നവോത്ഥാനത്തിന്റെ കാലത്ത് കൊലപാതകവുമായി സിപിഎം; ഇത് വിശ്വാസവഞ്ചന

periya-murder-18-02-19
SHARE

കൊലപാതകങ്ങളെല്ലാം മാപ്പില്ലാത്തവയാണ്. ഒരു കൊലയ്ക്കും മാപ്പില്ല. അത് പെരിയയിലേക്കെത്തുമ്പോള്‍ സമകലാനീന രാഷ്ട്രീയത്തിന്‍റെ വലിയൊരു ശരികേടിന്‍റേതുകൂടിയാണ് അത്. രാഷ്ട്രീയം മാറ്റിനിര്‍ത്തിയാല്‍ രണ്ടു ജീവനുകളാണ് ഒറ്റരാത്രിയില്‍ വെട്ടേറ്റും തലപിളര്‍ന്നും ഇല്ലാതായത്. ഒരു മനുഷ്യന്‍ ഇല്ലാതാവുമ്പോള്‍  ആശയറ്റുപോകുന്ന ഒരു കുടുംബമുണ്ട്. മനസാക്ഷിയെ നിശ്ചലമാക്കുന്ന അരുംകൊലയുടെ മറ്റൊരു തുടര്‍ച്ച. തുടരുന്ന ചോരക്കളി. 

പുല്‍വാമയിലെ ഭീകരാക്രമണം ഉയര്‍ത്തിവിട്ട ചര്‍ച്ചയില്‍ യുദ്ധവും തിരിച്ചടിയും മറന്ന് ചര്‍ച്ചകളിലൂടെ സമാധാനം ആഗ്രഹിച്ചവരും അത് ചര്‍ച്ചയായി ഉയര്‍ത്തിയവരും ഇടതുപക്ഷത്തുണ്ട്. ചര്‍ച്ചയാണ് ജനാധിപത്യലോകത്തിന്‍റെ ഏറ്റവും സുപ്രധാനമായ പ്രശ്നപരിഹാര ഉപകരണം എന്നിരിക്കെ ഇങ്ങ് കാസര്‍കോട്ട് രണ്ടുയുവാക്കളെ വെട്ടിക്കൊന്നതിന്‍റെ പ്രതിലോമ രാഷ്ട്രീയം വിഷമവൃത്തത്തിലാക്കുന്നത് ഇവിടുത്തെ സാധാരണക്കാരെക്കൂടിയാണ്. മനുഷ്യനെ കൊല്ലല്‍ ഏതര്‍ത്ഥത്തിലും പൊറുക്കാനാവാത്ത ഒന്നാണെന്ന് എന്നാണ് നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങള്‍ മനസിലാക്കുക. 

രാഷ്ട്രീയ ബോധമുള്ളവര്‍ ഈ തിരഞ്ഞെടുപ്പ് കാലത്ത് ഇങ്ങനെ ചെയ്യില്ലെന്ന് പറയുന്നതില്‍ പന്തികേടുണ്ട് ശ്രീ കോടിയേരി ബാലകൃഷ്ണന്‍. തിരഞ്ഞെടുപ്പ് കാലമല്ലെങ്കില്‍ ചെയ്യുന്നതില്‍ വലിയ കുഴപ്പമില്ലെന്ന് പറയാതെ പറയുന്നുണ്ട് താങ്കള്‍. അതല്ല നമുക്ക് വേണ്ടത്. നല്ല രാഷ്ട്രീയത്തിന്, നല്ല ജനാധിപത്യബോധത്തിന്, മനുഷ്യന്‍റെ പുരോഗതിക്ക് വേണ്ടത് ഒട്ടും മറയില്ലാതെ പൂര്‍ണതോതില്‍ ഇത്തരം സംഭവങ്ങളെ തള്ളിപ്പറയലാണ്. ഇനിയാവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കലാണ്. ഈ നാട് അത് ആഗ്രഹിക്കുന്നുണ്ട്. 

എറണാകുളം മഹാരാജാസിലെ അഭിമന്യൂവിന്‍റെ കൊലപാതകത്തില്‍ കരഞ്ഞവരാണ് കേരളം. കൊലപാതക രാഷ്ട്രീയത്തോട് വിടപറയേണ്ടതിനെക്കുറിച്ച് ഉച്ഛസ്ഥായിയില്‍ നമ്മള്‍ വിളിച്ചുപറഞ്ഞകൊണ്ടേയിരുന്നു. കണ്ണൂരിലെ കണ്ണീരുകള്‍ക്ക് പരിഹാരവും കേരളം ആഗ്രഹിച്ചു. പൊടുന്നനെയാണ് കാസര്‍കോട്ടെ ചോരക്കളി. നമ്മളാരോടാണ് ഈ പടവെട്ടുന്നത്.

വാളെടുത്തവന്‍ വാളാല്‍ എന്നതാണ് പ്രയോഗശാസ്ത്രമെങ്കില്‍ ഇപ്പോള്‍ വാളെടുത്ത് രണ്ടു ചെറുപ്പക്കാരെ വെട്ടിക്കൊന്നവര്‍ക്കെതിരെ കോണ്‍ഗ്രസുകാര്‍ വാളെടുക്കണമല്ലോ. ആ വാളെടുക്കുന്നവര്‍ക്കെതിരെ വേറെ സഖാക്കള്‍ക്ക് പിന്നേയും വാളെടുക്കേണ്ടിയും വരുമല്ലോ. അപ്പോള്‍ എവിടെയാണ് നിങ്ങള്‍ മനുഷ്യന്‍റെ ജീവനും സ്വത്തിനും കാവലാവുന്നത് ? ജീവിക്കാനുള്ള അവകാശം എവിടെനിന്ന് നിങ്ങള്‍ പകരം തരും? ചോദ്യങ്ങളേയുള്ളു. പരസ്പരം അത് ചോദിച്ചുകൊണ്ടേയിരിക്കുക. 

കഷ്ടിച്ച് കൗമാരം പിന്നിട്ട രണ്ടുപേരാണ് അരുംകൊലയില്‍ ഇല്ലാതായത്. വധശ്രമകേസില്‍ പ്രതികളായി എന്നതുകൊണ്ട് പുറത്തിറങ്ങുമ്പോള്‍ കൊന്നു തീര്‍ക്കുന്നതിലല്ല മനുഷ്യകുലം നിലനില്‍ക്കുന്നത്. കൊല്ലലല്ല. വിശാലമായ ക്ഷമയുടേയും സ്നേഹത്തിന്‍റേയും നന്‍മയുടേയും സഹവര്‍ത്തിത്വത്തിന്‍റേയും ഒരു രാഷ്ട്രീയമുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തലായിരുന്നു വേണ്ടിയിരുന്നത്. 

യോജിപ്പിക്കുകള്‍ക്കും വിയോജിപ്പുകള്‍ക്കും ഇടയില്‍ ജനാധിപത്യത്തിന്‍റെ ഒരു തലമുണ്ടെന്ന് അവര്‍ക്ക് മനസിലാക്കിക്കൊടുക്കാമായിരുന്നു. പൊതുവായ ഒരു ശത്രുവിനെതിരെ ഭാവിയില്‍ ചിലപ്പോള്‍ ഒരുമിച്ച് പൊരുതാന്‍ പോവണ്ടവരായിരുന്നു നിങ്ങള്‍. കൊലപാതക രാഷ്ട്രീയം ഇല്ലാതാക്കുന്നത് അത്തരം സാധ്യതകളെക്കൂടിയാണ്. കഴിഞ്ഞ കാലത്തിന്‍റെ സ്ഥിതിവിവരക്കണക്കുവച്ചുള്ള ന്യായീകരണമല്ല വര്‍ത്തമാനകാലത്തിലെ വിവേകമാണ് എല്ലാവര്‍ക്കും വേണ്ടത്. മറിച്ചുള്ളതെല്ലാം നാശത്തിന്‍റെതാണ്. അത് പൂര്‍ണതോതില്‍ അമാനുഷികവുമാണ്.

MORE IN SPECIAL PROGRAMS
SHOW MORE