ചാരക്കേസിലെ അനുഭവവും രാഷ്ട്രീയവും പങ്കുവെച്ച് നമ്പി നാരായണൻ

nambi-narayanan-nmnew
SHARE

2018ലെ മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ സംവാദത്തിൽ തന്റെ പോരാട്ടവും ജീവിതവും തുറന്ന് പറഞ്ഞ് നമ്പി നാരായണൻ. ഐ.എസ്.ആര്‍.ഒ. ചാരക്കേസ് പുനരന്വേഷിക്കാന്‍ ടി.പി.സെന്‍കുമാര്‍ അമിത താല്‍പര്യം കാട്ടിയെന്ന് നമ്പിനാരായണന്‍. അന്വേഷിക്കാന്‍ പൊലീസിന് അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിട്ടും സെന്‍കുമാര്‍ കേസുമായി മുന്നോട്ടു പോയെന്നും നമ്പിനാരായണന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഉപദേശകനും മുന്‍ ഡിജിപിയുമായ രമണ്‍ ശ്രീവാസ്തവ അഴിമതിക്കാരനാണെന്ന് സി.പി.എം നേതാവ് എം.എം.ലോറന്‍സ് പറഞ്ഞു. സെന്‍കുമാര്‍ എതിര്‍കക്ഷിയായ നഷ്ടപരിഹാരക്കേസുമായി മുന്നോട്ടുപോകുമെന്നും നമ്പി നാരായണന്‍  ന്യൂസ്മേക്കര്‍ സംവാദത്തില്‍ വ്യക്തമാക്കി. ഇടതുപക്ഷത്തെ നേതാക്കളെ പോലും പറ്റിക്കാന്‍ കഴിയുന്നയാളാണെന്ന് പറഞ്ഞാണ് രമണ്‍ ശ്രീവാസ്തവയെ എം.എം.ലോറന്‍സ് വിമര്‍ശിച്ചത്. 

ചാരക്കേസിലെ മുന്‍നിലപാട് ഇ.കെ.നായനാരും പിണറായി വിജയനും തിരുത്തിയിട്ടും വി.എസ് അച്യുതാനന്ദന്‍ തിരുത്തിയില്ലെന്ന് നമ്പി നാരായണന്‍. ചാരക്കേസിലെ മുന്‍ നിലപാടില്‍ എ.കെ.ആന്‍റണിക്ക് വിഷമമുണ്ടെന്നാണ് കരുതുന്നതെന്നും നമ്പി നാരായണന്‍ പറഞ്ഞു. 

ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന് സി.ബി.ഐ കണ്ടെത്തിയിട്ടും പുനരന്വേഷിക്കാന്‍ ഇ.കെ.നായനാര്‍ സര്‍ക്കാര്‍ ഉത്തരവിട്ടത് എന്തുകൊണ്ടാണ്? 

നായനാരെ പൊലീസ് ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. പിന്നീട് നായനാർ അത് മനസിലാക്കിയപ്പോൾ തിരുത്തുകയും ചെയ്തു. 

സുപ്രീംകോടതി നിര്‍ദേശിച്ച നഷ്ടപരിഹാരം  പൊതുവേദിയില്‍വച്ച് കൈമാറാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ തീരുമാനം തെറ്റുതിരുത്തലാണോ? 

സത്യത്തിൽ കേരളത്തിൽ മാത്രമല്ല, ഇന്ത്യയിൽ ഒരിടത്തും ഒരാൾ ഇങ്ങനെചെയ്തിട്ടില്ല. തെറ്റുതിരുത്തൽ അദ്ദേഹത്തിന്‍റെ  മഹാമനസ്കതയാണെന്നും നമ്പിനാരായണൻ പറഞ്ഞു. 

ചാരക്കേസിൽ വി.എസ്.നിലപാട് തിരുത്തുമെന്ന് കരുതുന്നില്ല. താന്‍ വിചാരിക്കുന്നതുമാത്രം ശരിയെന്നാണ് അദ്ദേഹം കരുതുന്നത്. 

എ.കെ.ആന്‍റണി മാറിയോ? 

കാലങ്ങൾ കഴിഞ്ഞിട്ട്  ആന്‍റണിക്ക് കുറ്റബോധമുണ്ടാകാമെന്ന് നമ്പി നാരായണന്‍. ആന്റണിയെ എന്തോ അലട്ടുന്നുണ്ടെന്ന് തോന്നുന്നുവെന്നും നമ്പിനാരായണൻ.

കെ.കരുണാകരന് നീതി കിട്ടിയോ?

കരുണാകരന് നീതികിട്ടാനായി ആരും ശ്രമിക്കുന്നില്ല. പുത്രനോ പുത്രിയോ വേണമെന്നില്ല. കോൺഗ്രസുകാർ പോലും അതിനായി ശ്രമിക്കുന്നില്ല.

നമ്പി നാരായണന്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹങ്ങളെക്കുറിച്ചും നിലപാട് വ്യക്തമാക്കി.

ഇത്രയും കാലം വിമർശിച്ചുകൊണ്ടിരുന്ന മേഖലയിലേക്ക് ഇറങ്ങാൻ ഒരിക്കലും ആഗ്രഹമില്ല. രാഷ്ട്രിയത്തിലേക്കില്ലെന്ന് നേരത്തെ തന്നെ പറഞ്ഞുകഴിഞ്ഞു. അതിൽ മാറ്റമില്ല.

MORE IN SPECIAL PROGRAMS
SHOW MORE