം ദേശീയ ബോധം ഉണര്‍ത്താനുള്ള പൊടിക്കൈകള്‍. വര്‍ഗീയസംഘര്‍ഷങ്ങളുടെ പാപക്കറകള്‍ കഴുകിക്കളയാനുള്ള ശ്രമം. മാറി നടക്കാനുള്ള ശ്രമങ്ങളിലാണ് ഗുജറാത്ത്. പക്ഷെ ഈ കാണുന്ന ആറുവരിപാതകളെപ്പോലെ മിനുസമുള്ളതല്ല, ഇവിടുത്തെ സാധാരണക്കാരുെടെ ജീവിതം. പാത കടന്നാല്‍ കുടിയൊഴിപ്പിക്കപ്പെട്ടവന്റേയും അടിച്ചമത്തപ്പെട്ട ദലിതരുടെയും കണ്ണീരാണ് നിറയെ. രണ്ടു പതിറ്റാണ്ടിലേറെയായി  നാട് ഭരിക്കുന്ന ബി.ജെ.പിയും ചാരത്തില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ കോണ്‍ഗ്രസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന ഗോദയാണ് ഗുജറാത്ത്.  

ബിജെപി 26, കോണ്‍ഗ്രസ് പൂജ്യം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിക്കസേരയില്‍ നിന്ന് പ്രധാനമന്ത്രി പദത്തിലേയ്ക്ക് നരേന്ദ്രമോദിയെ സബര്‍മതിയുടെ തീരം യാത്രയാക്കിയത് നൂറില്‍ നൂറു മാര്‍ക്കും നല്കിയാണ്. 2017ല്‍ നിയമസഭയിലേയക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സാരമായ പരുക്കുപറ്റി. ബിജെപിത്തഴമ്പുവീണ ഗുജറാത്തി മനസ് മാറുമോ എന്നതാണ് രാജ്യം ഉറ്റു നോക്കുന്നത്.

ഗാന്ധിജിയുടേയും സര്‍ദാര്‍ പട്ടേലിന്റേയും നാട്. ആറു കോടിയിലേറെ ജനങ്ങളില്‍ 88.5 ശതമാനം ഹിന്ദുക്കള്‍, അവര്‍ക്കിടയില്‍ അനേകം ജാതികളും ഉപജാതികളും. 9.7 ശതമാനം മുസ് ലിംകള്‍.  ഗുജറാത്തികള്‍ പൊതുവെ സമ്പന്നരെങ്കിലും മുസ് ലിം ദലിത് ആദിവാസി മറ്റ് പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ ജീവിത നിലവാരം ദേശീയ ശരാശരിയിലും ഏറെ താഴെ. പാലങ്ങളും ഫ്ളൈ ഒാവറുകളും നിറഞ്ഞ ആറുവരി പാതകള്‍ ചുറ്റിയ പട്ടണങ്ങളും  മറുവശത്ത് ഉടുതുണിക്ക് മറുതുണിയില്ലാത്ത കര്‍ഷകരും നരച്ച ചേരികളും. ഈ രണ്ടു ലോകങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ കൂടിയാണ് ഗുജറാത്ത് അങ്കം.  

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ അധികാരം പിടിക്കാനായില്ലെങ്കിലും മികച്ച നേട്ടം കൈവരിക്കാനായത് കോണ്‍ഗ്രസിന്റ ആത്മവിശ്വാസം ഇരട്ടിയാക്കി. ദേശീയതലത്തില്‍ ഭരണത്തില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷ ആദ്യം നല്‍കിയത് ഗുജറാത്തിലെ ഉയര്‍ത്തെഴുന്നേല്‍പ്പായിരുന്നു. ജനക്കൂട്ടങ്ങളെ ഇളക്കിമറിക്കുന്ന രാഷ്ട്രീയ നേതാവിലേയ്ക്കുള്ള രാഹുല്‍ ഗാന്ധിയുടെ ഉയര്‍ച്ചയും ഗുജറാത്തിന്റെ പടവുകള്‍ ചവിട്ടിക്കയറിയായിരുന്നു.  അതേസമയം ഇടിവുവന്ന ജനസമ്മിതി തിരിച്ചുപിടിക്കുകയാണ് ബി.ജെ.പി ലക്ഷ്യം. എന്‍സിപിയും ബി എസ് പിയും  ഒക്കെയുണ്ടെങ്കിലും ഗോദയില്‍ കരുത്ത് തെളിയിക്കാന്‍ മാത്രം ശക്തി ഈ കൂട്ടര്‍ക്കില്ല.  

വികസനനേട്ടങ്ങളേക്കാള്‍ മോദി പ്രഭാവമാണ് അദ്ദേഹത്തിന്റ ജന്മനാട്ടിലെ പ്രചാരണത്തിന്റ കേന്ദ്രബിന്ദു. സ്ഥാനാര്‍ഥികളെല്ലാം നരേന്ദ്രഭായ്ക്കാണ് വോട്ടു തേടുന്നത്. 2014ല്‍ കോണ്‍ഗ്രസിനെ തറപറ്റിച്ച മോദി ഫാക്ടര്‍ ബിജെപി വീണ്ടുമെടുത്ത് പ്രയോഗിക്കുന്നു. ശര്‍മ്മിഷ്ഠ തടാകത്തിന്റെ തീരത്താണ് മോദിയുടെ ജന്മനാട് വട്നഗര്‍. ബാലനായ നരേന്ദ്ര ചീങ്കണ്ണിയെ പിടിച്ച കഥയൊക്കെ നാട്ടുകാര്‍ ഇവിടെ ഇപ്പോഴും ആവേശത്തോടെ പറയുന്നു. തൊട്ടുചേര്‍ന്ന് വട്നഗര്‍ റയില്‍വേ സ്്റ്റേഷന്‍. ചായ് പെ ചര്‍ച്ചയ്ക്ക് വഴിമരുന്നിട്ട ആ ചായക്കട ഇപ്പോഴും അവിടെയുണ്ട്. 

നേതാവിനെക്കുറിച്ചുള്ള നാട്ടുകാരുടെ കഥകളിൽ പലപ്പോഴും അതിശയോക്തി കലരാറുണ്ട്. എതിരാളികത് പരിഹാസവിഷയവുമാക്കാറുണ്ട്. പക്ഷേ പ്രധാനമന്ത്രിയായി മോദി വരണമെന്നത് ശരാശരി ഗുജറാത്തിയുടെ വികാരമാണ്. അത് തന്നെയാണ് ബിജെപിയുടെ തുറുപ്പുചീട്ടും കോൺഗ്രസിന്റെ ദൗർബല്യവും.

ഹു  വികാസ് ഛു,  ഹു ഛു ഗുജറാത്ത്. ഞാന്‍ വികസനമാണ്, ഞാന്‍ ഗുജറാത്തിയും എന്നെഴുതിയ പരസ്യ ബോർഡുകളെല്ലാം മോദിമയം. ഇരുപത്താറ് മണ്ഡലങ്ങളിലും മത്സരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് ചുരുക്കം. ഗുജറാത്തി വികാരം ആളിക്കത്തിച്ചാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോകള്‍ തകര്‍ക്കുന്നത്. വികസനം വെറും പുറംപൂച്ചുമാത്രമാണെന്ന് പറ‍ഞ്ഞ് പ്രതിരോധം തീര്‍ക്കുന്നു കോണ്‍ഗ്രസ്. 

എ ഐ സി സി ജനറല്‍ സെക്രട്ടറിയായി ഒൗദ്യോഗിക ചുമതലയേറ്റെടുത്തശേഷം പ്രിയങ്കാ ഗാന്ധിയുടെ കന്നിപ്രസംഗം മോദിക്കെതിരെ മോദിയുടെ തട്ടകത്തില്‍തന്നെ ആഞ്ഞടിച്ചുകൊണ്ടായിരുന്നു. കോണ്‍ഗ്രസ് ഗുജറാത്തിന് എത്രമാത്രം രാഷ്ട്രീയ പ്രാധാന്യം കല്‍പിക്കുന്നു എന്നതിന്റെ  ഉദാഹരണം കൂടിയായിരുന്നു സോണിയാ ഗാന്ധിയും രാഹുലും പ്രിയങ്കയും ആദ്യമായി ഒരുമിച്ച വേദി. സൗരാഷ്ട്രയിലേയ്ക്കൊന്ന് നോക്കാനാണ് ഒാരോ പ്രചാരണ വേദികളിലും കോണ്‍ഗ്രസ് നേതാക്കള്‍ ആവര്‍ത്തിക്കുന്നത്. 

സൗരാഷ്ട്രയിലേയ്ക്ക് ഞങ്ങളൊന്ന് പോയി നോക്കി.  ഗുജറാത്തിന്റെ ഹൃദയത്തിൽ രക്തയോട്ടം എന്നേ നിലച്ചു. പരുത്തിയും നിലക്കടലയും ബീറ്റ്റൂട്ടുമൊക്കെ സമൃദ്ധമായി വിളഞ്ഞിരുന്ന പാടങ്ങളിൽ ഇപ്പോൾ കള്ളിമുൾച്ചെടികൾ തഴച്ചുവളരുന്നു. വരണ്ടുണങ്ങിയ പാടങ്ങളെ നോക്കി നെടുവീർപ്പെടുന്ന നിരവധി കർഷകരെ കണ്ടു കസ്തൂർബാധാമിലെ വീടുകളുടെ മുന്നിൽ.

പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന എക്സ്പ്രസ് ഹൈവേകള്‍ക്ക് ഇരുവശവും പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍.  നാടും ചുറ്റുപാടും കണ്ടപ്പോള്‍ ഒരു നൂറുവര്‍ഷം പിന്നിലേയ്ക്ക് എത്തിയതുപോലെ തോന്നി‍. ഇരുപത്തഞ്ച് രൂപകൊടുത്ത് യാത്രചെയ്യാവുന്ന ഛക്കഢകളാണ് പൊതുഗതാഗത സംവിധാന. രാത്രി പതിനൊന്ന് മുതല്‍ പുലര്‍ച്ചെ നാലുവരെ മാത്രമാണ് ഈ ഗ്രാമങ്ങളില്‍  വൈദ്യുതിയുള്ളത്. അത്രമേല്‍ അവഗണനയുടെ ഇരുട്ടിലാണ് ഈ കാണുന്ന ജനത പാര്‍ക്കുന്നത്. 

വിളകളുടെ വിലത്തകര്‍ച്ചയും കര്‍ഷകരുടെ നടുവൊടിച്ചു. സൗരാഷ്ട്രയില്‍മാത്രം  എട്ടുമാസത്തിനിടെ ഇരുപത്തിമൂന്ന് കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായാണ് ഒൗദ്യോഗിക കണക്ക്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബിജെപിയുടെ വോട്ടുകേന്ദ്രങ്ങളായ നഗരങ്ങളില്‍ കുടിവെള്ളം മുട്ടാതിരിക്കാനുള്ള കരുതലില്‍ ജലം തിരിച്ചു വിടുന്നതായി കോണ്‍ഗ്രസ് ആരോപിക്കുന്നു. 30 മണ്ഡലങ്ങൾ കോൺഗ്രസിന് ഒപ്പം നിന്നു.  കഴിഞ്ഞ ദിവസവും രാജ്കോട്ടില്‍ കര്‍ഷകര്‍ തെരുവിലിറങ്ങി.

ബിജെപിയുടെ അമിത ആത്മവിശ്വാസത്തിനേറ്റ തിരിച്ചടിയായിരുന്നു സൗരാഷ്ടയിലുള്‍പ്പെടെയുണ്ടായ ജനവിധി. 99 സീറ്റുമായി ബിജെപി അധികാരം നിലനിര്‍ത്തിയെങ്കിലും 80 സീറ്റുമായി കോണ്‍ഗ്രസ് സഖ്യം വന്‍മുന്നേറ്റം നടത്തി. ആറു നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക്  കിട്ടിയ ഏറ്റവും കുറഞ്ഞ സീറ്റുകള്‍. കർഷകരോഷത്തിൽ സൗരാഷ്ട്രയിലെ എട്ട് ലോക്സഭാ മണ്ഡലങ്ങളിൽ നാലെണ്ണമെങ്കിലും തിരിച്ചു പിടിക്കാനാകുമെന്നാണ് കോൺഗ്രസ് കണക്ക് കൂട്ടുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ അടിതെറ്റിയ ബിജെപിയെ ഇക്കുറി മുന്നില്‍ നിന്ന് നയിക്കുന്നത് അമിത് ഷാ നേരിട്ടാണ്. 

അടല്‍ ബിഹാരി വാജ്പേയിയും എല്‍ കെ അദ്വാനിയുമടക്കം പ്രമുഖര്‍ പ്രതിനിധീകരിച്ച ഗാന്ധിനഗര്‍ മണ്ഡലത്തിലേയ്ക്കുള്ള അമിത് ഷായുടെ കടന്നുവരവ് തന്നെ വ്യക്തമായ സന്ദേശം നല്കിയാണ്. മോദി ഡല്‍ഹിയിലേയ്ക്ക് തട്ടകം മാറ്റിയശേഷം കരുത്തനായ നേതാവില്ലാതെപോയ ഗുജറാത്തിന്റ ഇനിയുള്ള നായകന്‍ താനാണെന്ന സന്ദേശം. നിയമസഭാ തെരഞ്ഞെടുപ്പില്‍ പറ്റിയ പരുക്കുകള്‍ ഒാരോന്നായി ഭേദമാക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു കഴിഞ്ഞ ഒന്നര വര്‍ഷമായി പാര്‍ട്ടി. അമ്പത്തിയൊന്ന് താലൂക്കുകളെ വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിച്ചു. കിസാന്‍ സമ്മാന്‍ യോജനകൊണ്ട് കര്‍ഷകരെ കൈയിലെടുക്കാനും നോക്കി. എതിര്‍ ചേരിയിലുള്ളവരെ സ്വന്തം വരുതിയിലാക്കാനോ ഭിന്നിപ്പിക്കാനോ ഒരു പരിധി വരെയെങ്കിലും അമിത് ഷായുടെ ചാണക്യതന്ത്രങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. 

സ്റ്റാച്യു ഒാഫ് യൂണിറ്റി. ഗുജറാത്തിലെ പ്രധാന വികസനമെന്തെന്ന് ചോദിച്ചാല്‍ ബി.ജെ.പിക്കാന്‍ ആദ്യം കൈചൂണ്ടുക ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഈ പ്രതിമയുടെ നെറുകയിലേക്കായിരിക്കും. ഗുജറാത്ത് രാഷ്ട്രീയത്തില്‍ പട്ടേല്‍ എന്ന പേര് പോലും വിജയമന്ത്രമാണ്. അത് കൃത്യമായി തിരിച്ചറിഞ്ഞാണ് ബി.ജെ.പി സര്‍ദാര്‍ പട്ടേലിനെ ഏറ്റെടുത്ത് നര്‍മദാ തീരത്ത് പ്രതിഷ്ഠിച്ചതും. 

ഉപപ്രധാനമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പാരമ്പര്യത്തില്‍ അഭിമാനിക്കുന്ന പന്ത്രണ്ട് ശതമാനം വരുന്ന പാട്ടീദാര്‍ സമുദായമാണ് പതിറ്റാണ്ടുകളായി ഗുജറാത്ത് രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത്. സംവരണം ആവശ്യപ്പെട്ട് ഹാര്‍ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ നടന്ന പട്ടേല്‍ സമുദായ പ്രക്ഷോഭം ബി.ജെ.പിക്ക് നിയമസഭ തിരഞ്ഞെടുപ്പിലടക്കം തിരിച്ചടിയുണ്ടാക്കി. ആ മുറിവുണക്കാനാണ് പട്ടേല്‍ പ്രതിമ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കിയതും രാജ്യത്തിനായി സമര്‍പ്പിച്ചതും.

സൗരാഷ്ട്രയിലും ഉത്തര ഗുജറാത്തിലുമടക്കം ചുരുങ്ങിയത് പന്ത്രണ്ട് മണ്ഡലങ്ങളിലെങ്കിലും പട്ടേല്‍ സമുദായം ജയപരാജയങ്ങള്‍ നിര്‍ണയിക്കുമെന്നതാണ് പ്രതിമ രാഷ്ട്രീയത്തിന്റ മറുപുറം. സൗരാഷ്ട്രയിലടക്കം തുള്ളിവെള്ളമില്ലാതെ കർഷകർ തകർന്നടിയുമ്പോൾ കോടികളുടെ ധൂർത്ത് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് പ്രതിമാരാഷ്ട്രീയത്തെ പ്രതിരോധിക്കുന്നത്. പട്ടേല്‍ പ്രതിമ കാണാന്‍ വരുന്നവര്‍ ടൂറിസം വികസനം മുക്കിക്കളഞ്ഞ, താഴ് വാരത്തെ ആറ് ഗ്രാമങ്ങളുടെ കണ്ണീര് കൂടി കണ്ടിട്ടേ പോകാവുവെന്ന് കോണ്‍ഗ്രസ് പറയുന്നു. നഷ്ടപരിഹാരം പോലും കിട്ടാതെ അടിസ്ഥാന ജീവിത സൗകര്യങ്ങളുമില്ലാതെ നരകിക്കുന്ന പതിനായിരങ്ങള്‍.

പട്ടേൽ വികാരം മുറിപ്പെടുമെന്നതുകൊണ്ടുതന്നെ ഇവരുടെ പ്രക്ഷോഭം കോൺഗ്രസും ഏറ്റെടുത്തിട്ടില്ല.സംവരണം ആവശ്യപ്പെട്ട് പട്ടേല്‍ സമുദായം നടത്തിവന്ന സമരം ആറിത്തണുത്തു. മുന്നോക്ക സംവരണം എന്ന മോദിയുടെ തന്ത്രം പട്ടേല്‍ സമരത്തിന്റെ മുനയൊടിച്ചു.  പ്രക്ഷോഭം കത്തിക്കയറിയ മെഹ്സാന ഇന്ന് ശാന്തമാണ്. പ്രക്ഷോഭത്തില്‍ വെടിയേറ്റ് മരിച്ച നിസിജ് പട്ടേലിന്റെ വീട്ടിലേക്ക് ഇപ്പോള്‍ ആരും തിരിഞ്ഞ് നോക്കാറില്ലെന്ന് അമ്മ പറയുന്നു. 

വെടിയേറ്റ് പാതിതളര്‍ന്ന ശരീരവുമായി പ്രതീക് പട്ടേല്‍ മരിച്ച് ജീവിക്കുന്നു. മുന്‍ നിരയില്‍ നിന്നവര്‍ നേട്ടമുണ്ടാക്കി. അവര്‍ക്ക് ലക്ഷ്യം നേടാന്‍ കഴിഞ്ഞില്ലെന്ന് ഇവര്‍ പരിതപിക്കുന്നു. അമിത് ഷായുടെ ക്രൈസിസ് മാനേജ്മെന്റ് തന്ത്രങ്ങളാണ് പട്ടേല്‍ പ്രക്ഷോഭ നേതൃത്വത്തെ ചിതറിച്ചത്. 

എങ്കിലും പ്രക്ഷോഭ കാലത്തെന്നതുപോലെ ഹാര്‍ദ്ദിക്കിന്റെ മോദിവിരുദ്ധ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ ആളു കൂടുന്നുന്നത് കോണ്‍ഗ്രസിന് പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. ഇക്കുറി മത്സരിക്കാന്‍ കച്ചകെട്ടിയിറങ്ങിയ ഹാര്‍ദ്ദിക്കിനെതിരെ  സ്ഥിരം പ്രശ്നക്കാരനെന്ന് സര്‍ക്കാര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്കി.   ബിജെപി എം എല്‍ എയുടെ വീടാക്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടതിനേത്തുടര്‍ന്ന് മത്സരിക്കുന്നതില്‍ നിന്നുള്ള വിലക്ക് നീക്കാനാണ് ഹാര്‍ദ്ദിക് കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ റിപ്പോര്‍ട്ട് എതിരായതോടെ കോടതിയും തുണച്ചില്ല. വലിയ ജനപിന്തുണയുള്ള ഹാര്‍ദ്ദിക്കിനെ മത്സരരംഗത്ത് നിന്ന് ഒഴിവാക്കിയത് ബിജെപിക്ക് രാഷ്ട്രീയ തന്ത്രങ്ങളുടെ വിജയവുമായി. 

ഗുജറാത്തില്‍ ഇന്നും നീറിപ്പുകയുന്ന മുറിവിന്റ പേരാണ് ഉന. ഈ ദൃശ്യങ്ങൾ രാജ്യം മറന്നാലും ദലിതര്‍ ഓർത്തുവയ്ക്കും. 2016 ജൂലൈ 11 നാണ് ഉനയിലെ സമധിയാലയിൽ ചത്ത പശുവിന്റെ തോലുരിഞ്ഞതിന് നാലു യുവാക്കൾ ക്രൂരമായി ആക്രമിക്കപ്പെട്ടത്. 

ചത്ത പശുക്കളെ ഉടമസ്ഥരിൽ നിന്ന് വാങ്ങി തോലുരിച്ചതിന് ശേഷം മറവ് ചെയ്യുകയായിരുന്നു ദലിതരുടെ കുലത്തൊഴിൽ. യുവാക്കൾ ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം ദലിതർ കുലത്തൊഴിൽ ഉപേക്ഷിച്ചു. വസ്രാമും കൂ്ടരും ആക്രമിക്കപ്പെട്ട കുന്നിൻ പ്രദേശം ചത്ത പശുക്കളെ തള്ളുന്ന ശവപ്പറമ്പാണിന്ന്. കുലത്തൊഴില്‍ ഉപേക്ഷിച്ചെങ്കിലും ഇവർക്കെതിരെയുളള അക്രമങ്ങൾക്ക് കുറവൊട്ടുമില്ല.

സ്കൂളുകളും, വെള്ളം ശേഖരിക്കുന്നയിടങ്ങളും ഉള്‍പ്പടെ നാലാൾ കൂടുന്നിടത്തെല്ലാം അനുഭവിക്കുന്ന തൊട്ടു കൂടായ്മ. ഉന കലക്ടറേറ്റില്‍ ദലിതരുടെ പ്രതിഷേധം തുടരുകയാണ്. 

ഉന സംഭവത്തിനു ശേഷം  ദലിത് സമൂഹത്തിനിടയിലുണ്ടായ െഎക്യം നിയമസഭാ തെരഞ്ഞെടുപ്പിൽ 10 മണ്ഡലങ്ങളിലേറെ കോൺഗ്രസിന് ഗുണം ചെയ്തു. ഇവരുടെ പിന്തുണ ജുനഗഢ് മണ്ഡലത്തിലുള്‍പ്പെടെ പാർട്ടിക്ക് കരുത്താകുമെന്നാണ് പ്രതീക്ഷ,

ജനസംഖ്യയില്‍ രണ്ടാമതാണ് മുസ് ലിംങ്ങള്‍. കലാപം തീര്‍ത്ത മുറിവുകള്‍ ഇപ്പോഴും ഉണങ്ങിയിട്ടില്ല. കോണ്‍ഗ്രസ് എം പി ഇസ്ഹാന്‍ 

ജഫ്രിയടക്കം അറുപത്തൊമ്പത് പേര്‍ കൊല്ലപ്പെട്ട ഗുല്‍ബര്‍ഗ സൊസൈറ്റി ആളൊഴിഞ്ഞ് പേടിപ്പെടുത്തുന്ന നിശബ്ദതയിലാണ് ഇന്നും. മുസ് ലിങ്ങള്‍ കൂട്ടത്തോടെ വീടുകള്‍ ഉപേക്ഷിച്ചു പോയിരിക്കുന്നു. 

കലാപശേഷം മുസ് ലിംങ്ങള്‍ പോളിങ്ബൂത്തില്‍ നിന്ന് വിട്ടു നില്ക്കുന്ന സാഹചര്യമുണ്ടായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ് ലിം സംഘടനകളുടെ വ്യാപക പ്രചാരണത്തേത്തുടര്‍ന്നാണ് പോളിങ് ശതമാനം ഉയര്‍ന്നത്.  

രാജ്യത്തെ ഏറ്റവും വലിയ മുസ് ലിം കോളനിയാണ് ജുഹാപുര. അവിടേയ്ക്ക് പോകാന്‍  ആവശ്യപ്പെട്ടപ്പോള്‍ ഗുജറാത്തിയായ ടാക്സിക്കാരന്‍ ഒറ്റവാക്കില്‍ പറഞ്ഞു. പറ്റില്ല. അവിടേയ്ക്ക് ആരും പോകാറില്ലത്രേ...പിന്നെ ഒാട്ടോയിലായി യാത്ര. 

റിക്ഷക്കാരനില്‍ നിന്ന് ജുഹാപുരയെക്കുറിച്ച് കൂടുതല്‍ കേട്ടു. അധികദൂരം കഴിയും മുമ്പെ റോഡില്ലാതായി. പൊടിപടലങ്ങള്‍ക്കിടയില്‍ നിന്ന്  നാട്ടുകാര്‍ അസൗകര്യങ്ങളുടെ കെട്ടഴിച്ചു.  

ബിജെപി കോട്ടയായ അഹമ്മദാബാദ് മണ്ഡലത്തിന്‍റെ ഭാഗമാണ്് ജുഹാപുര. ബിജെപിക്കാര്‍  കടന്നെത്താത്ത ഈ പ്രദേശം പൂര്‍ണമായും ഒപ്പം നില്‍ക്കുമെന്ന്  കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. ഗുജറാത്ത് കലാപത്തില്‍ മോദിക്ക് പങ്കുണ്ടെന്ന് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്കിയ സഞ്ജീവ് ഭട്ട് ഇപ്പോഴും പാലംപുര്‍ ജയിലിലാണ്. വിമര്‍ശകരുടെ വായടപ്പിക്കുന്ന പേടിപ്പെടുത്തലിന്റ രാഷ്ട്രീയമാണ് ഗുജറാത്തിലേതെന്ന് ഒട്ടും ഭയമില്ലാതെ തുറന്നു പറയുന്നു ഭാര്യ ശ്വേത ഭട്ട്.   

സമൂഹമാധ്യമങ്ങളിലടക്കം നിരവധി ഫോളോവേഴ്സുള്ള സഞ്ജീവ് ഭട്ടിനെ തെരഞ്ഞെടുപ്പ് കഴിയും വരെ ബി.ജെ.പി പുറത്തിറക്കില്ലെന്ന്  ഇവര്‍ ഉറച്ചു വിശ്വസിക്കുന്നു. സജ്ഞീവ് ഭട്ടിനെ എന്തിന് തടവിലാക്കിയിരിക്കുന്നൂവെന്ന് സമൂഹമാധ്യമങ്ങളും മനുഷ്യാവകാശ സംഘടനകളും ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ബി.ജെ.പിയെ  അലോസരപ്പെടുത്തുന്നുണ്ട്. ഈ പ്രതികൂല ഘടകങ്ങളെയെല്ലാം ‌മറികടക്കാനുള്ള ചാണക്യതന്ത്രങ്ങള്‍ അമിത്ഷാ പ്രയോഗിച്ചുകഴിഞ്ഞു.  

നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒപ്പം നിന്ന വിവിധ സമുദായങ്ങളിലെ  എം.എല്‍.എമാരെ അടര്‍ത്തിമാറ്റിക്കൊണ്ടാണ് ബി.ജെ.പിയുടെ കളികള്‍. രണ്ട് മാസത്തിനിടെ ഏഴ് എം.എല്‍.എമാരെ പാര്‍ട്ടിക്ക് നഷ്ടമായി. അല്‍പേശ് താക്കൂര്‍ അടക്കം കൂറ് മാറിയതിന്റെ ക്ഷീണം കോണ്‍ഗ്രസ് ക്യാംപില്‍ പ്രകടമാണ്. കോണ്‍ഗ്രസ് വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന ആക്ഷേപം ഉന്നയിച്ചാണ് താക്കൂര്‍ സേന നേതാക്കള്‍ പാര്‍ട്ടി വിട്ടത്. സ്വതന്ത്രമായി നില്‍ക്കുമെന്ന് അല്‍പേഷ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ബി.ജെ.പിയോട് അടുക്കുന്നതായാണ് സൂചനകള്‍. ലോക്സഭയിലേക്ക് മല്‍സരിക്കാന്‍ അല്‍പേഷിന് താല്‍പര്യമുണ്ടായിരുന്നെങ്കിലും സീറ്റ് കിട്ടാത്തതും താക്കൂര്‍ സേനക്ക് താല്‍പര്യമില്ലാത്തവരെ സ്ഥാനാര്‍ഥികളാക്കിയതും സേന–കോണ്‍ഗ്രസ് ബന്ധം ഉലച്ചു. 

കോണ്‍ഗ്രസിന് ഒപ്പം നിന്ന കോലി സമുദായം ഇക്കുറി തങ്ങള്‍ക്ക് ഒപ്പം ഉണ്ടാകുമെന്നാണ് ബി.ജെ.പിയുടെ കണക്ക് കൂട്ടല്‍. കോലി സമുദായ പ്രസിഡന്റായ കുംവര്‍ജി ബാവലിയ ഒരു സുപ്രഭാതത്തില്‍ ബിജെപിയില്‍ ചേര്‍ന്ന്  മന്ത്രിയായതും കോണ്‍ഗ്രസിന് ഇരുട്ടടിയായി. തലേന്ന് വരെ കോണ്‍ഗ്രസിന്റെ വര്‍ക്കിങ് പ്രസിഡന്റായിരുന്നു ബാവലിയ.  

പ്രബലസമുദായ നേതാക്കളില്‍ പലരും പാര്‍ട്ടി വിട്ടതോടെ, ഇവര്‍ പ്രതിനിധീകരിക്കുന്ന സമുദായങ്ങളെ ഒപ്പം നിര്‍ത്തുക കോണ്‍ഗ്രസിന് വെല്ലുവിളിയാണ്. ബി.ജെ.പിയുടെ പരമ്പരാഗത വോട്ടുബാങ്കുകളില്‍ വിള്ളലുകള്‍ വീണിട്ടുണ്ടെന്നതാണ് കോണ്‍ഗ്രസിന് പ്രതീക്ഷ. കേന്ദ്ര സര്‍ക്കാരിന്റെ ജി.എസ്.ടി, നോട്ട് നിരോധനം പോലുള്ള നടപടികള്‍ പരമ്പര്യമായി വ്യവസായികളായ ഗുജറാത്തികളുടെ സാമ്പത്തികസ്ഥിതിയുടെ നടുവൊടിച്ചു. ചെറുകിട വ്യവസായങ്ങള്‍ പൂട്ടിപ്പോയി. ഇതിനെതിരെയുളള വികാരം  ആളിക്കത്തിച്ചാണ് കോണ്‍ഗ്രസ് പ്രചാരണം. 

ആറു കിലോമീറ്റർ മാത്രം പണിതീര്‍ത്ത  അഹമ്മദാബാദ് മെട്രോ പാത പ്രധാനമന്ത്രി നേരിട്ടെത്തി ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത് പ്രതിഷേധം തണുപ്പിക്കാനാണ്. എങ്കിലും പിന്നാക്ക, ദലിത് സമുദായങ്ങളുടെ അസംതൃപ്തിയും കാർഷികരംഗത്തെ പ്രശ്നങ്ങളും  പട്ടണ, നഗര മേഖലകളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന വികസനവും  ബിജെപിക്ക് തിരിച്ചടിയാകും. ഗ്രാമപ്രദേശങ്ങളിലെ പാർട്ടിയുടെ വേരോട്ടവും സർവ മത പങ്കാളിത്ത സമൂഹമെന്ന ആശയം ഉയർത്തിപ്പിടിക്കുന്നതിനു കിട്ടുന്ന പിന്തുണയും ഭരണ വിരുദ്ധ വികാരവും, ബിജെപി വിരുദ്ധ വോട്ടുകളെ കോണ്‍ഗ്രസിന് അനുകൂലമാക്കും. 

എങ്കിലും അഭിപ്രായ സര്‍വ്വേകള്‍ മൂന്നുമുതല്‍ ആറുവരെ സീറ്റുകളേ കോണ്‍ഗ്രസിന് പ്രവചിക്കുന്നുള്ളൂ.  

ബിജെപിക്ക് അപ്രമാദിത്വമുണ്ടാകില്ലെന്നാണ് സൂചനകള്‍. മോദിയുടേയും അമിത് ഷായുടേയും തട്ടകത്തിലുണ്ടായ വിള്ളലിന് ആക്കംകൂട്ടേണ്ടത് കോണ്‍ഗ്രസിന് അനിവാര്യവും. പക്ഷേ കാലുമാറ്റങ്ങളില്‍ ആത്മവിശ്വാസത്തിന് മങ്ങലേറ്റ കോണ്‍ഗ്രസിന് അതിനെത്രമാത്രം കഴിയുമെന്നതിനെ ആശ്രയിച്ചിരിക്കും ഗുജറാത്ത് ഫലം.  വിഡിയോ കാണുക.

MORE IN SPECIAL PROGRAMS
SHOW MORE